- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭാഷയുടെ അതിർ വരമ്പുകൾ വിട്ട് മലയാളത്തിന്റെ സംഗീതം ലോകം കീഴടക്കുന്നു; തൈക്കൂടം സംഗീതം അറബികൾക്കും വെള്ളക്കാർക്കും ഒരുപോലെ ഇഷ്ടമായത് എങ്ങനെ? അണിയറപ്രവർത്തകർ മറുനാടനോട് മനസ് തുറക്കുന്നു
ലണ്ടൻ: ഇന്ത്യയ്ക്ക് ഒരു സംഗീത പാരമ്പര്യം ഉണ്ട്. ലോകം അതിനെ ആദരിക്കുന്നു. ഷെഹനായി വായിച്ചു ബിസ്മില്ല ഖാനും സിത്താർ വായിച്ചു രവിശങ്കറും തബല വായിച്ചു അള്ളാരാഖയുമൊക്കെ കലയുടെ അതിർത്തി ഭേദിച്ചിട്ടുണ്ട്. പാശ്ചാത്യ ലോകത്തിന്റെ സ്വന്തമായ ബാൻഡ് സംഗീതത്തിന് ഒരു മലയാള പരിപ്രേക്ഷ്യം രൂപപ്പെടുത്തുകയും ആ പാട്ടുകൂട്ടത്തെ ഭാഷയുടെ അതിർവരമ്പ
ലണ്ടൻ: ഇന്ത്യയ്ക്ക് ഒരു സംഗീത പാരമ്പര്യം ഉണ്ട്. ലോകം അതിനെ ആദരിക്കുന്നു. ഷെഹനായി വായിച്ചു ബിസ്മില്ല ഖാനും സിത്താർ വായിച്ചു രവിശങ്കറും തബല വായിച്ചു അള്ളാരാഖയുമൊക്കെ കലയുടെ അതിർത്തി ഭേദിച്ചിട്ടുണ്ട്. പാശ്ചാത്യ ലോകത്തിന്റെ സ്വന്തമായ ബാൻഡ് സംഗീതത്തിന് ഒരു മലയാള പരിപ്രേക്ഷ്യം രൂപപ്പെടുത്തുകയും ആ പാട്ടുകൂട്ടത്തെ ഭാഷയുടെ അതിർവരമ്പുകൾ ഇല്ലാതെ ലോകം ഇഷ്ടപ്പെടുകയും ചെയ്യുന്ന അപൂർവ്വ പ്രതിഭാസം ഉണ്ടെങ്കിൽ അത് തൈക്കൂടം ബ്രിഡ്ജിന്റെ വിജയഗാഥ മാത്രമായിരിക്കും. രണ്ടാഴ്ചത്തെ യുകെ പര്യടനത്തിന് എത്തിയ തൈക്കൂടത്തിന്റെ അണിയറ ശില്പികൾ മറുനാടൻ മലയാളി ലേഖകനുമായി ലണ്ടനിൽ വച്ച് സംസാരിച്ചപ്പോൾ ലോകം അംഗീകരിച്ച സംഗീതത്തിന്റെ ഒരു ചരിത്രം കൂടിയാണ് മാറിയത്.
ആസ്വാദനത്തിന്റെ പുതിയ തലത്തിലേക്കാണ് തൈക്കൂടം പ്രേക്ഷകരെ കൊണ്ടുചെന്നെത്തിക്കുന്നത്. കൊച്ചു കേരളത്തിൽ നിന്ന് രാജ്യമൊട്ടുക്കും അറിയുന്ന സംഗീത സംഘമായി വളർന്ന തൈക്കൂടം ബ്രിഡ്ജ് രാജ്യാന്തരതലത്തിലും പ്രസിദ്ധിയാർജിക്കുകയാണ്. കുറച്ചുകാലം കൊണ്ടു തന്നെ ഓസ്‌ട്രേലിയയിലും ന്യൂസിലൻഡിലും യുകെയിലുമെല്ലാം തങ്ങളുടെ സാന്നിധ്യം അറിയിക്കാൻ ഈ സംഘത്തിനു കഴിഞ്ഞിട്ടുണ്ട്.
ഗോവിന്ദ് മേനോൻ, സിദ്ധാർഥ് മേനോൻ എന്നീ സഹോദരന്മാർ ചേർന്നു രൂപം കൊടുത്ത തൈക്കൂടം ബ്രിഡ്ജ് എന്ന ഇന്ത്യൻ മ്യൂസിക് ബാൻഡ് ചുരുങ്ങിയ കാലംകൊണ്ടുതന്നെ ലോകമെങ്ങുമുള്ള പുതു തലമുറ സംഗീത പ്രേമികൾക്കിടയിൽ വൻ തരംഗം ആയി മാറിയ ഒന്നാണ്. തൈക്കൂടം ബ്രിഡ്ജിന്റെ ഫിഷ് റോക്ക്, ശിവ, ചത്തെ എന്നീ ആൽബങ്ങൾ സോഷ്യൽ മീഡിയയിലും യുടൂബിലും വൈറൽ ഹിറ്റ് ആയി മാറിയിരുന്നു. ഇംഗ്‌ളീഷ്, മലയാളം, തമിഴ്, ഹിന്ദി ഭാഷകളിലെ ഹിറ്റ് ഗാനങ്ങളുമായി വേറിട്ട ശൈലിയിൽ പെർഫൊം ചെയ്യുന്ന 18 പ്രശസ്ത കലാകാരന്മാരാണ് ഈ ഷോയിൽ പങ്കെടുക്കുന്നത്. ഫേസ്‌ബുക്കിലും ലക്ഷക്കണക്കിന് ആളുകളാണ് ഇവരെ പിന്തുടരുന്നത്. യൂട്യൂബിൽ ഒരു മലയാളി സംഗീത സംഘത്തിനു ലഭിച്ച് ഏറ്റവും വലിയ പിന്തുണയാണ് തൈക്കൂടത്തിനു ലഭിക്കുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വിവിധ മേഖലകളിൽ പ്രവർത്തിച്ചിരുന്ന 18 പ്രഫഷണലുകൾ സംഗീതം എന്ന ഒറ്റ വികാരത്തിൽ ഒന്നിച്ചു ചേർന്നപ്പോഴാണ് ലോകമെങ്ങുമുള്ള സംഗീത പ്രേമികൾക്കു തൈക്കൂടം ബ്രിഡ്ജ് എന്ന മികച്ച ബാൻഡ് പിറന്നത്.
വെറും രണ്ട് വർഷം കൊണ്ട് ഒരു മുഖവുര പോലും വേണ്ടാതെ മലയാളികൾ തിരിച്ചറിയുന്ന നാമം ആയിരിക്കുകയാണ് തൈക്കൂടം ബ്രിഡ്ജ്. ഇപ്പോൾ വളർച്ചയുടെ വഴികളിൽ അന്യ രാജ്യക്കാർ പോലും തിരയുന്ന പേരായി തൈക്കൂടം മാറിയിരിക്കുന്നു, അവർ പോലും അറിയാതെ. ദുബൈയിൽ ഉടൻ നടക്കാനിരിക്കുന്ന ഒരു വമ്പൻ പരിപാടിയിലേക്ക് അറബ് വംശജരായ സംഘാടകർ തൈക്കൂടത്തെ തിരയുന്നു എന്ന് സൂചന നൽകിയപ്പോൾ അൽപ്പം അന്ധാളിപ്പ് പ്രകടിപ്പിച്ചെങ്കിലും ഏയ് ആരെങ്കിലും പുളു അടിച്ചു വിടുന്നതായിരിക്കും എന്ന ഭാവത്തിലാണ് തൈക്കൂടത്തിന്റെ നെടും തൂണുകളായ ഗോവിന്ദ് മേനോനും സിദ്ധാർഥ് മേനോനും പ്രതികരിച്ചത്.
ആദ്യമായി യൂറോപ്യൻ പര്യടനത്തിന് എത്തിയ തൈക്കൂടം യുകെയിൽ ആദ്യ രണ്ട് വേദികളിൽ ആവേശത്തിരമാല തീർത്തുകഴിഞ്ഞു. ഭാഷ പോലും അറിയാതെ തൈക്കുടത്തിന് അവരറിയാതെ രാജ്യ അതിർത്തികൾ പിന്നിട്ടു ആരാധകർ വളരുകയാണ്. ഗോവിന്ദും സിദ്ധാർത്ഥും മറുനാടൻ മലയാളി പ്രതിനിധി കെ ആർ ഷൈജുമോനുമായി പങ്കുവച്ച നിമിഷങ്ങളിലൂടെ:
ഞങ്ങൾ കഞ്ചാവടിക്കാരല്ല, മറ്റു പാട്ടുകാരും
മുടിയും താടിയും നീട്ടി വളർത്തി, നീളൻ കുപ്പായം ഒക്കെ അണിഞ്ഞു ഒരു മാതിരി കോലത്തിൽ പ്രത്യക്ഷപ്പെടുന്ന പാശ്ചാത്യ സംഗീതത്തിന്റെ വക്താക്കൾ കഞ്ചാവും മയക്കു മരുന്നും ഒക്കെ ഇഷ്ടപ്പെടുന്നവർ ആണെന്ന ധാരണയാണ് ലോകത്തിന് പ്രത്യേകിച്ച് നമ്മൾ മലയാളികൾക്ക്. എന്നാൽ ഈ ധാരണ തങ്ങളെ കുറിച്ചും മലയാളത്തിലെ മറ്റ് ബാന്റുകളെ കുറിച്ചും വേണ്ടെന്നു തുറന്നടിക്കുകയാണ് ഗോവിന്ദും സിദ്ധാർത്ഥും ആളുകളെ ആകർഷിക്കാൻ ഉള്ള പൊടിക്കൈകൾ ഒക്കെ ഏത് ഫീൽഡിലും ഉള്ളത് പോലെ സ്വാഭാവികമായി രൂപപ്പെടുന്നതായിരിക്കും ഈ വേഷപ്പകർച്ചയും. മുൻവിധിയോടെ കാണുന്ന നമ്മുടെ ശീലം മാറ്റുകയാണ് ഇതിന് പ്രധിവിധി.
തൈക്കൂടം വരുന്നത് സംഗീത കുടുംബത്തിൽ നിന്ന്
വെറും ഒരു പരീക്ഷണത്തിന്റെ ഭാഗമായി പിറന്നതല്ല തൈക്കുടം ടീം. നല്ല ഒന്നാന്തരം പാട്ട് പാരമ്പര്യം തന്നെയാണ് തങ്ങൾക്കെന്നു ഇരുവരും സൂചിപ്പിക്കുന്നു. ഇരിഞ്ഞാലക്കുടയ്ക്ക് അടുത്ത് നടവരമ്പിലെ പ്രശസ്തമായ പരിയാരത്ത് തറവാട്ടിൽ ഏറെയും പാട്ടുകാരും സംഗീത പ്രേമികളും ആയിരുന്നു. പിതൃ വഴികളിൽ ജ്യോഷ്ഠാനുജന്മാരായ ഗോവിന്ദിന്റെയും സിദ്ധാർത്ഥിന്റെയും മുത്തച്ഛൻ ഗോപിനാഥ് ഭാഗവതർ അറിയപ്പെടുന്ന സംഗീതജ്ഞൻ ആയിരുന്നു. തൈക്കുടത്തിന്റെ ഉപജ്ഞാതാക്കളിൽ ഒരാളായ ഗോവിന്ദിന്റെ അച്ഛൻ പീതംബരനും ജ്യോഷ്ഠ സഹോദരിയും അടക്കം ഒരു പിടി പാട്ടുകാരുടെ കുടുംബത്തിൽ നിന്നുമാണ് തൈക്കുടത്തിന്റെ പിറവി. ബാന്റിന്റെ ഏറെ ഹിറ്റായ ഫിഷ് റോക്ക് പാട്ട് ഗോവിന്ദിന്റെ സഹോദരി ധന്യയുടെ വകയാണ്.
അച്ഛനും മകനും തമ്മിൽ പൊരുത്തപ്പെട്ടതെങ്ങനെ
സർക്കാർ സർവ്വീസിൽ നിന്നും റിട്ടയർ ചെയ്യുന്ന ഒരച്ഛനും യുവത്വം നിറഞ്ഞു നിൽക്കുന്ന ഒരു മകനും ചേർന്നൊരു സംഗീത ബാന്റ്. ഇത്തരം ഒരു സംഭവം ലോകത്തിൽ തന്നെ ആദ്യമായിരിക്കാം. ഇതെങ്ങനെ സംഭവിച്ചു? ഗോവിന്ദ് തന്നെ പറയട്ടെ- ജ്യേഷ്ഠൻ വെസ്റ്റേൺ സംഗീതത്തിന്റെ വക്താവായിരുന്നു. പുള്ളിക്കാരൻ മെറ്റലിക് ഒക്കെ വീട്ടിൽ പാടി തുടങ്ങിയപ്പോൾ ഞാനും അച്ഛനും ആയിരുന്നു കേൾവിക്കാർ. അക്കാലത്തു അച്ഛൻ തൃശ്ശൂരിൽ പ്രസിദ്ധമായിരുന്ന ജോൺസൺ മാഷിന്റെ വോയിസ് ഓഫ് തൃശ്ശൂർ ട്രൂപ്പിൽ ഒക്കെ പാടുമായിരുന്നു. എന്നാൽ ജ്യോഷ്ഠന്റെ കയ്യിൽ നിന്നും വെസ്റ്റേൺ കേട്ട് പഠിച്ചത് ഞങ്ങൾ രണ്ടാളും ഒന്നിച്ചായതിനാൽ അക്കാര്യത്തിൽ പ്രായ വ്യത്യാസം ഒരു തടസ്സമേ ആയില്ല. ഇപ്പോഴും ബാന്റിൽ ഏറ്റവും എൻജോയ് ചെയ്യുന്ന ആളിൽ ഒരാൾ അച്ഛൻ തന്നെയാണ്.
ബാന്റ് ആയി രൂപപ്പെട്ടത്
മലയാളത്തിൽ ഈ രംഗത്ത് ഒട്ടേറെ ബാന്റുകൾ സജീവം ആകുന്ന സമയത്താണ് ഞങ്ങളുടെ വരവ്. അവിയൽ ഒക്കെ ഏറെ വർഷത്തെ പരിശ്രമം കൊണ്ട് നേടിയെടുത്തത് ഞങ്ങൾക്ക് വളരെ വേഗത്തിൽ നേടാനായി. സംഗീത പ്രേമികളുടെ ഇഷ്ടം എന്നും കൂടെയുണ്ട്. അവർക്കിഷ്ടമായ സിനിമ പാട്ടുകൾ തിരഞ്ഞെടുത്തതാണ് ഞങ്ങളുടെ പോപ്പുലാരിറ്റിക്ക് കാരണം. മാത്രമല്ല സ്വതന്ത്ര സംഗീതത്തിന്റെ വഴികൾ മലയാളി ഇഷ്ടപ്പെടുകയും ചെയ്തു. പഴയ പാട്ടുകളും മറ്റും റോക്കിന് പരുവപ്പെടുന്ന രൂപത്തിൽ മാറ്റി എടുത്തപ്പോഴും ഒർജിനാലിറ്റി നഷ്ടം ആകാതിരിക്കാൻ ശ്രമിച്ചു എന്നതാണ് നേട്ടത്തിൽ പ്രധാനമായത്.
മടുപ്പ് തോന്നി തുടങ്ങുമ്പോൾ
ഒരു പക്ഷെ ഞങ്ങൾക്കും അങ്ങനെ തോന്നി തുടങ്ങുന്ന സമയം ആയിരിക്കാം ഇപ്പോൾ. കഴിഞ്ഞ ഒന്നര വർഷം കൊണ്ട് 140 സ്റ്റേജുകൾ പാടിക്കഴിഞ്ഞു. ബാന്റിൽ പലർക്കും വീടുകളിൽ പോകാൻ പോലും പറ്റുന്നില്ല. പ്രതിഫല തുക കുത്തനെ ഉയർത്തിയിട്ടും ആരാധകരുടെ ഇഷ്ട പ്രകാരം എത്തുന്ന ബുക്കിങ് തുടരുകയാണ്. അതിനാൽ മനഃപൂർവ്വം എടുത്ത ബ്രേയ്ക്കിന് ശേഷമാണ് ലണ്ടനിൽ എത്തിയത്. ഇനി കുറച്ചു പുതുമകളും ആയാണ് അടുത്ത സീസണെ സമീപിക്കുന്നത്. ഇതിന്റെ ഭാഗമായി രൂപം നൽകിയ ഉറുമ്പ് എന്ന ആൽബത്തിന്റെ പ്രോമോ വിഡിയോ ഇന്നലെ പുറത്തിറങ്ങിയ ദിവസം കൂടിയാണ്. കഴിഞ്ഞ വർഷങ്ങളിൽ ആരാധകർ ഏറെ ഇഷ്ടപ്പെട്ട നവരസത്തിന്റെ ഭാഗമായാണ് ഉറുമ്പ് വരുന്നത്. പുതുമകൾ അവതരിപ്പിക്കുമ്പോഴും ഒർജിനാലിറ്റി നഷ്ടപ്പെടാതിരിക്കാൻ ആണ് ഞങ്ങളുടെ ശ്രമം.
കുറച്ചു പാട്ടുകൾ ഞങ്ങൾക്ക് വേണ്ടി
കാലം കഴിഞ്ഞാലും ഓർത്തിരിക്കുന്ന പാട്ടുകൾ. ഒരു സംഗീതക്കാരനെ സംബന്ധിച്ചിടത്തോളം അതിലും വലിയ നേട്ടം വേറെ ഇല്ല. ഇത്രയും നാൾ ഞങ്ങൾ ആരാധകരുടെ ഇഷ്ടം സാധിക്കുന്ന ട്രെന്റിന് പുറകെ ആയിരുന്നു. ഇനി അൽപ്പം വേറിട്ട ശൈലി പരീക്ഷിക്കുകയാണ്. ഞങ്ങളെ സ്വയം മാനസികമായി തൃപ്തിപ്പെടുത്തുന്ന ചില പാട്ടുകൾ ഉടനെ വരും. അവിയൽ ബാന്റ് ഒക്കെ എത്രയോ നല്ല പാട്ടുകൾ ഇറക്കി കഴിഞ്ഞു. ആവരെ കുറിച്ച് പറയുമ്പോൾ ഓർക്കാനുള്ള പാട്ടുകൾ ആണവ. അത്തരം കുറച്ചു പാട്ടുകൾ തൈക്കുടത്തിനും ആവശ്യമാണ്. അതിനുള്ള ശ്രമം ആണ് ഇനി കുറച്ചു നാളത്തേക്ക്.
24 മുതൽ 60 വരെയുള്ള കൂട്ട് കെട്ട്
തൈക്കുടത്തിൽ യുവാക്കൾ മുതൽ വാദ്ധക്യത്തിലേക്ക് കയറുന്നവർ വരെയുണ്ട്. ഇതൊരു ചെറിയ കാര്യമല്ല. ജനറേഷൻ ഗ്യാപ്പും അതുവഴി കമ്മ്യൂണിക്കേഷൻ ഗ്യാപ്പും ഒക്കെ സംഭവിക്കാൻ ഏറെ സാധ്യത ഉള്ള ഒരിടം. എന്നാൽ എല്ലാവർക്കും പരസ്പ്പരം അറിയാം എന്നിടത്ത് ഈ തടസ്സങ്ങൾ എല്ലാം ഒഴിവാകുകയാണ്. ഗോവയിൽ നിന്ന് വന്ന വിയാനും ലക്‌നോക്കാരൻ പിയൂഷും മുംബൈ വാസിയായ കൃഷ്ണ ബോല്ഗനെ, ഒഡീഷക്കാരനായ നില മാധവ എന്നിവരൊക്കെ തൈക്കുടത്തിൽ എത്തുന്നത് സിദ്ധാർത്ഥിന്റെ കൂട്ടുകാർ എന്ന നിലയിലാണ്. എങ്കിലും എല്ലായിടത്തും സംഭവിക്കുന്ന പോലെ ഞങ്ങൾക്കിടയിലും അടിപിടി ഒക്കെയുണ്ട്. പക്ഷെ അതൊക്കെ അതിന്റെ വഴിയിൽ അവസാനിക്കുന്നു. എന്തിനു അച്ഛൻ തൃശൂരിൽ നിന്ന് എറണാകുളത്തു വരുമ്പോൾ ടീമിലെ കുട്ടേട്ടൻ എന്നറിയപ്പെടുന്ന വിപിൻ ലാലിന്റെ വീട്ടിൽ കയറിയ ശേഷമേ മകനായ തന്റെ അടുക്കൽ എത്തൂ എന്ന് ഗോവിന്ദ് പറയുമ്പോൾ ഈ 18 അംഗ സംഘത്തിന്റെ സൗഹൃദ കൂട്ടായ്മ തന്നെയാണ് ഇതൾ വിരിയുന്നത്.
ടീം മാനേജ്‌മെന്റ് എന്ന വെല്ലുവിളി
സത്യത്തിൽ ഇതുവരെ ഞങ്ങൾ അങ്ങനെ ഒന്ന് ചിന്തിച്ചിരുന്നില്ല. പല പ്രായക്കാർ എന്ന വെല്ലുവിളി പാട്ട് എന്ന ഏക മന്ത്രത്തിന്റെ ബലത്തിൽ മറികടക്കുകയാണ്. എന്നാൽ ഏറെ നാളുകൾക്ക് ശേഷം കഴിഞ്ഞ ദിവസങ്ങളിൽ കിട്ടിയ ഇടവേളയിലാണ് ഞങ്ങൾ ഭാവിയെ പറ്റി ഒന്നിച്ചിരുന്നു ചിന്തിച്ചത്. അങ്ങനെ ഇന്നലെ ഒരു ആറംഗ കോർ ടീം പിറവി എടുത്തിട്ടുണ്ട്. ടീമിനെ ഗോവിന്ദ് മേനോൻ തന്നെ നയിക്കും.
ഇതുവരെ പഠിച്ച പാഠം
ഞാൻ (ഗോവിന്ദ്) ഗോപി സുന്ദറിന്റെ കൂടെ ആയിരുന്നപ്പോൾ ഓഫിസിലെ ചുവരിൽ തൂക്കിയിരുന്ന ഒരു ചിത്രം ഉണ്ടായിരുന്നു. അതിൽ ഒരു സ്‌െ്രെടകിങ് ക്വോട്ട് ആലേഖനം ചെയ്തിരുന്നു. ''തിങ്ക് ഗ്ലോബൽ, ആക്റ്റ് ലോക്കൽ'' എന്നായിരുന്നു ആ വാചകം. അന്ന് അത് മനസ്സിൽ തറച്ചതാണ്. വല്ലാത്ത ഒരു ഇൻസിപിറേഷൻ ആണ് ആ വാക്കുകൾ നൽകിയിട്ടുള്ളത്. എന്നും ഞാൻ ഓർമ്മിക്കാൻ ഇഷ്ടപ്പെടുന്നതും ഇത് തന്നെയാണ്.
മീഡിയ ഹൈജാക്ക്
തൈക്കൂടത്തിന്റെ വളർച്ചയിൽ ഒട്ടും ചെറുതല്ലാത്ത പങ്കാണ് ദൃശ്യാ ശ്രവ്യ പത്ര മാദ്ധ്യമങ്ങൾക്ക്. ഇതിൽ സംഗീതത്തിന് പ്രാധാന്യം നൽകുന്ന കപ്പ ചാനലിന്റെ കാര്യം എടുത്തു പറയണം. ബാന്റുകൾ വളർന്നപ്പോൾ രംഗ പ്രവേശം ചെയ്തു എന്നതാകാം കൂടുതൽ മാദ്ധ്യമ ശ്രദ്ധ കിട്ടാൻ കാരണം എന്ന് ഗോവിന്ദ് സൂചിപ്പിക്കുന്നു. എന്തായാലും അതൊരു ഭാഗ്യമാണ്. പലർക്കും കിട്ടാത്ത ഭാഗ്യം. എത്ര നന്നായി ചെയ്താലും മീഡിയ വിമർശകരായി എത്തിയാൽ എല്ലാം തകിടം മറിയാൻ വേറെ അധികം കാരണം വേണ്ടി വരില്ല. എന്നാൽ മീഡിയായുടെ ഇഷ്ടം ഉണ്ടാകാൻ ആയി ഞങ്ങളായി ഒന്നും ചെയ്തിട്ടില്ല എന്ന് പറയുന്നതാണ് ശരി.