ചെന്നൈ: കാത്തിരിപ്പിനൊടുവിൽ തമിഴ്‌നാട്ടിൽ തിയേറ്ററുകൾ ഉണർന്നപ്പോൾ ആദ്യമെത്തിയത് ജയലളിതയുടെ ജീവിതം പറയുന്ന തലൈവിയാണ്. നിരുപകർക്കും സിനിമാ പ്രവർത്തകർക്കുമായി നടത്തിയ പ്രദർശനത്തിൽ റീലീസിന് മുന്നെ തന്നെ ചിത്രത്തിന് മികച്ച അഭിപ്രായമാണ് ലഭിച്ചിരുന്നത്.ഇന്നലെ വിനായക ചതുർത്ഥി ദിനത്തിലാണ് ചിത്രം തിയ്യേറ്ററുകളിലെത്തിയത്.തിയേറ്ററിലും മികച്ച പ്രതികരണം നേടുമ്പോഴും കലക്ഷനിൽ പ്രതീക്ഷിച്ച മെച്ചം ചിത്രത്തിനുണ്ടായില്ലെന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ.

തമിഴ്‌നാട് ബോക്‌സ് ഓഫീസിൽ ചിത്രം റിലീസ് ദിനത്തിൽ 75 ലക്ഷമാണ് ആകെ നേടിയതെന്നാണ് റിപ്പോർട്ട്. ലഭിച്ച അഭിപ്രായം അനുസരിച്ച് ചിത്രം ഇതിനേക്കാൾ ഉടർന്ന കളക്ഷൻ നേടാമായിരുന്നെങ്കിലും കാണികൾക്ക് 50 ശതമാനം പ്രവേശനം അനുവദിച്ചാണ് തിയറ്ററുകൾ പ്രവർത്തിക്കുന്നത് എന്ന വസ്തുത കണക്കിലെടുക്കേണ്ടതാണ്.ഇതിനുപുറമെ നായികയായി കങ്കണയെത്തിയത് സിനിമയ്ക്ക് ഗുണം ചെയ്തില്ലെന്ന അഭിപ്രായവും ഉയരുന്നുണ്ട്.തമിഴ്‌നാട്ടിൽ അത്ര പരിചിത മുഖമല്ല കങ്കണയുടെത്.

തമിഴിന് പുറമെ മറ്റ് ഭാഷകളിലും ചിത്രം ഇറങ്ങിയിരുന്നു. എല്ലാ ഭാഷകളിലെയുംകൂടി ചിത്രത്തിന്റെ ആദ്യദിന കളക്ഷൻ 1.20 കോടിയാണെന്ന് ട്രേഡ് അനലിസ്റ്റ് സുമിത് കദേൽ പറയുന്നു. ഹിന്ദിയിലും അത്ര മികച്ച കലക്ഷനല്ല ചിത്രത്തിന്.20 ലക്ഷം രൂപ മാത്രമാണ് ചിത്രത്തിന്റെ ഹിന്ദി പതിപ്പ് നേടിയിരിക്കുന്നതെന്നാണ് ട്രേഡ് അനലിസ്റ്റുകൾ അറിയിക്കുന്നത്. കോവിഡ് സാഹചര്യം പരിഗണിക്കുമ്പോൾ വലിയ പരാജയം എന്നൊന്നും വിലയിരുത്താനാവാത്ത കളക്ഷനാണ് ഇതെന്നും അനലിസ്റ്റുകൾ വ്യക്തമാക്കുന്നു.

2019 നവംബറിൽ ചിത്രീകരണം ആരംഭിച്ച സിനിമയുടെ ആദ്യം പ്രഖ്യാപിച്ച റിലീസ് തീയതി ഈ വർഷം ഏപ്രിൽ 23 ആയിരുന്നു. എന്നാൽ കോവിഡ് രണ്ടാം തരംഗത്തിൽ തിയറ്ററുകൾ അടച്ചതോടെ റിലീസ് അനിശ്ചിതമായി നീട്ടിവെക്കുകയായിരുന്നു.എ എൽ വിജയ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ എംജിആർ ആയി എത്തുന്നത് അരവിന്ദ് സ്വാമിയാണ്. കരുണാനിധിയുടെ റോളിൽ എത്തുന്നത് നാസറും. ഭാഗ്യശ്രീ, സമുദ്രക്കനി, രാജ് അർജുൻ, മധുബാല, തമ്പി രാമയ്യ, പൂർണ്ണ, ഭരത് റെഡ്ഡി തുടങ്ങി വലിയ താരനിരയും അണിനിരക്കുന്ന ചിത്രമാണിത്.