ബോളിവുഡിൽ നിന്നും ദിവസം തോറും പുതിയ പുതിയ പീഡന കഥകളാണ് പുറത്ത് വരുന്നത്. എന്നാൽ എല്ലാ കഥകൾക്കും മുന്നേ തുറന്ന് പറച്ചിലുമായി എത്തിയത് തനുശ്രീ ദത്ത ആയിരുന്നു. ലോകത്താകമാനം മീ റ്റൂ ക്യാംപയ്ൻ തുടങ്ങുന്നതിന് മുമ്പ് താൻ നേരിട്ട വെല്ലുവിളികളും അപമാനിക്കാനുള്ള ശ്രമങ്ങളും വെളിപ്പെടുത്തിയാണ് തനുശ്രീ വാർത്തയിൽ നിറഞ്ഞത്. എന്നാൽ ആ വെളിപ്പെടുത്തലിന് പിന്നാലെ തനിക്ക് വലിയ വില കൊടുക്കേണ്ടി വന്നതായും തനുശ്രീ പറയുന്നു. ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് തനുശ്രീയുടെ തുറന്ന് പറച്ചിൽ.

തന്നെ അപമാനിക്കാൻ ശ്രമിച്ച താരം ആരാണെന്ന് ഇതുവരെ തനുശ്രി വ്യക്തമാക്കിയിട്ടില്ലെങ്കിലും സിനിമാ രംഗത്തിന് മുഴുവൻ അത് ആരാണെന്ന് അറിയാമായിരുന്നെന്ന് തനുശ്രീ വ്യക്തമാക്കി. ഹോൺ ഒകെ പ്ലീസ് എന്ന ചിത്രത്തിൽ ഒരു ഗാനരംഗം ചിത്രീകരിക്കുന്നതിനിടെയാണ് ഒരു നടനിൽ തനുശ്രിക്ക് മോശമായി അനുഭവം ഉണ്ടായത്. ''സത്യത്തിൽ അന്നത്തെ ആ ഗാനരംഗത്തിൽ അയാൾ ഉണ്ടായിരുന്നില്ല. താൻ ഒപ്പിട്ട കരാറിൽ അതൊരു സോളോ നൃത്തമായിരുന്നുവെന്നാണ് പറഞ്ഞിരുന്നത്.

എന്നെ അവർ അക്ഷരാർഥത്തിൽ കെണിയിൽ പെടുത്തുകയായിരുന്നുഎന്നാൽ ആ രംഗത്തിൽ അഭിനയിക്കില്ലെന്ന് ഞാൻ പറഞ്ഞു. തന്റെ ഇംഗിതത്തിന് വഴങ്ങുന്നില്ലെന്ന് കണ്ടപ്പോൾ അയാൾ ഒരു രാഷ്ട്രീയ പാർട്ടിയുടെ പ്രവർത്തകരെ ഉപയോഗിച്ച് എന്നെ ഭീഷണിപ്പെടുത്താൻ തുടങ്ങി''- തനുശ്രീ പറഞ്ഞു. തനിക്ക് 2008ൽ സംഭവിച്ച കാര്യം അംഗീകരിക്കാൻ തയ്യാറാകാത്തിടത്തോളം കാലം ഇന്ത്യയിൽ മീ റ്റൂ പ്രസ്ഥാനം ജീവൻവയ്ക്കില്ലെന്നും തനുശ്രീ അഭിമുഖത്തിൽ പറഞ്ഞു.