- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിവാദ കൈപ്പുസ്തകത്തിൽ നിർവ്യാജം ഖേദിക്കുന്നതായി താമരശ്ശേരി രൂപത; സൗഹാർദം തകർക്കാനുള്ള ശ്രമങ്ങളെ ചെറുക്കണം; രൂപതയ്ക്ക് ഏതെങ്കിലും വിശ്വാസത്തോടോ മതത്തോടോ വിവേചനമോ അസഹിഷ്ണുതയോ ഇല്ലെന്ന് മതബോധനകേന്ദ്രം ഡയറക്ടറുടെ വിശദീകരണം
കോഴിക്കോട്: ലൗവ് ജിഹാദിനായി ആസൂത്രിത ശ്രമം നടക്കുന്നുണ്ടെന്ന വിവാദ കൈപ്പുസ്തകത്തിൽ ഖേദം പ്രകടിപ്പിച്ച് താമരശ്ശേരി രൂപത. കൈപ്പുസ്തകം ഏതെങ്കിലും മതവിഭാഗത്തെ വേദനിപ്പിച്ചെങ്കിൽ നിർവ്യാജം ഖേദിക്കുന്നതായി രൂപത വ്യക്തമാക്കി. ഏതെങ്കിലും മത വിഭാഗത്തോടുള്ള എതിർപ്പുകൊണ്ടല്ല കൈപ്പുസ്തകം ഇറക്കിയത്. ക്രിസ്ത്യൻ യുവാക്കളെ വിശ്വാസത്തിൽ നിർത്താനായിരുന്നു കൈപ്പുസ്തകം. പെൺകുട്ടികളെ ചൂഷണത്തിൽ നിന്ന് രക്ഷിക്കുക എന്നതായിരുന്നു ലക്ഷ്യമെന്ന് താമരശ്ശേരി രൂപത മതബോധനകേന്ദ്രം ഡയറക്ടർ പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.
രൂപതയ്ക്ക് ഏതെങ്കിലും വിശ്വാസത്തോടോ മതത്തോടോ വിവേചനമോ അസഹിഷ്ണുതയോ ഇല്ല. വിശ്വാസസംബന്ധമായ സംശയങ്ങൾ ദൂരീകരിക്കുന്നതിനും ക്രൈസ്തവ യുവജനങ്ങൾക്ക് ബോധവത്കരണം നൽകുന്നതിനും മതബോധന വിദ്യാർത്ഥികളുടെ സംശയ നിവാരണത്തിനായി ഇറക്കിയതാണ് പുസ്തകമെന്ന് കുറിപ്പിൽ പറയുന്നു. മതസൗഹാർദത്തിനെതിരെയുള്ള എല്ലാ തെറ്റായ പ്രബോധനങ്ങൾക്കെതിരെയും ജാഗ്രത പുലർത്തണമെന്നും സമുദായ സൗഹാർദം തകർക്കാനുള്ള ചിലരുടെ ശ്രമങ്ങളെ ചെറുക്കണമെന്നും സൗഹാർദം വളർത്താൻ എല്ലാവരും പരിശ്രമിക്കണമെന്നും മതബോധനകേന്ദ്രം ഡയറക്ടർ ഫാ. ജോൺ പള്ളിക്കാവയലിൽ അഭ്യർത്ഥിച്ചു.
ഇടവകകളിൽ വിതരണം ചെയ്യാനായി താമരശ്ശേരി രൂപതാ വിശ്വാസ പരിശീലന കേന്ദ്രം തയാറാക്കിയ 'സത്യങ്ങളും വസ്തുതകളും 33 ചോദ്യോത്തരങ്ങളിലൂടെ' എന്ന കൈപുസ്തകത്തിലാണ് വിവാദ പരാമർശങ്ങൾ ഇടം പിടിച്ചത്. മതവ്യാപനം ലക്ഷ്യമാക്കി തീവ്രവാദികൾ ഉപയോഗിക്കുന്ന ഏറ്റവും പ്രധാന മാർഗമാണ് ലൗ ജിഹാദെന്ന് പ്രണയക്കുരുക്കെന്ന് പേരിട്ട നാലാംഭാഗത്തിൽ പറയുന്നു. മുസ്ലിം യുവാക്കൾ പെൺകുട്ടികളുമായി സൗഹൃദത്തിലാകുന്നതും ആഘോഷവേളകളിൽ വീടുകളിലേക്ക് ക്ഷണിക്കുന്നതും പ്രണയിക്കുന്നതുമെല്ലാം ലൗ ജിഹാദിന്റെ വിവിധ ഘട്ടങ്ങളായി കൈപ്പുസ്തകം പരിയചയപ്പെടുത്തുന്നു.
പെൺകുട്ടികളെ വശീകരിക്കാനായി മുസ്ലിം പുരോഹിതന്മാർ ആഭിചാരം നടത്തുന്നതായി പുസ്തകം ആരോപിക്കുന്നു. പെൺകുട്ടിയുടെ മുടിയോ തൂവാലയോ മറ്റെന്തെങ്കിലും വസ്തുക്കളോയാണ് ഇതിനായി ഉപയോഗിക്കുന്നത്. മുസ്ലിം ആൺകുട്ടികൾ നൽകുന്ന ഭക്ഷണം, സമ്മാനം, സാധാരണ സ്പർശനം പോലും വശീകരണത്തിന് കാരണമാകാമെന്നും മുന്നറിയിപ്പ് നൽകി. ബന്ധന പ്രാർത്ഥന വഴി ഈ വശീകരണത്തിൽ നിന്ന് രക്ഷതേടാമെന്നും കൈപ്പുസ്തകം പറയുന്നു.
ഒമ്പത് ഘട്ടങ്ങളിലൂടെയാണത്രെ ലൗ ജിഹാദ് നടപ്പാക്കുന്നത്. വശീകരണവും ലൈംഗിക ബന്ധവും വിവാഹവുമൊക്കെ ഇതിലെ വ്യത്യസ്ത ഘട്ടങ്ങളാണ്. പെരുന്നാളാഘോഷത്തിന് വീട്ടിലേക്ക് വിളിക്കുന്നത് പോലും ഗൂഡമായ ലൗ ജിഹാദിന്റെ ഭാഗമാണെന്ന വിവരവും കൈപുസ്തകത്തിലൂടെ വിശ്വാസികൾക്കായി നൽകുന്നുണ്ട്.
പ്രണയകുരുക്കിന്റെ വല ഇത്ര ഭീകരമാണെങ്കിലും അതിൽ നിന്ന് രക്ഷപ്പെടാനുള്ള മാർഗവും കൈപുസ്തകം വിശദീകരിക്കുന്നുണ്ട്. ബന്ധന പ്രാർത്ഥനകളിലൂടെയും പരിഹാരമരുന്നുകളിലൂടെയും ഇതെല്ലാം മറികടക്കാനാകും. അഭിവന്ദ്യ പിതാക്കന്മാർക്കും പിതാക്കന്മാർ നിശ്ചയിച്ച് അധികാരം നൽകിയ വൈദികർക്കും ഇതിനെയെല്ലാം ബന്ധന പ്രാർത്ഥനയിലൂടെ തടഞ്ഞു നിർത്താനാകും. ഇനി ഭക്ഷണത്തിലുടെ കൈവിഷം തന്നതാണെങ്കിൽ അതിനായി ചില പ്രകൃതിദത്ത മരുന്നുകളുണ്ടത്രെ. ആ മരുന്നുകൾ ഉപയോഗിച്ച് കൈവിഷം പുറത്തു കളയാമെന്ന ആശ്വാസവും കൈപുസതകം വിശ്വാസികൾക്കായി പങ്കുവെക്കുന്നു.
മതപരിവർത്തനം നടത്തിയ പെൺകുട്ടികളെ ഐ.എസ് തീവ്രവാദികൾക്ക് ലൈംഗിക അടിമകളാക്കി വിൽക്കുന്നു, തീവ്രവാദ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നു, യത്തീംഖാനകളിൽ ജോലിക്കാരാക്കുന്നു, മത പുരോഹിതന്മാരുടെയോ തീവ്രവാദികളുടെയോ ഭാര്യമാരിലൊരാളാക്കുന്നുവെന്നും പുസ്തകത്തിൽ പറയുന്നു. പെൺകുട്ടിയെ മതം മാറ്റുന്ന ജിഹാദിക്കും കുടുംബത്തിനും ഇസ്ലാമിക സംഘടനകളിൽ നിന്ന് വലിയ തുക ലഭിക്കുന്നു, അന്യമതസ്ഥരായ പെൺകുട്ടിയെ ലൈംഗികമായി ഉപയോഗിച്ച് ചതിക്കുന്നതോ നശിപ്പിക്കുന്നതോ ഇസ്ലാം തത്വം പ്രകാരം തിന്മയല്ലെന്നും പുസ്തകത്തിൽ പറഞ്ഞിരുന്നു.
കേരളത്തിൽ ലൗ ജിഹാദിനൊപ്പം ക്രിസ്ത്യൻ യുവാക്കളെ ലക്ഷ്യമാക്കി നാർക്കോട്ടിക് ജിഹാദും നടക്കുന്നുണ്ടെന്ന പാല ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടിന്റെ പ്രസ്താവനക്ക് പിന്നാലെയാണ് താമരശേരി രൂപതയുടെ പുസ്തകത്തെ കുറിച്ചുള്ള വിവരങ്ങളും പുറത്തുവന്നിരിക്കുന്നത്. പുസ്തകം വിവാദമായതോടെയാണ് മതബോധനകേന്ദ്രം ഡയറക്ടറുടെ വിശദീകരണം.
മറുനാടന് മലയാളി ബ്യൂറോ