- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹരിദാസിനൊപ്പം അതേ ഫൈബർ ബോട്ടിൽ പണിയെടുത്ത സുമേഷ് ഒറ്റുകാരനായി; ലിജേഷിനെ കുടുക്കിയത് ആ രണ്ട് വിളികൾ; കൊലയാളി സംഘവും മറ്റു രണ്ടു പേരുമായുള്ള വാട്‌സാപ്പ് ഓഡിയോയും ഗൂഢാലോചനയ്ക്ക് തെളിവ്; ഹരിദാസൻ കൊലയിൽ സാഹചര്യ തെളിവുകൾ രാഷ്ട്രീയ ഇടപെടലിന് തെളിവ്; തലശ്ശേരിയിൽ പൊലീസ് അതിവേഗ നീക്കത്തിൽ
കണ്ണൂർ: തലശേരിയിൽ സിപിഎം പ്രവർത്തകനായ ഹരിദാസൻ കൊല്ലപ്പെട്ടതിന് പിന്നിൽ രാഷ്ട്രീയ ഇടപെടൽ തന്നെ. സംഭവത്തിൽ മുഖ്യ സൂത്രധാരൻ ബിജെപി മണ്ഡലം പ്രസിഡന്റും തലശേരി നഗരസഭാ കൗൺസിലറുമായ ലിജേഷാണെന്ന് പൊലീസ് കണ്ടെത്തുന്നത് വാട്‌സാപ്പ് കോളിലൂടെയാണ്. കേസിൽ ലിജീഷ് ഉൾപ്പടെ നാല്പേരുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. ലിജേഷിനെതിരെ വ്യക്തമായ സാഹചര്യ തെളിവ് കിട്ടിയെന്ന് പൊലീസ് പറയുന്നു.
ലിജീഷിന് പുറമെ കെ.വി വിമിൻ, അമൽ മനോഹരൻ, സുമേഷ് എന്നിവരാണ് അറസ്റ്റിലായത്. സംഭവ ദിവസം പുലർച്ചെ ഒരുമണിക്ക് ലിജേഷ് നടത്തിയ വാട്സ്ആപ്പ് കോളാണ് നിർണായക തെളിവായി പൊലീസിന് ലഭിച്ചത്. ലിജീഷ് വിളിച്ച കോൾ ആളുമാറി അദ്ദേഹത്തിന്റെ ബന്ധുവിലേക്കാണ് എത്തിയത്. തുടർന്ന് ബന്ധു ലിജീഷിനെ തിരിച്ചു വിളിച്ചിരുന്നു. പിന്നീട് ലിജീഷ് വിളിച്ചത് അറസ്റ്റിലായ സുമേഷിനെയാണ്. ഇയാളാണ് ഹരിദാസൻ ഹാർബറിൽ നിന്ന് വീട്ടിലേക്ക് പുറപ്പെട്ട കാര്യം ഇവരെ അറിയിക്കുന്നത്. സുമേഷിനെ മണിയെന്ന പേരിലാണ് അറിയപ്പെടുന്നത്. ഇയാളും ബിജെപി നേതാവാണ്.
ഹരിദാസന്റെ അതേ ഫൈബർ ബോട്ടിലെ ജീവനക്കാരനായിരുന്നു ഉണ്ണിയെന്ന സുമേഷ്. ഹരിദാസ് പണിക്ക് വരുന്നുണ്ടോ എന്ന് നോക്കാൻ ഏൽപ്പിച്ചത് സുമേഷിനെയാണ്. കൊലപാതകം നടന്ന ദിവസം രണ്ടു തവണ സുമേഷും ലിജേഷും തമ്മിൽ വാട്‌സാപ്പിൽ ആശയ വിനിമയം നടന്നിട്ടുണ്ട്. ഇതിനൊപ്പം ക്വട്ടേഷൻ ഏറ്റടുത്തവരും വിമിനും അമലും തമ്മിലും വാട്‌സാപ്പിൽ ചർച്ച നടത്തി. ഇതെല്ലാം വാട്‌സാപ്പ് ഓഡിയോ സന്ദേശമായിരുന്നു. ഇതും ഗൂഢാലോചനയ്ക്ക് തെളിവാണെന്ന് പൊലീസ് വിലയിരുത്തുന്നു. കൊന്നവരെ കുറിച്ചും വ്യക്തമായ സൂചനകൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. ആത്മജ് എന്ന ബിജെപിക്കാരനെ കണ്ടെത്താനാണ് ശ്രമം.
ഹരിദാസ് ജോലിക്കെത്തിയെന്ന് മനസ്സിലായതോടെ തന്നെ വകവരുത്താനുള്ള തീരുമാനം എടുത്തു. ഇതിന് വേണ്ടി നാലു പേർ ഹരിദാസന്റെ വീട്ടിന് മുമ്പിൽ കാത്തു നിന്നു. രണ്ട് ബൈക്കുകളിലായിരുന്നു ഇവർ എത്തിയത്. തുടർന്ന് വീടിന് സമീപത്ത് എത്തിയ ഹരിദാസനെ സംഘം ആക്രമിക്കുകയായിരുന്നു. സുമേഷ് എന്ന ഉണ്ണിയിൽ നിന്നുള്ള നിർദ്ദേശം അനുസരിച്ച് ലിജേഷ് കൊലപാതകം ഏകോപിപ്പിച്ചു. ക്ഷേത്ര ഉത്സവത്തിൽ മർദ്ദനമേറ്റ പകയാണ് ഇതിന് പിന്നിൽ നിൽക്കാൻ വിമിനേയും അമലിനേയും പ്രേരിപ്പിച്ചത്.
രണ്ടു പേർക്കും അതിക്രൂര മർദ്ദനമാണ് സിപിഎം പ്രവർത്തകരിൽ നിന്ന് ദിവസങ്ങൾക്ക് മുമ്പുണ്ടായത്. ഇതോടെ അവർക്ക് പകയായി. തലശ്ശേരിയിലെ പ്രധാന ബിജെപിക്കാരനായ ലിജേഷിനെ എല്ലാവരും ലിജേഷേട്ടൻ എന്നാണ് വിളിക്കാറ്. ലിജേഷേട്ടന്റെ മുന്നിൽ വിഷമം എത്തിയതോടെ തിരിച്ചു പണി കൊടുക്കാൻ തീരുമാനിച്ചു. അങ്ങനെയാണ് തന്ത്രമൊരുക്കലും ഗൂഢാലോചനയും തുടങ്ങിയത്. കൃത്യമായി തന്നെ അത് നടപ്പാക്കുകയും ചെയ്തു. കൊല വിളി പ്രസംഗം നടത്തി അണികളെ യോജിപ്പിച്ച് നിർത്താനും ലിജേഷ് ശ്രമിച്ചുവെന്ന് പൊലീസ് വിലയിരുത്തുന്നു.
കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത സംഘത്തെയാണ് ഇനി പിടികിട്ടാനുള്ളത്. അതിനുവേണ്ടിയുള്ള അന്വേഷണം പൊലീസ് ഊർജിതമാക്കിക്കക്കഴിഞ്ഞു. സൂത്രധാരനായ ലിജേഷിന്റെ വിവാദ പ്രസംഗമാണ് കേസിൽ നിർണായക തെളിവുകളിലൊന്നായി പൊലീസ് പരിഗണിക്കുന്നത്. പ്രതികളിൽ ചിലർക്ക് മാഹിയിൽ സിപിഎം പ്രവർത്തകനായിരുന്ന കണ്ണിപ്പൊയിൽ ബാബു കൊലക്കേസിലും പങ്കുള്ളതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
ഹരിദാസനെ കൊന്നവരെവിടെയുണ്ടെന്ന് അറസ്റ്റിലായവർക്ക് അറിയാമെന്നാണ് പൊലീസ് നിഗമനം. ചില സൂചനകൾ കിട്ടുകയും ചെയ്തു. അതുകൊണ്ട് തന്നെ അധികം വൈകാതെ എല്ലാവരേയും അറസ്റ്റു ചെയ്യുമെന്നാണ് പൊലീസ് പറയുന്നത്.
മറുനാടന് മലയാളി ബ്യൂറോ