- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പത്രികാ സമർപ്പണത്തിൽ ബിജെപി സെൽഫ് ഗോളടിച്ച തലശേരിയിൽ ഷംസീറിന് ഭൂരിപക്ഷം കുറയുമോ? അരവിന്ദാക്ഷന്റെ ജനകീയത വോട്ടാകുമെന്ന് യു.ഡി.എഫ്; നസീർ പിടിച്ചത് സിപിഎം വോട്ടോ? ഇടതു കോട്ടയിൽ അട്ടിമറി സാധ്യത വിരളം; ഭൂരിക്ഷം കുറയുമോ എന്ന ആശങ്കയിൽ ഇടതു ക്യാമ്പ്
കണ്ണൂർ: ബിജെപി സെൽഫ് ഗോളടിച്ച തലശേരിയിൽ ഇക്കുറി എൽ.ഡി.എഫ് സ്ഥാനാർത്ഥി എ.എൻ ഷംസീറിന് ഭൂരിപക്ഷം കുറഞ്ഞാൽ പോലും സിപിഎ. മ്മിന് ക്ഷീണമാണ്.
ബിജെപി ജില്ലാ പ്രസിഡന്റ് എൻ. ഹരിദാസിന്റെ നാമനിർദ്ദേശപത്രിക തള്ളി പോയതിനെ തുടർന്ന് എൻ.ഡി.എയുടെ 22, 123 വോട്ടുകൾ ഇക്കുറി തലശേരിയിൽ പോൾ ചെയ്തിട്ടില്ല. ഫുട്ബോൾ ചിഹ്നത്തിൽ മത്സരിക്കുന്ന ഇന്ത്യൻ ഗാന്ധിയൻ പാർട്ടി സ്ഥാനാർത്ഥി സി.ഒ.ടി നസീറിന് വോട്ടുകൾ ചെയ്യാൻ നേതൃത്വം ആഹ്വാനം ചെയ്തിരുന്നുവെങ്കിലും അണികൾ തള്ളി കളയുകയായിരുന്നു.
എന്നാൽ സംസ്ഥാനമാകെ കോൺഗ്രസ് - ബിജെപി രഹസ്യ ബന്ധം ആരോപിക്കപ്പെട്ട തലശേരിയിൽ ബിജെപി വോട്ടുകൾ പോൾ ചെയ്തില്ലെന്നാണ് വോട്ടിങ് ശതമാനത്തിലെ കുറവ് വ്യക്തമാക്കുന്നത്. എൻ.ഡി.എ വോട്ടുകൾ കൂടി പെട്ടിയിലാക്കി അട്ടിമറി വിജയം നേടാമെന്ന യു.ഡി.എഫിന്റെ വ്യാമോഹങ്ങളാണ് ഇതോടെ പാഴിലായത്.
കഴിഞ്ഞ നിയമസഭാതെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് 70,141 വോട്ടുകൾ ലഭിച്ചപ്പോൾ യു.ഡി.എഫിന് 36,924 വോട്ടും എൻ.ഡി.എയ്ക്ക് 22,125 വോട്ടും ലഭിച്ചു. 34,117 വോട്ടുകൾക്കാണ് കഴിഞ്ഞ തവണ എ.എൻ. ഷംസീർ ജയിച്ചത്. എന്നാൽ ഇക്കുറി എൻ.ഡി. എ വോട്ടിലൊരു വിഹിതവും സിപിഎമ്മിൽ നിന്നുള്ള നെഗറ്റീവ് വോട്ടും മാറി വീണാൽ നേരിയ അട്ടിമറി വിജയസാധ്യത തലശേരിയിൽ യു.ഡി.എഫ് കണക്കുകൂട്ടിയിരുന്നു. എന്നാൽ എൻ.ഡി.എ വോട്ടുകൾ പോൾ ചെയ്യാതെയായതോടെ ഈ പ്രതീക്ഷയും അസ്തമിച്ചു. തലശേരി മണ്ഡലത്തിൽ ചരിത്രത്തിലില്ലാത്ത വിധം മികച്ച പോരാട്ടമാണ് യു.ഡി.എഫ് കാഴ്ച്ചവെച്ചതെന്നാണ് സ്ഥാനാർത്ഥി എംപി അരവിന്ദാക്ഷൻ പറയുന്നത്.
മണ്ഡലത്തിലെ വികസന മുരടിപ്പ് വോട്ടാകുമെന്ന് അദ്ദേഹം പറയുന്നു. കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പിൽ വെറും പതിനായിരത്തിൽ മുകളിൽ വോട്ടിന്റെ ഭുരിപക്ഷം മാത്രമേ എൽ.ഡി.എഫിനുണ്ടായിരുന്നുള്ളുവെന്നാണ് യു.ഡി.എഫ് കണക്കുകൾ ചുണ്ടികാട്ടി പറയുന്നത്. 65401 വോട്ടാണ് വടകര മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥിയായ പി.ജയരാജന് ഇവിടെ നിന്നും ലഭിച്ചത്. എന്നാൽ യു.ഡി.എഫിലെ കെ.മുരളീധരനാകട്ടെ 53, 932 വോട്ടുകൾ പിടിച്ചു. 13, 456 വോട്ടുകൾ മാത്രമാണ് എൻ.ഡി.എ സ്ഥാനാർത്ഥി നേടിയത്.
എന്നാൽ തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പിലെ തങ്ങളുടെ മൃഗീയ ഭൂരിപക്ഷമാണ് എൽ.ഡി.എഫ് ഇതിന് ബദലായി ഉയർത്തിക്കാട്ടുന്നത്. 45, 422 വോട്ടിന്റെ ഭൂരിപക്ഷമാണ് എൽ.ഡി.എഫിന് ലഭിച്ചത്. ഈ കണക്ക് വെച്ചു നോക്കുമ്പോൾ കഴിഞ്ഞ തവണ നേടിയ ഭൂരിപക്ഷം ഷംസീറിന് നിഷ്പ്രയാസം നിലനിർത്താൻ കഴിയേണ്ടതാണ്. എന്നാൽ മറ്റു ചില വൈതരണികൾ കൂടി ഇക്കുറി എൽ.ഡി.എഫ് നേരിടുന്നുണ്ട്. കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പിൽ മത്സരിച്ചതിന് മൃഗീയ രാഷ്ട്രീയ അക്രമത്തിന് ഇരയായ സി.ഒ.ടി നസീറിന്റെ സ്ഥാനാർത്ഥിത്യമാണ് അതിലൊന്ന്.
ഷംസറിനെതിരെ തുറന്ന യുദ്ധം പ്രഖ്യാപിച്ച നസീർ ഇന്ത്യൻ ഗാന്ധി പാർട്ടിയുടെ ബാനറിൽ ഫുട്ബോൾ ചിഹ്നത്തിലാണ് മത്സരിക്കുന്നത്. തലശേരിയിലെ പ്രമുഖ മുസ്ലിം തറവാടുകളുമായി കുടുംബ ബന്ധമുള്ള പൊതുപ്രവർത്തകനാണ് നസീർ. അതുകൊണ്ടു തന്നെ നസീർ ചേർത്തുക എൽ.ഡി.എഫ് വോട്ടുബാങ്കിൽ നിന്നായിരിക്കും. പൊതുസമ്മതനും ജനകീയനുമായ എംപി അരവിന്ദാക്ഷനെ യു.ഡി.എഫ് സ്ഥാനാർത്ഥിയാക്കിയത് ഏറെ ഗുണം ചെയ്തിട്ടുണ്ട്. ഷംസീറിന്റെ പിണറായി ശൈലിയെ അനുകരിച്ചു കൊണ്ടുള്ള ഏകാധിപത്യ പെരുമാറ്റ രീതികളും എടുത്തടിച്ചതു പോലെയുള്ള സംസാര ശൈലിയും പാർട്ടിക്കുള്ളിൽ തന്നെ എതിർപ്പു വിളിച്ചു വരുത്തിയിട്ടുണ്ട്.
തലശേരി ഏരിയയിലെ പാർട്ടി നേതാക്കളിൽ ഒരു വിഭാഗം ഷംസീറിനോട് വിയോജിപ്പുള്ളവരാണ്. അണികളിലും ഇതേ വികാരം തന്നെയുണ്ട്. എന്തെങ്കിലും ഒരു കാര്യത്തിന് എംഎൽഎയെ സമീപിച്ചാൽ സമീപിച്ചയാളെ ആജീവാനന്ത ശത്രുവാക്കി പറഞ്ഞയക്കുന്ന ശൈലിയാണ് ഷംസീറിന്റെതെന്നൊണ് ഇതേ കുറിച്ച് ചോദിച്ചപ്പോൾ തലശേരിയിലെ ഒരു സിപിഎം പ്രാദേശിക നേതാവ് പ്രതികരിച്ചത്. എങ്കിലും തലശേരിയിൽ യു.ഡി.എഫിന് അട്ടിമറി വിജയം നേടാൻ കഴിയുമെന്ന നിഗമനം രാഷ്ട്രീയ നിരീക്ഷകർക്കു പോലുമില്ല. ഷംസീറിന് ഭൂരിപക്ഷം നന്നെ കുറഞ്ഞാൽ തലശേരിയിൽ സിപിഎം തോറ്റതുപോലെ തന്നെയാണ് അത്രമാത്രം ഇടതു കോട്ടയാണ്
ഒരു മുഖ്യമന്ത്രിയെയും മൂന്ന് മന്ത്രിമാരെയും കേരളത്തിന് സമ്മാനിച്ച മണ്ഡലം കൂടിയാണ് തലശേരി. ഇ.കെ നായനാർ മുഖ്യമന്ത്രിയായതും ജസ്റ്റിസ് വി.ആർ കൃഷ്ണയ്യരും എൻ.ഇ ബാലറാമും കോടിയേരി ബാലകൃഷ്ണനും ജയിച്ച് മന്ത്രിമാരായതും തലശേരിയുടെ മണ്ണിൽ നിന്നാണ്. 1957 ലെ തെരഞ്ഞെടുപ്പിൽ ഇടതു സ്വതന്ത്രനായി മത്സരിച്ച വി.ആർ. കൃഷ്ണയ്യർക്ക് 12,084 വോട്ടാണ് ഭൂരിപക്ഷം ലഭിച്ചത്. 1960 ൽ കോൺഗ്രസിലെ പി.കുഞ്ഞിരാമൻ 23 വോട്ടിന് ജയിച്ചുവെങ്കിലും തെരഞ്ഞെടുപ്പ് കേസിൽ വിജയം കൃഷ്ണയ്യർക്കായി. തുടർന്ന് തലശേരിയുടെ ചരിത്രം കമ്യൂണിസ്റ്റ്പാർട്ടിക്കാരെ മാത്രം ജയിപ്പിച്ചതാണ്.
ജയിലിൽ കിടന്ന് ജനവിധി തേടിയ പാട്യം ഗോപാലനെ വിജയിപ്പിച്ച ചരിത്രവും തലശേരി ക്കുണ്ട്. പാട്യവും കെ.പി മമ്മു മാസ്റ്ററും രണ്ടു തവണ വീതവും കോടിയേരി ബാലകൃഷ്ണൻ അഞ്ചു തവണയും ഇവിടെ നിന്നും നിയമസഭയിലെത്തി. 1967 ൽ കെ.പി.ആർ ഗോപാലൻ 12, 840 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ജയിച്ചത് 1979 ലെ ഉപതെരഞ്ഞെടുപ്പിലും 80 ലും ജയം എം വിരാജഗോപാലനായിരുന്നു. 1996 ലെ ഉപതെരഞ്ഞെടുപിൽ തലശേരിയിൽ മത്സരിച്ച ഇ.കെ നായനാർക്ക് 24, 501 വോട്ടിന്റെ ഭൂരിപക്ഷമാണ് ലഭിച്ചത്. 2011 ൽ കോടിയേരി ഭൂരിപക്ഷ മുയർത്തി 26, 509 വോട്ടാക്കി. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഷംസിർ യു.ഡി.എഫിലെ എ.പി അബ്ദുള്ളക്കുട്ടിക്കെതിരെ 34,117 വോട്ടിന്റെ റെക്കാർഡ് ഭൂരിപക്ഷം തേടി. തലശേരി നഗരസഭയും എരഞ്ഞോളി, കതിരൂർ, പന്ന്യന്നൂർ, ചൊക്ളി , ന്യൂ മാഹി പഞ്ചായത്തുകളും ഉൾപ്പെട്ടതാണ് തലശേരി മണ്ഡലം.
മറുനാടന് മലയാളി ബ്യൂറോ