- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പട്ടയരേഖ കാണാനില്ലെന്ന് ബിന്ദുകൃഷ്ണ; തന്റെ കയ്യിൽ തന്നിട്ടേയില്ലെന്ന് സത്യശീലൻ; താനും കണ്ടില്ലെന്ന് കൊടിക്കുന്നിലും; കള്ളങ്ങൾ പൊളിച്ച് വീഡിയോ ഫേസ്‌ബുക്കിൽ ഇട്ട് പ്രതാപ വർമ്മ തമ്പാൻ; കൊല്ലം ഡിസിസി ഓഫീസിന്റെ എല്ലാ രേഖകളും ഒറ്റയടിക്ക് പൊങ്ങിവന്നത് ഇങ്ങനെ
കൊല്ലം: തന്നെ കുടുക്കാനെന്നവണ്ണം കൊല്ലം ഡിസിസി ഓഫീസിന്റെ പട്ടയരേഖ കാണാനില്ലെന്ന പ്രചരണം നടത്തിയ പുതിയ ഡിസിസി പ്രസിഡന്റ് ബിന്ദുകൃഷ്ണയ്ക്കും മുൻ പ്രസിഡന്റ് സത്യശീലനും ചുട്ട മറുപടിയുമായി പ്രതാപവർമ്മ തമ്പാൻ എത്തിയതോടെ 'കാണാതായ' രേഖ 24 മണിക്കൂറിനകം പൊങ്ങി പുറത്തുവന്നു. താൻ രേഖ സത്യശീലന് കൈമാറുന്നതിന്റെ വീഡിയോ പുറത്തുവിട്ടുകൊണ്ടാണ് തമ്പാൻ തന്നെ പ്രതിസ്ഥാനത്ത് നിർത്താനുള്ള എതിരാളികളുടെ നീക്കത്തിന് പഴുതടച്ച മറുപടി നൽകിയത്. ഇതോടെ 'കാണാതായ' രേഖ ചാടി പുറത്തുവന്നു. ഇന്നത്തെ ഡിസിസി യോഗത്തിൽ ഇക്കാര്യം സ്ഥിരീകരിച്ചതായി തമ്പാൻ മറുനാടൻ മലയാളിയോട് പ്രതികരിച്ചു. കഴിഞ്ഞദിവസമാണ് താൻ ചുമതലയേറ്റ് മാസങ്ങളായിട്ടും ഡിസിസി ഓഫീസ് സ്ഥിതിചെയ്യുന്ന ഭൂമിയുടെ പട്ടയരേഖ ഇതുവരെ കണ്ടിട്ടില്ലെന്ന് ഡിസിസി പ്രസിഡന്റ് ബിന്ദുകൃഷ്ണ ഡിസിസി ഭാരവാഹികളുടെ യോഗത്തിൽ പറഞ്ഞത്. ഇതോടെ മാദ്ധ്യമങ്ങളിലും ഇത് വലിയ വാർത്തയായി പ്രത്യക്ഷപ്പെട്ടു. ഡിസിസി പ്രസിഡന്റിന്റെ പേരിൽ ഭൂമിയുടെ പട്ടയം നൽകാൻ 2004ലെ ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്താണ് തീരുമാന
കൊല്ലം: തന്നെ കുടുക്കാനെന്നവണ്ണം കൊല്ലം ഡിസിസി ഓഫീസിന്റെ പട്ടയരേഖ കാണാനില്ലെന്ന പ്രചരണം നടത്തിയ പുതിയ ഡിസിസി പ്രസിഡന്റ് ബിന്ദുകൃഷ്ണയ്ക്കും മുൻ പ്രസിഡന്റ് സത്യശീലനും ചുട്ട മറുപടിയുമായി പ്രതാപവർമ്മ തമ്പാൻ എത്തിയതോടെ 'കാണാതായ' രേഖ 24 മണിക്കൂറിനകം പൊങ്ങി പുറത്തുവന്നു.
താൻ രേഖ സത്യശീലന് കൈമാറുന്നതിന്റെ വീഡിയോ പുറത്തുവിട്ടുകൊണ്ടാണ് തമ്പാൻ തന്നെ പ്രതിസ്ഥാനത്ത് നിർത്താനുള്ള എതിരാളികളുടെ നീക്കത്തിന് പഴുതടച്ച മറുപടി നൽകിയത്. ഇതോടെ 'കാണാതായ' രേഖ ചാടി പുറത്തുവന്നു. ഇന്നത്തെ ഡിസിസി യോഗത്തിൽ ഇക്കാര്യം സ്ഥിരീകരിച്ചതായി തമ്പാൻ മറുനാടൻ മലയാളിയോട് പ്രതികരിച്ചു.
കഴിഞ്ഞദിവസമാണ് താൻ ചുമതലയേറ്റ് മാസങ്ങളായിട്ടും ഡിസിസി ഓഫീസ് സ്ഥിതിചെയ്യുന്ന ഭൂമിയുടെ പട്ടയരേഖ ഇതുവരെ കണ്ടിട്ടില്ലെന്ന് ഡിസിസി പ്രസിഡന്റ് ബിന്ദുകൃഷ്ണ ഡിസിസി ഭാരവാഹികളുടെ യോഗത്തിൽ പറഞ്ഞത്. ഇതോടെ മാദ്ധ്യമങ്ങളിലും ഇത് വലിയ വാർത്തയായി പ്രത്യക്ഷപ്പെട്ടു. ഡിസിസി പ്രസിഡന്റിന്റെ പേരിൽ ഭൂമിയുടെ പട്ടയം നൽകാൻ 2004ലെ ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്താണ് തീരുമാനമായത്. പിന്നീട് ജി പ്രതാപവർമ്മ തമ്പാൻ പ്രസിഡന്റായിരിക്കെ കരമൊടുക്കി ഭൂമി ഡിസിസി പ്രസിഡന്റിന്റെ പേരിൽ ചേർക്കുകയായിരുന്നു.
താൻ സ്ഥാനമൊഴിഞ്ഞപ്പോൾ രേഖ പുതിയ പ്രസിഡന്റ് വി സത്യശീലന് കൈമാറിയതായി തമ്പാൻ പറഞ്ഞെങ്കിലും തനിക്ക് അങ്ങനെയൊരു രേഖയേ തന്നിട്ടില്ലെന്നായിരുന്നു സത്യശീലന്റെ വാദം. ഇതിന് പിന്നാലെ ഡിസിസി പ്രസിഡന്റായ കൊടിക്കുന്നിൽ സുരേഷ് എംപിയും താനും രേഖ കണ്ടിട്ടില്ലെന്ന് പറഞ്ഞതോടെ രേഖ ഒളിപ്പിച്ചത് തമ്പാനാണെന്ന് വരുത്താനാണ് ശ്രമം നടക്കുന്നതെന്ന സൂചനകളാണ് പുറത്തുവന്നത്.
പക്ഷേ, തമ്പാൻ വിട്ടില്ല. കഴിഞ്ഞദിവസം ഈ പട്ടയരേഖ സത്യശീലന് കൈമാറുന്നതിന്റെ വീഡിയോ ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തുകൊണ്ടാണ് തമ്പാൻ പഴുതടച്ച മറുപടിയുമായി എത്തിയത്. ഇതോടെ കാണാതായ രേഖ പൊങ്ങിവന്നു.
2014 ഓഗസ്റ്റ് ഒന്ന് വെള്ളിയാഴ്ച പട്ടയ രേഖകൾ ഉൾപ്പെടുള്ളവ സത്യശീലന് കൈമാറുന്നുവെന്ന് വ്യക്തമാക്കിയായിരുന്നു ഇതിന്റെ ദൃശ്യങ്ങൾ സഹിതം തമ്പാൻ കഴിഞ്ഞദിവസം പോസ്റ്റ് നൽകിയത്.
പട്ടയരേഖ കാണാതായ വിവരം പുറത്തായതിന് പിന്നാലെ പട്ടയരേഖ മാത്രമല്ല, ഭൂമി ഡിസിസി പ്രസിഡന്റിന്റെ പേരിൽക്കൂട്ടി കരമൊടുക്കിയതിന്റെ രസീത് എവിടെയാണെന്നും വ്യക്തമല്ലെന്നും ആക്ഷേപം ഉയർന്നിരുന്നു. സി.കേശവൻ മുഖ്യമന്ത്രിയായിരിക്കെയാണ് 1951ൽ മുണ്ടയ്ക്കൽ വില്ലേജിൽപ്പെട്ട 1.87 ഏക്കർ പുറമ്പോക്ക് ഭൂമി കോൺഗ്രസ് ജില്ലാ കമ്മിറ്റി ഓഫിസിനായി കുത്തകപ്പാട്ടത്തിനു നൽകിയത്.
പാട്ടത്തുക അടയ്ക്കാതെ കുടിശിക പെരുകി രണ്ടു കോടി രൂപ കവിഞ്ഞു. പിന്നീടു താൻ ഡിസിസി പ്രസിഡന്റായിരിക്കെ കുടിശിക തുകയുടെ ഒരു ഭാഗം അടച്ചശേഷമാണു ഭൂമിക്കു പട്ടയം കിട്ടാൻ നടപടി തുടങ്ങിയതെന്നു കെപിസിസി ജനറൽ സെക്രട്ടറി ശൂരനാട് രാജശേഖരൻ പറഞ്ഞിരുന്നു.
ഭൂമിക്കു കുത്തകപ്പാട്ടം കിട്ടിയതു മുതൽ വിവാദത്തിലായ ഡിസിസി ഓഫിസ് വളപ്പിൽ ഡിസിസി ഓഫിസ് കെട്ടിടത്തിന്റെ നിർമ്മാണവും പല തവണ വിവാദത്തിലായിരുന്നു. പല ഡിസിസി പ്രസിഡന്റുമാരുടെ കാലത്തും കെട്ടിട നിർമ്മാണം നടന്നെങ്കിലും ഇപ്പോഴും പൂർത്തിയാവാത്ത നിലയിലാണ്. ഇതിൽ തമ്പാനെ പ്രതിയാക്കാനാണ് ശ്രമം നടന്നതെന്നാണ് സൂചന. എന്നാൽ ചുട്ട മറുപടി സോഷ്യൽ മീഡിയയിലൂടെ നൽകിയതോടെ തമ്പാൻ രേഖ പുറത്തെത്തിക്കുകയായിരുന്നു. ഇതോടെ തമ്പാന് അഭിനന്ദനവുമായി നിരവധിപേരാണ് എത്തിയത്.
എതായാലും ഈ സംഭവത്തോടെ കൊല്ലത്ത് കോൺഗ്രസിലെ ചേരിപ്പോര് വീണ്ടും വലിയ ചർച്ചയാവുകയാണ്. നേരത്തേ തമ്പാനെ ഒഴിവാക്കി സത്യശീലനെ പ്രസിഡന്റാക്കിയതു മുതൽ തുടങ്ങിയ പ്രശ്‌നങ്ങൾ ഇപ്പോഴും നിലനിൽക്കുന്നതിന്റെ സൂചനയായി മാറുകയാണ് ഈ സംഭവം. പാർട്ടിയിൽ മുതിർന്ന നേതാക്കൾ തമ്മിൽ ജില്ലയിൽ നിൽക്കുന്ന പടലപ്പിണക്കം കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് വലിയ തിരിച്ചടിയായിരുന്നു.
ജില്ലയിൽ ഒരു സീറ്റുപോലും ലഭിക്കാത്തവിധത്തിലാണ് കൊല്ലത്ത് കോൺഗ്രസ് തറപറ്റിയത്. ഇതിന് ശേഷം ബിന്ദുകൃഷ്ണയെ ഡിസിസി അധ്യക്ഷയാക്കിയപ്പോഴും പ്രശ്‌നങ്ങളെല്ലാം അതേപടി തുടരുകയാണെന്ന സൂചനകളാണ് ഇപ്പോൾ പട്ടയരേഖയുടെ പേരിൽ ഉണ്ടായിരിക്കുന്ന പുതിയ വിവാദത്തിൽ നിന്നും വ്യക്തമാക്കുന്നത്. ജില്ലയിൽ ശക്തമായ സാന്നിധ്യമറിയിച്ച നേതാവായ തമ്പാനെ ഒതുക്കാനുള്ള തരംതാണ ശ്രമമാണ് ഇപ്പോൾ നടന്നതെന്നും തമ്പാൻ വീഡിയോ പുറത്തുവിട്ടതോടെ എതിരാളികളുടെ വായടഞ്ഞുവെന്നും തമ്പാൻ അനുകൂലികൾ പ്രതികരിക്കുന്നു.
തോപ്പിൽ രവിക്കു ശേഷം കൊല്ലത്തെ ഡിസിസി പ്രസിഡന്റിന്റെ കസേരയിൽ ഇരിക്കാൻ അർഹനായ ഒരേയൊരാൾ തമ്പാൻ ആയിരുന്നുവെന്നും ഇപ്പോഴത്തെ സംഭവങ്ങൾ കൊല്ലത്തെ കോൺഗ്രസിന്റെ അപചയം തുറന്നുകാട്ടുന്നതാണെന്നും മറ്റും സോഷ്യൽ മീഡിയയിൽ കമന്റുകളും നിറഞ്ഞു.