- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആർഭാട ജീവിതം വില്ലനായപ്പോൾ മെക്കാനിക്കൽ എഞ്ചിനീയറായ ശരത് വത്സരാജ് മോഷണത്തിനിറങ്ങി; മാലമോഷണക്കേസിൽ ശരത്തിനെ പൊലീസ് കണ്ടെത്തിയത് കോഴിക്കോട് സബ്ജയിലിൽ നിന്നും; യഥാർതഥ പ്രതിയെ പിടികൂടാൻ തുമ്പുണ്ടാക്കി നൽകിയതാവട്ടെ ഒരു തെറ്റും ചെയ്യാതെ രണ്ട് മാസം പീഡനം അനുഭവിക്കേണ്ടി വന്ന താജുദ്ദീൻ: ഒടുവിൽ മകളുടെ കല്ല്യാണത്തിന് നാട്ടിലെത്തി ചെയ്യാത്ത കുറ്റത്തിന് ജയിൽ ശിക്ഷ അനുഭവിക്കേണ്ടി വന്ന പ്രവാസി മലയാളിക്ക് ശാപമോക്ഷം
കണ്ണൂർ: മകളുടെ കല്യാണത്തിനായി ഗൾഫിൽ നിന്നു വന്ന നിരപരാധി തടങ്കലിലാക്കപ്പെട്ട ചക്കരക്കല്ലിലെ മാല പിടിച്ചുപറിക്കേസിൽ ഒടുവിൽ യഥാർത്ഥ പ്രതി അറസ്റ്റിലായി. മാഹിക്കടുത്ത് അഴിയൂരിൽ കോടത്ത് റോഡിൽ ശരത്ത് വത്സരാജിനെ (45) കണ്ണൂർ ഡിവൈ.എസ്‌പി പി.പി. സദാനന്ദന്റെ നേതൃത്വത്തിലുള്ള തുടരന്വേഷണസംഘമാണ് പിടികൂടിയത്. തൊണ്ടിമുതലായ അഞ്ചര പവന്റെ മാലയ്ക്കു പുറമെ പ്രതി ഉപയോഗിച്ച സ്‌കൂട്ടറും പൊലീസ് കണ്ടെടുത്തു. ഇതോടെ ചെയ്യാത്ത കുറ്രത്തിന് രണ്ട് മാസത്തോളം ജയിൽ ശിക്ഷ അനുഭവിക്കേണ്ടി വന്ന താജുദ്ദീൻ എന്ന പ്രവാസി മലയാളിക്കാണ് ശാപമോക്ഷമായത്. ഈ കേസിൽ നിരപരാധിയായ കതിരൂർ സ്വദേശി താജുദ്ദീനെ ഏതോ രൂപസാദൃശ്യത്തിന്റെ പേരുപറഞ്ഞാണ് ചക്കരക്കൽ എസ്‌ഐ ആയിരുന്ന ബിജു അറസ്റ്റ് ചെയ്തത്. പൊലീസിന്റെ ഈ ക്രൂരത വലിയ വിവാദത്തിന് ഇടയാക്കിയിരുന്നു. ഓൺലൈൻ തട്ടിപ്പു കേസിൽ കുടുങ്ങി കോഴിക്കോട് ജയിലിൽ റിമാൻഡിലായ ശരത്തിനെ അഞ്ചു ദിവസത്തേക്ക് കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തപ്പോഴാണ് സത്യം വെളിപ്പെട്ടത്. ഗൾഫിൽ സ്വന്തമായി ബിസിനസ് നടത്തി നല്ല രീതിയിൽ കുടുംബം പ
കണ്ണൂർ: മകളുടെ കല്യാണത്തിനായി ഗൾഫിൽ നിന്നു വന്ന നിരപരാധി തടങ്കലിലാക്കപ്പെട്ട ചക്കരക്കല്ലിലെ മാല പിടിച്ചുപറിക്കേസിൽ ഒടുവിൽ യഥാർത്ഥ പ്രതി അറസ്റ്റിലായി. മാഹിക്കടുത്ത് അഴിയൂരിൽ കോടത്ത് റോഡിൽ ശരത്ത് വത്സരാജിനെ (45) കണ്ണൂർ ഡിവൈ.എസ്‌പി പി.പി. സദാനന്ദന്റെ നേതൃത്വത്തിലുള്ള തുടരന്വേഷണസംഘമാണ് പിടികൂടിയത്. തൊണ്ടിമുതലായ അഞ്ചര പവന്റെ മാലയ്ക്കു പുറമെ പ്രതി ഉപയോഗിച്ച സ്‌കൂട്ടറും പൊലീസ് കണ്ടെടുത്തു. ഇതോടെ ചെയ്യാത്ത കുറ്രത്തിന് രണ്ട് മാസത്തോളം ജയിൽ ശിക്ഷ അനുഭവിക്കേണ്ടി വന്ന താജുദ്ദീൻ എന്ന പ്രവാസി മലയാളിക്കാണ് ശാപമോക്ഷമായത്.
ഈ കേസിൽ നിരപരാധിയായ കതിരൂർ സ്വദേശി താജുദ്ദീനെ ഏതോ രൂപസാദൃശ്യത്തിന്റെ പേരുപറഞ്ഞാണ് ചക്കരക്കൽ എസ്‌ഐ ആയിരുന്ന ബിജു അറസ്റ്റ് ചെയ്തത്. പൊലീസിന്റെ ഈ ക്രൂരത വലിയ വിവാദത്തിന് ഇടയാക്കിയിരുന്നു. ഓൺലൈൻ തട്ടിപ്പു കേസിൽ കുടുങ്ങി കോഴിക്കോട് ജയിലിൽ റിമാൻഡിലായ ശരത്തിനെ അഞ്ചു ദിവസത്തേക്ക് കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തപ്പോഴാണ് സത്യം വെളിപ്പെട്ടത്. ഗൾഫിൽ സ്വന്തമായി ബിസിനസ് നടത്തി നല്ല രീതിയിൽ കുടുംബം പുലർത്തിയിരുന്ന ആളാണ് താജുദ്ദീൻ. ഇക്കഴിഞ്ഞ ജൂൺ 25ന് മകളുടെ വിവാഹത്തിന് വേണ്ടിയായിരുന്നു താജുദ്ദീൻ കേരളത്തിലെത്തിയത്. എന്നാൽ ഈ വരവ് തന്റെ തലേവര മാറ്റിമറിക്കുമെന്ന് താജുദ്ദീൻ ഒട്ടും കരുതിയതും ഇല്ല. ജൂലൈ എട്ടിനായിരുന്നു താജുദ്ദീന്റെ മകളുടെ വിവാഹം. വിവാഹം കഴിഞ്ഞ് രണ്ടാം ദിവസമാണ് താജുദ്ദീന്റെ ജീവിതം മാറി മറിഞ്ഞത്. ആത്മാഭിമാനം പോലും നഷ്ടപ്പെട്ടു. അത്തരം ഒരു കള്ളക്കേസിലാണ് താജുദ്ദീനെ പൊലീസ് തന്ത്രപരമായി കുരുക്കിയത്.
മാലമോഷണക്കെസിലെ പ്രതിയാണെന്ന് പറഞ്ഞ് പൊലീസ് അറസ്റ്റ് ചെയ്തതോടെയാണ് താജുദ്ദീന്റെ ജീവിതം മാറി മറിഞ്ഞത്. ജാമ്യം പോലും നിഷേധിക്കപ്പെട്ട താജുദ്ദീന് പിന്നീട് 54 ദിവസം ജയിലിൽ കിടക്കേണ്ടി വന്നു. എന്നാൽ ജയിലിൽ നിന്നും പുറത്തിറങ്ങിയ താജുദ്ദീന്റെ ഇടപെടലിൽ തന്നെ യഥാർത്ഥ പ്രതിയെ കണ്ടെത്താനിയി. കേരള പൊലീസിനു തന്നെ അപമാനകരമായ സംഭവത്തിൽ താജുദ്ദീന്റെ ഇനിയുള്ള യാത്ര നീതി തേടിയാണ്.
ചെയ്യാത്ത കുറ്റത്തിന് അഴിയെണ്ടേണ്ടി വന്നപ്പോൾ പുറം ലോകത്ത് വിലസിയ യഥാർത്ഥ പ്രതി കോഴിക്കോട് അഴിയൂർ കോറോത്ത് ശരത് വൽസരാജ് (45) ആണ് അറസ്റ്റിലായത്. വഞ്ചനക്കേസിൽ കോഴിക്കോട് സബ് ജയിലിൽ റിമാൻഡിൽ കഴിയുകയായിരുന്ന ഇയാളെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തപ്പോഴാണു മോഷണവിവരം പുറത്തായത്.
താജുദ്ദീന്റെ ജീവിതത്തിലെ ആ ശാപം പിടിച്ച ദിവസം ഇങ്ങനെ
ജൂലൈ 5നാണ് കൂത്തുപറമ്പിനടുത്ത ചോരക്കളത്തു വീട്ടമ്മയുടെ 5.5 പവൻ മാല സ്‌കൂട്ടറിലെത്തിയ ആൾ പൊട്ടിച്ചത്. സിസിടിവി ദൃശ്യങ്ങളിലെ സമാനതയുടെ അടിസ്ഥാനത്തിൽ ജൂലൈ 10ന് ചക്കരക്കൽ പൊലീസ് താജുദ്ദീനെ അറസ്റ്റ് ചെയ്തു. താനല്ല മോഷം നടത്തിയതെന്ന് ദൃക്‌സാക്ഷികളെ നിരത്തി പറഞ്ഞിട്ടും പൊലീസ് അത് കേൾക്കാൻ കൂട്ടാക്കിയില്ല. പ്രതികാര ബുദ്ധിയോടെയായിരുന്നു പൊലീസിന്റെ പെരുമാറ്റം.
എന്നാൽ ഹൈക്കോടതി ജാമ്യം നൽകിയതോടെ, 54 ദിവസത്തെ ജയിൽവാസത്തിനു ശേഷം മോചിതനായി. തെറ്റുപറ്റിയെന്നു സംസ്ഥാന പൊലീസ് മേധാവിക്കു തന്നെ സമ്മതിക്കേണ്ടി വന്നു. തന്റെ നിരപരാധിത്വം കോടതി അംഗീകരിച്ചെങ്കിലും അത്രപെട്ടൈന്ന് എല്ലാം മറക്കാൻ താജുദ്ദീന് ആകുമായിരുന്നില്ല. താജുദ്ദീൻ തന്നെ നടത്തിയ അന്വേഷണത്തിൽ യഥാർത്ഥ പ്രതിയെ കുറിച്ചുള്ള സൂചന ലഭിക്കുകയും പൊലീസിന് കൈമാറുകയും തെളിവുകൾ പൊലീസിന് കൈമാറുകയും ചെയ്തു.
54 ദിവസത്തെ ലോക്കപ്പ്വാസം, ഒടുവിൽ നിരപരാധിയെന്ന് പൊലീസ്
നിസ്സാര കേസിൽ ജാമ്യം പോലും നിഷേധിച്ചാണ് താജുദ്ദീനെ 54 ദിവസം പൊലീസ് ലോക്കപ്പിലടച്ചത്. പൊലീസ് നടപടി ഏറെ വിവാദത്തിനും പ്രതിഷേധത്തിനും ഇടയാക്കിയിരുന്നു. താജുദ്ദീനെ കള്ളക്കേസിൽ കുടുക്കിയ സംഭവത്തിൽ മനുഷ്യാവകാശ കമ്മിഷൻ ഡിജിപിയോട് റിപ്പോർട്ട് തേടിയിരുന്നു.
സംഭവം നടന്ന ദിവസം മകളുടെ വിവാഹ ആവശ്യവുമായി ബന്ധപ്പെട്ട യാത്രയിലായിരുന്നതിന്റെ തെളിവുകൾ കുടുംബം എത്തിച്ചെങ്കിലും പൊലീസ് അതും കാര്യമാക്കിയില്ല. ബ്യൂട്ടീഷനും വിവാഹപ്പന്തൽ തയാറാക്കുന്ന സ്ഥാപനത്തിലെ സ്ത്രീയുമെല്ലാം താജുദീനെ കണ്ടതായി പറഞ്ഞെങ്കിലും 'ദൃശ്യം' സിനിമയുടെ മാതൃകയിൽ അതെല്ലാം താജുദീൻ സൃഷ്ടിക്കുന്ന കള്ളത്തെളിവുകളാണെന്നായിരുന്നു പൊലീസിന്റെ വാദം. മൊബൈൽ ഫോൺ ടവർ ലൊക്കേഷനും താജുദീന് അനുകൂലമായിരുന്നു. പ്രതി സഞ്ചരിച്ച സ്‌കൂട്ടറിനും പൊട്ടിച്ചെടുത്ത മാലയ്ക്കുമായി ഇതിനിടെ താജുദീന്റെ കുടുംബ വീട്ടിലുൾപ്പെടെ പൊലീസ് പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ല.
താജുദ്ദീനിൽ നിന്ന് ശരത് വൽസരാജനിലേക്ക്
അഴിയൂരിലെ ഒരു വാട്‌സാപ് ഗ്രൂപ്പിൽ നിന്നാണു ശരത് വൽസരാജിനെപ്പറ്റി പൊലീസിനു വിവരം ലഭിക്കുന്നത്. ഇയാളുടെ 2 ഫോൺ നമ്പറുകളും കിട്ടി. സംഭവ ദിവസം ഈ ഫോണുകൾ സംഭവ സ്ഥലത്തുണ്ടായിരുന്നെന്നു സ്ഥിരീകരിച്ചതോടെ വഴിത്തിരിവായി. സിസിടിവി ദൃശ്യം വീണ്ടും പരിശോധിച്ചു ഫോട്ടോ അടക്കമുള്ള വിശദാംശങ്ങൾ സഹിതം വിവിധ പൊലീസ് സ്റ്റേഷനുകളിലേക്കു വിവരം കൈമാറി. തുടർന്നാണ്, ഇയാൾ കോഴിക്കോട് സബ് ജയിലിൽ റിമാൻഡിലാണെന്ന വിവരം പൊലീസിനു ലഭിക്കുന്നത്. കണ്ണൂർ ഡിവൈഎസ്‌പി പി.പി.സദാനന്ദന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം.
ആർഭാട ജീവിതം വില്ലനായി
മെക്കാനിക്കൽ എൻജിനീയറണ് ശരത്. ആർഭാട ജീവിതം വില്ലനായപ്പോഴാണ് ഇയാൾ മോഷണത്തിലേക്ക് തിരിഞ്ഞത്. കവർന്ന മാല തലശ്ശേരിയിലെ ഒരു സ്വർണക്കടയിൽ നിന്നു പൊലീസ് പിടിച്ചെടുത്തു. മോഷണത്തിന് ഉപയോഗിച്ച സ്‌കൂട്ടറും കണ്ടെത്തി. മെക്കാനിക്കൽ എൻജിനീയറായ ശരത്, ആർഭാട ജീവിതത്തെ തുടർന്നുണ്ടായ സാമ്പത്തിക പ്രതിസന്ധി കാരണമാണു കവർച്ചയിലേക്കു തിരിഞ്ഞതെന്നു പൊലീസിനോടു സമ്മതിച്ചു. മറ്റൊരു മാലമോഷണക്കേസിലും ഇയാൾക്കു പങ്കുള്ളതായി പൊലീസ് പറഞ്ഞു.
രണ്ടു മാസത്തോളം റിമാൻഡിൽ കഴിയേണ്ടി വന്ന താജുദ്ദീൻ, പൊലീസ് തന്നെ ആളുമാറി അറസ്റ്റ് ചെയ്ത് തടങ്കലിലാക്കിയതാണെന്ന് കാണിച്ച് മുഖ്യമന്ത്രിക്കു പരാതി നൽകുകയും മുസ്ലിംലീഗ് പ്രക്ഷോഭത്തിനിറങ്ങുകയും ചെയ്തതോടെയാണ് പൊലീസ് തുടരന്വേഷണത്തിന് തയ്യാറായത്. ഡിവൈ.എസ്‌പി പി.പി. സദാനന്ദന്റെ അന്വേഷണത്തിൽ പ്രതി താജുദ്ദീനല്ലെന്നു കണ്ടെത്തി. തുടർന്ന് നടപടിയുടെ ഭാഗമായി എസ്‌ഐ ബിജുവിനെ നവംബർ ഒന്നിന് കണ്ണൂർ ട്രാഫിക് വിഭാഗത്തിലേക്ക് മാറ്റി. വൈകാതെ യഥാർത്ഥ പ്രതിയെ പിടികൂടാനും കഴിഞ്ഞു.
സി.സി ടി.വി ദൃശ്യങ്ങൾ ഡിവൈ.എസ്‌പി അതിസൂക്ഷ്മമായി വിശകലനം ചെയ്തതിൽ പ്രതി സ്റ്റീൽ വള ധരിച്ചതായും നെറ്റിയിൽ മുറിപ്പാടുകളുള്ളതായും കണ്ടെത്തിയിരുന്നു. ഈ സൂചനകൾ വച്ച് സംസ്ഥാനത്തെ മുഴുവൻ ക്രൈം സ്‌ക്വാഡുകൾക്കും വിവരം കൈമാറി. കോഴിക്കോട്ട് വഞ്ചനക്കേസിൽ റിമാൻഡ് ചെയ്യപ്പെട്ട ശരത്തിലേക്ക് അന്വേഷണം നീളാൻ പിന്നെ ഏറെ താമസമുണ്ടായില്ല. തുടക്കത്തിൽ ചോദ്യം ചെയ്യലുമായി സഹകരിച്ചില്ലെങ്കിലും പഴുതില്ലെന്നു വന്നതോടെ എല്ലാം ഏറ്റു പറയുകയായിരുന്നു. മാല വിറ്റിടത്തു നിന്ന് അതു കണ്ടെടുക്കാനുമായി. കവർച്ചാവേളയിൽ ഉപയോഗിച്ച സ്‌കൂട്ടർ മാഹിയിലെ സുഹൃത്തിന്റേതായിരുന്നു. തത്കാലത്തേക്ക് പറഞ്ഞ് സംഘടിപ്പിച്ചതായിരുന്നു സ്‌കൂട്ടർ.
വിദേശത്തു ബിസിനസുള്ള, തരക്കേടില്ലാത്ത സാമ്പത്തിക സ്ഥിതിയുള്ള ആളായിരുന്നു താജുദ്ദീൻ. എന്നിട്ടും മകളുടെ വിവാഹത്തിനു രണ്ടുദിവസം മുൻപ് ഹെൽമറ്റ് പോലും ധരിക്കാതെ ഇങ്ങനെയൊരു കാര്യം ചെയ്യുമോ എന്ന താജുദീന്റെ ചോദ്യത്തിനും പൊലീസിനു മറുപടിയുണ്ടായിരുന്നു. മകളുടെ വിവാഹവും മകന്റെ വിദ്യാഭ്യാസവും വരുത്തിവച്ച സാമ്പത്തിക ബാധ്യത തീർക്കാൻ കുടുംബം അറിയാതെ താജുദീൻ സ്വീകരിച്ച മാർഗമായിരുന്നു മോഷണമെന്നായിരുന്നു അവരുടെ കണ്ടെത്തൽ. ഇതിനിടെ കോടതിയിൽ ഹാജരാക്കിയ താജുദ്ദീനെ റിമാൻഡ് ചെയ്ത്, തലശ്ശേരി സബ് ജയിലിലേക്കു മാറ്റി.
ഇതുവരെ ഒരു പെറ്റിക്കേസിൽ പോലും പ്രതിയാകാത്ത ഒരാൾ അങ്ങനെ ജയിലിലായി. ജാമ്യത്തിനു ശ്രമിച്ചെങ്കിലും താജുദീൻ പുറത്തിറങ്ങിയാൽ തെളിവുകൾ നശിപ്പിക്കുമെന്നും വീണ്ടും സമാന കുറ്റങ്ങൾ ചെയ്യുമെന്നുമുള്ള പൊലീസ് റിപ്പോർട്ടിനെ തുടർന്ന് ജാമ്യം ലഭിച്ചില്ല. എടച്ചേരിയിൽ നടന്ന മറ്റൊരു മാല മോഷണക്കേസിൽക്കൂടി താജുദീനെ കുടുക്കാൻ പൊലീസ് ശ്രമിച്ചെങ്കിലും തെളിവുകൾ ഉണ്ടാക്കാനാകാത്തതിനാൽ അതു നടന്നില്ല. ഒടുവിൽ 54 ദിവസത്തിനു ശേഷം ഹൈക്കോടതിയിൽ നിന്നാണു ജാമ്യം ലഭിച്ചത്. എങ്ങനെയും നിരപരാധിത്തം തെളിയിക്കണമെന്ന ഉറച്ച തീരുമാനത്തോടെയായിരുന്നു വീട്ടിലേക്കുള്ള തിരിച്ചുവരവ്.
താജുദീൻ ജയിലിൽ ആയിരുന്നപ്പോൾ ഭാര്യ പത്രസമ്മേളനം നടത്തി കാര്യങ്ങൾ പറഞ്ഞെങ്കിലും അതു കാര്യമായി ഗുണം ചെയ്തില്ല. പ്രവാസി കൂട്ടായ്മകളുടെ നേതൃത്വത്തിൽ സാമൂഹിക മാധ്യമങ്ങളിൽ വലിയ ക്യാംപെയ്‌നും ഇതിനിടെ നടന്നു. കൊണ്ടോട്ടി എംഎൽഎ ടി.വി.ഇബ്രാഹിമും പഴ്‌സനൽ സെക്രട്ടറിയും താജുദീന്റെ സുഹൃത്തുമായ ഷാഹുൽ ഹമീദ് മണ്ണാർക്കാടും നടത്തിയ ഇടപെടലുകളാണ് കേസിൽ ഗുണം ചെയ്തത്. തിരുവനന്തപുരത്ത് എത്തി മുഖ്യമന്ത്രിക്കും പ്രതിപക്ഷ നേതാവിനും ഡിജിപിക്കുമെല്ലാം ഇവർ പരാതി നൽകി. സുഹൃത്തുക്കളുടെ സഹായത്തോടെ സിസിടിവി ദൃശ്യങ്ങളിലുള്ള യഥാർഥ ആളെയും ഇതിനിടെ താജുദീൻ കണ്ടെത്തി. ഇയാളുടെ വിവരങ്ങൾ ഉൾപ്പെടെയാണു ഡിജിപിക്കു പരാതി നൽകിയത്. ഡിജിപി ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടെങ്കിലും അതിനും ഒരുമാസം സമയമെടുത്തു. ഒടുവിൽ എംഎൽഎ നേരിട്ടുപോയി ഡിജിപിയെ കണ്ടപ്പോഴാണ് താജുദീൻ നിരപരാധി ആണെന്നും പൊലീസിനു തെറ്റുപറ്റിയെന്ന റിപ്പോർട്ട് എത്തിയതായും അറിയിച്ചത്. കോടതിയിലും പൊലീസ് ഈ റിപ്പോർട്ട് നൽകിയിട്ടുണ്ട്.
അറസ്റ്റും 54 ദിവസത്തെ ജയിൽജീവിതവും തകർത്തത് താജുദീൻ എന്ന മനുഷ്യനൊപ്പം അയാളുടെ സ്വപ്നങ്ങളും ജീവിതവുമാണ്. ഗൾഫിൽ സമയത്തു മടങ്ങിപ്പോകാൻ കഴിയാതെ ബിസിനസിൽ നഷ്ടമുണ്ടായി. ബാംഗ്ലൂരിൽ അഡ്‌മിഷൻ എടുക്കേണ്ടിയിരുന്ന മകന്റെ ഈവർഷത്തെ പഠനം മുടങ്ങി. 'കള്ളന്റെ മകൻ' എന്നു മറ്റു കുട്ടികൾ കളിയാക്കിയതിനാൽ രണ്ടാം ക്ലാസ്സുകാരനായ ഇളയ മകൻ രണ്ടുമാസമായി സ്‌കൂളിൽ പോകുന്നില്ല. അദ്ധ്യാപകരെത്തി സ്‌കൂളിലേക്കു കൊണ്ടുപോയാലും അവൻ ഓടി വീട്ടിലെത്തുകയാണ്.
നിക്കാഹ് കഴിഞ്ഞ് രണ്ടുദിവസത്തിനുള്ളിൽ ഇങ്ങനെയൊരു സംഭവം ഉണ്ടായെങ്കിലും മരുമകനും കുടുംബവും താജുദീന് ഒപ്പം ഉണ്ടായിരുന്നു. ഗൾഫിലെയും നാട്ടിലെയും സുഹൃത്തുക്കളും അയൽവാസികളുമെല്ലാം കുടുംബത്തിന്റെ കൂടെയായിരുന്നു. 'ഇപ്പോൾ പൊലീസ് പറയുന്നു ഞാൻ പ്രതിയല്ലെന്ന്. ഇത്രയും നാൾ ഞാനും എന്റെ കുടുംബവും അനുഭവിച്ച വേദനയ്ക്കും അപമാനത്തിനും ആരാണു സമാധാനം പറയുക ഇനി ആർക്കും ഇങ്ങനെയൊരു അവസ്ഥ ഉണ്ടാകരുത്. പോരാട്ടത്തിന്റെ ഒന്നാം ഘട്ടമേ കഴിഞ്ഞിട്ടുള്ളൂ. നീതിയുടെ എല്ലാ വഴികളിലേക്കും നീങ്ങാനാണ് തീരുമാനം' താജുദീൻ പറയുന്നു.