- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പെൺകുട്ടികളെ വശീകരിക്കാനായി ഇസ്ലാം മത പുരോഹിതന്മാർ വഴി ആഭിചാരക്രിയകൾ നടത്തുന്നു; കൈ വിഷം അഥവാ ഓതിക്കെട്ടൽ എന്നു പേരും; ലൗ ജിഹാദ് നടപ്പിലാക്കുന്നത് ഒമ്പത് ഘട്ടങ്ങളിലൂടെ; വശീകരണവും ലൈംഗിക ബന്ധവും വിവാഹവും വ്യത്യസ്ത ഘട്ടങ്ങൾ; എങ്കിലും രക്ഷപ്പെടാൻ വഴിയുണ്ട്; വിശ്വാസികൾക്കായി കൈപ്പുസ്തകവുമായി താമരശ്ശേരി രൂപത
താമരശ്ശേരി: പാലാ ബിഷപ്പിന്റെ നാർക്കോടിക് ജിഹാദ് പരാമർശത്തിന് പിന്തുണ നൽകും വിധത്തിലുള്ള കൈപ്പുസ്തകവുമായി താമരശ്ശേരി രൂപത രംഗത്ത്. ലൗ ജിഹദിനെ തള്ളിപ്പറയുന്ന വിധത്തിൽ വിവിധ ഘട്ടങ്ങളെ കുറിച്ച് പരാമർശിച്ചാണ് താമരശ്ശേരി രൂപതയുടെ കൈപ്പുസ്തകം. പാലാ ബിഷപ്പിന്റെ പ്രസംഗത്തെ തുടർന്നുള്ള വിവാദങ്ങൾ കെട്ടടങ്ങും മുമ്പെ 'ലൗ ജിഹാദിന്റെ' വിവിധ ഘട്ടങ്ങൾ വിശദീകരിച്ച് താമരശ്ശേരി രൂപതയുടെ കൈപുസ്തകമാണ് പുറത്തിറങ്ങിയത്.
താമരശ്ശേരി രൂപതയുടെ കീഴിലുള്ള വിശ്വാസ പരിശീലന കേന്ദ്രം ഇടവകകളിൽ വിതരണം ചെയ്യാനായി പുറത്തിറക്കിയ 'സത്യങ്ങളും വസ്തുതകളും 33 ചോദ്യങ്ങളിലൂടെ' എന്ന കൈപുസ്തകമാണ് ലൗ ജിഹാദിന്റെ ഘട്ടങ്ങളും അതിനെതിരെ സ്വീകരിക്കേണ്ട മുൻകരുതലുകളും വിശദീകരിക്കുന്നത്. പെൺകുട്ടികളെ വശീകരിക്കാനായി ഇസ്ലാം മത പുരോഹിതന്മാർ വഴി ആഭാചാരക്രിയകൾ നടക്കുന്നുണ്ടെന്നും കൈപുസ്തകത്തിൽ പറയുന്നു. ആഭിചാരക്രിയകളുടെ വിശദാംശങ്ങളും കൈപുസ്തകം വിശദീകരിക്കുന്നുണ്ട്. കൈ വിഷം അഥവാ ഓതിക്കെട്ടൽ എന്നാണത്രെ ഇത്തരം ആഭിചാരക്രിയകൾക്ക് പറയുന്ന പേര്.
പെൺകുട്ടിയുടെ പേനയോ തൂവാലയോ തലമുടിയോ മറ്റെന്തെങ്കിലും വസ്തുക്കളോ സ്വന്തമാക്കിയോ പെൺകുട്ടിയുടെ പേരു പറഞ്ഞോ ഇങ്ങനെ ആഭിചാരം ചെയ്യാമത്രെ. ചരട്, നാണയം, മോതിരം, വെള്ളം, ഭക്ഷണപദാർത്ഥങ്ങൾ, സമ്മാനങ്ങൾ എന്നിവയൊക്കെ ഇങ്ങനെ ഓതിക്കെട്ടാൻ ഉപയോഗിക്കുമെന്ന് കൈപുസ്തകം വിശദീകരിക്കുന്നു. മോതിരം, നാണയം, ചരടുകൾ, മറ്റു സമ്മാനങ്ങൾ, ഒരുമിച്ചു കഴിക്കുന്ന ഭക്ഷണം എന്നിവയിലൂടെയൊക്കെ ഈ കൈവിഷ പ്രയോഗം സാധ്യമാണത്രെ. സാധാരണ സ്പർശനത്തിലുടെ കൈയിലോ ശരീരത്തിലോ തേക്കുന്ന ചിലതരം പൊടികളിലൂടെ വലിയൊരു വശീകരണ ലോകത്തേക്ക് എത്തിപ്പെടാമെന്ന മുന്നറിയിപ്പും കൈപുസ്തകം നൽകുന്നുണ്ട്.
ഒമ്പത് ഘട്ടങ്ങളിലൂടെയാണത്രെ ലൗ ജിഹാദ് നടപ്പാക്കുന്നത്. വശീകരണവും ലൈംഗിക ബന്ധവും വിവാഹവുമൊക്കെ ഇതിലെ വ്യത്യസ്ത ഘട്ടങ്ങളാണ്. പെരുന്നാളാഘോഷത്തിന് വീട്ടിലേക്ക് വിളിക്കുന്നത് പോലും ഗൂഡമായ ലൗ ജിഹാദിന്റെ ഭാഗമാണെന്ന വിവരവും കൈപുസ്തകത്തിലൂടെ വിശ്വാസികൾക്കായി നൽകുന്നുണ്ട്.
പ്രണയകുരുക്കിന്റെ വല ഇത്ര ഭീകരമാണെങ്കിലും അതിൽ നിന്ന് രക്ഷപ്പെടാനുള്ള മാർഗവും കൈപുസ്തകം വിശദീകരിക്കുന്നുണ്ട്. ബന്ധന പ്രാർത്ഥനകളിലൂടെയും പരിഹാരമരുന്നുകളിലൂടെയും ഇതെല്ലാം മറികടക്കാനാകും. അഭിവന്ദ്യ പിതാക്കന്മാർക്കും പിതാക്കന്മാർ നിശ്ചയിച്ച് അധികാരം നൽകിയ വൈദികർക്കും ഇതിനെയെല്ലാം ബന്ധന പ്രാർത്ഥനയിലൂടെ തടഞ്ഞു നിർത്താനാകും. ഇനി ഭക്ഷണത്തിലുടെ കൈവിഷം തന്നതാണെങ്കിൽ അതിനായി ചില പ്രകൃതിദത്ത മരുന്നുകളുണ്ടത്രെ. ആ മരുന്നുകൾ ഉപയോഗിച്ച് കൈവിഷം പുറത്തു കളയാമെന്ന ആശ്വാസവും കൈപുസതകം വിശ്വാസികൾക്കായി പങ്കുവെക്കുന്നു.
മതപരിവർത്തനം നടത്തിയ പെൺകുട്ടികളെ ഐ.എസ് തീവ്രവാദികൾക്ക് ലൈംഗിക അടിമകളാക്കി വിൽക്കുന്നു, തീവ്രവാദ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നു, യത്തീംഖാനകളിൽ ജോലിക്കാരാക്കുന്നു, മത പുരോഹിതന്മാരുടെയോ തീവ്രവാദികളുടെയോ ഭാര്യമാരിലൊരാളാക്കുന്നുവെന്നും പുസ്തകത്തിൽ പറയുന്നു. പെൺകുട്ടിയെ മതം മാറ്റുന്ന ജിഹാദിക്കും കുടുംബത്തിനും ഇസ്ലാമിക സംഘടനകളിൽ നിന്ന് വലിയ തുക ലഭിക്കുന്നു, അന്യമതസ്ഥരായ പെൺകുട്ടിയെ ലൈംഗികമായി ഉപയോഗിച്ച് ചതിക്കുന്നതോ നശിപ്പിക്കുന്നതോ ഇസ്ലാം തത്വം പ്രകാരം തിന്മയല്ലെന്നും പുസ്തകത്തിലൂടെ താമരശേരി രൂപത വാദിക്കുന്നുണ്ട്.
കേരളത്തിൽ ലൗ ജിഹാദിനൊപ്പം ക്രിസ്ത്യൻ യുവാക്കളെ ലക്ഷ്യമാക്കി നാർക്കോട്ടിക് ജിഹാദും നടക്കുന്നുണ്ടെന്ന പാല ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടിന്റെ പ്രസ്താവനക്ക് പിന്നാലെയാണ് താമരശേരി രൂപതയുടെ പുസ്തകത്തെ കുറിച്ചുള്ള വിവരങ്ങളും പുറത്തുവന്നിരിക്കുന്നത്. താമരശേരി അതിരൂപത വിശ്വാസ പരിശീലന കേന്ദ്രമാണ് 130 പേജുള്ള പുസ്തകം അടിച്ചിറക്കിയിരിക്കുന്നത്. വേദപാഠ പുസ്തകത്തിന്റെ പ്രകാശനം താമരശേരി രൂപതാധ്യക്ഷൻ മാർ റെമിജിയോസ് ഇഞ്ചനാനി കഴിഞ്ഞ ദിവസമാണ് നിർവഹിച്ചത്. ക്രിസ്തീയ വിശ്വാസങ്ങൾക്കെതിരേ ഉയരുന്ന ചോദ്യങ്ങൾക്കുള്ള ഉത്തരമാണ് പാഠപുസ്തകമെന്ന് പ്രകാശനച്ചടങ്ങിൽ അദ്ദേഹം അവകാശപ്പെട്ടു.
മറുനാടന് മലയാളി ബ്യൂറോ