- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തലാസീമിയ രോഗിയുടെ മരണം: കോഴിക്കോട് മെഡിക്കൽ കോളെജിൽ വിദഗ്ധ ചികിത്സ നൽകിയില്ലെന്ന ആരോപണവുമായി കേരള ബ്ലഡ് പേഷ്യന്റ്‌സ് പ്രൊട്ടക്ഷൻ കൗൺസിൽ; മരണപ്പെട്ടത് പയ്യോളി അയനിക്കാട് സ്വദേശിനി മഞ്ജുഷ
കോഴിക്കോട്: തലാസീമിയ രോഗിയായ പയ്യോളി അയനിക്കാട് എരവത്ത് മഞ്ജുഷ (26) യുടെ മരണം വിദഗ്ധ ചികിത്സയും ജീവൻ രക്ഷാമരുന്നുകളും ലഭിക്കാത്തതുകൊണ്ടാണെന്ന ആരോപണവുമായി കേരള ബ്ലഡ് പേഷ്യന്റ്‌സ് പ്രൊട്ടക്ഷൻ കൗൺസിൽ. മഞ്ജുഷയെ കഴിഞ്ഞ ദിവസം രോഗം മൂർചിച്ചതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരുന്നെങ്കിലും വിദഗ്ധ ഹെമറ്റോളജി ചികിത്സയൊ ഹൃദ്രോഗ ചികിത്സയൊ ലഭിക്കയുണ്ടായില്ല. കാഷ്വാലിറ്റിയിലെത്തിച്ച രോഗിയെ ഹെമറ്റോളജി വാർഡിലേക്ക് മാറ്റാതെ ആറാം വാർഡിലേക്ക് മാറ്റുകയും വിദഗ്ധ ചികിത്സ ലഭിക്കാതെ രോഗി അവിടെ നിന്നും മരണപ്പെടുകയുമാണുണ്ടായതെന്ന് ബ്ലഡ് പേഷ്യന്റ് സ് പ്രൊട്ടക്ഷൻ കൗൺസിൽ സംസ്ഥാന ജനറൽ കൺവീനർ കരീം കാരശ്ശേരി പറഞ്ഞു.
ഹൃദയത്തിലും കരളിലും ഇരുമ്പിന്റെ അംശം കൂടുതലായതിനാൽ യുവതിക്ക് രണ്ട് കാലുകളിലും നീർക്കെട്ട് വന്നിരുന്നു. എന്നാൽ നീർക്കെട്ട് കളയാൻ മരുന്ന് നൽകിയതല്ലാതെ ഇതിന് കാരണമായ ഹൃദയത്തിലെ ഇരുമ്പിന്റെ അംശം നീക്കം ചെയ്യാൻ ഫല പ്രദമായ ചികിത്സയൊന്നും മെഡിക്കൽ കോളേജിൽ നിന്നും നൽകുകയുണ്ടായില്ല. മാത്രമല്ല ഹാർട്ടിലെയും ലിവറിലേയും ഇരുമ്പിന്റെ അളവ് മനസ്സിലാക്കുന്നതിനുള്ള സ്‌കാനിംഗും നടത്തിയില്ല.
അധികൃതരുടെ ഭാഗത്ത് നിന്നുണ്ടായ ബഹുമുഖ വീഴ്ച കാരണമാണ് യുവതിക്ക് മരണത്തിന് അടിയറവ് പറയേണ്ടി വന്നത്. ഇതിന് മുമ്പ് തലാസീമിയ രോഗികൾ ഇത് പോലെ മരണപ്പെട്ടപ്പോൾ ബ്ലഡ് പേഷ്യന്റ്‌സ് പ്രൊട്ടക്ഷൻ കൗൺസിൽ മുഖ്യമന്ത്രിക്കും ആരോഗ്യ മന്ത്രിക്കുമൊക്കെ നിരവധി പരാതികൾ നൽകിയിരുന്നെങ്കിലും അവയൊക്കെ അവഗണിക്കപ്പെടുകയാണുണ്ടായത്.
ഹൃദയത്തിലെയും കരളിലെയും ഇരുമ്പിന്റെ അംശം കുറക്കാനുള്ള ചെലവ് കൂടിയ ഇഞ്ചക്ഷൻ മരുന്ന് വാങ്ങിച്ച് നൽകാൻ ആശുപത്രി അധികൃതരോട സർക്കാരോ തയ്യാറാവാത്തതാണ് രോഗികൾ തുടരെ മരണപ്പെടാനിടയാക്കുന്നത്. മാരക രക്തജന്യ രോഗികളെ ചികിത്സിക്കുന്നതിന് ഒരു വിദഗ്ധ ഹെമറ്റോളജി കേന്ദ്രം ഇവിടെയില്ലാത്തതും രോഗികളുടെ മരണനിരക്ക് കുത്തനെ ഉയരാനിടയാക്കുകയാണ്.
കോഴിക്കോട് മെഡിക്കൽ കോളേജിൽ ഹെമറ്റോളജി വിദഗ്ധരുണ്ടെങ്കിലും അവരുടെയാരുടേയും സേവനം ലഭിക്കാതെയാണ് മഞ്ജുഷ ആറാം വാർഡിൽ വെച്ച് കഴിഞ്ഞ ദിവസം മരണമടഞ്ഞത്. പല രക്തജന്യ രോഗികളുടേയും അവസ്ഥ ഇത് തന്നെയാണ്. മഞ്ജുഷയുടെ മരണത്തെപ്പറ്റി സമഗ്രമായ അന്വേഷണം നടത്താൻ സർക്കാർ തയ്യാറാവണമെന്നും രോഗികൾക്ക് വിദഗ്ധ ചികി ത്സയും ജീവൻ രക്ഷാമരുന്നുകളും നൽകാൻ അടിയന്തിര നടപടി സ്വീകരിക്കണമെന്നും ഹെമറ്റോളജി കേന്ദ്രത്തിന്റെ കുറ്റകരമായ കാലവിളംബം ഒഴിവാക്കാൻ സത്വര നടപടി കൈകൊള്ളണമെന്നും കേരള ബ്ലഡ് പേഷ്യന്റ്‌സ് പ്രൊട്ടക്ഷൻ കൗൺസിൽ ആവശ്യപ്പെട്ടു.
കെ വി നിരഞ്ജന് മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്.