ന്യൂഡൽഹി: മോദി സർക്കാർ അധികാരത്തിലെത്തിയതു മുതൽ ശശി തരൂരിന്റെ മനസ്സ് ഏങ്ങോട്ടാണെന്ന സംശയവും ചർച്ചകളിലെത്തി. കേന്ദ്ര സർക്കാരിന്റെ നയങ്ങളെ ആവോളം ശശി തരൂരെന്ന കോൺഗ്രസ് വക്താവ് പുകഴ്‌ത്തി. പലപ്പോഴും കോൺഗ്രസ് നേതൃത്വത്തിന് തരൂരിന്റെ നിലപാടുകൾ വെല്ലുവിളിയുമായി. അപ്പോഴെല്ലാം പറഞ്ഞതു തന്നെയാണ് ഇപ്പോഴും തരൂർ ആവർത്തിക്കുന്നത്.

മാഡിസൺ സ്‌ക്വയറിലെ മോദിയുടെ പ്രസംഗം തരൂരിനും പിടിച്ചു. പതിവ് ശൈലിയിൽ ്ട്വിറ്ററിലൂടെ അത് ലോകത്തെ അറിയിക്കാനും മടിച്ചില്ല. മാഡിസൺ സ്‌ക്വയറിലെ മോദിയുടെ പോഡിയം കറങ്ങിയത് 360 ഡിഗ്രിയാണ്. ഇതു തന്നെയാണ് അദ്ദേഹം കൊണ്ടുവരുമെന്ന് പറഞ്ഞ മാറ്റവുമെന്ന് തരൂർ ട്വീറ്റ് ചെയ്യുന്നു. മാഡിസണിലെ മോദിയുടെ പ്രസംഗത്തെ ഇതിലും മനോഹരമായി പ്രശംസിക്കാൻ പ്രതിപക്ഷ നിരയിലെ പാർമെന്റ് അംഗത്തിനല്ലാതെ മറ്റാർക്കും കഴിഞ്ഞിട്ടില്ല.

ഐക്യരാഷ്ട്ര പൊതുസഭയിലെ മോദിയുടെ പ്രസംഗവും ട്വിറ്ററിലൂടെ തരൂർ ഉയർത്തിക്കാട്ടിയിരുന്നു. ശക്തമായ പ്രസംഗമാണ് മോദി യുഎനിൽ നടത്തിയത്. രാജ്യസ്‌നേഹം തുളുമ്പുന്നവ. ജനാധിപത്യത്തെയും തീവ്രവാദ അന്തരീക്ഷത്തിനെതിരെയും ഉള്ള പിന്തുണ അറിയിക്കുന്നത്. പാക്കിസ്ഥാനുള്ള മികച്ച മറുപടിയാണിതെന്നും തരൂർ ട്വീറ്റ് ചെയ്തു. മോദിയുടെ അമേരിക്കൻ സന്ദർശനത്തെ തരൂർ തന്നെ വാനോളം പുകഴ്‌ത്തുന്നത് കോൺഗ്രസ് നേതൃത്വം എങ്ങനെയെടുക്കുമെന്നതാണ് ശ്രദ്ധേയം.

കഴിഞ്ഞ ദിവസമാണ് മോദി മാഡിസൺ സ്‌ക്വയറൽ അമേരിക്കയിലെ ഇന്ത്യാക്കാരെ അഭിസംബോധന ചെയ്തത്. മുപ്പതിനായിരത്തോളം വരുന്ന കാണികൾ കൈയടിച്ചും മോദി അനുകൂല മുദ്രാവക്യങ്ങൾ മുഴക്കിയുമാണ് മോദിയുടെ പ്രസംഗത്തിലെ ഓരോ വാചകത്തേയും സ്വീകരിച്ചത്. ഇതു തന്നെയാണ് ട്വിറ്ററിലൂടെ തരൂരും പങ്കുവയ്ക്കുന്നത്. ഇന്ത്യൻ പ്രധാനമന്ത്രിക്ക് ചരിത്രത്തിലാദ്യമായാണ് ഇത്രയും വലിയ അംഗീകാരം അമേരിക്കയിൽ ലഭിക്കുന്നത്.

യുഎൻ പൊതുസഭയെ അഭിസംബോധന ചെയ്ത് മോദിയുടെ പ്രസംഗത്തിനും വ്യാപക അംഗീകാരം കിട്ടി. തീവ്രവാദത്തിനെതിരെയും ലോക സമാധാനത്തിന് വേണ്ടിയും മോദി പ്രസംഗിച്ചു. പാക്കിസ്ഥാൻ പ്രസിഡന്റ് അതിന് മുമ്പ് ഇന്ത്യയ്‌ക്കെതിരെ നടത്തിയ പ്രസംഗത്തിന് മികച്ച മറുപടിയും മോദി അന്ന് നൽകിയിരുന്നു. തീവ്രവാദത്തിന്റെ നിഴലിൽ നിന്നും പാക്കിസ്ഥാൻ പുറത്ത് വരണമെന്നും. എന്നാൽ പാക്കിസ്ഥാനുമായി ചർച്ചകൾക്ക് തയാറാണെന്നും മോദി യുഎന്നിൽ വ്യക്തമാക്കി.

ഇന്ത്യയുടെ സ്ഥാനം ലോകരാജ്യങ്ങൾക്ക് മുന്നിൽ ഉയർത്തുന്നതാണ് മോദിയുടെ പ്രസംഗമെന്നാണ് വിദേശകാര്യ നയതന്ത്ര വിദഗ്ധൻ കൂടിയായ തരൂരിന്റെ അഭിപ്രായം. വിദേശകാര്യങ്ങൾക്കുള്ള പാർലമെന്ററീ സമിതിയുടെ അധ്യക്ഷൻ കൂടിയാണ് തിരുവനന്തപുരത്തെ ലോക്‌സഭാ അംഗമായ ശശി തരൂർ. ഐക്യരാഷ്ട്ര സഭയുടെ അണ്ടർ സെക്രട്ടറിയായിരുന്ന തരൂരിന്റെ സേവനം ഈ മേഖലയിൽ ഗുണകരമാക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് എടുത്ത തീരുമാനം ആയിരുന്നു അതെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു.