കോഴിക്കോട്: സന്തോഷ് ട്രോഫി ദക്ഷിണ മേഖലാ യോഗ്യതാ റൗണ്ടിൽ തമിഴ്‌നാടിനും സർവീസസിനും തുടർച്ചയായ രണ്ടാം ജയം. ക്യാപ്റ്റൻ എ. റീഗന്റെ ഹാട്രിക്ക് മികവിൽ എതിരില്ലാത്ത നാലു ഗോളുകൾക്ക് തെലങ്കാനയെയാണ് തമിഴ്‌നാട് തോൽപ്പിച്ചത്. സർവീസസ് ഇതേ സ്‌കോറിന് ലക്ഷദ്വീപിനെയും പരാജയപ്പെടുത്തി. തുടർച്ചയായ രണ്ടാം തോൽവിയോടെ തെലങ്കാനയും ലക്ഷദ്വീപും ഫൈനൽ റൗണ്ടിലെത്തില്ലെന്ന് ഉറപ്പായി.

ആദ്യ മൽസരത്തിൽ തെലങ്കാന സർവീസസിനോട് എതിരില്ലാത്ത ഏഴു ഗോളിന് തോറ്റിരുന്നു. തമിഴ്‌നാടിനോട് എതിരില്ലാത്ത രണ്ടു ഗോളുകൾക്കായിരുന്നു ലക്ഷദ്വീപിന്റെ തോൽവി. തെലങ്കാനയ്‌ക്കെതിരെ 15, 23, 79 മിനിറ്റുകളിലായിരുന്നു തമിഴ്‌നാട് ക്യാപ്റ്റൻ റീഗന്റെ ഗോളുകൾ. നാലാം ഗോൾ എസ്. നന്ദകുമാർ (38) നേടി.

സരോജ് റായിയുടെ ഇരട്ടഗോളുകളാണ് ലക്ഷദ്വീപിനെതിരെ സർവീസസിന് അനായാസ ജയം സമ്മാനിച്ചത്. 25, 56 മിനിറ്റുകളിലായിരുന്നു റായിയുടെ ഗോളുകൾ. മുഹമ്മദ് ഇർഷാദ് (8), അർജുൻ ഡുഡു (അധികസമയത്തിന്റെ അവസാന മിനിറ്റ്) എന്നിവരാണ് സർവീസസിന്റെ മറ്റു ഗോളുകൾ നേടിയത്.