ശബരിമല: ശബരിമലയിൽ ഭക്തി നിർസാന്ദ്രമായ അന്തരീക്ഷത്തിൽ തങ്ക അങ്കി ചാർത്തി അയ്യപ്പസ്വാമിക്ക് ദീപാരാധന. ഞായറാഴ്ച പകൽ 11.50നും 1.15നും ഇടയ്ക്ക് മീനം രാശി മുഹൂർത്തത്തിൽ തങ്ക അങ്കി ചാർത്തി മണ്ഡലപൂജ നടക്കും. മണ്ഡലകാല തീർത്ഥാടന ചടങ്ങുകൾ പൂർത്തിയാക്കി 10ന് നട അടയ്ക്കും. മകരവിളക്ക് തീർത്ഥാടനത്തിനായി 30ന് വൈകിട്ട് 5ന് വീണ്ടും തുറക്കും.

കഴിഞ്ഞ ബുധനാഴ്ച ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിൽ നിന്നും പുറപ്പെട്ട തങ്ക അങ്കി ഘോഷയാത്രക്ക് വിവിധസ്ഥലങ്ങളിൽ ഭക്തി നിർഭരമായ വരവേൽപ്പാണ് ലഭിച്ചത്. ഇന്നലെ രാത്രി ളാഹ സ്ത്രത്തിൽ തങ്ങിയശേഷം ഇന്ന് പുലർച്ചയാണ് പമ്പയിലേക്ക് പുറപ്പെട്ടത്. പമ്പയിൽ അയ്യപ്പ ഭക്തകർക്ക് തങ്കഅങ്കി ദർശനത്തിനുള്ള അവസരം ഒരുക്കിയിരുന്നു. മൂന്ന് മണിയോടെ തങ്ക അങ്കി പ്രത്യേക പേടകത്തിലാക്കി അയ്യപ്പസേവാസംഘം പ്രവർത്തകർ സന്നിധാനത്തേക്ക് കൊണ്ട് പോയി. ശരംകുത്തിയിൽ വച്ച് ദേവസ്വം അധികൃതരും അയ്യപ്പഭക്തരും ചേർന്ന് തങ്കഅങ്കി സ്വീകരിച്ചു. വാദ്യമേളങ്ങളുടെ അകമ്പടിയോടെ സന്നിധാനത്തേക്ക് കൊണ്ട് പോയി.

പതിനെട്ടാം പടി കയറി കൊടിമരച്ചുവട്ടിൽ എത്തിയതോടെ ദേവസ്വം ബോർഡ് പ്രസിഡന്റ് ഉൾപ്പെടെയുള്ളവർ ചേർന്ന് ഘോഷയാത്രയെ വരവേറ്റു. സോപാനത്തിൽ തന്ത്രിയും മേൽശാന്തിയും ചേർന്ന് പേടകം ഏറ്റുവാങ്ങി. തുടർന്ന് ശ്രീകോവിലിനുള്ളിലേക്ക്. പിന്നീട് ആഭരണ വിഭൂഷിതനായ അയ്യന് ദീപാരാധന. ദേവസ്വം മന്ത്രി രാധാകൃഷ്ണൻ അടക്കമുള്ളവർ സന്നിധാനത്തുണ്ടായിരുന്നു.