കാസർഗോഡ്: ദുർമന്ത്രവാദികളുടേയും വ്യാജസിദ്ധന്മാരുടേയും നാടാണ് കാസർഗോഡ്. അനുഭവങ്ങൾ എത്രയുണ്ടായാലും അവരുടെ ചൂഷണത്തിന് ഇരയാകുന്നവർ കാസർഗോഡൻ ഗ്രാമങ്ങളിൽ ഇന്നും സുലഭം. ഇത്തരം ഒരു സംഭവത്തിൽ ജീവനൊടുക്കേണ്ടി വന്നിരിക്കയാണ് കാഞ്ഞങ്ങാട് അവിക്കരയിലെ തൻസീറയെന്ന ടീന.

ഭർതൃമതിയായ തൻസീന പട്ടാപ്പകൽ താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ടതിനെതുടർന്നുള്ള അന്വേഷണമാണ് വ്യാജസിദ്ധനിലേക്ക് എത്തിയത്. തൻസീറ മരിച്ച ദിവസം ക്വാർട്ടേഴ്സിൽ ഒരു സിദ്ധൻ മന്ത്രവാദം നടത്തിയതായി അന്വേഷണത്തിൽ വ്യക്തമായിരുന്നു. അജാനൂർ കാറ്റാടി കൊളവയൽ താമസിക്കുന്ന അമ്പത്തെട്ട്കാരനായ അബ്ദുറഹ്മാനാണ് മന്ത്രവാദം നടത്തിയതെന്ന് വ്യക്തമായതോടെ പൊലീസ് അയാളെ അറസ്റ്റ് ചെയ്തു കോടതിയിൽ ഹാജരാക്കി. ഹോസ്ദുർഗ്ഗ് കോടതി ഇയാളെ രണ്ടാഴ്ചത്തേക്ക് റിമാന്റ് ചെയ്തു.

വ്യാജസിദ്ധൻ മന്ത്രവാദത്തിനായി ക്വാർട്ടേഴ്സിലെത്തുകയും അതിനായി ചില മരുന്നുകൾ വേണമെന്നും പറഞ്ഞ് യുവതിയുടെ ഭർത്താവായ പാണത്തൂർ സ്വദേശി സ്വകാര്യ ബസ്സ് ഡ്രൈവർ ജോമോനെ പുറത്തേക്ക് അയക്കുകയായിരുന്നു. അതിനുശേഷം അടച്ചിട്ട മുറിയിൽ യുവതിയെ ഇരുത്തി ചില മരുന്നുകൾ ഉപയോഗിച്ച് പുക ഇട്ട ശേഷം മന്ത്രവാദം ആരംഭിക്കുകയായിരുന്നു.

പാതി മയക്കത്തിലായ യുവതിയുടെ പൊക്കിൾ കുഴിയിലും ചുറ്റുമായും പച്ച കുത്തുകയും അടിവയറ്റിന്റെ പുറത്ത് ഏതോ ഭാഷയിൽ ചില അക്ഷരങ്ങൾ കുത്തിക്കുറിച്ചതായും കാണപ്പെട്ടു. മൃതദേഹം പോസ്റ്റ് മോർട്ടം ചെയ്തപ്പോഴും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. യുവതിയായ തൻസീറയുടെ രഹസ്യഭാഗത്ത് സിദ്ധന്റെ പരാക്രമം മൂലമുള്ള മാനസിക വിഷമമാണ് യുവതിയെ ആത്മഹത്യ ചെയ്യാൻ പ്രേരിപ്പിച്ചതെന്ന് പൊലീസ് കരുതുന്നു.

ദുർമന്ത്രവാദത്തിന് ഉപയോഗിച്ച കോഴിമുട്ടകൾ, കരി, തുടങ്ങിയ സാധനങ്ങളും ക്വാർട്ടേഴ്സിൽ നിന്നും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. ഇതെല്ലാം കോടതിയിൽ ഹാജരാക്കിയിട്ടുമുണ്ട്. സാഹചര്യതെളിവുകളുടെ അടിസ്ഥാനത്തിൽ സിദ്ധനെതിരെ ആത്മഹത്യാ പ്രേരണക്ക് കേസെടുത്തിരിക്കയാണ്. മന്ത്രവാദത്തിനുള്ള ചെലവിനായി യുവതി മാതാവിൽ നിന്നും പണം വാങ്ങിയിരുന്നതായും പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.

ബാങ്ക് വായ്പ അടക്കാനാണെന്ന് പറഞ്ഞാണ് താൻ സ്വർണം പണയം വെച്ച് പതിനായിരം രൂപ നൽകിയതെന്ന് മാതാവ് പൊലീസിനോട് പറഞ്ഞു. മാതാവിൽ നിന്നും പൊലീസ് വിശദമായി മൊഴിയെടുത്തു വരികയാണ്. പ്രദേശവാസികൾ നേരത്തെ തന്നെ വ്യാജസിദ്ധനായ അബ്ദുറഹ്മാനെതിരെ ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. എന്നാൽ ഇയാളുടെ മന്ത്രവാദ തട്ടിപ്പിനെതിരെ ആരും പരാതിയുമായി മുന്നോട്ട് വരാത്തതിനാൽ പൊലീസ് കേസെടുത്തിരുന്നില്ല.