ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് ശശി തരൂർ എംപി വീണ്ടും രംഗത്ത്. സുനന്ദ പുഷ്‌കറിന്റ മരണവുമായി ബന്ധപ്പെട്ട ഡൽഹി പൊലീസിന്റെ അന്വേഷണം ശശി തരൂരിലേക്കു നീങ്ങുന്നതിനിടെയാണ് പ്രധാനമന്ത്രിയെ പ്രശംസിച്ച് തരൂർ വീണ്ടും രംഗത്തെത്തിയത്. തന്നെ അറസ്റ്റ് ചെയ്യുന്നതു ഒഴിവാക്കാനാണ് മോദി സ്തുതികളുമായി തരൂർ വീണ്ടും രംഗത്തെത്തിയത്. അതിനിടെ തന്നെ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുകയാണെന്നു കാട്ടി മാദ്ധ്യമങ്ങൾക്കെതിരെയും തരൂർ പൊട്ടിത്തെറിച്ചു.

മുമ്പും മോദിക്കു പ്രശംസയുമായി തരൂർ രംഗത്തെത്തിയിരുന്നു. ഇതു കോൺഗ്രസിനുള്ളിൽ വൻ വിവാദം സൃഷ്ടിച്ചിരുന്നു. തുടർന്ന് തരൂരിനെ കോൺഗ്രസ് വക്താവു സ്ഥാനത്തു നിന്നു നീക്കം ചെയ്യുകയും ചെയ്തു.

പ്രധാനമന്ത്രിയുടെ ടീം മികച്ചതാണെന്നാണ് തരൂർ ഇന്നു പറഞ്ഞത്. 'ഇന്ത്യ ശാസ്ത്ര: റിഫ്‌ളക്ഷൻസ് ഓൺ ദ നേഷൻസ് ഇൻ ഔർ ടൈം' എന്ന തന്റെ പുതിയ പുസ്തകം പുറത്തിറക്കുന്ന ചടങ്ങിലാണ് തരൂർ മോദിയെ പ്രകീർത്തിച്ചത്. അതേസമയം മോദിയുടെത് വാചകങ്ങളിൽ മാത്രമുള്ള രാഷ്ട്രീയമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മാദ്ധ്യമങ്ങളെ രൂക്ഷമായി വിമർശിക്കാനും ചടങ്ങിൽ തരൂർ തയ്യാറായി. ദിനംപ്രതി തന്നെ അപകീർത്തിപ്പെടുത്താനാണ് മാദ്ധ്യമങ്ങൾ ശ്രമിക്കുന്നത്. നിരുത്തരവാദപരമാണ് ഇന്ത്യൻ മാദ്ധ്യമങ്ങളുടെ പ്രവർത്തനം. നിയമം ശക്തമല്ലാത്തതിനാൽ അപകീർത്തി കേസുകളിൽ നിന്ന് മാദ്ധ്യമങ്ങൾ രക്ഷപ്പെടുകയാണ്. അഭിഭാഷകരുടെ നിർദ്ദേശപ്രകാരമാണ് മാദ്ധ്യമങ്ങളോട് പ്രതികരിക്കാത്തതെന്നും ശശി തരൂർ പറഞ്ഞു. മുമ്പും മോദിക്കു പ്രശംസയുമായി തരൂർ രംഗത്തെത്തിയത് നിരവധി വിവാദങ്ങൾക്ക് ഇടനൽകിയിട്ടുണ്ട്.

സുനന്ദയുടെ മരണത്തിന് മുമ്പായി ശശി തരൂർ നടത്തിയ നീക്കങ്ങൾ അന്വേഷണസംഘം പരിശോധിക്കാനിരിക്കെയാണ് പുതിയ പ്രസ്താവനയെന്നതു ശ്രദ്ധേയമാണ്. മറ്റെല്ലാ കാര്യങ്ങൾ വിശദമായി അന്വേഷിച്ച ശേഷം ശശി തരൂരിനെ ചോദ്യം ചെയ്യാനാണ് പൊലീസിന്റെ നീക്കം. ഇതിന്റെ ഭാഗമായാണ് സുനന്ദ മരിക്കുന്നതിനു മുമ്പായി ശശി തരൂർ നടത്തിയ നീക്കങ്ങളെ കുറിച്ച് പൊലീസ് വിശദമായി അന്വേഷിക്കുന്നത്. തരൂരിന്റെ ഫോൺകോളുകൾ, കൂടിക്കാഴ്ചകൾ, സന്ദർശിച്ച സ്ഥലങ്ങൾ തുടങ്ങിയ കാര്യങ്ങളെ കുറിച്ച് പൊലീസ് അന്വേഷിക്കും.

അതിനിടെ, തരൂരൂം സുനന്ദയും വിമാനയാത്രയ്ക്കിടെ വഴക്കിട്ടിരുന്നതായും അന്വേഷണസംഘത്തിനു മൊഴി നൽകി. എയർ ഇന്ത്യ ജീവനക്കാരണ് ഇരുവരും തമ്മിൽ വിമാനത്തിൽ കലഹിച്ചിരുന്നുവെന്നു മൊഴി നൽകിയത്. സുനന്ദയുടെ മരണത്തിനു മുമ്പു നടത്തിയ ഡൽഹി യാത്രയ്ക്കിടെയാണ് ഇരുവരും കലഹിച്ചത്.

മരിക്കുമ്പോൾ സുനന്ദ താമസിച്ചിരുന്ന ഡൽഹിയിലെ ലീലാപാലസ് ഹോട്ടലിലെ മാനേജരെയും തരൂരിന്റെ സുഹൃത്തിനെയും സുരക്ഷാജീവനക്കാരനെയും കഴിഞ്ഞ ദിവസം പൊലീസ് ചോദ്യം ചെയ്തിരുന്നു. സംഭവം നടക്കുമ്പോൾ ലീലാപാലസ് ഹോട്ടലിൽ വ്യാജ പാസ്‌പോർട്ടുമായി കൂടുതൽ പേർ താമസിച്ചിരുന്നതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

അതേസമയം തരൂരിന് അനുകൂലമായാണ് ഇന്നലെ സുനന്ദയുടെ കുടുംബം മൊഴി നൽകിയത്. സുനന്ദയും തരൂരും സന്തുഷ്ട ദാമ്പത്യ ജീവിതമാണ് നയിച്ചിരുന്നതെന്ന് സുനന്ദയുടെ സഹോദരൻ രാജേഷ് മൊഴി നൽകി.