കൊച്ചി: നടിയും ഡാൻസറുമായ താരാകല്ല്യാണിന്റെ ഭാർത്താവ് രാജാറാം അതീവ ഗുരുതരാവസ്ഥയിൽ. ഡങ്കിപ്പനി ബാധിച്ചതാണ് പ്രശ്‌ന കാരണം. കൊച്ചി അമൃതയിൽ ചികിൽസയിലുള്ള രാജാറാം വെന്റിലറ്ററിന്റെ സഹായത്തോടെയാണ് ജീവൻ നിലനിർത്തുന്നത്. സിനിമയിലും സീരിയലിലും ശ്രദ്ധേയ വേഷങ്ങൾ ചെയ്തിട്ടുള്ള വ്യക്തിയാണ് രാജാറാം. പ്രശസ്ത ഡാൻസ് അദ്ധ്യാപകനുമാണ്.

സീരിയലിലും സിനിമയിലും ചെറുവേഷങ്ങളുമായി നിറഞ്ഞ നടനാണ് രാജാറാം. പ്രാദേശിക ചാനലുകളിൽ അവതാരകനുമായിരുന്നു. ഡാൻസ് അദ്ധ്യാപകനെന്ന നിലയിലാണ് കലാരംഗത്ത് കൂടുതൽ ശ്രദ്ധേയനായത്. ഭാര്യ താരകല്ല്യാണുമൊത്തും നൃത്ത വേദികളിൽ എത്തിയിരുന്നു. ഭാര്യയും മകളേയും നൃത്ത രംഗത്ത് സജീവ സാന്നിധ്യമായി നിലനിർത്തിയതും രാജാറാമിന്റെ പ്രോത്സാഹനമാണ്.

ഡെങ്കു പനി ബാധിച്ച് ഇടപ്പള്ളി അമൃത ആശുപത്രിയിൽ പ്രവേശിപ്പിച്ച രാജാറാമിനെ ലെങ്ക്സിൽ അണുബാധ ബാധിച്ചതിനെ തുടർന്ന് ഈ മാസം 22 നാണ് കാർഡിയാക് ഐസിയുവിലേക്ക് മാറ്റുന്നത്. തുടർന്ന് ലെങ്ക്സിന്റെ നില വഷളായതിനെത്തുടർന്ന് ഇക്മോ എന്ന ഉപകരണത്തിന്റെ സഹായത്തോടെയാണ് ഹൃദയത്തിന്റെ പ്രവർത്തനം നടത്തുന്നത്.

കാർഡിയോളജിസ്റ്റ് ഡോ. പ്രവീൺ വർമ്മയുടെ നേതൃത്വത്തിലുള്ള വിധഗ്ദ സംഘമാണ് രാജാറാമിനെ ചികിത്സിക്കുന്നത്. വെന്റിലേറ്ററിന്റെ ഉയർന്ന സഹായത്തോടെയാണ് ഇപ്പോൾ രാജാറാമിന്റെ ജീവൻ നിലനിർത്തുന്നതെന്നും നില അതീവ വഷളാണെന്നും അമൃത ആശുപത്രി കാർഡിയോളജി വൃത്തങ്ങൾ മറുനാടൻ മലയാളിയോട് പറഞ്ഞു.

ആശുപത്രിയിൽ താര കല്ല്യാൺ, മകൾ സൗഭാഗ്യ, താരയുടെ അമ്മ സുബ്ബലക്ഷ്മി എന്നിവരും മറ്റ് ബന്ധുക്കളുമുണ്ട്. മലയാള ചിത്രങ്ങളിൽ ജൂനിയർ ആർട്ടിസ്റ്റായിട്ടായിരുന്നു രാജാറാമിന്റെ സിനിമ ജീവിതം ആരംഭിക്കുന്നത്. പിന്നീട് കൊറിയോ ഗ്രാഫർ, ചാനൽ അവതാരകൻ എന്ന നിലയിലും രാജാറാം ശ്രദ്ധേയനായി.