തിരുവനന്തപുരം: ആരു പറഞ്ഞു നമ്മുടെ തിരുവനന്തപുരം എംപി ശശി തരൂരിന് മലയാളം അറിയില്ലെന്ന്. നല്ല 'പച്ചമലയാളത്തിൽ' തരൂരിന്റെ പോസ്റ്റ് കണ്ടില്ലേ... കേരളപ്പിറവിയുടെ 58-ാം വാർഷികത്തിന് മലയാളത്തിൽ ട്വീറ്റ് ചെയ്തത് കാണൂ. ഇനിയാരും പറയരുത് ശശി തരൂരിന് മലയാളം അറിയില്ലെന്ന്.

''ഞാനമ്മയുടെയും, പ്രതീശയുടെയും, സ്‌നേഹത്തിന്റെയും, ഒരു പുതിയ കേരളം ഉണ്ടാകട്ടെ... കേരളപിരാവി ആസാംസകൾ'' എന്നാണ് ശശി തരൂർ ട്വിറ്ററിൽ സന്ദേശം പോസ്റ്റ് ചെയ്തിരിക്കുന്നത്. 'നന്മയുടെയും പ്രതീക്ഷയുടെയും സ്‌നേഹത്തിന്റെയും ഒരു പുതിയ കേരളം ഉണ്ടാവട്ടെ... കേരളപ്പിറവി ആശംസകൾ' എന്ന് ഉദ്ദേശിച്ചാകും തരൂർ ട്വീറ്റ് ചെയ്തതെങ്കിലും പണി പാളി.

യുണികോഡിൽ സന്ദേശം ടൈപ്പുചെയ്തതിലെ പിഴവാകും തരൂരിന് വിനയായത്. എങ്കിലും ഇത്തരത്തിൽ ഒരു സന്ദേശം ഔദ്യോഗിക പേജിൽ പ്രത്യക്ഷപ്പെടുന്നതിന് മുമ്പ് തെറ്റുണ്ടോ എന്ന് പരിശോധിക്കേണ്ടിയിരുന്നു. പ്രത്യേകിച്ചും ഭാഷാടിസ്ഥാനത്തിൽ കേരളം ജന്മം കൊണ്ടതിന്റെ ഓർമ പുതുക്കുന്ന ഈ ദിനത്തിൽ.

ട്വീറ്റ് പ്രത്യക്ഷപ്പെട്ടതിന് തൊട്ടുപിന്നാലെ അതിലെ തെറ്റുകൾ ചൂണ്ടിക്കാട്ടി നിരവധി മറുപടികൾ ട്വിറ്ററിൽ പ്രത്യക്ഷപ്പെടുകയും ചെയ്തു. ഉച്ചകഴിഞ്ഞ് മൂന്നിനാണ് തരൂരിന്റെ ട്വിറ്ററിൽ കേരളപ്പിറവി ട്വീറ്റ് മലയാളത്തിൽ പ്രത്യക്ഷപ്പെട്ടത്. ശുദ്ധമണ്ടത്തരമാണ് എഴുതിയിരിക്കുന്നതെന്നും ഇതു ഉടൻ തിരുത്തിയില്ലെങ്കിൽ താങ്കൾ പരിഹാസത്തിന് പാത്രമാകുമെന്നും കമന്റുകൾ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

എന്തായാലും ഒരു മണിക്കൂർ പിന്നിട്ടപ്പോൾ ആദ്യ ട്വീറ്റ് പിൻവലിക്കാതെ തരൂർ 'തിരുത്തൽ ട്വീറ്റ്' പ്രസിദ്ധീകരിച്ചു. പറ്റിയ അബദ്ധത്തിന് ഇംഗ്ലീഷിൽ ക്ഷമാപണം നടത്തിയാണ് തരൂർ പുതിയ ട്വീറ്റിട്ടത്. 'മലയാളത്തെ ഇങ്ങനെ കൊല്ലരുത് സർ..' എന്നും തരൂരിന്റെ 'തെറ്റായ വെർഷന്' തിരുത്തലും മറുപടി ട്വീറ്റുകളിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഏതോ ക്രിസ്ത്യൻ യുവതികളുടെ പേരാണ് തരൂർ ഉദ്ദേശിച്ചതെന്നാണ് ആദ്യം കരുതിയതെന്നാണ് ഒരു വിരുതൻ മറുപടിയിട്ടത്. ആരാണ് ഈ ഞാനമ്മ, ആസാമിൽ എന്താ സംഭവിച്ചത് എന്നും പോസ്റ്റുണ്ട്.

ഇംഗ്ലീഷിൽ കേരളപ്പിറവി ആശംസകൾ പോസ്റ്റ് ചെയ്തിട്ട് അരമണിക്കൂറിന് ശേഷമാണ് തരൂർ മലയാളത്തിൽ ട്വീറ്റ് ചെയ്തത്. സ്വച്ഛ ഭാരത് വിവാദത്തിൽപ്പെട്ട് സ്വന്തം പാർട്ടിക്കാരിൽ നിന്നു തന്നെ തിരിച്ചടി കിട്ടിയ തരൂർ ട്വിറ്റർ മണ്ടത്തരത്തിലൂടെ വീണ്ടും പരിഹാസ്യനായിരിക്കുകയാണ്.