വീരം', 'വേഗം', വേതാളം' എന്നീ ചിത്രങ്ങൾക്ക് ശേഷം തല അജിത്തിന്റെ നായകനാക്കി ശിവ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'വിശ്വാസം'. കഴിഞ്ഞ മൂന്നു ചിത്രങ്ങളിൽ വീരം മാത്രമാണ് ബോക്സ് ഓഫീസിൽ മികച്ച പ്രകടം നടത്തിയത്. തുടർന്നിറങ്ങിയ രണ്ടു ചിത്രങ്ങൾക്കും സമ്മിശ്ര പ്രതികരണമായിരുന്നു. അതുകൊണ്ട് തന്നെ ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ പുതിയ ചിത്രത്തിനായി കാത്തിരിക്കുന്നത്. അജിത്ത് ഇരട്ടവേഷത്തിലെത്തുന്ന ചിത്രത്തിൽ അജിത്തിന്റെ ഭാര്യയായി എത്തുന്നത് നയൻതാരയാണ്.

അടുത്ത വർഷം പൊങ്കൽ റിലീസ് ആയി എത്തുന്ന ചിത്രത്തിന്റെ സാറ്റലൈറ്റ് അവകാശവുമായി ബന്ധപ്പെട്ട വാർത്തകളാണ് ഇപ്പോൾ ലഭിക്കുന്നത്. റെക്കോർഡ് തുകയക്ക് 'വിശ്വാസ'ത്തിന്റെ സാറ്റലൈറ്റ് ടി വി പ്രക്ഷേപണ അവകാശം സൺ ടി വി വാങ്ങിയതായാണ് റിപ്പോർട്ട്. സത്യജ്യോതി ഫിലിംസ് ആണ് 'വിശ്വാസ'ത്തിന്റെ നിർമ്മാതാക്കൾ.

'ബില്ല', 'ആരംഭം', 'അനേഗൻ' എന്നീ ചിത്രങ്ങൾക്കു ശേഷം അജിത്തും നയൻതാരയും ഒന്നിക്കുന്ന ചിത്രം കൂടിയാണ്' വിശ്വാസം'. ഈ ചിത്രത്തിനായി നയൻതാര മറ്റു ചിത്രങ്ങളുടെ ഡേറ്റുകൾ വരെ അഡ്ജസ്റ്റ് ചെയ്തിരുന്നുവെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. അജിത്തിനോടുള്ള ബഹുമാനംകൊണ്ട് കഥ പോലും കേൾക്കാതെയാണ് നയൻതാര സിനിമ ചെയ്യാൻ തയ്യാറായത് എന്നും വാർത്തകൾ ഉണ്ടായിരുന്നു. ഇരുവർക്കും പുറമെ റോബോ ശങ്കർ, തമ്പി രാമയ്യ, ബോസ് വെങ്കട്ട്, യോഗി ബാബു എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.