കണ്ണൂർ: പൊലീസും കവർച്ചക്കാരും തമ്മിൽ അവിശുദ്ധ ബന്ധമുണ്ടാകുന്നത് പുതിയ അറിവല്ല. എന്നാൽ മോഷ്ടാക്കളുടെ ഭാര്യമാരുടേയും സഹോദരിമാരുടേയും ഫോൺ നമ്പർ ഉൾപ്പെടെയുള്ള വിവരങ്ങൾ ശേഖരിച്ച് സദാചാര വിരുദ്ധ പ്രവർത്തനം നടത്തുന്നതായി പൊലീസുകാരനെതിരെ പരാതി. തളിപ്പറമ്പ് പൊലീസ് സ്റ്റേഷനിലെ ഒരു പൊലീസുകാരനെതിരെയാണ് ഒരു യുവതി വളപട്ടണം പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്.

മോഷ്ടാക്കൾ പിടിയിലാവുമ്പോൾ അവരുടെ ഭാര്യമാരുടേയും സഹോദരി മാരുടേയും മറ്റ് ബന്ധുക്കളുടേയും ഫോൺകോൾ വിശദാംശങ്ങൾ ശേഖരിക്കാറുണ്ട്. ഇത്തരത്തിൽ വിവരങ്ങൾ ശേഖരിക്കുമ്പോൾ ചിലരുടെ വഴി വിട്ട ബന്ധങ്ങളും പൊലീസുകാർക്ക് ലഭിക്കും. ഈ വിവരങ്ങൾ വെച്ച് പിൻതുടർന്ന് സദാചാര വിരുദ്ധ പ്രവർത്തനത്തിന് പ്രേരിപ്പിക്കുന്നുവെന്നാണ് തളിപ്പറമ്പ് പൊലീസ് സ്റ്റേഷനിലെ ഒരു പൊലീസുകാരനെതിരെ പരാതി ലഭിച്ചിരിക്കുന്നത്.

പൊലീസുകാരൻ ഇങ്ങിനെ സ്ത്രീകളുടെ ഫോൺ നമ്പറിൽ വിളിച്ച് ഭീഷണിപ്പെടുത്തി തന്റെ ഇംഗിതത്തിന് ഉപയോഗിക്കാറുണ്ടെന്നാണ് വിവരം. പൊലീസ് രഹസ്യന്വേഷണ വിഭാഗത്തിനും ഇത് സംബന്ധിച്ച വിവരം ലഭിച്ചിരുന്നു. ഇതേ തുടർന്ന് അന്വേഷണം നടത്തി ജില്ലാ പൊലീസ് മേധാവി ജി. ശിവ വിക്രമിനും തളിപ്പറമ്പ് ഡി.വൈ. എസ്‌പി. ക്കും റിപ്പോർട്ട് സമർപ്പിച്ചിരുന്നു. പൊലീസ് സ്റ്റേഷനിൽ ഡ്യൂട്ടിയിലുള്ളപ്പോഴും സദാചാര വിരിദ്ധ പ്രവർത്തനത്തിനായി ഇയാൾ പുറത്ത് പോയതായും അന്വേഷണത്തിൽ സൂചന ലഭിച്ചിട്ടുണ്ട്. കേസന്വേഷണത്തിന്റെ ഭാഗമായി ഫോൺ വിളികളുടെ വിശദാംശങ്ങൾ പൊലീസുകാർക്ക് ശേഖരിക്കാൻ കഴിയും.

ചില മാധ്യമപ്രവർത്തകരുടെ ഫോൺ ചോർത്തിയതായി നേരത്തെ തന്നെ തളിപ്പറമ്പ് പൊലീസ് സ്റ്റേഷനിലെ ഒരു പൊലീസുകാരനെതിരെ ആരോപണമുയർന്നിരുന്നു. ഈ പരാതിയിൽ മാധ്യമപ്രവർത്തകർ ജില്ലാ പൊലീസ് ചീഫിനെ കണ്ട് ആരോപണ വിധേയനായ പൊലീസുകാരനെ അന്വേഷണ വിധേയമായി അയാൾ നിയോഗിക്കപ്പെട്ട സ്‌ക്വാഡിൽ നിന്നും മാറ്റിയിരുന്നു. കവർച്ചക്കാരുടെ അടുത്ത ബന്ധത്തിൽപെട്ട സ്ത്രീകളെ ഫോൺവിളികളിലൂടെ ലഭിക്കുന്ന വിവരങ്ങളനുസരിച്ച് വിളിക്കുകയും നിരന്തരമായി ഭീഷണിപ്പെടുത്തിയും മറ്റും ദുരുപയോഗം ചെയ്തു വരുന്ന ചിലർ പൊലീസിലുണ്ട്. ഈ വിവരം പുറത്ത് വന്നതോടെ ഇയാൾക്കെതിരെയുള്ള അന്വേഷണം ശക്തമായിട്ടുണ്ട്. ഭൂരിഭാഗം അന്വേഷണ സംഘങ്ങൾക്ക് കുടുംബാംഗങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ലഭിക്കാറുണ്ടെങ്കിലും ദുരുപയോഗം ചെയ്യുന്നത് പതിവല്ല.