കോതമംഗലം: വികസനം വാഗ്ദാനങ്ങളിൽ മാത്രമെന്നും രാഷ്ടീയക്കാർ അവസരവാദികളാണെന്നും അതിനാൽ ഇക്കുറി വോട്ട് ബഹിഷ്‌കരിക്കുകയാണെന്നും താളുംകണ്ടം ആദിവാസികോളനി നിവാസികൾ. ഇത് കോളനിക്കാർ ആലോചിച്ചെടുത്ത തീരുമാണെന്നും പിന്നോട്ടില്ലെന്നും ഊരുമൂപ്പൻ മാധവൻ മറുനാടനോട് പറഞ്ഞു. കോതമംഗലത്തുനിന്നും 36 കിലോമീറ്ററോളം അകലെ ഉൾവനത്തിലാണ് താളുംകണ്ടം കോളനി സ്ഥിതിചെയ്യുന്നത്. ഇവിടുത്തെ ദുരിതങ്ങൾ അറിയാൻ ഓട്ടോറിക്ഷയിൽ പ്രസവിക്കേണ്ടി വന്ന മാളുവിന്റെ കഥ അറിഞ്ഞാൽ മതിയയാവും.

10 മാസം മുമ്പുണ്ടായ സംഭവമാണ് മാളുവും സതീഷും പറയുന്നത്. സംഭവത്തിൽ പുറത്തുവന്നതിനപ്പുറമാണ് മാളു നേരിട്ട ദുരിതം.

'രാവിലെ 7 മണിയോടെയാണ് വേദന അനുഭപ്പെട്ടുതുടങ്ങിയത്. കുറച്ചുനേരം പിടിച്ചുനിന്നെങ്കിലും സഹിക്കാൻ പറ്റാതായതോടെ ഉറ്റവരെ വിവരമറിയിച്ചു. പിന്നീട് വീട്ടുകാർ വാഹനം സംഘടിപ്പിക്കുന്നതിനുള്ള നെട്ടോട്ടത്തിലായി. ആകെ രണ്ടോ മൂന്നോ ജീപ്പുകാരാണ് കോളനിയിലേയ്ക്ക് ഓട്ടം വരുന്നത്. അന്വേഷിച്ചപ്പോൾ ഇവരിൽ ആരെയും കണ്ടുകിട്ടിയില്ല. ഇതിനിടയിൽ വേദന വീണ്ടും കൂടി .സഹിക്കാൻ കഴിയാാതെ ഞാൻ വാവിട്ട് നിലവിളിക്കാൻ തുടങ്ങി. ഈ സാഹചര്യത്തിൽ കോളനിയിൽ എത്തിയ ഓട്ടോക്കാരൻ തുണയായി.

ഓട്ടോയിൽക്കയറി കുറച്ചുദൂരം പിന്നിട്ടതോടെ നില കൂടുതൽ വഷളായി. കല്ലിൽ നിന്നും കല്ലിലേയ്ക്ക് ഓട്ടോയുടെ ടയർ പതിക്കുമ്പോൾ അനുഭവിച്ച അസ്വസ്ഥതൾമൂലം മരിച്ചുപോകും എന്നുപോലും ഭയപ്പെട്ടു.ഇതിനിടയിൽ പ്രസവത്തിന്റെ ലക്ഷണങ്ങൾ പ്രകടമായി. എന്തുചെയ്യുമെന്നറിയാതെ കൂട്ടത്തിലുണ്ടായിരുന്നവരും ഓട്ടോക്കാരനും അമ്പരന്നു. ഊൗരിൽ പാരമ്പര്യരീതിയിൽ പ്രസവമെടുത്തിരുന്നവരിൽ ആരും കൂട്ടത്തിലില്ല. ആശുപത്രിയിൽ പ്രസവമാവാമെന്ന തീരുമാനിച്ചിരുന്നതിനാൽ ഇത്തരം തയ്യാറെടുപ്പുകൾ വേണ്ടെന്നായിരുന്നു തീരുമാനം.

വാഹനയാത്ര അരമണിക്കൂറോളം പിന്നിട്ടതോടെ കുട്ടിയുടെ തല പുറത്തേയ്ക്ക് വരുന്നതായി അനുഭവപ്പെട്ടു.വിവരം കൂട്ടത്തിലുണ്ടായിരുന്നവരെ ധരിപ്പിച്ചു. ഇവർ വിവരമറിയിച്ചതുപ്രകാരം ഡ്രൈവർ ഓട്ടോ പാതയോരത്തൊതുക്കി മാറി നിന്നു. നിമിഷങ്ങൾക്കുള്ളിൽ പ്രസവം നടന്നു. ഇനിയെന്തുചെയ്യുമെന്നതിനെക്കുറിച്ചായി കൂടെയുള്ളവരുടെ ആശങ്ക.പൊക്കിൾ കൊടി മുറിച്ചുമാറ്റണം,പ്രസവാവശിഷ്ടങ്ങൾ നീക്കി കുട്ടിയുടെ ജീവൻ രക്ഷിക്കണം,രക്തസ്രാവും ക്ഷിണവുമകറ്റാൻ മരുന്നുകൾ വേണം എന്നിങ്ങനെ ആത്യവശ്യങ്ങൾ പലതായിരുന്നു.

ഓട്ടോറിക്ഷയിൽ പ്രസവം നടന്നയുടൻ ഡ്രൈവർ കാര്യം കുട്ടമ്പുഴ ഹെൽത്ത് സെന്ററിൽ വിളിച്ചറിയിച്ചു. ഉടൻ എത്താമെന്ന് അവിടുത്തെ ജീവനക്കാർ ഡ്രൈവർക്ക് ഉറപ്പും നൽകി.പിന്നെ കാത്തിരിപ്പായി.എന്തുചെയ്യണമെന്നറിയാതെ,കുഞ്ഞും ഞാനും ജീവനോടെയുണ്ടാവുമോ എന്നുപോലും ആശങ്കപ്പെട്ട നിമ്ിഷങ്ങളാണ് പിന്നീട് കടന്നുപോയത്.മലദൈവങ്ങളോട് കരുണയാജിച്ചു.ഏകദേശം ഒന്നര മണിക്കൂറോളം പിന്നിട്ടപ്പോൾ ആമ്പുലൻസുമായി ഹെൽത്ത് സെന്റർ ജീവനക്കാരെത്തി.ഉടൻ പ്രഥമശുശ്രൂഷ നൽകി.പിന്നാലെ കോതമംഗത്തെ ആശുപത്രിയിലേയ്ക്ക്. ചികിത്സയും പരിചരണവുമെല്ലാം വേഗത്തിൽ.അമ്മയ്ക്കും കുഞ്ഞിനും കുഴപ്പമൊന്നുമില്ലന്ന് ഡോക്ടർ അറിയിച്ചപ്പോഴാണ് സമാധാനമായത്.

മകന് 10 മാസം പ്രായമായെങ്കിലും അവന് ജന്മം നൽകിയ ആ പാതയോരം വഴി കടന്നുപോകുമ്പോൾ കഴിഞ്ഞതെല്ലാം കൺമുന്നിൽ എന്നതുപോലെ ഓർമ്മവരുമെന്നും എറെ നേരത്തിന് ശേഷമാണ് ഇത് മനസ്സിൽ നിന്ന് മായുന്നതെന്നും മാളുപറയുന്നു. ഇതിന് മുമ്പും ആശുപത്രിയിലേയ്ക്കുള്ള യാത്രയിൽ ഗർഭിണികൾ പ്രസവിച്ചതായി പറഞ്ഞുകേട്ടിട്ടുണ്ടെന്നും ഈ ദുരിതത്തിന്റെ അവസാന ഇരയാണ് താനെന്നും ഇനിയും ഇത്തരം സാഹചര്യം ഉണ്ടാവതിരിക്കാൻ ഭരണ-രാഷ്ട്രീയ നേതൃത്വങ്ങൾ കൈകോർക്കണമെന്നുമാണ് മാളു ആവശ്യപ്പെടുന്നത്.

വോട്ട് ബഹിഷ്‌കരിക്കാൻ താളുകണ്ടം കോളനി നിവാസികൾ

ഇതുപോലെ വികസനം വെറുവാക്കായ കോളനിക്കാർ വോട്ട് ബഹിഷ്‌കരിക്കുകയാണ്. കാര്യ-കാരണങ്ങൾ ഊരുമൂപ്പന്റെ വാക്കുകളിൽ:

വികസനകാര്യത്തിൽ എക്കാലത്തും രാഷ്ട്രീയ പാർട്ടി നേതാക്കൾ പറഞ്ഞുപറ്റിക്കുകയാണ്. അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്ന കാര്യത്തിൽ പോലും ഇവരാരും ശ്രദ്ധിക്കുന്നില്ല.കോളനിയിലേക്കുള്ള റോഡിന്റെ കാര്യം ഇതിനൊരുഉദാഹരണമാണ്. വർഷങ്ങളായി റോഡ് നന്നാക്കണമെന്ന് ആവശ്യപ്പെടുന്നതാണ്. എന്നാൽ ആരും തിരിഞ്ഞുനോക്കുന്നില്ല.നിയമപ്രശ്നങ്ങൾ പറഞ്ഞ് ജനപ്രതിനിധികളും ഇവരെ പിൻതാങ്ങുന്നവരുമെല്ലാം കൈമലർത്തുന്നു.

ഒരു വർഷം 45 ബാലമരണങ്ങൾ വരെ ഇവിടെ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കൃത്യസമയത്ത് ചികിത്സ കിട്ടാതെ യുവാവ് അടക്കം നിരവധിപേർ മരിച്ചിട്ടുണ്ട്.രണ്ടോ മൂന്നോ ജീപ്പുകളും ഏതാനും ഓട്ടോറിക്ഷകളുമാണ് കോളനിയിലേയ്ക്ക് ഓട്ടം വരുന്നത്.ജീപ്പുകൾക്ക് 1300 രൂപയും ഓട്ടോറിക്ഷയ്ക്ക് 800 രൂപയും കൂലി നൽകണം.കുട്ടമ്പുഴയിൽ നിന്നും 45-ൽപ്പരം കിലോമീറ്ററും കോതമംഗലത്തുനിന്ന് 38 കിലോമീറ്ററുമാണ് കോളനിയിലേയ്ക്കുള്ള ദൂരം.കുറച്ചുദൂരം കോൺക്രീറ്റ് ഇട്ടിട്ടുണ്ട്്.ബാക്കിഭാഗം കുണ്ടുംകുഴിയുമായികിടക്കുകയാണ്.ഈ ഭാഗംകൂടി നന്നാക്കിയാൽ യാത്ര സുഗമമാവും.

കുടിവെള്ളം കിട്ടാക്കനിയാണ്. കോളനിവാസികൾക്കായി കുടിവെള്ളവിതരണ പദ്ധതി നിലവിലുണ്ടെങ്കിലും ഭൂരിഭാഗംകൂടംബങ്ങളിലും വെള്ളമെത്തുന്നില്ല.അറ്റകുറ്റപ്പണിയുടെ പേരിൽ വർഷവർഷം പഞ്ചായത്തുമെമ്പർക്ക് സാമ്പത്തീകനേട്ടമുണ്ടാക്കുന്നതിന് മാത്രമാണ് ഈ പദ്ധതി ഇപ്പോൾ ഉപകരിക്കുന്നത്.കുളത്തിനുചുറ്റുമുള്ള പുല്ല് പറച്ചുകളഞ്ഞഷം എഞ്ചിനിയറെയും മറ്റും വിളിച്ചുകൊണ്ടുവന്ന് അറ്റകുറ്റപ്പണി നടത്തിയതായി കാണിച്ച് പണം തട്ടുകയാണ് മെമ്പറുടെ രീതി.



ഇതെക്കുറിച്ച് പരാതിപ്പെട്ടപ്പോൾ രാഷ്ട്രീയക്കാർ ഒത്തുചേർന്ന് എന്നെപ്രതിക്കൂട്ടിലാക്കുകയായിരുന്നു.മൂപ്പനെ മാറ്റണമെന്നുപോലും ഇവർ ആവശ്യപ്പെട്ടു.ഊരുമൂപ്പൻ സ്ഥാനം പരമ്പരാഗതമായി വന്നുചേരുന്നതായതിനാൽ ഈ വഴിക്കുള്ള ഇവരുടെ ഇടപെടലുകൾ വിജയിച്ചില്ല.കൂട്ടരുടെ ഇടയിൽ വിഭാഗീയ സൃഷ്ടിക്കാൻ ഇവർ ശ്രമിക്കുന്നുണ്ട്്.കുറച്ചുപേരെ പലനവിധ പ്രലോഭനങ്ങൾ നൽകി അവർ ഒപ്പം നിർത്തിയിട്ടുണ്ട്.ഇവരുടെ എതിർപ്പ് കാര്യമാക്കുന്നില്ല.

വഴിവിളക്കുകളുടെ കാര്യവും തഥൈവ.കോളനിലേയ്ക്കുള്ള പാതയുടെ വശങ്ങളിൽ സ്ഥാപിച്ചിരുന്ന വഴിവിളക്കുകൾ കത്താതായിട്ട് വർഷങ്ങളായി.സോളാർ വിളക്കുകൾ കത്താതായതോടെയാണ് വൈദ്യുതവിളക്കുൾ സ്ഥാപിച്ചത്.അംഗൻവാടി കെട്ടിടം ചോർന്നൊലിക്കാൻ തുടങ്ങിയിട്ടും വർഷങ്ങളായി.

അടിയന്തരഘട്ടങ്ങളിൽ ചികിത്സാസൗകര്യംലഭ്യമാവണമെങ്കിൽ കുട്ടമ്പുഴയിലോ കോതമംഗലത്തോ എത്തണം.കുട്ടമ്പുഴയിൽ ഹെൽത്ത് സെന്റർമാത്രമാണുള്ളത്.കുറച്ചുകൂടി മെച്ചപ്പെട്ട ചികത്സലഭിക്കണമെങ്കിൽ കോതമംഗലത്തെത്തണം.ആനകൂട്ടങ്ങൾ വിഹരിക്കുന്ന കാട്ടുപാതയിലൂടെ കൂണ്ടുംകുഴിയും താണ്ടി ചികത്സകേന്ദ്രങ്ങളിലേയ്ക്കുള്ള യാത്രയ്ക്കിടെ രോഗിമരണപ്പെടുന്ന സംഭവങ്ങളും ഉണ്ടായിട്ടുണ്ട്.

ഒരു അത്യഹിത മുണ്ടായാൽ പുറത്തറിക്കാൻ മാർഗ്ഗമില്ല.കോളനിയിൽ ഒരു ഭാഗത്ത്മാത്രം വല്ലപ്പോഴും മൊബൈൽ റെയിഞ്ച് ലഭിക്കും.ഇതാണ് കോളനിയിലെ ഏക വാർത്തവിനിമയ സംവിധാനം.ഈ സ്ഥിതിയിൽ ഇനി മുന്നോട്ടുപോയിട്ട് കാര്യമില്ല.മുമ്പുകാലത്ത് ഞങ്ങൾ വോട്ട് ചെയ്തിരുന്നില്ല.നിലവിലെ സാഹചര്യത്തിൽ കഴിഞ്ഞകാലങ്ങളിലെ സംവിധാനം തുടരുകയാണ് നല്ലതെന്നാണ് ഭൂരിപക്ഷ അഭിപ്രായം.മൂപ്പൻ വ്യക്തമാക്കി.തങ്ങളുടെ ഈ നീക്കത്തെ തകർക്കാൻ പലകോണുകളിൽ നിന്നും നീക്കം നടന്നേക്കാമെന്നും ഇത് കാര്യമാക്കുന്നില്ലന്നും മൂപ്പൻ അറിയിച്ചു.