തിരുവനന്തപുരം: ആറ്റിങ്ങൽ ലോക്‌സഭ മണ്ഡലത്തിൽ അടൂർ പ്രകാശിനോട് സമ്പത്ത് പരാജയപ്പെടുമെന്നും കാൽ നൂറ്റാണ്ടിന് ശേഷം ഇവിടെ യുഡിഎഫ് വിജയിക്കും എന്നും ഉറപ്പായും വിശ്വസിച്ചിരുന്നു തലേക്കുന്നിൽ ബഷീർ. രാഷ്ട്രീയത്തിൽ ജാതി കടന്ന് വന്നതാണ് മണ്ഡലത്തിൽ സ്ഥിരം കോൺഗ്രസ് പരാജയപ്പെടാൻ കാരണമെന്ന് വിശ്വസിച്ച് നേതാവ്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മറുനാടൻ മലയാളിക്ക് പ്രത്യേക അഭിമുഖം തലേക്കുന്നിൽ ബഷീർ അനുവദിച്ചിരുന്നു. രാഷ്ട്രീയത്തിലെ മാറ്റങ്ങളെ വേദനയോടെ കണ്ടിരുന്ന തലേക്കുന്നിൽ.

പണ്ടത്തെ രാഷ്ട്രീയവും ഇന്നത്തെ രാഷ്ട്രീയവും തമ്മിൽ വ്യത്യാസമുണ്ട്. അന്നൊക്കെ സ്ഥാനാർത്ഥികളും ജനങ്ങളും തമ്മിൽ നേരിട്ട് ബന്ധമുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ പല സ്ഥാനാർത്ഥികളേയും ജനങ്ങൾ പോസ്റ്ററുകളിൽ മാത്രമാണ് കണ്ടിട്ടുള്ളതെന്ന് മറുനാടനോട് തുറന്നു പറഞ്ഞ നേതാവ്. കോൺഗ്രസിലെ ഗൂപ്പ് പോരിനേയും വേദനയോടെ കണ്ട നേതാവ്. തീർച്ചയായും പാർട്ടിയിലെ ഗ്രൂപ്പിസം എന്നത് ഒരു വസ്തുത തന്നെയാണ്. അത് പല ഘട്ടത്തിലും പാർട്ടിയെ പിന്നോട്ട് വലിച്ചിട്ടുണ്ട്. ഗ്രൂപ്പിസം എന്നത് പാർട്ടിയിൽ ഉണ്ട് എന്നത് ഒളിച്ച് വെക്കേണ്ട കാര്യം ഒന്നും അല്ല. കോൺഗ്രസ് വിജയിച്ചാലെ ഇന്ത്യ രക്ഷപ്പെടുകയുള്ളു. ഒരിക്കലും കോൺഗ്രസിന്റെ തകർച്ച രാജ്യത്തിന് നല്ലതല്ല-ഇതായിരുന്നു തലേക്കുന്നിൽ എന്ന നേതാവ് അന്ന് പറഞ്ഞ വാക്കുകൾ.

2019 ഏപ്രിലിൽ തലേക്കുന്നിൽ ബഷീറുമായി മറുനാടൻ നടത്തിയ അഭിമുഖത്തിന്റെ പൂർണ രൂപം:

1.ആറ്റിങ്ങൽ മണ്ഡലത്തിൽ എ സമ്പത്ത്, അടൂർ പ്രകാശ്, ശോഭ സുരേന്ദ്രൻ എന്നിവർ ഏറ്റുമുട്ടുമ്പോൾ ?

അല്ല അതിൽ മൂന്നാമത് പറഞ്ഞ സ്ഥാനാർത്ഥിക്ക് വലിയ കാര്യം ഒന്നും ഇല്ല. ശോഭ സുരേന്ദ്രൻ ഇവിടെ പ്രസക്തിയേ അല്ല. നല്ല മത്സരം നടക്കുന്നത് സമ്പത്തും അടൂർ പ്രകാശും തമ്മിലാണ്. ആ മത്സരത്തിൽ അടൂർ പ്രകാശ് വിജയിക്കും എന്ന് തന്നെയാണ് എന്റെ വിശ്വാസം. പിന്നെ അതിനുള്ളിൽ ഉള്ളത് എന്താണ് എന്ന് വച്ചാൽ പ്രധാനമായും ഇപ്പോൾ ജാതി സമവാക്യങ്ങളൊക്കെ ചർച്ചയാകുന്നു. ഞാനൊക്ക മത്സരിക്കുന്ന കാലത്ത് ഇത്തരം ചിന്തകൾ ഒന്നും രാഷ്ട്രീയ പാർട്ടികൾക്കുള്ളിലും ജനങ്ങളിലും ഇല്ലായിരുന്നു. ഇപ്പോൾ പക്ഷേ അത്തരം ചിന്തകളും പ്രവണതകളും കടന്നുവരുന്നത് ബുദ്ധി മുട്ട് ഉണ്ടാക്കുന്നത് തന്നെയാണ്.

2. സമ്പത്തിനെ പരാജയപ്പെടുത്താൻ അടൂർ പ്രകാശിന് കഴിയും എന്ന് വിശ്വസിക്കുന്നത് എന്തുകൊണ്ടാണ് ?

അടൂർ പ്രകാശ് നല്ല ഒരു വ്യക്തിയാണ്. അയാൾ നാല് അഞ്ച് തവണ നിയമസഭയിലേക്ക് വിജയിച്ച വ്യക്തിയാണ്. സ്വന്തം മണ്ഡലം നോക്കുന്ന വ്യക്തിയാണ്. മന്ത്രിയായിരുന്ന വ്യക്തിയാണ്. ചെറുപ്പം മുതൽ നന്നായി തന്നെ പ്രവർത്തിച്ച് ജനങ്ങളുടെ അംഗീകാരം നേടിയ മനുഷ്യനാണ്. ഇതൊക്കെ പ്രകാശിന് ഗുണം ചെയ്യും. ഒപ്പം തന്നെ സമ്പത്ത് ഇപ്പോൾ നാലാമതും ജനവിധി തേടുന്നതും ജനങ്ങൾ മാറി ചിന്തിക്കാൻ കാരണമാകും. പിന്നെ അടൂർ പ്രകാശിനെ സംബന്ധിച്ചിടത്തോളം ജനങ്ങളുമായി ഇടപഴകേണ്ടത് എങ്ങനെയാണ് എന്ന് നന്നായി തന്നെ അറിയാം എന്നതും അടൂർ പ്രകാശിന് ഗുണമാകും.

3. തലേക്കുന്നിൽ ബഷീറിന് ശേഷം മണ്ഡലത്തിൽ യുഡിഎഫ് വിജയിക്കാത്തതിന് കാരണം എന്താണ് ?

പ്രധാന കാരണം ജാതി തന്നെയാണ്. ജാതി ചിന്തകളൊക്കെയാണ് ഇന്ന് ചർച്ചയാകുന്നത്. അന്ന് രാഷ്ട്രീയം മാത്രമാണ് ചർച്ചയായിരുന്നത്. രണ്ട് തവണ വിജയിച്ചപ്പോഴും വലിയ ഭൂരിപക്ഷവും ഉണ്ടായിരുന്നു. പിന്നീട് സ്ഥാനാർത്ഥികൾ പലരും വന്നെങ്കിലും പല കാരണങ്ങൾ കൊണ്ട് തന്നെ വിജയിച്ചില്ല.

4. പണ്ടത്തെ തെരഞ്ഞെടുപ്പ് അനുഭവങ്ങളും ഇപ്പോൾ നടക്കുന്ന തെരഞ്ഞടുപ്പ് പ്രവർത്തനങ്ങളും ?

അന്ന് രാഷ്ട്രീയത്തിനും രാഷ്ട്രീയ വിഷയങ്ങൾക്കും കുറച്ച് കൂടി പ്രാധാന്യം ഉണ്ടായിരുന്നു. വ്യക്തികൾക്കും രാഷ്ട്രീയ പാർട്ടികൾക്കും ഇന്നത്തേക്കാളും പ്രാധാന്യം ഉണ്ടായിരുന്നു. ഇന്ന് പക്ഷേ അതൊക്കെ ക്രമേണ കുറഞ്ഞ് വരുന്നു എന്ന് പറയുമ്പോൾ വിഷമമുണ്ട്. തെരഞ്ഞെടുപ്പിനെ ചൊല്ലി പാർട്ടികളിൽ ബഹളങ്ങളുണ്ടാകുന്നു. അങ്ങനെ പ്രാധാന്യം നഷ്ടപ്പെടുന്നുവെന്നത് ഒരു സത്യം തന്നെയാണ്. അങ്ങനെ നഷ്ടമായതിന് പ്രധാന കാരണം രാഷ്ട്രീയത്തിന് പുറമെ മറ്റ് പല വിഷയങ്ങളും അനാവശ്യമായി കടന്നു വരുന്നതാണ്. അത്തരംപല ഘടകങ്ങളും രാഷ്ട്രീയത്തിന് ഗുണകരമല്ലാത്തവയാണ്.

5. രാഹുൽ ഗാന്ധി കേരളത്തിൽ മത്സരിക്കുന്നത് എന്തിന്?

രാഹുൽ ഗാന്ധി തന്നെ നേരിട്ട് കേരളത്തിൽ മത്സരിക്കുന്നത് വളരെ നല്ല തീരുമാനമാണ്. അദ്ദേഹം നേരിട്ട് മത്സരിക്കുമ്പോൾ കേരളത്തിലും തെന്നിന്ത്യയിലും അതിന്റെ ഗുണം വളരെ കൂടുതലാണ്. ഇതോടെ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ മുഴുവൻ രാഹുൽ തരംഗം ഉണ്ടാകും. രാഹുൽ നല്ല സ്ഥാനാർത്ഥിയാണ്. ഇവിടെ മത്സരിക്കാൻ തീരുമാനിച്ചതിന് കാരണമായ തീരുമാനങ്ങൾ യുക്തിയുള്ളതാണ്. രാഹുലിന്റെ വരവോടെ കൂടുതൽ സീറ്റുകൾ യുഡിഎഫ് നേടും എന്ന് ഉറപ്പായി കഴിഞ്ഞു. മിക്കവാറും സാധ്യത 20 സീറ്റുകളിലും വിജയിക്കാനാണ്.

6. കോൺഗ്രസിലെ ഗ്രൂപ്പ് പോര്

തീർച്ചയായും പാർട്ടിയിലെ ഗ്രൂപ്പിസം എന്നത് ഒരു വസ്തുത തന്നെയാണ്. അത് പല ഘട്ടത്തിലും പാർട്ടിയെ പിന്നോട്ട് വലിച്ചിട്ടുണ്ട്. എന്നാൽ ഇപ്പോഴത്തെ സാഹചര്യത്തിൽ ഗ്രൂപ്പ് പോര് അതായത് ഈ ലോക്‌സഭ തെരഞ്ഞെടുപ്പിൽ അത് ബാധിക്കുമോ എന്ന് ഇപ്പോൾ പറയാൻ കഴിയില്ല എന്നാണ്. ഗ്രൂപ്പിസം എന്നത് പാർട്ടിയിൽ ഉണ്ട് എന്നത് ഒളിച്ച് വെക്കേണ്ട കാര്യം ഒന്നും അല്ല. കോൺഗ്രസ് വിജയിച്ചാലെ ഇന്ത്യ രക്ഷപ്പെടുകയുള്ളു. ഒരിക്കലും കോൺഗ്രസിന്റെ തകർച്ച രാജ്യത്തിന് നല്ലതല്ല.

7. അന്നത്തെ സ്ഥാനാർത്ഥികളും ഇന്നത്തെ സ്ഥാനാർത്ഥികളും

അന്നൊക്കെ സ്ഥാനാർത്ഥികൾ കുറച്ച് കൂടി ജനകീയരായിരുന്നു. ഇന്നാണെങ്കിൽ അവസ്ഥ അങ്ങനെ അല്ല. പണ്ട്് സ്ഥാനാർത്ഥികൾക്ക് ജനങ്ങളുമായി നേരിട്ട് ബന്ധമുണ്ട്. സ്ഥാനാർത്ഥികളും നേതാക്കളും ജനങ്ങൾക്ക് പ്രിയപ്പെട്ടവരായിരുന്നു. ഇപ്പോൾ പലയിടത്തും സ്ഥാനാർത്ഥികളെ ചിത്രങ്ങളിലും പോസ്റ്ററുകളിലും മാത്രമാണ് ജനങ്ങൾ കണ്ടിട്ടുള്ളത്. എന്നാൽ ഇപ്പോഴത്തെ യുവാക്കൾ കുറച്ച് കൂടി ജനകീയരാകുന്നുവെന്നും അത്തരമൊരു മാറ്റം അനിവാര്യമാണ് എന്നുമാണ് പറയാനുള്ളത്.

8. തെരഞ്ഞെടുപ്പിൽ മത്സരിച്ചപ്പോഴുള്ള അനുഭവങ്ങൾ

ആളുകൾ നൽകിയ സ്വീകരണവും സ്‌നേഹവുമൊക്കെ ഇന്നലത്തെ പോലെ തന്നെ ഓർമ്മയുണ്ട്. എല്ലായിടത്തും ആനയിക്കപ്പെട്ടതും മറ്റുമൊക്കെ മനസ്സില് വലിയ സന്തോഷം പകരുന്ന കാര്യമാണ്. അന്ന് കോൺഗ്രസുകാർ അല്ലാത്തവരും സ്വീകരിക്കുകയും സ്‌നേഹിക്കുകയുമൊക്കെ ചെയ്തിട്ടുണ്ട്. പിന്നെ കാൽ നൂറ്റാണ്ടായി ഇവിടെ വിജയിച്ചില്ല എന്നത് വളരെ ദുഃഖകരമായ ഒരു കാര്യമാണ്. യുഡിഎഫ് വിജയിക്കുന്നത് എന്റെ സ്വപ്നമാണ് അത്‌പൊലെ പരാജയം വളരെ ദുഃഖം സമ്മാനിക്കുന്നതാണ്.

9. പഴയകാല ദേശീയ സംസ്ഥാന നേതാക്കളുമായുള്ള ബന്ധം

പഴയകാലത്തെ രാജീവ് ഗാന്ധി, സോണിയ ഗാന്ധി എന്നിവരുമായിട്ട് എല്ലാം തന്നെ വളരെ നല്ല ബന്ധമായിരുന്നു. അവരുടെ ഒക്കെ ആദർശങ്ങൾ ഇന്നത്തെ പുതു തലമുറയ്ക്ക് പാഠമാണ്. കേരളത്തിലെ കാര്യം പരിശോധിച്ചാൽ ആന്റണിയും ഉമ്മൻ ചാണ്ടിയുമെല്ലാം വലിയ സുഹൃത്തുക്കളാണ്.