കൊച്ചി: സോഷ്യൽ മീഡിയയിൽ ജാതിവാല് മുറിക്കാൻ വേണ്ടിയുള്ള ഹാഷ് ടാഗ് പ്രചരണങ്ങൾ വ്യാപകമായി നടക്കുന്നുണ്ട്. കേരള സമൂഹത്തിൽ ജാതി എന്നത് ആഴത്തിൽ വേരൂന്നിയ കാര്യമാണ്. കാലമിത്ര ആയെങ്കിലും ജാതിവെറി ഇല്ലാതാക്കാൻ ഇതുവരെ സാധിച്ചിട്ടില്ല. ഇതിനെയാണ് ജാതിവാൽ മുറിക്കൽ പ്രചരണം സോഷ്യൽ മീഡിയയിൽ വ്യാപകമായത്. ഇതിന് നല്ല പിന്തുണ പിന്തുണ ലഭിക്കുകയും ചെയ്യുന്നുണ്ട്. സിനിമാക്കാർക്കിടയിൽ പോലും ഇത്തരം ചർച്ചകൾ നടക്കുന്നുണ്ട്. കഴിഞ്ഞ ദിവസം പ്രശസ്ത ഛായാഗ്രാഹകനും സംവിധായകനുമായ വേണുവിനെ വേണു നായരാക്കി മാതൃഭൂമി ദിനപത്രം രംഗത്തെത്തിയിരുന്നു. തിരുവനന്തപുരം എഡിഷൻ നഗരം പേജിൽ ബീനാ പോളിനെക്കുറിച്ചുള്ള ലേഖനത്തിലാണ് വേണുവിനെ ലേഖിക വേണു നായരാക്കി മാറ്റിയിരിക്കുന്നത്.

തന്നെ നായരാക്കി മാറ്റിയത് മോശമായിപ്പോടെന്ന് വേണുതന്നെ വ്യക്തമാക്കിയിരുന്നു. ഇത്തരത്തിലൊരു ടാഗ് തനിക്ക് മേൽ പതിപ്പിച്ചത് മോശമായി, നിഷ്‌കളങ്കമായി ഇതിനെ കാണുന്നില്ലെന്നും വേണു പ്രതികരിച്ചിരുന്നു. നായർവാല് താൻ 'അർഹിക്കുന്നില്ല'.അശ്രദ്ധയോടെ കൈകാര്യം ചെയ്യുന്നതുകൊണ്ടാവാം ഇത് സംഭവിച്ചതെന്നുമാണ് വേണു പ്രതികരിച്ചത്.

വേണുവിനെ വേണു നായരാക്കി ചിത്രീകരിച്ച മാതൃഭൂമി ഫീച്ചറിനെതിരെ മറ്റ് സിനിമാക്കാരും രംഗത്തെത്തിയിരുന്നു. 33 വർഷത്തെ ദാമ്പത്യ ജീവിതത്തിന് ശേഷമാണല്ലോ വേണു നായരായതെന്ന് ലേഖനത്തിലെ പരാമർശത്തെ പരിഹസിച്ച് വേണുവിന്റെ സുഹൃത്തും ചലച്ചിത്ര പ്രവർത്തകനായ ശശികുമാർ വാസുദേവൻ, നടൻ അലൻസിയ ലേ ലോപ്പസ്, സംവിധായകൻ സനൽകുമാർ ശശിധരൻ എന്നിവരും പ്രതികരിച്ചു. ഇതിനിടെ ജാതാവാലിനെ പിന്തുണച്ചു കൊണ്ട് സംവിധായകനും നടനും നിർമ്മാതാവുമായ തമ്പി ആന്റണി രംഗത്തെത്തി. ജാതിയുണ്ടെങ്കിൽ ജാതിപ്പേരുകൾ ഉണ്ടാവുന്നതിൽ തെറ്റില്ലെന്നാണ് അദ്ദേഹത്തിന്റെ പക്ഷം.

അമേരിക്കയിലെ ഓഫിസുകളിൽ ചെല്ലുമ്പോൾ അവിടെ ഒരു നായരോ , മേനോനോ, നമ്പൂതിരിയോ, പിഷാരടിയോ ഉണ്ടെന്നറിയുബോൾ മനസ്സിന് ഒരു സന്തോഷമാണെന്നാണ് പ്രവാസി കൂടയായ തമ്പി ആന്റണി പറുന്നത്. ബാബു ആന്റണിയുടെ സഹോദരനായ തമ്പി ആന്റണി ഒരു പ്രവാസി കൂടിയായതിനാൽ അമേരിക്കൻ മലയാളികൾക്കിടയിൽ ഇത്തരത്തിലുള്ള ഹിന്ദു പേരുകൾ അവിടെ കേൾക്കുമ്പോൾ വല്ലാത്ത സന്തോഷം ആണെന്നന്നാണ് ഫേസ്‌ബുക്കിലൂടെ കുറിക്കുന്നത്.

കൊൽക്കത്ത ന്യൂസ്,എ ബി സി ഡി, ഇവാൻ മേഘരൂപൻ പറുദിസ്, പളുങ്ക്, കളിമണ്ണ് പാപിലിയോ ബുദ്ധ, ഡാം999തുടങ്ങി ഹോളിവുഡ് ചിത്രങ്ങൾ അടക്കം 26 സിനിമകൾ അഭിനയിച്ച തമ്പി ആന്റണി സിനിമ നിർമ്മാതാവുമാണ്. അമേരിക്കയിലാണ് അദ്ദേഹം താമസിക്കുന്നത്. ഒരു പ്രവാസി എന്ന നിലയിലുള്ള അനുഭവമാണ് അദ്ദേഹം പങ്കുവെക്കുന്നത്.

തമ്പി ആന്റണിയുടെ പോസ്റ്റ് ഇങ്ങനെ:

ജാതിയുണ്ടെങ്കിൽ ജാതിപ്പേരുമുണ്ട്. അതിൽ ഒരു തെറ്റും ഞാൻ കാണുന്നില്ല. അതൊക്കെ ജനിച്ചു വളർന്ന സാഹചര്യങ്ങളുടെ ഒരടയാളമായി കണ്ടാൽ മതി. ഈ ജാതിയിൽ ജനിക്കുന്നതുപോലും ജനിക്കുന്നവരുടെ കുറ്റമൊന്നുമല്ലല്ലോ. ഞങ്ങൾ അമേരിക്കൻ മലയാളികൾക്ക് അതൊരു പ്രശ്‌നമായി തോന്നാറില്ലെന്നു മാത്രമല്ല ചിലപ്പോൾക്കേ ചില ഗുണങ്ങളുമുണ്ട്. കാരണം ഇവിടെ ഏതെങ്കിലും ഒരോഫീസിൽ എന്തെങ്കിലും കാര്യത്തിനു ചെല്ലുബോൾ അവിടെ ഒരു നായരോ, മേനോനോ, നമ്പൂതിരിയോ, പിഷാരടിയോ ഉണ്ടെന്നറിയുബോൾ മനസ്സിന് ഒരു സന്തോഷമാണ്, ഹാവൂ ഒരു മലയാളിയുണ്ടല്ലോ. അല്ലാതെ ഒരു ഹിന്ദു പേരോ ക്രിസ്ത്യൻ പേരോ ആണങ്കിൽ ഒരിക്കലും അത്രപെട്ടന്ന് അറിയാൻ പറ്റില്ല. നമ്മുടെ കേരളത്തിന്റെ ഏറ്റവും നല്ല ഐഡന്റിറ്റി അല്ലേ അതൊക്കെ.

പല ക്രിസ്ത്യാനികളും പ്രത്യകിച്ചു ക്‌നാനായക്കാർ വീട്ടുപേര് അവസാനത്തെ പേരായി ഉപയോഗിച്ചു തുടങ്ങിയതും അതുകൊണ്ടു മാത്രമാണ്. എന്നാണ് എനിക്കു തോന്നിയിട്ടുള്ളത്. കേരളത്തിലെ പാതിരിമാർ എല്ലാം കൃത്യമായി വീട്ടുപേർ ഉപയോഗിക്കുന്നതു പോലും സായിപ്പ് കൊണ്ടുവന്ന സംസ്‌ക്കാരമാണ്. തീർച്ചയായും ഒരു കൃത്യമായ ഐഡന്റിറ്റി വേണമെങ്കിൽ സ്വന്തം വീട്ടുപേരുതന്നെ വാലായി ഉപയോഗിക്കണം. ഈ ഡിജിറ്റൽ യുഗത്തിൽ എത്ര വർഷം കഴിഞ്ഞാലും നമ്മുടെ തലമുറകളെ തിരിച്ചറിയണമെങ്കിൽ അതത്യാവശ്യമാണെന്ന കാര്യം നമ്മൾ മറന്നുപോകുന്നു.

അത് ഉപയോഗിക്കാത്ത ഒരേ ഒരു സമൂഹം കേരളത്തിലാണ് എന്നതാണ് ഏറ്റവും ആശ്ചര്യകരം. മിക്കവാറും അപ്പന്റെ ആദ്യത്തെ പേരാണ് മക്കളും ഭാര്യമാരും അവസാനത്തെ പേര് അല്ലെങ്കിൽ ലാസ്റ്റ് നെയിമായി ഉപയോഗിക്കുന്നത്. ആപേര് നമുക്ക് മാത്രം അവകാശപ്പെട്ടതല്ലല്ലോ. അമേരിക്കൻ പ്രസിഡന്റുന്മാരുടെ പേരുകൾ, ലിങ്കൺ, കെന്നഡി, റീഗൻ, നിക്‌സൺ, ഒബാമ ഒക്കെ അവരുടെ ലാസ്റ്റ് നെയിം അല്ലെങ്കിൽ അവരുടെ ഐഡന്റിറ്റി ആണെന്നറിയാതെ മക്കൾക്ക് ആ പേരുകൾ ഇടുന്ന മാതാപിതാക്കളുണ്ട് കേരളത്തിൽ. അത് മറ്റൊരു കുടുബത്തിന്റെ വീട്ടുപേര് അപഹരിക്കുന്നതിനു തുല്യമാണ്. അവരുടെയൊക്കെ ഫസ്റ്റ് നെയിം അബ്രാഹാം ജോൺ എന്നൊക്കയുള്ള സാധാരണ പേരുകളാണ്.

ഞാൻ പറഞ്ഞുവന്നത് അവസാനത്തെ പേരിന്റെ പ്രാധാന്യത്തെ പറ്റിയാണ്. ലാസ്റ്റ് നെയിം ഇല്ലെങ്കിൽ ജാതിപ്പേരുകൾ ഉപയോഗിക്കുന്നതിൽ ഒരു തെറ്റുമില്ല. അത്രയെങ്കിലും ഐഡന്റ്റിറ്റിയുണ്ടല്ലോ. എന്നാലും അവസാനത്തെ പേര് വീട്ടുപേരല്ലെങ്കിൽ പിന്നെ എന്ത് ഐഡന്റിറ്റിയാണ് നമ്മുടെ കുടുബത്തിനുള്ളത്. പ്രത്യകിച്ചും പ്രവാസികൾക്ക്. അത് സായിപ്പിനു പറയ്യാൻ ബുദ്ധിമുട്ടാണെന്നു പറഞ്ഞു വേണ്ടാന്നു വെക്കുന്ന ഒരേ ഒരു സമൂഹം മലയാളികൾ മാത്രമാണ്. ഞാൻ ഇത് ഇവിടെ വന്നപ്പോൾ മനസ്സിലാക്കിയ കാര്യമാണ്. ഒരു ലാസ്റ്റ് നെയിം ഇല്ലെങ്കിൽ ഒരെണ്ണം ഉണ്ടാക്കണം. അതുണ്ടെങ്കിൽ എത്ര തലമുറ കഴിഞ്ഞാലും ഫാമിലിയെ ട്രൈസ് ചെയ്യാൻ എളുപ്പവുമാണ്. അതൊക്കെയല്ലാതെ എന്ത് ഐഡന്റിറ്റിയാണ് നമ്മൾ മറുനാട്ടുകാർക്കുള്ളത്.