കോതമംഗലം: കാടിനുനടുവിൽ ആദിവാസി ഊരിലെ കുട്ടികൾക്കായുള്ള ഓൺലൈൻ ക്ലാസ്സുകൾ നടക്കുന്നത് സമീപവാസിയുടെ കനിവിൽ. വയറിങ് പൂർത്തിയായ കമ്മൂണിറ്റി സെന്ററിൽ വൈദ്യുതി കണക്ഷൻ സജ്ജമാക്കാനുള്ള അധികൃതരുടെ വിമുഖതയാണ് ഇതിന് കാരണം. സമ്പൂണ്ണവൈദ്യുതികരണം ആഘോഷമാക്കിയ സംസ്ഥാനത്തിന് അപമാനായി മാറുകയാണ് താളുംകണ്ടം.

കുട്ടമ്പുഴ പഞ്ചായത്തിൽ ഉൾവനത്തിൽ സ്ഥിതിചെയ്യുന്ന താളുംകണ്ടം ആദിവാസികോളനിയിലെ കമ്മ്യൂണിറ്റി സെന്ററിൽ പ്രവർത്തിച്ചുവരുന്ന ഓൺലൈൻ പഠകേന്ദ്രത്തിന്റെ പ്രവർത്തനം വൈദ്യുതി കണക്ഷനില്ലാത്തതിനെ തുടർന്ന് പ്രതിസന്ധിയിലാണ്. ഊരിലെ അഞ്ച് മുതൽ പ്ലസ് ടു വരെയുള്ള കുട്ടികൾ ഓൺലൈൻ ക്ലാസ്സിനായി ഇവിടെ എത്തുന്നുണ്ട്.

അടുത്ത വീട്ടിൽ നിന്നും വൈദ്യുതി ലഭ്യമാക്കിയാണ് ക്ലാസ്സ് സമയങ്ങളിൽ ടിവി പ്രവർത്തിപ്പിക്കുന്നത്. വയറിങ് പൂർത്തിയായിട്ടുണ്ടെങ്കിലും ഇവിടെ വൈദ്യുത കണക്ഷൻ നൽകുന്നതിന് സർക്കാർതലത്തിൽ നീക്കമൊന്നുമില്ലന്നാണ് കോളനി നിവാസികളുടെ പരാതി. മൊബൈൽ റെയിഞ്ച് ഇല്ലാത്തതിനാൽ ഇവിടെ മറ്റ് ഓൺലൈൻ പഠനസൗകര്യങ്ങളില്ലന്നും ഈ സാഹചര്യത്തിലും അധികൃതർ അനങ്ങാപ്പാറ നയം തുടരുന്നത് ഏറെ വിഷമിപ്പിക്കുന്നുണ്ടെന്നും തങ്ങളോടുള്ള കടുത്ത അവഗണനയാണ് ഇതിൽ നിന്നും വ്യക്തമാവുന്നതെന്നും കോളനിനിവാസികൾ ചൂണ്ടിക്കാട്ടി.

കോളനിയിൽ പഞ്ചായത്ത് സ്ഥാപിച്ചിരുന്ന സോളാർ വിളക്കുകളും തകരാറിലാണ്.ഇതോടെ വൈകുന്നേരമാവുന്നതോടെ പ്രദേശമാകെ അന്ധകാരത്തിലാവും. സോളാർ വിളക്കുകൾ പ്രകാശിച്ചിരുന്ന അവസരത്തിൽ വന്യമൃങ്ങളുടെ ഊരിലേയ്ക്കുള്ള കടന്നുകയറ്റം ഒരുപരിധിവരെ കുറഞ്ഞിരുന്നെന്നും ഇപ്പോൾ രാത്രികാലങ്ങളിൽ ഏറെഭയപ്പാടോടെയാണ് കഴിച്ചുകൂട്ടുന്നതെന്നുമാണ് ഊരുനിവാസികളുടെ വെളിപ്പെടുത്തൽ. ആനക്കൂട്ടമാണ് പ്രധാനമായും കോളനിയിക്കുള്ളിലേയ്ക്ക് എത്തിയിരുന്നത്.

കുട്ടമ്പുഴ പഞ്ചായത്താണ് ഇവിടെ വഴിവിളക്കുകൾ സ്ഥാപിച്ചത്.കോതമംഗലത്തുനിന്നും 36 കിലോമീറ്ററോളം അകലെ ഉൾവനത്തിലാണ് താളുംകണ്ടം ആദിവാസി കോളനി സ്ഥിതിചെയ്യുന്നത്. 5 സോളാർ വിളക്കുകളാണ് കോളനിയിൽ വെളിച്ചം പരത്തിയിരുന്നത്. സമയാസമയങ്ങളിൽ അറ്റകുറ്റപ്പണികൾ നടത്താത്തതിനെത്തുടർന്ന് വർഷങ്ങൾക്കുള്ളിൽ ഇവ പൂർണ്ണമായും നശിച്ചു.