മലപ്പുറം:താനൂർ അഞ്ചുടി സ്വദേശി പൗറകത്ത് കമ്മുവിന്റെ മകൻ സവാദി(40)നെ ഭാര്യയും കാമുകനും തലക്കടിച്ചും കഴുത്തറുത്തും കൊലപ്പെടുത്തിയ സംഭവത്തിൽ മുഖ്യ പ്രതിയും യുവതിയുടെ കാമുകനുമായ താനൂർ തെയ്യാല സ്വദേശി ബഷീർ(40) പൊലീസിൽ കീഴടങ്ങി. കൃത്യം നടത്തിയ ശേഷം ഷാർജയിലെ ജോലി സ്ഥലത്തേക്കു മുങ്ങിയ പ്രതി ഇന്ന് രാവിലെ 7മണിയോടെ താനൂർ സിഐ ഓഫീസിൽ കീഴടങ്ങിയത്. പൊലീസിന്റെയും പ്രവാസി മലയാളികളുടെയും ഇടപെടലിനെ തുടർന്നാണ് പ്രതിയെ നാട്ടിലെത്തിക്കാൻ സാധിച്ചതെന്ന് താനൂർ സിഐ എം.ഐ ഷാജി മറുനാടൻ മലയാളിയോടു പറഞ്ഞു.

ഇന്നലെ ചെന്നൈ വിമാനത്താവളത്തിലാണ് പ്രതി ഇറങ്ങിയത്. ശേഷം ഇന്ന് പുലർച്ചയോടെ താനൂർ പൊലീസിൽ കീഴടങ്ങുകയായിരുന്നു. മുമ്പ് സൗദിഅറേബ്യയിലായിരുന്ന ഇയാൾ ഇപ്പോൾ ഷാർജയിലെ ഫയർ സ്റ്റേഷനിൽ പാചകക്കാരനായി ജോലി നോക്കി വരികയായിരുന്നു. കൃത്യം നടത്തിയ ശേഷം ഷാർജയിൽ ഒളിവിൽ കഴിയുകയായിരുന്നു പ്രതി. ബഷീർ രാജ്യം വിട്ടതറിഞ്ഞതു മുതൽ പൊലീസ് ഇയാൾക്കായി വലവീശിയിരുന്നു. ശേഷം ഷാർജയിലെ മലയാളി സംഘടനകൾക്ക് പൊലീസ് പ്രതിയുടെ പാസ്പോർട്ട് വിവരങ്ങളും മറ്റും കൈമാറി. തുടർന്ന് പ്രതിയെ കണ്ടെത്തുകയും നാട്ടിലേക്കയക്കാനുള്ള നടപടികൾ കൈകൊള്ളുകയുമായിരുന്നു. രക്ഷപ്പെടാൻ ഒരു മാർഗവും ഇല്ലെന്നായതോടെ ഇയാൾ നാട്ടിലേക്കു വരികയുംതാനൂർ പൊലീസിൽ കീഴടങ്ങുകയുമായിരുന്നു.

റിമാൻഡിൽ കഴിയുന്ന സൗജത്ത്, ബഷീറിന്റെ കൂട്ടാളി സുഫിയാൻ എന്നിവരെ നാളെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ ചോദ്യം ചെയ്യാനിരിക്കെയാണ് മുഖ്യ പ്രതി ബഷീർ ഇന്ന് പൊലീസിൽ കീഴടങ്ങിയത്. കീഴടങ്ങിയ ഉടനെ തെയ്യാലയിലെ കോർട്ടേഴ്സിൽ കൊണ്ടുവന്ന് പ്രതിയെ തെളിവെടുപ്പ് നടത്തി. പ്രതി ഉപേക്ഷിച്ച കത്തിയും മരവടിയും സമീപത്തെ വയലിൽ നിന്നും പൊലീസ് കണ്ടെത്തി. ഇന്ന് വൈകിട്ടോടെ പ്രതി ബഷീറിനെ കോടതിയിൽ ഹാജരാക്കുമെന്ന് സിഐ പറഞ്ഞു. ബഷീറിനെയും മറ്റു പ്രതികളോടൊപ്പം നാളെ കസ്റ്റഡിയിൽ വാങ്ങും.

തെയ്യാല ഓമച്ചപ്പുഴ റോഡിലെ വാടക ക്വാർട്ടേഴ്സിൽ കഴിഞ്ഞ വ്യാഴാഴ്ച പുലർച്ചെയാണ് സവാദിനെ കഴുത്തറുത്തുകൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. സംഭവം നടന്ന ശേഷം പൊരുത്തക്കേടുകൾ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ഭാര്യ സൗജത്തിനെയും മക്കളായ സജാദ്, ഷർജ ഷെറി, ഷംസ ഷെറി, സജ്ല ഷെറി എന്നിവരെയും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ആദ്യം പറയാൻ തയ്യാറായില്ലെങ്കിലും പിന്നീട് വിശദമായ ചോദ്യം ചെയ്യലിൽ സൗജത്ത് സംഭവങ്ങൾ തുറന്നു പറയുകയായിരുന്നു. ഇതോടെയാണ് മനസാക്ഷിയെ ഞെട്ടിച്ച ക്രൂര കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.

തലയിലേറ്റ അടിയാണ് മരണത്തിനിടയാക്കിയതെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ വ്യക്തമായതോടെ കൊലപാതകമാണെന്ന് ശാസ്ത്രീയമായും തെളിയിക്കപ്പെടുകയായിരുന്നു. കാമുകൻ തലക്കടിക്കുകയും ഭാര്യ കഴുത്തറുക്കുകയുമായിരുന്നു. ബഷീറിന്റെ അടിയുടെ ആഘാതത്തിൽ തലയോട്ടിയും കലങ്ങി രക്തം വാർന്നൊഴുകുന്ന നിലയിലായിരുന്നു. ഈ സമയം ഞെരുക്കം മാത്രമായിരുന്നു കേട്ടിരുന്നത്. മരണം ഉറപ്പാക്കാനായി സൗജത്ത് കത്തികൊണ്ട് കഴുത്തറുക്കുകയായിരുന്നു. ആറാം ക്ലാസുകാരിയായ മകളോടൊപ്പം വരാന്തയിൽ സവാദ് സംഭവം നടക്കുമ്പോൾ കിടന്നിരുന്നത്. ഉറക്കത്തിൽ നിന്ന് ഉണർന്ന മകളെ ഉടനെ സൗജത്ത് മുറിയിലിട്ട് പൂട്ടിയ ശേഷമാണ് കത്തികൊണ്ട് അറുത്ത് മരണം ഉറപ്പാക്കിയത്.

കാമുകനോടൊത്ത് ജീവിക്കുന്നതിനാണ് താൻ ഈ കൃത്യം നടത്തിയതെന്ന് സൗജത്ത് നേരത്തെ മൊഴി നൽകിയിരുന്നു. ആദ്യം സൗജത്തിനോടു തന്നെ കൃത്യം നടത്താനായിരുന്നു ബഷീർ ആവശ്യപ്പെട്ടത്. എന്നാൽ സൗജത്തിന്റെ നിർബന്ധത്തിന് വഴങ്ങി ബഷീർ നാട്ടിലേക്കെത്തി കൃത്യം നടത്താൻ തീരുമാനിക്കുകയായിരുന്നു. ഒടുവിൽ ഈ മാസം 2ന് മംഗലാപുരം വിമാനത്താവളം വഴി കൃത്യം നടപ്പാക്കുന്നതിനായി ബഷീർ നാട്ടിലെത്തി. ഇവിടെ നിന്നും തെയ്യാല ഓമച്ചപ്പുഴ സ്വദേശിയും കാസർകോട് ഐ.ടി.ഐ വിദ്യാർത്ഥിയുമായ 21കാരനായ സുഫിയാന്റെ സഹായത്തോടെ കാർ വാരടകയ്ക്കെടുത്ത് ആദ്യദിവസം കോർട്ടേഴ്സിലെത്തി കൊലപാതകം നടത്താൻ ശ്രമിച്ചു.

എന്നാൽ സവാദ് ഉറങ്ങാൻ വൈകിയതു കാരണം ശ്രമം പരാജയപ്പെട്ടു ഇവർ മടങ്ങി കോഴിക്കോട് ആഡംബര ഹോട്ടലിൽ മുറിയെടുത്ത് തങ്ങി. തൊട്ടടുത്ത ദിവസം കോഴിക്കോട്ടെത്താൻ ആവശ്യപ്പെട്ടതനുസരിച്ച് സൗജത്ത് ഹോട്ടൽ മുറിയിലെത്തുകയും കൊലപാതകം ആസുത്രണം ചെയ്യുകയും ചെയ്തു. അന്നേ ദിവസം കോഴിക്കോട് ഏറെ നേരം ചിലവഴിച്ച ശേഷം വൈകിട്ടോടെ ചെമ്മാട് ഇതേ കാറിൽ സൗജത്തിനെ ഇറക്കി. ഇവിടെനിന്ന് ബസിൽ തെയ്യാലയിലെത്തി. ഈ സമയം സവാദ് മത്സബന്ധനത്തിനായി കടലിൽ പോയതായിരുന്നു.

രാത്രി വൈകി എത്തിയ സവാദ് ക്ഷീണം കാരണം നേരത്തേ കിടന്നുറങ്ങി. രാത്രി 12മണിയോടെ സൗജത്ത് മൊബൈൽ വഴി സവാദ് ഉറങ്ങിയ വിവരം ബഷീറിനെ അറിയിച്ചു. 12.30ഓടെ എത്തിയ ബഷീർ സൗജത്ത് നേരത്തേ തുറന്നുവെച്ച പിറകിലെ വാതിലിലൂടെ അകത്ത് പ്രവേശിച്ചു. സവാദ് ഉറങ്ങിയോയെന്ന് വീണ്ടും ഉറപ്പാക്കി. ശേഷം കൈയിൽ കരുതിയ മരവടിയെടുത്തി തലയിൽ ആഞ്ഞടിച്ചു. പിന്നീട് മരണം ഉറപ്പാക്കാൻ സൗജത്ത് കത്തികൊണ്ട് കഴുത്തറുക്കുകയും ചെയ്തു.

കൃത്യം നടത്തിയ ശേഷം സുഫിയാന്റെ കൂടെ കാറിൽ തന്നെ മടങ്ങി. നേരെ കണ്ണൂരിലെ ട്രാവൽസിലെത്തി ടിക്കറ്റെടുത്ത് മംഗലാപുരം വിമാനത്താവളം വഴി വിദേശത്തേക്ക് രക്ഷപ്പെടുകയായിരുന്നു. വിമാനത്താവളത്തിൽ എത്തിച്ചതും സുഫിയാനായിരുന്നു. അതേസമയം കാമുകിയെ കാണാനെന്നു മാത്രമായിരുന്നു തന്നോട് പറഞ്ഞെതെന്നാണ് സുഫിയാൻ പൊലീസിൽ മൊഴിനൽകിയത്. കാർ വാടകയ്ക്കു നൽകുന്ന ഏർപ്പാടുണ്ടായിരുന്നു സുഫിയാന്. ഇതാണ് ബഷീർ സുഫിയാനെ ബന്ധപ്പെടാൻ കാരണം. സംഭവത്തിൽ സുഫിയാന് നേരിട്ടു പങ്കില്ലെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.

മൂന്ന് പേരെയും കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യുന്നതോടെ കൊലപാതകത്തിന്റെ കൃത്യമായ വിവരം ലഭിക്കുമെന്നാണ് പൊലീസ് മനസിലാക്കുന്നത്. സവാദിന്റെ മൂന്ന് പെൺമക്കളും ഒരാൺകുട്ടിയും ഇപ്പോൾ സവീദിന്റെ വീട്ടുകാരോടൊപ്പമാണ് കഴിയുന്നത്. അഞ്ചുടിയിലെ തറവാട് വീടിനോടു ചേർന്ന് വീട് വെയ്ക്കാനായി സവാദ് തറകെട്ടിയിരുന്നു. ഇതിനിടെയാണ് സവാദിന് ദാരുണാന്ത്യം സംഭവിച്ചത്. സവാദിന്റെ കുട്ടികളുടെ വിദ്യാഭ്യാസവും മറ്റു ചിലവുകളും ഖത്തർ കെ.എം.സി.സി വഹിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.