മലപ്പുറം: പൊലീസ് സ്റ്റേഷനിൽ കസ്റ്റഡിയിലെടുത്ത മൂന്നംഗ സംഘത്തെ സി.ഐ അടിവസ്ത്രത്തിൽ നിർത്തി കൈമുട്ടി പാട്ടു പാടിക്കുന്ന ദൃശ്യം പുറത്ത് വന്ന സംഭവത്തിൽ പൊലീസുകാർക്കെതിരെ തിരിഞ്ഞ് സിഐ. ദൃശ്യം പൊലീസുകാർ തന്നെ പുറത്തുവിട്ടുവെന്നതാണ് സി.ഐ സി.അലവിയെ ചൊടിപ്പിച്ചിരിക്കുന്നത്. അതേ സമയം കക്ഷിരാഷ്ട്രീയ വ്യത്യാസമില്ലാതെ സി.ഐക്കെതിരെ പ്രതിഷേധം വ്യാപകമായിരിക്കുകയാണ്.

താനൂർ സർക്കിൾ ഇൻസ്പക്ടർ സി.അലവി കസ്റ്റഡിയിലെടുത്ത മൂന്ന് പേരെ കൈമുട്ടി പാടിക്കുന്ന ദൃശ്യമാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. താനൂർ സർക്കിളിനു കീഴിലെ പരപ്പനങ്ങാടി പൊലീസ് സ്റ്റേഷനിൽ കസ്റ്റഡിയിലെടുത്തവരെയാണ് സി.ഐ കൈമുട്ടി പാടിച്ചത്. മൂന്ന് പ്രതികൾ വട്ടത്തിൽ നിന്ന് കൈകൊട്ടി പാടുകയും പരസ്പരം കൈ കൊട്ടുന്നതും വീഡിയോയിൽ കാണാം. എന്നാൽ, വീഡിയോ പുറത്തായതിന് ശേഷം പൊലീസുകാർ മുഖാമുഖം നോക്കുകയല്ലാതെ, എന്നാണ് സംഭവം നടന്നതെന്ന് വെളിപ്പെടുത്താൻ തയ്യാറായിരുന്നില്ല.

പൊലീസ് സ്റ്റേഷന്റെ അകത്തുനിന്ന് തന്നെയാണ് വീഡിയോ എടുത്തിരിക്കുന്നത്. അതുകൊണ്ട് തന്നെ പൊലീസുകാർ പ്രചരിപ്പിച്ചതാവാമെന്ന സംശയത്തിലാണ് സിഐ സംഭവം വിവാദമായതോടെ പൊലീസുകാർക്കു നേരെയും തിരിഞ്ഞിരിക്കുകയാണ് സിഐ മുമ്പ് പരപ്പനങ്ങാടി സ്റ്റേഷനിലെ പ്രതികളുടെ ചിത്രം സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചതിന് രണ്ട് പൊലീസുകാരെ സസ്‌പെൻഡ് ചെയ്തിരുന്നു. കസ്റ്റഡിയിൽ ഇരിക്കുന്ന പ്രതികളോട് പാലിക്കേണ്ട മര്യാദകൾ സംബന്ധിച്ച് പൊലീസിന് കൃത്യമായ മാർഗ നിർദ്ദേശം നിലനിൽക്കുമ്പോഴാണ് ഇത്തരത്തിലുള്ള പ്രാകൃത ശിക്ഷാ രീതി തുടരുന്നത്.

സി.ഐ അലവിയുടെ നടപടിക്കെതിരെ ഇതിനോടകം വിവിധ കോണുകളിൽ നിന്നും വിമർശനമുയർന്നു. മുമ്പും സി.ഐ അലവിയുടെ നടപടികൾ വിവാദമായിരുന്നു. ലൈംഗികാരോപണമുൾപ്പടെ സി.ഐക്കെതിരെ ഉയർന്നിട്ടുണ്ട്. താനൂർ തീരദേശത്തുണ്ടായ പൊലീസ് അതിക്രമം, സ്റ്റേഷനിലെത്തുന്നവരോട് മോശമായി പെരുമാറൽ തുടങ്ങിയ പരാതിയും സി.ഐക്കെതിരെയുണ്ട്. ഹെൽമറ്റ് വേട്ട നടത്തി പിടിക്കപ്പെടുന്ന ആൺകുട്ടികളെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കുന്നതായും അലവിക്കെതിരെ ആരോപണമുണ്ട്.

സി.ഐക്കെതിരെ പരാതിക്കെട്ടുകൾ സി.പി.എം നേതൃത്വത്തിന് ലഭിച്ചതിനെ തുടർന്ന് അലവിയെ നാല് മാസം മുമ്പ് താനൂർ നിന്നും മലപ്പുറം സ്‌പെഷൽ ബ്രാഞ്ചിലേക്ക് മാറ്റിയിരുന്നു. എന്നാൽ ഈ ചുമതല അലവി ഏറ്റെടുത്തില്ല. പിന്നീട് ഭരണ സ്വാധീനം ഉപയോഗിച്ച് വീണ്ടും അലവി താനൂരിലെത്തുകയായിരുന്നു. കസ്റ്റഡിയിലെടുത്തവരെ അടി വസ്ത്രത്തിൽ നിർത്തി പാട്ടു പാടിക്കുന്ന വീഡിയോ പുറത്തായതാണ് വീണ്ടും അലവിയെ വിവാദ നായകനാക്കിയിരിക്കുന്നത്.

എന്നാൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ദൃശ്യം ഒരു വർഷം മുമ്പുള്ളതാണെന്നും അവർ സ്വയം പാടിയതാണെന്നുമാണ് സി.ഐയുടെ വിശദീകരണം. പൂവാലന്മാരായ ഇവരെ അടിവസ്ത്രത്തിലാണ് നാട്ടുകാർ പൊലീസിൽ ഏൽപ്പിച്ചതത്രെ. പരാതിയില്ലാത്തതിനാൽ പിന്നീട് ഇവരെ വിട്ടയക്കുകയായിരുന്നെന്നും സി.ഐ പറയുന്നു.