ന്യൂഡൽഹി: ശശി തരൂർ ഫയൽ ചെയ്ത അപകീർത്തി കേസിന്റെ തുടക്കത്തിൽ തന്നെ വിവാദ മാധ്യമപ്രവർത്തകൻ അർണാബ് ഗോസ്വാമിക്കും അദ്ദേഹത്തിന്റെ റിപബ്ലിക് ടിവിക്കും തിരിച്ചടി. ഭാര്യ സുനന്ദ പുഷ്‌കറിന്റെ മരണത്തിൽ തന്നെ കൊലപാതകിയായി ചിത്രീകരിക്കുന്ന റിപ്പോർട്ട് പ്രസിദ്ധീകരിച്ചുവെന്ന് ആരോപിച്ചാണ് തരൂർ ഡൽഹി ഹൈക്കോടതിയിൽ ഹർജി നല്കിയിരിക്കുന്നത്. രണ്ടു കോടി രൂപ മാനനഷ്ടമായി ലഭിക്കണമെന്നാണ് മുതിർന്ന കോൺഗ്രസ് നേതാവും തിരുവനന്തപുരം എംപിയുമായ തരൂരിന്റെ ആവശ്യം.

'വാചകമടി നിർത്തുക. നിങ്ങൾക്ക് നിങ്ങളുടെ വാർത്ത പ്രസിദ്ധീകരിക്കാം, നിങ്ങൾക്ക് വസ്തുതകൾ പ്രസിദ്ധീകരിക്കാം. പക്ഷേ തെളിവില്ലാതെ ആളുകളുടെ പേരുകൾ ഉന്നയിക്കരുത്' - ഇന്ന് കേസ് പരിഗണിച്ച ഡൽഹി ഹൈക്കോടതിയിലെ ജസ്റ്റിസ് മന്മോഹൻ നടത്തിയ പരാമർശം ഇങ്ങനെയായിരുന്നു. കേസ് ഫയിൽ സ്വീകരിച്ച ഡൽഹി ഹൈക്കോടതി ഓഗസ്റ്റ് 16നകം അർണാബും റിപബ്ലിക് ടിവിയും മറുപടി നല്കാൻ നിർദ്ദേശിച്ചു. സുനന്ദയുടെ മരണത്തിൽ തരൂരിനെ കുടുക്കാൻ വാർത്തയുമായി രംഗത്തിറങ്ങിയ അർണാബിന് കോടതിയിൽനിന്നേറ്റ ശക്തമായ തിരിച്ചടിയായി ഇത്.

ബിജെപിക്കും മോദിക്കും അനുകൂലമായ നിലപാടുകളാൽ കുപ്രസിദ്ധനായ അർണാബ് ഗോസ്വാമി ടൈംസ് നൗ ചാനലിൽനിന്ന് രാജിവച്ചാണ് പുതിയ ചാനൽ മെയ്‌ ആറിനു തുടങ്ങിയത്. മെയ്‌ എട്ടുമുതലാണ് തരൂരിനെ പ്രതികൂട്ടിലാക്കുന്ന റിപ്പോർട്ട് പുറത്തുവിട്ടത്. ഡൽഹിയിലെ ലീല ഹോട്ടലിൽ മരിച്ച നിലയിൽ കണ്ടെത്തി സുനന്ദ പുഷ്‌കറിന്റെ മരണത്തിൽ തരൂരിനു പങ്കുണ്ടെന്നു സ്ഥാപിക്കുന്ന വിധത്തിലാണ് അർണാബ് റിപ്പോർട്ട് അവതരിപ്പിച്ചത്. തരൂരിന്റെ വിശ്വസ്തൻ നാരായണനുമായി തിരുവനന്തപുരം സ്വദേശിയായ മാധ്യമപ്രവർത്തക പ്രേമ ശ്രീദേവി നടത്തിയ ഫോൺ സംഭാഷണങ്ങളാണ് ആരോപണത്തിന് അടിസ്ഥാനമായി പുറത്തുവിട്ടത്.

സുനന്ദ മരിച്ച 2017 ജനുവരി 17ലയേും തലേദിവസത്തേയുമായുള്ള 19 ഫോൺ സംഭാഷണങ്ങളാണ് റിപബ്ലിക് ടിവി പുറത്തുവിട്ടത്. ഹോട്ടലിലെ 307ാം നമ്പർ മുറിയിലാണ് സുനന്ദ താമസിച്ചിരുന്നതെന്നും എന്നാൽ മൃതദേഹം 345ാം നമ്പർ മുറിയിൽനിന്നാണ് കണ്ടെത്തിയതെന്നും റിപ്പോർട്ടിൽ ആരോപിച്ചു. തന്നെ കൊലപാതകിയായി ചിത്രീകരിക്കുന്ന റിപ്പോർട്ടിൽ കടുത്തഭാഷയിലാണ് തരൂർ പ്രതികരിച്ചത്. ആരോപണങ്ങൾ കോടതിയിൽ തെളിയിക്കാനും അർണാബിനെ അദ്ദേഹം വെല്ലുവിളിച്ചു. എന്നാൽ, ഇക്കാര്യത്തിൽ തുടർനടപടി ഉണ്ടാകാത്ത സാഹചര്യത്തിൽ തരൂർ തന്നെ മാനനഷ്ടക്കേസുമായി കോടതിയെ സമീപിക്കുകയായിരുന്നു.

പ്രമുഖ അഭിഭാഷകനും മുതിർന്ന കോൺഗ്രസ് നേതാവുമായ സൽമാൻ ഖുർഷിദ് ആണ് തരൂരിനുവേണ്ടി കോടതിയിൽ ഹാജരായത്. വാർത്ത നല്കിയതിൽ ചാനലും അർണാബും തൃപ്തികരമായ വിശദീകരണം നല്കണമെന്നും തരൂരിനു സംരക്ഷണം വേണമെന്നും സൽമാൻ ഖുർഷിദ് ആവശ്യപ്പെട്ടു. പുറത്തുവിട്ട വാർത്തയുടെയും ഓരോ പരാമർശത്തിന്റെയും കാര്യത്തിൽ കൃത്യമായ വിശദീകരണം നല്കാമെന്ന് അർണാബിനും ചാനലിനും വേണ്ടി ഹാജരായ സന്ദീപ് സേത്തി വ്യക്തമാക്കി. അതേസമയം, സുനന്ദ മരണക്കേസുമായി ബന്ധപ്പെട്ട ഫയലുകൾ റിപ്പോർട്ട് ചെയ്യുന്നത് തടയാനുള്ള ശ്രമം പരാജയപ്പെട്ടുവെന്നാണ് കോടതി പരാമർശത്തിനുശേഷം റിപബ്ലിക് ടിവി ട്വിറ്ററിലൂടെ പ്രതികരിച്ചത്. റിപബ്ലിക് ടിവിക് റിപ്പോർട്ട് ചെയ്യാൻ അവകാശമുണ്ടെന്നാണ് ഡൽഹി ഹൈക്കോടതി വ്യക്തമാക്കിയതെന്നും അവർ കൂട്ടിച്ചേർത്തു.

 റിപബ്ലിക് ചാനലിന്റെ ഉടമസ്ഥരായ ആർഗ് ഔട്ട്‌ലിയർ മീഡിയ, ഏഷ്യാനെറ്റ് ന്യൂസ് എന്നിവർക്കും അർണാബിനും എതിരേയാണ് തരൂർ കേസുകൊടുത്തിരിക്കുന്നത്. സ്വന്തം ഭാര്യയെ താൻ കൊലചെയ്തു എന്ന വിധത്തിലാണ് ചാനൽ റിപ്പോർട്ട് പുറത്തുവിട്ടത്. പൊതുജനങ്ങൾക്കിടയിൽ തന്റെ സ്വീകാര്യത കുറഞ്ഞുവെന്നും തരൂർ പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.

ഇതിനിടെ, തരൂരിനെ കുടുക്കാനായി റിപബ്ലിക് ടിവി പുറത്തുവിട്ട ടേപ്പുകൾ തങ്ങളുടേതാണെന്നു വ്യക്തമാക്കി ടൈംസ് നൗ ചാനലും കേസു കൊടുത്തിട്ടുണ്ട്. അർണാബും മാധ്യമപ്രവർത്തകയായ പ്രേമ ശ്രീദേവിയും നേരത്തേ ടൈംസ് നൗവിലാണു ജോലി ചെയ്തിരുന്നത്. ഇവിടെനിന്ന് ഇവർ ടേപ്പുകൾ മോഷ്ടിച്ചുവെന്നാണ് ടൈംസ് നൗവിന്റെ ആരോപണം.

ശശി തരൂരിനെതിരായ ടേപ്പുകൾക്കു പുറമേ ആർജെഡി ആധ്യക്ഷൻ ലാലുപ്രസാദ് യാദവിനെതിരായ ടേപ്പുകളും റിപബ്ലിക് ടിവി പുറത്തുവിട്ടിരുന്നു. ലാലു യാദവും കുപ്രസിദ്ധ ക്രിമിനൽ മുഹമ്മദ് ഷഹാബുദ്ദീനും തമ്മിലുള്ള സംഭാഷണമായിരുന്നു ഇത്. ജയിലിൽ കഴിയുന്ന ഷഹാബുദ്ദീൻ ലാലുവിന് ഉത്തരവുകൾ നല്കുന്നതായിരുന്നു ടേപ്പിലുണ്ടായിരുന്നത്. ഈ ടേപ്പുകളും ടൈംസ് നൗവിൽനിന്ന് മോഷ്ടിച്ചതാണെന്ന് ആരോപിക്കപ്പെടുന്നു.