താനൂർ: ഭർത്താവിനെ കൊലപ്പെടുത്തിയത് കാമുകനും താനും ചേർന്നാണെന്ന സൗജത്തിന്റെ വെളിപ്പെടുത്തലോടെ സവാദ് വധത്തിന്റെ ചുരുളഴിഞ്ഞു. ദുബായിലായിരുന്ന ബഷീറും സൗജത്തും എല്ലാം വ്യക്തമായി ആസൂത്രണം ചെയ്തു. ഇതനുസരിച്ച് കൃത്യം നടത്താനായി മാത്രം ബഷീർ രണ്ടുദിവസത്തെ അവധിയിൽ നാട്ടിലേക്ക് തിരിച്ചു. സ്വന്തം വീട്ടുകാർപോലും അറിയാതെ രഹസ്യമായി മംഗളൂരു വിമാനത്താവളം വഴിയായിരുന്നു യാത്ര. ഇതിനിടെയാണ് സുഹൃത്തും കാസർകോട്ടെ കോളേജ് വിദ്യാർത്ഥിയുമായ ഓമച്ചപ്പുഴ സ്വദേശി സൂഫിയാനെ ഒപ്പംകൂട്ടിയത്. എല്ലാം പദ്ധതി ഇട്ടതു പോലെ നടന്നു. എന്നാൽ പൊലീസ് ചോദ്യം ചെയ്യലിൽ സൗജത്ത് പെട്ടതോടെ എല്ലാം പൊളിഞ്ഞു.

ഒക്ടോബർ രണ്ടിന് രാത്രി ലോഡ്ജിൽ തങ്ങിയ ബഷീർ ഒക്ടോബർ മൂന്നിന് സൗജത്തിനെ കോഴിക്കോട്ടേക്ക് വിളിച്ചുവരുത്തി. തുടർന്ന് ഇരുവരും നഗരത്തിൽ ചുറ്റിയടിച്ചു. ലോഡ്ജ് മുറിയിൽ മണിക്കൂറുകൾ ചിലവഴിക്കുകയും ചെയ്തു. ഇവിടെയാണ് കൊലപാതക ഗൂഢാലോചന നടന്നത്. ബുധനാഴ്ച വൈകീട്ട് സൗജത്തിനെ ചെമ്മാട് കൊണ്ടുവന്നാക്കിയശേഷം ബഷീർ തിരികെ കോഴിക്കോട്ടേക്ക് മടങ്ങി. തുടർന്ന് രാത്രി പന്ത്രണ്ട് മണിയോടെ സൂഫിയാനോടൊപ്പം ഓമച്ചപ്പുഴയിലേക്ക്. എല്ലാം ഭംഗിയായെന്ന് ഉറപ്പാക്കിയ ശേഷം തിരികെ ഗൾഫിലേക്കും ബഷീർ മടങ്ങി. ബഷീറിനെ പിടികൂടാൻ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കും. അതിന് ശേഷം ഇന്റർപോളിന്റെ സഹായവും തേടും.

വൈദ്യുതിയില്ലാത്തതിനാൽ രാത്രി സവാദും മകളും സിറ്റൗട്ടിലാണ് ഉറങ്ങാൻകിടന്നിരുന്നത്. ഈ സമയം സൗജത്ത് അകത്തെ മുറിയിലിരുന്ന് ബഷീറുമായി ഫോണിൽ ബന്ധപ്പെട്ടിരുന്നു. ബഷീർ എത്തിയതോടെ വീടിന്റെ വാതിൽ തുറന്നുനൽകിയതും സൗജത്താണ്. തടിക്കഷണവുമായി വീട്ടിലെത്തിയ ബഷീർ സവാദിന്റെ തലയ്ക്കടിച്ചശേഷം കടന്നുകളഞ്ഞു. ഇതിനിടെ അടുത്തുകിടന്നിരുന്ന മകൾ ഉറക്കമുണർന്നു. സൗജത്ത് മകളെ അകത്തെമുറിയിലേക്ക് മാറ്റി. തുടർന്ന് സിറ്റൗട്ടിലെത്തിയപ്പോൾ ഭർത്താവിന് ജീവനുണ്ടെന്ന് കണ്ട സൗജത്ത് കത്തി ഉപയോഗിച്ച് കഴുത്തറുത്ത് മരണംഉറപ്പുവരുത്തി. ഇതിനുശേഷമാണ് അയൽവാസികളെ വിവരമറിയിച്ചത്.

തലയ്ക്കടിയേറ്റ സവാദിന്റെ നിലവിളികേട്ടാണ് മകൾ ഉണർന്നത്. വ്യാഴാഴ്ച പുലർച്ചെയാണ് സംഭവം. സ്ഥലത്തെത്തിയ പൊലീസ് അന്നുതന്നെ ഇവരുടെ മൊഴിയെടുത്തിരുന്നു. വീടിന്റെ പിൻവശത്തെ വാതിൽ തുറന്നിട്ടത് കുട്ടികൾക്കു മൂത്രമൊഴിക്കാൻ പോകാനാണെന്നാണ് സൗജത്ത് പൊലീസിനോടു പറഞ്ഞത്. ഇതിൽ സംശയം ശക്തമായി. നാട്ടുകാരുടെ സംശയവും പൊലീസിനെ ചോദ്യം ചെയ്യലിന് പ്രേരിപ്പിച്ചു. കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് ദാരുണ കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. ബഷീറിനൊപ്പം താമസിക്കാൻ വേണ്ടിയാണു കൊലപാതകം നടത്തിയതെന്ന് സൗജത്ത് മൊഴി നൽകി. ഒരു വർഷം നീണ്ട ഗൂഢാലോചനയ്ക്കു ശേഷമാണ് കൊല ചെയ്തതെന്നും അവർ പറഞ്ഞു.

കൊലപാതകം നടത്താൻ ദുബായിൽനിന്ന് മംഗലാപുരം വിമാനത്താവളം വഴി എത്തിയ ബഷീർ കൃത്യം നിർവ്വഹിച്ച ശേഷവും അതു വഴി തന്നെ ഗൾഫിലേക്ക് മടങ്ങി. വിമാനത്താവളത്തിലേക്ക് എത്തിച്ചത് സുഹൃത്തായ സുഫിയാനാണ്. രക്തം പുരണ്ട വസ്ത്രങ്ങൾ നശിപ്പിക്കാൻ സഹായിച്ചതും ഈ സുഹൃത്താണ്. ഇയാൾ കാസർകോടുവച്ച് പിടിയിലായി. കൊലപാതകത്തിനുപയോഗിച്ച മരക്കഷണവും വെട്ടുകത്തിയും വീട്ടിൽനിന്നു കണ്ടെടുത്തു. പിതാവ് മരിക്കുകയും അമ്മ അറസ്റ്റിലാവുകയും ചെയ്തതോടെ ഇവരുടെ സൗജത്തിന്റെ നാലു മക്കളുടെ ഭാവി പ്രതിസന്ധിയിലായി. വിവാഹിതനായ ബഷീറിനു മൂന്നു മക്കളുണ്ട്.

ഏറെ നാളായി സൗജത്തും ബഷീറും അടുപ്പത്തിലായിരുന്നു. ഇരുവരും ഒന്നിച്ച് ജീവിക്കാനാണ് കൊലപാതകം നടത്തിയതെന്ന് സൗജത്ത് മൊഴി നൽകിയിട്ടുണ്ട്. നാലു മക്കളാണ് സൗജത്ത് -സവാദ് ദമ്പതികൾക്കുള്ളത്. പിതാവ് മരിക്കുകയും കൊലപാതകക്കേസിൽ മാതാവ് അറസ്റ്റിലാവുകയും ചെയ്തതോടെ കുട്ടികളുടെ ഭാവി പ്രതിസന്ധിയിലായിരിക്കുകയാണ്. സൗജത്തിന്റെ കാമുകൻ ബഷീറും വിവാഹിതനും മൂന്ന് മക്കളുടെ പിതാവുമാണ്. നാളുകളായുള്ള ഗൂഢാലോചനയ്ക്ക് ശേഷമാണ് കൊലപാതകം നടത്തിയതെന്ന് ചോദ്യം ചെയ്യലിൽ ബോധ്യപ്പെട്ടിട്ടുണ്ട്. തലയ്ക്കടിച്ചും കഴുത്തറുത്തുമാണ് കൊലനടത്തിയിരിക്കുന്നത്. കൊലപാതകത്തിന് ഉപയോഗിച്ച വെട്ടുകത്തിയും മരക്കഷ്ണവും വീട്ടിൽ നിന്നും കണ്ടെത്തിയിട്ടുണ്ട്.

സവാദ് വധക്കേസിലെ മുഖ്യപ്രതിയായ ഓമച്ചപ്പുഴ സ്വദേശി ബഷീറുമായി നാലുവർഷം മുമ്പാണ് സൗജത്ത് അടുപ്പത്തിലാകുന്നത്. മൊബൈൽഫോണിലൂടെ ആരംഭിച്ച ബന്ധം അതിരുവിട്ടതോടെ ഇതിനെചൊല്ലി വീട്ടിലും പ്രശ്നങ്ങളുണ്ടായി. തുടർന്ന് സവാദും കുടുംബവും രണ്ടുവർഷം മുമ്പ് ഓമച്ചപ്പുഴയിലെ വാടകവീട്ടിലേക്ക് താമസംമാറി. എന്നാൽ സൗജത്ത് ബഷീറുമായുള്ള ബന്ധം തുടരുകയും ഇതേചൊല്ലി സവാദുമായി ഇടക്കിടെ വഴക്കിടുകയുമുണ്ടായി. ഇതോടെയാണ് ഭർത്താവിനെ ഇല്ലാതാക്കാൻ സൗജത്തും കാമുകൻ ബഷീറും തീരുമാനമെടുത്തത്.