തിരുവനന്തപുരം: നീതിയുടെ തുലാസിൽ ഇരയ്ക്കും വേട്ടക്കാരനും തുല്യ അവകാശമാണ്. ഇന്ത്യൻ നീതിന്യായ വ്യവസ്ഥ വിലയിരുത്തുന്നതും അങ്ങനെ തന്നെ. നിയമം കയ്യിലെടുക്കുന്ന സ്ഥിതിയാണ് തലസ്ഥാനത്ത് കഴിഞ്ഞദിവസം നടന്ന ലിംഗച്ഛേദ സംഭവത്തിൽ അരങ്ങേറിയതെന്ന് പരോക്ഷമായി ചൂണ്ടിക്കാട്ടി മുൻകേന്ദ്രമന്ത്രിയും തിരുവനന്തപുരം എംപിയുമായ ശശി തരൂർ രംഗത്തെത്തിയത് ചർച്ചയാവുന്നു.

കുൽഭൂഷൺ യാദവിന്റെ വധശിക്ഷ നടപ്പാക്കാൻ ശ്രമിച്ച പാക്കിസ്ഥാനെതിരെ അന്താരാഷ്ട്ര കോടതിയിൽ ശക്തമായ നടപടികൾക്ക് ഇന്ത്യയുടെ അഭിഭാഷകനായി എത്തിയ ഹരീഷ് സാൽവേയ്ക്കുപോലും ഉപദേശങ്ങൾ നൽകിയ മുൻ യുഎൻ നയതന്ത്രജ്ഞൻ കൂടിയായ ശശി തരൂർ അദ്ദേഹത്തിന്റെ മണ്ഡലത്തിൽ നടന്ന ഒരു കുറ്റകൃത്യത്തെ ഇത്തരത്തിൽ വിലയിരുത്തിയത് വലിയ ചർച്ചയായി മാറുകയാണിപ്പോൾ.

പീഡിപ്പിക്കാൻ ശ്രമിച്ച സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ച യുവതി നിയമം കൈയിലെടുക്കുന്നതിനു പകരം പൊലീസിനെ സമീപിക്കുകയാണ് ചെയ്യേണ്ടിയിരുന്നതെന്ന് വ്യക്തമാക്കിയാണ് തരൂർ ഫേസ്‌ബുക്കിലൂടെ പ്രതികരിച്ചത്.

'ഇത്തരമൊരു ശ്രീഘ്രനീതി യുവതി നടപ്പാക്കിയത് ഒരർത്ഥത്തിൽ ന്യായീകരിക്കത്തക്കതാണ്. പക്ഷേ, യുവതി നിയമം കയ്യിലെടുക്കുന്നതിന് പകരം വിഷയം പൊലീസിന്റെ ശ്രദ്ധയിൽ കൊണ്ടുവരികയായിരുന്നു ചെയ്യേണ്ടിയിരുന്നത്. അവളോട് മറ്റെല്ലാവർക്കും ഉള്ളതുപോലെ എനിക്കും സഹതാപമുണ്ട്. പക്ഷേ നിയമം കൃത്യമായി പാലിക്കപ്പെടുന്ന ഒരു സമൂഹമാണ് നമുക്ക് വേണ്ടതെന്നും അവളുടെ കയ്യിൽ കത്തി കരുതണമെന്ന് ഓരോ വ്യക്തിയും ആഗ്രഹിക്കുന്ന ഒരു സമൂഹമല്ല നമ്മുടേതെന്നും കുറിക്കുകയാണ് തരൂർ ചെയ്തത്. ഇതോടെ വിഷയം വലിയ ചർച്ചയായി മാറിയിരിക്കുകയാണ് സോഷ്യൽ മീഡിയയിൽ.

കൊല്ലത്തെ ഒരു ആശ്രമത്തിലെ അന്തേവാസിയായിരുന്നു 54കാരനായ ശ്രീഹരി എന്ന ഹരിസ്വാമിയുടെ ജനനേന്ദ്രിയമാണ് പീഡനശ്രമത്തിനിടെ യുവതി മുറിച്ചത്. ഏഴ് വർഷമായി ഹരിസ്വാമി തന്നെ പീഡിപ്പിക്കുന്നുണ്ടെന്നും കഴിഞ്ഞദിവസം കത്തികാട്ടി ബലപ്രയോഗത്തിലൂടെ കീഴ്‌പ്പെടുത്താൻ ശ്രമിച്ചപ്പോൾ അയാളുടെ കയ്യിലുള്ള കത്തി പിടിച്ചെടുത്ത് ലിംഗച്ഛേദം നടത്തുകയാണ് ചെയ്തതെന്നുമാണ് യുവതി പൊലീസിന് മൊഴി നൽകിയിട്ടുള്ളത്. സംഭവം നടന്നതിന് പിന്നാലെ പെൺകുട്ടിയെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായിവിജയനും മന്ത്രിമാരും രംഗത്തെത്തിയതും ചർച്ചയായിരുന്നു.

യുവതിയൂടെത് ധീരമായ നടപടിയെന്നാണ് പിണറായി വിലയിരുത്തിയത്. എല്ലാ പിന്തുണയും യുവതിക്കുണ്ടെന്നും പിണറായി വ്യക്തമാക്കിയിരുന്നു. അതേസമയം, യുവതി തന്നെ സ്ഥിരമായി ഉപദ്രവിക്കുന്ന സ്വാമിജിയുടെ ലിംഗച്ഛേദം നടത്താൻ നേരത്തെ തന്നെ തീരുമാനമെടുത്തിരുന്നെന്നും അതാണ് കഴിഞ്ഞദിവസം നടപ്പാക്കിയതെന്നും ഡെപ്യൂട്ടി പൊലീസ് കമ്മിഷണർ ഡോ. അരുൾ കൃഷ്ണ വ്യക്തമാക്കിയതായി മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തിട്ടുണ്ട്.

ഇത്തരത്തിൽ പ്രതിരോധാർത്ഥം തന്നെ ആക്രമിക്കാൻ ശ്രമിച്ചയാൾക്ക് യുവതി കടുത്ത ശിക്ഷ നൽകിയതിന് അഭിനന്ദനം എല്ലാ കോണിൽ നിന്നും ഉയർന്നിരുന്നു. അതേസമയം, ഇതിലെ നിയമ വിഷയവും ചർച്ചയായി മാറുകയും ചെയ്തു. ഇത്തരം പീഡനസംഭവങ്ങൾ ഇല്ലാത്ത സമൂഹം ഉറപ്പുവരുത്തേണ്ടത് സർക്കാരിന്റെ കടമയാണെന്നും അതിന് പകരം ചെറുത്തുനിൽപ്പിന് നിയമം കയ്യിലെടുക്കാൻ പ്രേരിപ്പിക്കുന്ന സമീപനമാണ് ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിയുൾപ്പെടെ ചെയ്യുന്നതെന്നും ചർച്ചയായിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് തരൂരിന്റെ പ്രതികരണവും പുറത്തുവരുന്നത്.

പ്പിക്കുന്ന സമീപനമാണ് ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിയുൾപ്പെടെ ചെയ്യുന്നതെന്നും ചർച്ചയായിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് തരൂരിന്റെ പ്രതികരണവും പുറത്തുവരുന്നത്.