ശബരിമല : മണ്ഡല പൂജയ്ക്ക് അയ്യപ്പന്റെ വിഗ്രഹത്തിൽ ചാർത്താനുള്ള തങ്ക അങ്കിയും വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര 22ന് പുറപ്പെടും.രാവിലെ 7ന് ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിൽ നിന്നാണ് ഘോഷയാത്ര പുറപ്പെടുക. ഘോഷയാത്രയെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. കെ അനന്തഗോപനും, ദേവസ്വം ബോർഡ് അംഗങ്ങളായ അഡ്വ. മനോജ് ചരളേലും പി എം തങ്കപ്പനും ചേർന്ന് ആചാരപൂവം യാത്രയയക്കും.

22ന് രാവിലെ അഞ്ച് മുതൽ ഏഴുവരെ ആറന്മുള ക്ഷേത്രാങ്കണത്തിൽ തങ്ക അങ്കി ദർശിക്കാൻ അവസരമുണ്ട്. ഘോഷയാത്ര 25ന് ഉച്ചയ്ക്ക് പമ്പയിൽ എത്തിച്ചേരും. വൈകിട്ട് 3ന് പമ്പയിൽ നിന്ന് തിരിക്കുന്ന തങ്ക അങ്കി ഘോഷയാത്രയ്ക്ക് അഞ്ചുമണിയോടെ ശരംകുത്തിയിൽ വച്ച് ആചാരപ്രകാരമുള്ള സ്വീകരണം നൽകും. ദേവസ്വം ബോർഡ് ജീവനക്കാരും മറ്റ് വകുപ്പുകളുടെ പ്രതിനിധികളും അടങ്ങുന്ന സംഘമാണ് ആചാരപൂർവം സ്വീകരിച്ച് സന്നിധാനത്തേക്ക് ആനയിക്കുന്നത്.

ഘോഷയാത്രയെ പതിനെട്ടാംപടിക്ക് മുകളിൽ ദേവസ്വം ബോർഡ് പ്രസിഡന്റും അംഗങ്ങളും ചേർന്ന് സ്വീകരിക്കും. പിന്നീട് തങ്ക അങ്കി അടങ്ങിയ പേടകം സോപാനത്ത് തന്ത്രിയും മേൽശാന്തിയും ചേർന്ന് ഏറ്റുവാങ്ങും. 6.30ന് തങ്കഅങ്കി ചാർത്തിയുള്ള ദീപാരാധന നടക്കും. ഡിസംബർ 26ന് പകൽ 11.50നും 1.15 നും ഇടയിലാണ് മണ്ഡലപൂജ. മണ്ഡലപൂജ കഴിഞ്ഞ് ഉച്ചക്ക് അടയ്ക്കുന്ന നട വൈകിട്ട് 4ന് വീണ്ടും തുറക്കും. അത്താഴപൂജക്ക് ശേഷം ഹരിവരാസനം പാടി രാത്രി 10ന് നട അടയ്ക്കും. ഇതോടെ 41 ദിവസം നീണ്ടുനിന്ന മണ്ഡലകാല ഉത്സവത്തിനും സമാപനമാകും.

മകരവിളക്ക് ഉത്സവത്തിനായി ഡിസംബർ 30ന് വൈകിട്ട് 5ന് ക്ഷേത്രനട തുറക്കും. അന്നേ ദിവസം തീർത്ഥാടകർക്ക് പ്രവേശനം ഉണ്ടാവില്ല. 2022 ജനുവരി 14നാണ് മകരവിളക്ക് -മകരജ്യോതി ദർശനം.