- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
തലശ്ശേരിയിൽ കുടുംബ ബന്ധങ്ങൾ ഏറെയുള്ള വ്യക്തി; വധിക്കാൻ ശ്രമിച്ച ഷംസീറിനെ ബാലറ്റിൽ തോൽപ്പിച്ചേ അടങ്ങൂവെന്ന വാശിയിൽ മത്സരിക്കുമ്പോൾ ചോരുന്നത് പാർട്ടി വോട്ടുകൾ; സി.ഒ.ടി നസീറിനെ ബിജെപി പിൻതുണച്ചാൽ കളി വേറെ ലെവലിലാകും; പ്രിയശിഷ്യനെ രക്ഷിക്കാൻ ഒടുവിൽ കോടിയേരി കളത്തിൽ ഇറങ്ങിയേക്കും
കണ്ണൂർ: വീണിടം വിദ്യയാക്കാൻ തലശേരിയിൽ സി.ഒ.ടി നസീറിനെ പിൻതുണക്കാൻ ഒരുങ്ങുകയാണ് ബിജെപി. സിപിഎം വോട്ടുകൾ കൂടി സമാഹരിക്കാൻ സാധ്യതയുള്ള സ്ഥാനാർത്ഥിക്ക് വേണ്ടിയുള്ള ബിജെപിയുടെ തിരച്ചിൽ സിഒടിയിൽ എത്തി നിൽക്കുകയാണ്. ബിജെപി സ്ഥാനാർത്ഥിയായി പത്രിക നൽകിയ ആളുടെ സ്ഥാനാർത്ഥിത്വം തള്ളിയ സാഹചര്യത്തിലാണ് ബിജെപി പിന്തുണക്കാൻ സാധിക്കുന്ന സ്ഥാനാർത്ഥിയെ കുറിച്ച് ആലോചിക്കുന്നത്. തലശ്ശേരിയിൽ വലിയ കുടുംബ ബന്ധങ്ങളുള്ള ഷംസീറിന്റെ ശത്രു സി.ഒ.ടി നസീറിലേക്കാണ് ബിജെപിയുടെ കണ്ണു തിരിയുന്നത്.
ഇതുമായി ബന്ധപ്പെട്ട് കണ്ണുർ മാരാർജി ഭവനിൽ തിരക്കിട്ട കൂടിയാലോചനകൾ നടന്നുവരികയാണ്. ഉപാധികളില്ലാതെയുള്ള പിൻതുണയാണ് സി.ഒ.ടി നസീറിനായി നൽകുക. കേരള ഗാന്ധി പാർട്ടിയുടെ ബാനറിലാണ് നസീർ മത്സരിക്കുന്നത്. പിൻതുണ നൽകുന്ന വിഷയത്തിൽ നസീറുമായി കഴിഞ്ഞ ദിവസം നേതൃത്വം കൂടിയാലോചന നടത്തിയതായാണ് വിവരം. എന്നാൽ ഇതിന്റെ വിശദാംശങ്ങൾ ഇതുവരെ പുറത്തുവന്നിട്ടില്ല. ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി നദ്ദ നാളെ ധർമ്മടത്ത് നടക്കുന്ന റോഡ് ഷോയിൽ പങ്കെടുക്കുന്നുണ്ട്.
അതിന് മുൻപ് അനിശ്ചിതത്വം നീക്കാനാണ് ബിജെപി ജില്ലാ നേതൃത്വത്തിന്റെ നീക്കം. യോഗത്തിൽ ജില്ലാ പ്രസിഡന്റ് എൻ.ഡി.എ തലശേരി മണ്ഡലം സ്ഥാനാർത്ഥിയുമായ എൻ.ഹരിദാസിനെതിരെ രൂക്ഷ വിമർശനമുയർന്നതായും വിവരമുണ്ട്. സ്ഥാനാർത്ഥി പത്രിക നൽകുന്ന വിഷയത്തിൽ ഹരിദാസ് വേണ്ടത്ര ജാഗ്രത കാണിച്ചില്ലെന്നാണ് പാർട്ടിക്കുള്ളിലെ വിമർശനം. മുതിർന്ന നേതാവ് സി.കെ.പത്മനാഭൻ അടക്കമുള്ളവർ യോഗത്തിൽ പങ്കെടുത്തു.
എന്നാൽ സി.ഒ.ടി നസീറിനെ ബിജെപി പിൻതുണയ്ക്കുകയാണെങ്കിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥി എ എൻ ഷംസീറിന് ക്ഷീണം ചെയ്യുമെന്നാണ് വിലയിരുത്തൽ. മണ്ഡലത്തിലെ ബിജെപി വോട്ടുകൾ മാത്രമല്ല ഒരു വിഭാഗം സിപിഎം വോട്ടും ഫുട്ബോൾ ചിഹ്നമായി മത്സരിക്കുന്ന നസീറിന് വീണേക്കാം. പി ജയരാജനെ പിന്തുണയ്ക്കുന്ന വലിയ വിഭാഗം ജില്ലയിലുണ്ട്. ഇവർക്ക് വോട്ടു ചെയ്യാൻ സാധിക്കുന്ന സ്ഥാനാർത്ഥിയാണ് സിഒടി നസീർ എന്നാണ് വിലയിരുത്തേണ്ടത്.
അതേസമയം ബിജെപി വോട്ടുകൾ എങ്ങോട്ടു ചായുമെന്ന ഭീഷണി മുന്നിൽ കണ്ട് മണ്ഡലത്തിലെ പ്രതിസന്ധി പരിഹരിക്കുന്നതിനായി ഷംസീറിന്റെ രാഷ്ട്രീയ ഗുരുവും സിപിഎം പിബി അംഗവുമായ കോടിയേരി ബാലകൃഷ്ണൻ ഇറങ്ങിയേക്കുമെന്ന സൂചനയുമുണ്ട്. കോടിയേരി മണ്ഡലത്തിൽ കൂടുതൽ സജീവമാകാനാണ് ആലോചന. കോടിയേരി മത്സരിക്കാൻ സാധ്യത കൂടുതലുള്ള മണ്ഡലമാണ് തലശ്ശേരി. അതുകൊണ്ട് തന്നെ തലശ്ശേരിയിലെ വോട്ടു വിഹിതം കുറയുന്നത് പോലും കോടിയേരിക്ക് ക്ഷീണമാകും.
കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പിന് ശേഷം സി ഒ ടി നസീർ ആക്രമിക്കപ്പെട്ട സംഭവം ഏറെ വാർത്തകളിൽ നിറഞ്ഞിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പിൽ വടകരയിൽ മത്സരിച്ചതിന് ആയിരുന്നു സിപിഎം മുൻ നേതാവ് കൂടിയായ സി ഒ ടി നസീർ ആക്രമിക്കപ്പെട്ടത്. കായ്മത്ത് റോഡിൽ വച്ചായിരുന്നു ആക്രമണം. ആക്രമണത്തിൽ എ എൻ ഷംസീർ എം എൽ എയ്ക്ക് പങ്കുണ്ടെന്ന് നസീർ മൊഴി നൽകിയിരുന്നു. സി പി എം ലോക്കൽ കമ്മിറ്റി മുൻ അംഗവും നഗരസഭാ മുൻ അംഗവുമായിരുന്നു സി ഒ ടി നസീർ. പാർട്ടിയുമായി അകന്നതിനു തൊട്ടു പിന്നാലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ വടകരയിൽ നിന്ന് മത്സരിക്കുകയായിരുന്നു.
ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ചതിനു പിന്നാലെയാണ് തലശ്ശേരിയിൽ വച്ച് ആക്രമിക്കപ്പെട്ടത്. കേരള രാഷ്ട്രീയത്തിൽ തന്നെ വലിയ ചർച്ചകൾക്ക് ഈ സംഭവം കാരണമായി. താൻ ആക്രമിക്കപ്പെട്ടതിനു ഉത്തരവാദി എ എൻ ഷംസീർ എം എൽ എ ആണെന്ന് നസീർ ആരോപിച്ചിരുന്നു. കേസ് അന്വേഷിച്ച പൊലീസ് സംഘം സി പി എം പ്രവർത്തകരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. സി ഒ ടി നസീറിന് എതിരെ ഗൂഢാലോചന നടത്തിയതിന് സി പി എം പ്രവർത്തകൻ പൊട്ടി സന്തോഷ് എന്ന വി പി സന്തോഷ് പിടിയിലായിരുന്നു. ഇതിനെ തുടർന്ന് സി പി എം ഏരിയ കമ്മിറ്റി ഓഫീസ് മുൻ സെക്രട്ടറി എ കെ രാജേഷും അറസ്റ്റിലായിരുന്നു. അതേസമയം, നസീറിന് എതിരെ ഗൂഢാലോചന നടത്തിയത് എ എൻ ഷംസീർ ഉപയോഗിക്കുന്ന കാറിൽ വച്ചാണെന്ന് പ്രതികൾ പറഞ്ഞതായി പൊലീസ് വ്യക്തമാക്കിയിരുന്നു.
തലശ്ശേരിയുടെ അടിസ്ഥാന സൗകര്യ വികസനം ഉൾപ്പെടെയുള്ള കാര്യങ്ങൾ പൊതുജന ശ്രദ്ധയിൽ കൊണ്ടു വരുത്താനാണ് ശ്രമമെന്ന് സി ഒ ടി നസീർ നേരത്തെ പറഞ്ഞിരുന്നു. പുതിയ പാർട്ടിയുമായാണ് ഇത്തവണ നസീർ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. ഇന്ത്യൻ ഗാന്ധിയൻ പാർട്ടി സംസ്ഥാന പ്രസിഡന്റ് ആയ അദ്ദേഹം തലശ്ശേരി സബ് കളക്ടർ അനുകുമാരിക്ക് മുമ്പാകെയാണ് പത്രിക സമർപ്പിച്ചത്. തലശ്ശേരി മണ്ഡലത്തിൽ സി പി എം സ്ഥാനാർത്ഥിയായാണ് എ എൻ ഷംസീർ എത്തുന്നത്. അതേസമയം, നസീർ പോരാട്ടത്തിന് ഇറങ്ങുമ്പോൾ വോട്ട് വിഹിതം കുറയുമോയെന്ന ആശങ്ക ഇടതു ക്യാമ്പിനുണ്ട്. ഇതിന് പിന്നാലെ ബിജെപി ഫാക്ടർ കൂടി എത്തിയാൽ ഷംസീർ ശരിക്കും വിയർക്കാനാണ് സാധ്യത.
മറുനാടന് മലയാളി ബ്യൂറോ