കൊച്ചി: കോളിളക്കം സൃഷ്ടിച്ച തലശ്ശേരി കൂട്ട ബലാൽസംഗക്കേസിൽ പോക്‌സോ കോടതി ശിക്ഷിച്ച് സെൻട്രൽ ജയിലിൽ പാർപ്പിച്ച എല്ലാ പ്രതികളെയും ഹൈക്കോടതി വിട്ടയച്ചു. പ്ലസ് വൺ കാരിയെ ഒമ്പതാം ക്ലാസ്സ് മുതൽ ഒന്നര വർഷം പീഡിപ്പിച്ചെന്ന പോക്‌സോ കേസിലെ അഞ്ചു പ്രതികളെയുമാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് നിരുപാധികം വിട്ടയച്ചത്. ഇരയായ പെൺകുട്ടിയുടെ മൊഴി വിശ്വാസ യോഗ്യമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് വിട്ടയച്ചത്.

തെളിവു മൂല്യം വിലയിരുത്തുന്നതിൽ തലശ്ശേരി പോക്‌സോ കോടതിക്ക് വീഴ്ച പറ്റി. പെൺകുട്ടിയുടെ വായ് മൊഴി തെളിവിൽ കൂട്ടിച്ചേർക്കലുകളും മോടി പിടിപ്പിക്കലും പരസ്പര വൈരുദ്ധ്യങ്ങളും ഒഴിവാക്കലുകളും വിട്ടു പോകലും നടന്നതായി കണ്ടെത്തിയാണ് ഹൈക്കോടതി എല്ലാ പ്രതികളെയും വിട്ടയച്ചത്. ശിക്ഷയനുഭവിക്കാനായി പോക്‌സോ കോടതി തടവിൽ പാർപ്പിച്ചവരെ ഉടൻ മോചിപ്പിക്കാൻ സെൻട്രൽ ജയിൽ സൂപ്രണ്ടിനോട് ഉത്തരവിട്ടു. ജസ്റ്റിസ് കെ. വിനോദ് ചന്ദ്രനും ജസ്റ്റിസ് എം. ആർ. അനിതയും അടങ്ങിയ ഡിവിഷൻ ബെഞ്ചാണ് പോക്‌സോ പീഡന കേസുകളിൽ കീഴ്‌ക്കോടതികൾ പിന്തുടരേണ്ട നാഴികക്കല്ലായ വിധിന്യായം പുറപ്പെടുവിച്ചത്. പ്രോസിക്യൂഷൻ കേസ് തന്നെ സംശയകരവും കളവായ ആരോപണങ്ങളുമെന്ന് നിരീക്ഷിച്ച ഹൈക്കോടതി സംശയത്തിന്റെ ആനുകൂല്യം പ്രതികൾക്ക് നൽകുകയാണെന്നും വിധി ന്യായത്തിൽ വ്യക്തമാക്കി.

പ്രതികളായ എം.സുരേന്ദ്രനെന്ന കല്യാണി സുരേന്ദ്രനും 4 കൂട്ടുപ്രതികളും സമർപ്പിച്ച ക്രിമിനൽ അപ്പീൽ അനുവദിച്ചു കൊണ്ടാണ് പോക്‌സോ കോടതിയുടെ 2015 ലെ ശിക്ഷാവിധി റദ്ദാക്കിയത്. ഇരയുടെ മാതാവിന്റെ വീടിന് ചേർന്നുള്ള വസ്തു മൂന്നാം പ്രതി വാങ്ങിയതുമായി ബന്ധപ്പെട്ട് ഇരയുടെ മാതാവും ഒന്നും മൂന്നും പ്രതികളുമായി ശത്രുതയിലായിരുന്നുവെന്ന് വിചാരണ കോടതിയിൽ പ്രതിഭാഗം തെളിയിച്ചതായി ഹൈക്കോടതി ചൂണ്ടിക്കാട്ടി. മൂന്നാം പ്രതി വസ്തു വാങ്ങിയ ഇടപാടിൽ ബ്രോക്കർ ഒന്നാം പ്രതിയായിരുന്നു. ഒന്നും രണ്ടും പ്രതികൾ അവരവരുടെ വീടുകളിൽ കുടുംബത്തോടൊപ്പം താമസിക്കുകയായിരുന്നെന്നും തെളിവിൽ വന്നിട്ടുണ്ട്.

എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിലെ കാലതാമസം , ഒരു വർഷം മുമ്പ് നൽകിയ പരാതി മറച്ചു വച്ചതും പിന്നീടത് സ്വമേധയാ സമ്മതിക്കലും , മുമ്പ് പ്രതികൾക്കെതിരെ ഉന്നയിച്ച കൃത്യമായ ആരോപണങ്ങളിലെ വ്യത്യസ്തതയും ഭിന്നതയും പ്രതികൾക്കനുകൂലമായി ചിന്തിക്കാനുള്ള കാരണങ്ങളായി മാറി. മനുഷ്യ മനസ്സിന്റെ സഞ്ചാര വഴികൾ തങ്ങളുടെ ജ്ഞാന പരിധിക്കും അധികാര പരിധിക്കും അപ്പുറത്തായതിനാൽ ഇപ്രകാരം ഒരു കളവായ ആരോപണം പരാതിക്കാരിയായ മാതാവ് ഉന്നയിച്ചത് എന്തുകൊണ്ടാണെന്ന് പരിചിന്തനം ചെയ്യാൻ തങ്ങൾ ശ്രമിക്കുന്നില്ലെന്നും വിധിന്യായത്തിൽ ഡിവിഷൻ ബെഞ്ച് ചൂണ്ടിക്കാട്ടി. ഒന്നും രണ്ടും സാക്ഷികളായി വിസ്തരിച്ച പെൺകുട്ടിയും മാതാവും തങ്ങൾ ആദ്യ പരാതി ഡിവൈഎസ്‌പി ക്കാണ് നൽകിയതെന്നും ആ പരാതിയുമായി മുന്നോട്ടു പോയില്ലെന്നും സമ്മതിച്ചിട്ടുണ്ട്. 2013 ഏപ്രിൽ 8 ന് നൽകിയ രണ്ടാം പരാതിയിൽ ഉന്നയിക്കപ്പെട്ടിട്ടുള്ള തുടർ പീഡനാരോപണം വിചാരണക്കോടതി പോലും അവിശ്വസിച്ചതായി ഹൈക്കോടതി നിരീക്ഷിച്ചു. ആദ്യ പരാതി അമ്മയെയും മകളെയും അപകീർത്തിപ്പെടുത്തുന്നു എന്നാരോപിച്ചുള്ളതാണ്.

മകളെ ലൈംഗികമായി പീഡിപ്പിച്ചതായ യാതൊരു ആരോപണവും ആദ്യ പരാതിയിലില്ല. രണ്ടാം പരാതി വിരോധം തീർക്കാൻ പുനർചിന്തനം നടത്തി കെട്ടിച്ചമച്ചതാണെന്ന ഒന്നാം പ്രതിയുടെ വാദത്തിന് അടിസ്ഥാനമുണ്ടെന്നും ഹൈക്കോടതി നിരീക്ഷിച്ചു. ജനത്തിരക്കും ഇരുവശത്തും വീടുകളുമുള്ള പൊതു റോഡിൽ നിന്ന് ഇരയെ തട്ടിക്കൊണ്ടുപോയതെന്ന ആരോപണം സംശയാസ്പദമാണ്. എല്ലാ തവണയും പീഡനത്തിന് മുമ്പ് ഇരയെ ദേഹോപദ്രവം ഏൽപ്പിച്ചതായി പെൺകുട്ടിയുടെ മൊഴിയുണ്ടെങ്കിലും ശാരീരിക പരിക്കിന്റെ യാതൊരു തെളിവുമില്ല. ഒന്നാം പ്രതിയുടെ മകന്റെ കാറിലാണ് തന്നെ ബലം പ്രയോഗിച്ച് തട്ടിക്കൊണ്ടുപോയതെന്ന ഇരയുടെ മൊഴി പ്രകാരം ഇര കാണിച്ചു കൊടുത്ത കാർ പൊലീസ് പിടിച്ചെടുത്ത് തൊണ്ടിയായി കോടതിയിൽ ഹാജരാക്കി.എന്നാൽ പ്രതിഭാഗം ഒന്നാം സാക്ഷിയായ ജോയിന്റ് ആർ ടി ഓ യുടെ തെളിവ് പ്രകാരം ആ കാർ 2011 മാർച്ച് 18 ന് ഓൺ ദ റോഡ് ഡെലിവറി എടുത്തതായും 2011 മാർച്ച് 25 നാണ് മോട്ടോർ വാഹന വകുപ്പിൽ രജിസ്റ്റർ ചെയ്തതെന്നും തെളിഞ്ഞിട്ടുണ്ട്.

പെൺകുട്ടി നൽകിയ പ്രഥമ വിവരമൊഴി , മജിസ്‌ട്രേട്ടിന് നൽകിയ രഹസ്യമൊഴി , വിചാരണ കോടതിയിൽ നൽകിയ മൊഴി ഇവയിലെല്ലാം വ്യത്യസ്ത ഭാഷ്യവും വിവരണങ്ങളുമാണുള്ളതെന്നും ഹൈക്കോടതി കണ്ടെത്തി. ഇരയെ പരിശോധിച്ച് സർട്ടിഫിക്കറ്റ് നൽകിയ നാലാം സാക്ഷിയായ ഡോക്ടറുടെ മൊഴി പ്രകാരം കന്യാചർമ്മത്തിൽ കീറലും യോനിയിൽ ഒരു വിരൽ കടത്താവുന്ന രീതിയിലുമാണെന്നാണ്. വജൈനൽ പെനട്രേഷൻ (യോനീ പ്രവേശനം) നടന്നതിന്റെ തെളിവുണ്ടെന്ന് ഡോക്ടർ വിദഗ്ധ അഭിപ്രായ മൊഴി നൽകിയിട്ടുണ്ട്. അതേ സമയം അന്തിമ അഭിപ്രായം പ്രതികളുടെ പുരുഷബീജ സാന്നിദ്ധ്യം വജൈനൽ സ്വാബിന്റെയും സ്മിയറിന്റെയും (സ്വകാര്യ ഭാഗത്ത് നിന്ന് ശേഖരിച്ച സ്രവങ്ങൾ) കെമിക്കൽ പരിശോധനക്ക് ശേഷം നൽകാമെന്നുമാണ് ആറാം രേഖയായി വിചാരണ കോടതി തെളിവിൽ സ്വീകരിച്ച മെഡിക്കൽ സർട്ടിഫിക്കറ്റിൽ ഡോക്ടർ രേഖപ്പെടുത്തിയിട്ടുള്ളത്.

സ്വയംഭോഗത്താൽ കന്യാചർമ്മത്തിന് കീറൽ സംഭവിക്കാമെന്നും ക്രോസ് വിസ്താരത്തിൽ പ്രതികളുടെ പ്രത്യേക ചോദ്യത്തിന് ഉത്തരമായി ഡോക്ടർ മൊഴി നൽകിയിട്ടുണ്ട്. സ്രവ പരിശോധന റിപ്പോർട്ട് കാത്തിരുന്നതിനാലാണ് അന്തിമ അഭിപ്രായം ഡോക്ടർ പെൻഡിംഗിൽ വച്ചത്. വളരെ നാളുകൾക്ക് മുമ്പ് നടന്നതായി ആരോപിക്കുന്ന സംഭവമായതിനാൽ കെമിക്കൽ പരിശോധനയിൽ യാതൊന്നും കണ്ടെത്താനായില്ലെന്ന് റിപ്പോർട്ട് വരികയായിരുന്നു. രഹസ്യമൊഴി രേഖപ്പെടുത്തിയ ഏഴാം സാക്ഷിയായ ജുഡീഷ്യൽ മജിസ്‌ട്രേട്ട് തനിക്ക് മൊഴി നൽകി ഇര പീഡന തീയതി, മാസം, വർഷം എന്നിവ സംബന്ധിച്ച് മൊഴി നൽകിയിട്ടില്ലെന്ന് സ്പഷ്ടമായി വിചാരണ കോടതിയിൽ മൊഴി നൽകിയതായും ഹൈക്കോടതി കണ്ടെത്തി.

കേസിനാധാരമായ സംഭവം 2010 - 2011 കാലയളവിൽ ഒന്നര വർഷം നടന്നതായി ആരോപിച്ച് പെൺകുട്ടിയുടെ മാതാവ് 2013 ലാണ് തലശ്ശേരി പൊലീസ് സ്റ്റേഷനിൽ പരാതി നൽകി എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്. എം. സുരേന്ദ്രനെന്ന കല്യാണി സുരേന്ദ്രനെ ഒന്നാം പ്രതിയാക്കിയും മറ്റ് നാലു പേരെ കൂട്ടു പ്രതികളാക്കിയുമായിരുന്നു പോക്‌സോ കേസ് എടുത്തത്. 2013 തന്നെ കുറ്റപത്രവും സമർപ്പിച്ചു. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 376 (2) (ജി) (കൂട്ടബലാൽസംഗം) , 366 (എ) (മൈനർ പെൺകുട്ടിയെ അവിഹിത സംഗത്തിന് വേണ്ടി തട്ടിക്കൊണ്ടു പോകൽ) എന്നീ കുറ്റങ്ങൾ ചുമത്തി പ്രതികളെ വിചാരണ ചെയ്ത പോക്‌സോ കോടതി പ്രതികൾ പത്തു വർഷത്തെ കഠിന തടവനുഭവിക്കാനും പിഴയൊടുക്കാനുമാണ് ശിക്ഷ വിധിച്ചത്.