- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പിന്നിൽ ഇത്രയും പേരുടെ പ്രാർത്ഥനയും കരുതലും ഉണ്ടായിരുന്നുവെന്ന് തിരിച്ചറിഞ്ഞത് കുഞ്ഞിനെ ആശുപത്രിയിൽ എത്തിച്ചതിന് ശേഷം; ഫോൺ ഇതുവരെ താഴെവയ്ക്കാൻ പറ്റിയിട്ടില്ല; ട്രാഫിക്കിലെ ശ്രീനിവാസന്റെ റോൾ ജീവിതത്തിൽ ഗംഭീരമാക്കിയ ആംബുലൻസ് ഡ്രൈവറെ തേടിയെത്തുന്നത് നിലയ്ക്കാത്ത അഭിനന്ദനങ്ങൾ; 100 കിലോമീറ്റർ വേഗതയിൽ ചീറിപ്പാഞ്ഞ് 514 കിലോമീറ്റർ താണ്ടി ഒരു ജീവൻ രക്ഷിച്ച തമീമിന് പറയാനുള്ളത്
കാസർഗോഡ്: കുരുന്നു ജീവനുമായി 14 മണിക്കൂർ പിന്നിടേണ്ട ദൂരം 6.45 മണിക്കൂർ കൊണ്ട് ലക്ഷ്യ സ്ഥാനത്തെത്തിച്ച ആംബുലൻസ് ഡ്രൈവർ തമീമിന് നാടൊട്ടുക്കുനിന്നും അഭിനന്ദന പ്രവാഹം. മുഖ്യമന്ത്രി പിണറായി വിജയൻ തന്റെ അഭിനന്ദനം ഫെയ്‌സ് ബുക്ക് പേജിലുടെ അറിയിച്ചു. കാസർഗോഡ് ജില്ലയുടെ വിവിധ സ്ഥലങ്ങളിൽ നിന്നായി പതിനഞ്ചിലധികം സ്വീകരണവും വിവിധ സംഘടനകൾ നൽകി. ഇന്നലെ ദിലീപിന്റെ സൂപ്പർ ഹിറ്റ് സിനിമയായ രാമലീലയുടെ സംവിധായകൻ അരുൺ ഗോപി ഫോണിൽ വിളിച്ച് അഭിനന്ദനം അറിയിക്കുകയും ചെയ്തു. നാട്ടിൽ താരമായ ആംബുലൻസ് ഡ്രൈവർ കാസർഗോഡ് അടുക്കത്ത് വയൽ സ്വദേശി തമീം മറുനാടനുമായി നടത്തിയ അഭിമുഖ സംഭാഷണം. കേരളത്തെ ഏഴു മണിക്കൂർ പിടിച്ചിരുത്തിയ ദൗത്യത്തെക്കുറിച്ച് വിശദീകരിക്കാമോ? സത്യം പറഞ്ഞാൽ എനിക്കറിയില്ലായിരുന്നു ഒരു ജീവനുമായി ഞാൻ പോകുമ്പോൾ പിന്നിൽ ഇത്രയും പേരുടെ പ്രാർത്ഥനയും കരുതലും ഉണ്ടായിരുന്നുവെന്ന്. കുഞ്ഞിനെ ആശുപത്രിയിൽ എത്തിച്ചതിന് ശേഷമാണ് ഇതൊക്കെ ഞാനറിയുന്നത്. പതിനഞ്ചിന് വൈകിട്ട് നാലു മണിക്ക് ഞാൻ ഡ്രൈവറായ ചേർക്കള മുസ്ലിം ചാരിറ്റബിൾ സെ
കാസർഗോഡ്: കുരുന്നു ജീവനുമായി 14 മണിക്കൂർ പിന്നിടേണ്ട ദൂരം 6.45 മണിക്കൂർ കൊണ്ട് ലക്ഷ്യ സ്ഥാനത്തെത്തിച്ച ആംബുലൻസ് ഡ്രൈവർ തമീമിന് നാടൊട്ടുക്കുനിന്നും അഭിനന്ദന പ്രവാഹം.
മുഖ്യമന്ത്രി പിണറായി വിജയൻ തന്റെ അഭിനന്ദനം ഫെയ്‌സ് ബുക്ക് പേജിലുടെ അറിയിച്ചു. കാസർഗോഡ് ജില്ലയുടെ വിവിധ സ്ഥലങ്ങളിൽ നിന്നായി പതിനഞ്ചിലധികം സ്വീകരണവും വിവിധ സംഘടനകൾ നൽകി. ഇന്നലെ ദിലീപിന്റെ സൂപ്പർ ഹിറ്റ് സിനിമയായ രാമലീലയുടെ സംവിധായകൻ അരുൺ ഗോപി ഫോണിൽ വിളിച്ച് അഭിനന്ദനം അറിയിക്കുകയും ചെയ്തു. നാട്ടിൽ താരമായ ആംബുലൻസ് ഡ്രൈവർ കാസർഗോഡ് അടുക്കത്ത് വയൽ സ്വദേശി തമീം മറുനാടനുമായി നടത്തിയ അഭിമുഖ സംഭാഷണം.
കേരളത്തെ ഏഴു മണിക്കൂർ പിടിച്ചിരുത്തിയ ദൗത്യത്തെക്കുറിച്ച് വിശദീകരിക്കാമോ?
സത്യം പറഞ്ഞാൽ എനിക്കറിയില്ലായിരുന്നു ഒരു ജീവനുമായി ഞാൻ പോകുമ്പോൾ പിന്നിൽ ഇത്രയും പേരുടെ പ്രാർത്ഥനയും കരുതലും ഉണ്ടായിരുന്നുവെന്ന്. കുഞ്ഞിനെ ആശുപത്രിയിൽ എത്തിച്ചതിന് ശേഷമാണ് ഇതൊക്കെ ഞാനറിയുന്നത്.
പതിനഞ്ചിന് വൈകിട്ട് നാലു മണിക്ക് ഞാൻ ഡ്രൈവറായ ചേർക്കള മുസ്ലിം ചാരിറ്റബിൾ സെന്ററിന്റെ ആംബുലൻസ് മാനേജർ മുനീർ ഫോണിൽ വിളിച്ചു പറഞ്ഞതാണ് ഒരു കുട്ടിയേയും കൊണ്ട് തിരുവനന്തപുരം വരെ പോകണമെന്ന്. ഇത്രയും സീരിയസ് ആണ് എന്നറിഞ്ഞത് ആശുപത്രിയിൽ എത്തിയതിന് ശേഷമായിരുന്നു. തുടർച്ചയായി ഓക്‌സിജൻ നൽകണമെന്നും 8 മണിക്കൂറിനകം ശ്രീചിത്തിര തിരുനാൾ ഹോസ്പിറ്റലിൽ എത്തിക്കണമെന്നും ഡോക്ടർ അറിയിച്ചു. സംഭവത്തിന്റെ ഗൗരവം മനസ്സിലാക്കി ഉടൻ മാനേജർ മുനീറിനെ വിളിച്ച് കാര്യങ്ങൾ ധരിപ്പിച്ചു. മുനീർ കേരള ആംബുലൻസ് ഡ്രൈവർ അസോസിയേഷനുമായി ബന്ധപ്പെട്ടു എല്ലാ ക്രമീകരണങ്ങളും നടത്തി. അതിനു ശേഷമാണ് യാത്ര ആരംഭിച്ചത്.
യാത്രയ്ക്ക് വേണ്ടി ഒരുക്കിയ ക്രമീകരണങ്ങൾ എന്തൊക്കെയായിരുന്നു?
ഗതാഗത കുരുക്ക് മൂലം കേരളത്തിലെ റോഡുകളിലൂടെയുള്ള യാത്ര എത്ര ക്ലേശകരമെന്ന് എല്ലാവർക്കും അറിയാം. അതിനാൽ റോഡിലെ ഗതാഗതക്കുരുക്ക് മാറ്റുവാനുള്ള വഴികളാണ് ആദ്യം ആലോചിച്ചത്. അതിനായി പൊലീസിനെയും സന്നദ്ധ സംഘടനകളെയും ആശ്രയിച്ചു. പിന്നീട് എല്ലാവരെയും കോർത്തിണക്കി വാട്ട്‌സാപ്പ് ഗ്രൂപ്പ് ഉണ്ടാക്കി.
സോഷ്യൽ മീഡിയ വഴി ആംബുലൻസ് കുഞ്ഞുമായി 8.30 ന് പരിയാരത്ത് നിന്നും യാത്ര തിരിക്കുമെന്നും റോഡിൽ ഗതാഗത കുരുക്ക് ഉണ്ടാവാതെ നോക്കണമെന്നും എല്ലാവരുടെയും സഹായം ആവശ്യമാണെന്നും അറിയിച്ചു. പിന്നീട് പൊലീസ് എസ് കോർട്ടോടുകൂടി യാത്ര തിരിക്കുകയായിരുന്നു.
തമീമിനൊപ്പം ആംബുലൻസിൽ മറ്റൊരാൾ കൂടിയുണ്ടായിരുന്നല്ലോ?
അതെ, വാഹനം ഞാൻ ഡ്രൈവ് ചെയ്യുമ്പോൾ കുഞ്ഞിന് വേണ്ട കെയർ നൽകാൻ കാസർഗോഡ് ഷിഫാ സാദി ഹോസ്പിറ്റലിലെ മെയിൽ സ്റ്റാഫ് നേഴ്‌സ് ജിന്റോ ഉണ്ടായിരുന്നു ഒപ്പം. കുഞ്ഞിന്റെ ജീവൻ നിലനിർത്താൻ പ്രധാന പങ്കു വഹിച്ചത് ജിന്റോയാണ്. മിക്കവരും ജിന്റോയെ പറ്റി പറയാതിരുന്നത് ഏറെ ദുഃഖം ഉളവാക്കി.
എൻ.ഐ.സി.യുവിൽ നിന്നും കുഞ്ഞിനെ ആംബുലൻസിലേക്ക് മാറ്റാൻ ഏറെ ശ്രമകരമായിരുന്നു. ഒരു നിമിഷം പോലും ഓക്‌സിജൻ നൽകാതിരിക്കാനാവില്ല. അങ്ങനെയായാൽ ശരീരം നീല നിറത്തിലാകുകയും ജീവൻ തന്നെ അപകടത്തിലാവുകയും ചെയ്യും. ഇവിടെയാണ് ജിന്റോ തന്റെ ചുമതല കൃത്യമായി നിർവ്വഹിച്ചത്.
പൊലീസിന്റെയും സന്നദ്ധ സംഘടനകളുടേയും സഹകരണം എങ്ങനെയായിരുന്നു?
കുഞ്ഞിനെ കൊണ്ടു പോകേണ്ട ദൂരവും സമയവും അറിഞ്ഞതോടെ ഏറ്റവും കൂടുതൽ സഹായിക്കാൻ പറ്റുന്നത് പൊലീസിനാണ്. കേരളാ ആംബുലൻസ് ഡ്രൈവേഴ്‌സ് അസോസിയേഷൻ കണ്ണൂർ പൊലീസ് കണ്ട്രോൾ റൂമിൽ വിവരമറിയിച്ചു. അവർ പരിയാരം മെഡിക്കൽ കോളേജുമായി ബന്ധപ്പെട്ട് സ്ഥിരീകരണം നടത്തി.
പിന്നീട് പരിയാരം പൊലീസ് സ്റ്റേഷനിൽ വിവരമറിയിക്കുകയും 15 മിനിട്ടിനുള്ളിൽ പൊലീസ് സ്ഥലത്തെത്തുകയും ചെയ്തു. പൊലീസ് അകമ്പടിയോടെയായിരുന്നു യാത്ര. കൂടാതെ ചൈൽഡ് ലൈൻ പ്രവർത്തകരും ഓട്ടോറിക്ഷാ തൊഴിലാളികളും എല്ലാവരും പരിപൂർണ്ണ സഹകരണമാണ് നൽകിയത്. വഴിയിലൊക്കെ എല്ലാവരും കാത്തു നിന്നു കടന്നു പോകാൻ സൗകര്യമൊരുക്കുകയും കൈ വീശുന്നു മുണ്ടായിരുന്നു.
കടന്നു പോയ വഴികളിലെ റോഡിന്റെ അവസ്ഥ ?
തൃശൂർ ജില്ലയിലാണ് റോഡ് മോശമായി കാണപ്പെട്ടത്. ഇവിടെ വണ്ടി വേഗത കുറയ്‌ക്കേണ്ടി വന്നു. മറ്റു ജില്ലകളിൽ ഒരു കുഴപ്പവുമുണ്ടായില്ല. കുഞ്ഞിന് പാലു കൊടുക്കാനും ഇന്ധനം നിറയ്ക്കാനും മാത്രമേ വാഹനം നിർത്തിയുള്ളൂ.
പതിനാലു മണിക്കൂർ 6.45 മണിക്കൂറിനുള്ളിൽ എത്തിച്ചപ്പോൾ സുഹൃത്തുക്കളുടെ പ്രതികരണം?
എല്ലാവരുടേയും പ്രാർത്ഥനയുടേയും സഹകരണത്തിന്റെയും ഫലമാണ് ഈ ദൗത്യത്തിന്റെ വിജയം എന്ന് ആദ്യമെ പറയട്ടെ. ഫോൺ ഇതുവരെ താഴെ വയ്ക്കാൻ പറ്റിയിട്ടില്ല. എല്ലാവരും വിളിച്ച് സന്തോഷം പങ്കുവച്ചു. കാസർഗോഡ് പതിനഞ്ചിടങ്ങളിൽ സ്വീകരണം നൽകി. ഞായറാഴ്‌ച്ച ഞാൻ അംഗമായ ഫ്രണ്ട്‌സ് എന്ന സംഘടനയും സ്വീകരണ മൊരുക്കിയിട്ടുണ്ട്. ഇന്നലെ ദിലീപേട്ടന്റെ രാമലീല സിനിമയുടെ സംവിധായകർ അരുൺ ഗോപി സാർ വിളിച്ചിരുന്നു. ഒരു പാട് സംസാരിച്ചു. എന്നെ നേരിൽ കാണണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
മുഖ്യമന്ത്രി പിണറായി വിജയൻ സാർ ഫെയ്‌സ് ബുക്ക് വഴി അഭിനന്ദനം അറിയിച്ചിരുന്നു. സുഹൃത്തുക്കൾ പറഞ്ഞപ്പോഴാണ് അറിഞ്ഞത്. എല്ലാവരുടെയും അഭിനന്ദനങ്ങൾക്കും പ്രാർത്ഥനകൾക്കും ഒരിക്കൽ കൂടി നന്ദി പറയുന്നു.
കുടുംബം ?
കാസർഗോഡ് അടുക്കത്ത് വയലിലാണ് താമസം. ഉമ്മ അസ്മയ്ക്കും ജ്യേഷ്ഠൻ കരീമിനും ഒപ്പം വാടക വീട്ടിലാണ് താമസം. വിവാഹിതനല്ല. സ്വന്തമായി ഒരു വീട് എന്ന സ്വപ്നം പൂർത്തിയാക്കണമെന്നാണ് ആഗ്രഹം. പടച്ചവൻ അതിന് വഴിയൊരുക്കുമെന്നാണ് വിശ്വാസം.