കൊച്ചി: തലശ്ശേരി രാഷ്ട്രീയ വൈരാഗ്യങ്ങളുടേയും സംഘട്ടനങ്ങളുടേയും ഹബ്ബാണെന്ന് ഹൈക്കോടതി. പാനൂർ മൻസൂർ വധക്കേസിലെ പ്രതികൾക്ക് ജാമ്യം അനുവദിച്ചുകൊണ്ടുള്ള ഉത്തരവിലാണ് ഹൈക്കോടതിയുടെ പരാമർശം. വിചാരണ വൈകുമെന്നതിനാലാണ് മൻസൂർ കേസിൽ പ്രതികൾക്ക് ജാമ്യം നൽകിയത്.

മൻസൂർ വധം രാഷ്ട്രീയ കൊലപാതകമാണ്. രാഷ്ട്രീയ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണം. വോട്ടെടുപ്പ് ദിവസം ഉച്ചയ്ക്ക് സിപിഎം-മുസ്ലിം ലീഗ് പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായിട്ടുണ്ടെന്നും ജാമ്യം നൽകികൊണ്ടുള്ള ഉത്തരവിൽ കോടതി വ്യക്തമാക്കുന്നു.

ആയിരക്കണക്കിന് കേസുകൾ സെഷൻസ് കോടതിയിൽ കെട്ടിക്കിടക്കുകയാണ്. വിചാരണ പൂർത്തിയാകാതെ 5498 കേസുകളുണ്ടെന്നും സെഷൻസ് കോടതി ഹൈക്കോടതിക്ക് നൽകിയ റിപ്പോർട്ടിൽ പറയുന്നു. 

മൻസൂർ വധക്കേസിൽ സിപിഎം, ഡിവൈഎഫ്ഐ പ്രവർത്തകരുൾപ്പെടെ പത്ത് പേർക്കാണ് ഉപാധികളോടെ ജാമ്യം ലഭിച്ചത്. കോടതി ആവശ്യങ്ങൾക്കല്ലാതെ കണ്ണൂർ ജില്ലയിൽ പ്രവേശിക്കരുതെന്ന കർശന ഉപാധിയോടെയാണ് ജാമ്യം. മൻസൂർ വധം രാഷ്ട്രീയ കൊലപാതകമാണ്. രാഷ്ട്രീയ വൈരാഗ്യമാണ് കൊലയിലേക്ക് നയിച്ചതെന്നും ജാമ്യം അനുവദിച്ച് കൊണ്ട് ഹൈക്കോടതി ചൂണ്ടിക്കാട്ടി.

കണ്ണൂർ പാനൂരിൽ യൂത്ത് ലീഗ് പ്രവർത്തകൻ മൻസൂറിനെ ബോംബെറിഞ്ഞ് കൊലപ്പെടുത്തിയെന്നാണ് കേസ്. കൂത്തുപറമ്പ് മണ്ഡലത്തിൽ ബൂത്ത് ഏജന്റായിരുന്ന മൻസൂറിന്റെ സഹോദരനെ ലക്ഷ്യമിട്ട് നടത്തിയ ആക്രമണമായിരുന്നു അത്. സംഭവത്തിൽ സിപിഎം-ഡിവൈഎഫ്ഐ പ്രവർത്തകരായ 11 പേരായിരുന്നു പ്രതികൾ. രാഷ്ട്രീയ വൈരാഗ്യത്തിന്റെ പേരിൽ പ്രതികൾ ആക്രമണം നടത്തിയെന്നാണ് പൊലീസ് റിപ്പോർട്ട്.