തിരുവനന്തപുരം: ശശി തരൂരും റിപ്പബ്ലിക് ടിവിയിലെ ആർണാബ് ഗോസ്വാമിയും തമ്മിലുള്ള പോര് കുപ്രസിദ്ധമാണ്. സുനന്ദ പുഷ്‌കറിന്റെ മരണത്തെ തുടർന്ന് ശശി തരൂരിനെ പ്രതിക്കൂട്ടിലാക്കുന്ന തരത്തിൽ വാർത്തകൾ കൊടുക്കുകയും നിരന്തരം പ്രകോപിപ്പിക്കുകയും ചെയ്തിരുന്നു റിബ്ബബ്ലിക് ടിവി. തരൂരിന്റെ പ്രതികരണങ്ങൾക്കായി കൂട്ടത്തോടെ റിപ്പബ്ലിക് ടിവി മാധ്യമ പ്രവർത്തകർ അദ്ദഹത്തെ സമ്മർദ്ദത്തിലാക്കാൻ ശ്രമിക്കുന്നതും കാണാമായിരുന്നു.ഇതിനെ തുടർന്ന് തരൂർ കോടതിയെ സമീപിക്കുക പോലും ചെയ്തു.

ഏറ്റവുമൊടുവിൽ തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ വച്ച് തന്നെ ഉപദ്രവിക്കാൻ നിർദ്ദേശം ലഭിച്ച മാധ്യമ പ്രവർത്തകനായ ദീപു അബി വർഗീസ് രാജി വച്ച സംഭവത്തിൽ തരൂരിന്റെ പ്രതികരണം ഫേസബുക്കിലെത്തി.ദീപുവിന്റെ ധാർമിക ധൈര്യത്തെ തരൂർ ്അഭിനന്ദിച്ചു.തന്റെ പെരുമാറ്റത്തിൽ ഖേദം പ്രകടിപ്പിക്കാൻ അദ്ദഹം എന്നെ സമീപിച്ചു. ടൈംസ് നൗവിന്റെ ചില മുൻ ജീവനക്കാരും ഇതുപോലെ എന്നെ കാണാൻ വന്നിരുന്നു. ഈ മാന്യതയെ ഞാൻ മാനിക്കുന്നു.

ജേണലിസത്തിന്റെ പേരിൽ ചെയ്ത് കൂട്ടാൻ ഉടമകൾ ആവശ്യപ്പെടുന്ന പല കാര്യങ്ങളോടും യുവആദർശശാലികൾക്ക് ഇഷ്ടക്കേടുണ്ട്. ചില മാധ്യമ അവതാരകർക്കും ഉടമകൾക്കും ഒരു മന: സാക്ഷിക്കുത്തുമില്ലെന്നും ആർണാബിന്റെ പേരെടുത്ത് പറയാതെ തരൂർ പറഞ്ഞു.ധാർമികതയും മാന്യതയുമാണ് അടിസ്ഥാന മാനുഷിക മൂല്യങ്ങൾ.പണത്തിന് വേണ്ടി അവ ഉപേക്ഷിക്കുന്നതിൽ മിക്ക ആളുകൾക്കും ബുദ്ധിമുട്ടുണ്ട്. ജീവിക്കാൻ വേണ്ടി നിങ്ങൾ നുണ പറയേണ്ട കാര്യമില്ല എന്ന ഹാഷ്ടാഗോടെയാണ് തരൂർ കുറിപ്പ് അവസാനിപ്പിക്കുന്നത്.