- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
തലശ്ശേരിയിൽ വമ്പൻ ട്വിസ്റ്റ്! ബിജെപി പിൻതുണ സ്വീകരിക്കുമെന്ന് സിഒടി നസീർ; സമ്മതമറിയിച്ചതിന് പിന്നാലെ പിന്തുണക്കാൻ ബിജെപി തീരുമാനിച്ചെന്ന് കെ സുരേന്ദ്രനും; ഇടതു സ്ഥാനാർത്ഥി എ എൻ ഷംസീറിന്റെ നില കൂടുതൽ പരുങ്ങലിൽ; ശിഷ്യനെ രക്ഷിക്കാൻ മണ്ഡലത്തിൽ തമ്പടിച്ചു പ്രചരണം നടത്താൻ കോടിയേരി എത്തിയേക്കും
കണ്ണൂർ: തലശ്ശേരിയിൽ അപ്രതീക്ഷിത ട്വിസ്റ്റ് വന്നതോടെ വീണ്ടും ശക്തമായ മത്സരത്തിന് കളമൊരുങ്ങി. തലശേരിയിൽ ബിജെപി പിന്തുണ സ്വീകരിക്കുമെന്ന് ഇന്ത്യൻ ഗാന്ധിയൻ പാർട്ടി സ്ഥാനാർത്ഥി സി.ഒ.ടി നസീർ വ്യക്തമാക്കിയതിന് പിന്നാലെ ബിജെപി അദ്ദേഹത്തെ പിന്തുണയ്ക്കുമെന്ന് സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനും വ്യക്തമാക്കി. നസീറുമായി ചർച്ച നടത്തിയ ശേഷമാണ് അ്‌ദ്ദേഹത്തെ പിന്തുണക്കാൻ ബിജെപി തീരുമാനം കൈക്കൊണ്ടത്.
നേരത്തെ തലശേരിയിൽ ബിജെപിപിന്തുണ സ്വീകരിക്കുമെന്ന് ഇന്ത്യൻ ഗാന്ധിയൻ പാർട്ടി സ്ഥാനാർത്ഥി സി.ഒ.ടി നസീർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ജനാധിപത്യത്തിൽ ആരുടെ വോട്ടും വേണ്ടെന്ന് പറയില്ല.എൻ.ഡി.എ നേതാക്കളാരും തന്നെ ഇതു വരെ തന്നെ സമീപിച്ചിട്ടില്ല.പ്രാദേശികമായി ബിജെപി നേതാക്കൾ സംസാരിച്ചിട്ടുണ്ട്. എന്നാൽ എൻ.ഡി.എ നേതാക്കളാരെന്ന് തനിക്കറിയില്ല. അതു കൊണ്ടു തന്നെ താൻ ബിജെപി വോട്ടു വേണ്ടെന്ന് നവ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്ന വാർത്ത തെറ്റാണെന്നുമാണ് നസീർ പറഞ്ഞത്. ഇതിന് പിന്നാലെയാണ് ബിജെപി അദ്ദേഹത്തെ പിന്തുണക്കാൻ തീരുമാനം കൈക്കൊണ്ടത്. നസീറുമായി ചർച്ച നടത്തിയാണ് തീരുമാനം.
ആര് വോട്ടു തന്നാലും വേണ്ടെന്ന് പറയില്ല: സിപിഎമ്മിലെ അസംതൃപ്തരായ ആളുകളും തനിക്ക് വോട്ടു ചെയ്യും. കോൺഗ്രസിലും താൻ പറയുന്നത് ശരിയാണ് പറയുന്നവരുണ്ട്. എല്ലാവരെയും സ്വീകരിക്കുന്ന സമീപനമാണ് തന്റെത്.എന്നാൽ ഇതിനു വിരുദ്ധമായി എതിരഭിപ്രായം പറയുന്നവരെ തച്ചുതകർക്കുകയും ഇല്ലാതാക്കുകയും ചെയ്യുന്ന സംസ്‌കാരമാണ് തലശേരിയിൽ ഇന്നു നടക്കുന്നത്. അതിന്റെ ഏറ്റവും വലിയ ഇരയാണ് ഞാൻ. എന്നെ കൊല്ലാനായി വന്ന 12 പേരിൽ ചിലർ വഴി തെറ്റി പോയതുകൊണ്ടാണ് തഹ നിന്ന് ജീവിക്കുന്നത്.
കൊല്ലാൻ നോക്കിയവരിൽ ഒരാളെ പൊന്ന്യം സ്‌ഫോടന കേസിൽ പൊലിസ് പിടികൂടിയപ്പോൾ അവിടുത്തെ സി .ഐയെ വിളിച്ച് ഷംസീർ ഭീഷണിപ്പെടുത്തിയത് നാടാകെ അറിഞ്ഞതാണ്. ഞങ്ങൾ കുറെപ്പേർ തുടങ്ങിയ കിവീസ് ക്‌ളബ്ബിലെ അംഗങ്ങളെ ഭീഷണിപ്പെടുത്തി പിന്മാറ്റി. എന്റെ സഹോദരനെ രാഷ്ട്രീയപരമായി എതിരാക്കി ബിസിനസ് നശിപ്പിച്ചു. എന്നാൽ നമ്മൾ ചെയ്യുന്നത് ശരിയാണെങ്കിൽ ലോകം മുഴുവൻ നമ്മുടെ കൂടെ നിൽക്കുമെന്ന പൗലോ കെയ്‌ലയുടെ ആൽക്കമിസ്റ്റ് നോവലിന്റെ ആരാധകനാണെന്നും തലശേരി മണ്ഡലത്തിൽ ഇക്കുറി വിജയിക്കുമെന്നാണ് വിശ്വാസമെന്നും നസീർ പറഞ്ഞു.
തലശേരിയിൽ താൻ മത്സരിക്കുന്നത് എ.എൻ ഷംസീറിനെ വിജയിപ്പിക്കാൻ വേണ്ടിയാണെന്ന വ്യാജ പ്രചാരണം നടക്കുന്നുണ്ട്. തന്റെ സ്ഥാനാർത്ഥിത്വം ആർക്കുവേണ്ടിയുള്ള ഒത്തു കളിയില്ല. കേരളത്തിന് പുറത്തുള്ള തന്റെ യാത്രാനുഭവങ്ങളിൽ നിന്നും സ്വരൂപിച്ച അറിവിൽ നിന്നാണ് പ്രകടനപത്രികയുണ്ടാക്കിയത്. അതു കൊണ്ടു തന്നെ കഴിഞ്ഞ കുറെക്കാലമായി വികസന മുരടിപ്പിൽ കഴിയുന്ന തലശേരിക്ക് തന്റെ സ്ഥാനാർത്ഥിത്വം പുതുജീവൻ പകരുമെന്നും സി ഒ.ടി നസീർ പറഞ്ഞു.
ഇതിനിടെ, സി.ഒ.ടി നസീറിനെ പിൻതുണയ്ക്കുന്നതിൽ ബിജെപി ജില്ലാ നേതൃത്വത്തിലെ ചില നേതാക്കൾക്ക് കടുത്ത എതിർപ്പ് രേഖപ്പെടുത്തിയിരുന്നു. തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ അവലോകനം നടത്താൻ ബിജെപി ജില്ലാ കമ്മിറ്റി ഓഫിസായ മാരാർജി ഭവനിൽ നടന്ന നേത്യ യോഗമാണ് ഇതുസംബന്ധിച്ച് തീരുമാനമാവാതെ പിരിഞ്ഞിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പ് പോരാട്ടത്തിൽ കണ്ണൂർ ജില്ലയുടെ ശ്രദ്ധാകേന്ദ്രമാണ് തലശേരി .സംസ്ഥാന തലത്തിൽ തന്നെ യു.ഡി.എഫ് -എൽ.ഡി.എഫ് മുന്നണികൾ തലശേരിയിലെ ബിജെപിയുടെ വോട്ട് ആർക്കെന്ന വാദമുയർത്തി പരസ്പരം ആരോപണങ്ങൾ ഉന്നയിക്കുന്നുണ്ട്.
2016ലെ നിയമസഭ തിരഞ്ഞെടുപ്പിൽ 30000 കൂടുതൽ വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഷംസീർ ജയിച്ചത്. അന്ന് യുഡിഎഫിലായിരുന്ന എ പി അബ്ദുള്ളക്കുട്ടിയായിരുന്നു എതിരാളി. ഇക്കുറിയും തനിക്ക് മണ്ഡലത്തിൽ കാര്യമായ ഭീഷണിയൊന്നുമില്ലെന്നാണ് ഷംസീറിന്റെ ആത്മവിശ്വാസം. പിണറായി സർക്കാരിന്റെ ജനക്ഷേമ പദ്ധതികളും താൻ മണ്ഡലത്തിൽ നടപ്പിലാക്കിയ 1200 കോടിയുടെ വികസന പദ്ധതികളും ഇക്കുറി കുടുതൽ വോട്ടു നേടിതരുമെന്നാണ് ഷംസീർ പറയുന്നത്. ബിജെപി ജില്ലാ പ്രസിഡന്റും എൻഡിഎ സ്ഥാനാർത്ഥിയുമായ എൻ ഹരിദാസിന്റെ പത്രിക തള്ളിയതോടെയാണ് തലശേരിയിൽ ഇടതു-വലത് മുന്നണികൾ ബി ജെ. പി സഖ്യ ആരോപണവുമായി രംഗത്തുവന്നത്. വോട്ടുമറിക്കൽ ആരോപണങ്ങളെ കൂടി നേരിടാൻ വേണ്ടിയാണ് സിഒടി നസീറിന് വോട്ടു ചെയ്യാൻ ബിജെപി തീരുമാനിച്ചിരിക്കുന്നത്.
സിഒടിയുടെ സാന്നിധ്യത്തോടെ മത്സരം മുറുകുമ്പോൾ ശിഷ്യനായ എ എൻ ഷംസീറിനെ രക്ഷിക്കാൻ കോടിയേരി ബാലകൃഷ്ണനും സജീവ പ്രചരണത്തിന് ഒരുങ്ങുകയാണ്. എന്തായാലും മണ്ഡലത്തിൽ ശക്തമായ മത്സരമാണ് ഇത്തവണ നടക്കുന്നത്.
മറുനാടന് മലയാളി ബ്യൂറോ