കിളിമാനൂർ: ഭാര്യാപിതാവിനെ കാർ ഇടിച്ചു കൊലപ്പെടുത്തിയ കേസിൽ എം.അബ്ദുൽ സലാമിനെ കുടുക്കിയത് മന്റെ മൊഴി. കടയ്ക്കൽ മടത്തറ തുമ്പമൺതൊടി എഎൻഎസ് മൻസിലിൽ യഹിയയെ (75) കൊലപ്പെടുത്തിയെന്ന കേസിൽ മരുമകൻ മടത്തറ തുമ്പമൺതൊടി സലാം മൻസിലിൽ എം.അബ്ദുൽ സലാം (52) കുടുങ്ങിയത് പൊലീസിന്റെ കരുതലോടെയുള്ള അന്വേഷണത്തിന്റെ ഭാഗമാണ്. വെറുമൊരു വാഹനാപകടം അങ്ങനെ കൊലപാതകമായി.

യഹിയയുടെ ചെറുമകനും കാർ ഓടിച്ചിരുന്ന അബ്ദുൽ സലാമിന്റെ മകനുമായ മുഹമ്മദ് അഫ്‌സൽ (14) ഗുരുതര പരുക്കുകളോടെ വെഞ്ഞാറമൂട്ടിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിലാണ്. അഫ്‌സൽ പങ്കുവച്ച സംശയമാണ് അച്ഛനായ സലാമിനെ കുടുക്കിയത്. തട്ടത്തുമല പാറക്കടയിൽ ചൊവ്വ വൈകിട്ട് 5.30ന് ആയിരുന്നു സംഭവം. കഴിഞ്ഞ ഒരു വർഷമായി യഹിയയുടെ മകളും, സലാമുമായി കുടുംബ തർക്ക കേസ് നടന്നുവരികയാണ്. ഇതിനിടെ സലാം സ്വന്തം പേരിലുള്ള സ്വത്തുക്കൾ സഹോദരങ്ങൾക്ക് നൽകാൻ തീരുമാനിച്ചു.

ഇതിനെതിരെ മകൾ നൽകിയ ഹർജിയിൽ കോടതി നോട്ടീസ് പുറപ്പെടുവിച്ചു. ഇത് നൽകാനെത്തിയ കോടതി ഉദ്യോഗസ്ഥനൊപ്പം യഹിയ സലാമിന്റെ വീട്ടിലെത്തിയപ്പോഴാണ് സംഭവം ഉണ്ടായത്. അബ്ദുൽസലാം ഭാര്യയുമായി പിണങ്ങിയതോടെയാണ് പ്രശ്‌നങ്ങളുടെ തുടക്കം. കൊട്ടാരക്കര കുടുംബ കോടതിയിൽ കേസും നിലവിലുണ്ട്. ഇതിനുള്ള പ്രതികാരമായാണ് സലാം തന്റെ വസ്തുക്കൾ സഹോദരങ്ങളുടെയും മറ്റും പേരിലേക്കു മാറ്റിയത്. ഇതിന് ഭാര്യ കൊട്ടാരക്കര കുടുംബ കോടതിയിൽ നിന്ന് 23ന് സ്റ്റേ വാങ്ങി.

ഈ ഉത്തരവു നടപ്പാക്കാൻ സലാമിന്റെ സഹോദരി സഫിയയുടെ വീട്ടിൽ ഭാര്യാപിതാവും മകനും കോടതി ഉദ്യോഗസ്ഥനും കൂടി എത്തിയപ്പോഴാണ് കാറിടിപ്പിച്ചത്. സ്വാഭാവിക അപകടമാണെന്ന് വരുത്താനായിരുന്നു ശ്രമം. വിവാഹ മോചനം സംഭവിച്ചാൽ തന്റെ പേരിലുള്ള വസ്തുക്കളുടെ പങ്ക് ഭാര്യയ്ക്ക് കൊടുക്കേണ്ടി വരുമെന്ന് സലാം കണക്കു കൂട്ടി. ഇതോടെയാണ് എല്ലാം സഹോദരങ്ങളുടെ പേരിലേക്ക് മാറ്റിയത്. ഈ ഇടപാടിന് സ്റ്റേ കിട്ടയതോടെയാണ് സലാമിന് പ്രതികാരം കൂടിയത്. എല്ലാത്തിനും കാരണം ഭാര്യാ പിതാവാണെന്നും കണക്കു കൂട്ടി.

സലാം കാറിൽ ഇവരെ പിൻതുടർന്ന് വീട്ടിലെത്തി. പാറക്കടയിൽ റോഡിൽ യഹിയയും അഫ്‌സലും നിൽക്കുന്നതു കണ്ട് കാറിന്റെ വേഗം കൂട്ടി ഇരുവരെയും ഇടിച്ചു തെറിപ്പിച്ചു. ആശുപത്രിയിലേക്ക് കൊണ്ടു പോകും വഴി യഹിയ മരിച്ചു. സാഹചര്യത്തെളിവുകളും സാക്ഷി മൊഴിയും അടിസ്ഥാനമാക്കി പൊലീസ് നടത്തിയ അന്വേഷണമാണ് അപകടമെന്ന് ആദ്യം കരുതിയ സംഭവം കൊലപാതകമെന്നു തെളിഞ്ഞത്. ചികിത്സയിൽ കഴിയുന്ന അഫ്‌സലിന്റെ മൊഴിയും പിതാവിനു കുരുക്കായി. മനപ്പൂർവ്വം ഇടിച്ചു തെറിപ്പിച്ചതാണെന്ന മൊഴി നിർണ്ണായകമായി. തുടർന്ന് സിസിടിവിയും മറ്റും പരിശോധിച്ച് അപകടമുണ്ടാക്കിയ വാഹനം കണ്ടെത്തി. ഇതോടെയാണ് സലാം കുടുങ്ങിയത്.

വഴി പറഞ്ഞു കൊടുക്കാനായി ഉദ്യോഗസ്ഥനൊപ്പം വീട്ടിലേക്ക് പോയ യഹിയയും മകനും വഴിയരികിൽ നിന്നു. നോട്ടീസ് ലഭിച്ചതിനെ തുടർന്ന് പ്രകോപിതനായ സലാം വീടിനു മുന്നിൽ നിർത്തിയിട്ടിരിക്കുന്ന വാഹനം അതീവ രഹസ്യമായി എടുത്ത് യഹിയയുടെ നേർക്ക് ഓടിച്ച് കയറ്റുകയായിരുന്നു. അബ്ദുൾ സലാമിന്റെ വീട്ടിലേക്ക് വഴികാണിച്ചകൊടുക്കാനാണ് കോടതി ഉദ്യോഗസ്ഥർക്കൊപ്പം യഹിയയും മകളുടെ മകനും കിളിമാനൂർ തട്ടത്തുമലയിലെത്തിയത്.

സലാമിന്റെ മകന് തലക്കും കൈക്കൂം പരിക്കേറ്റു. രണ്ടുപേരെയും കൊലപ്പെടുത്താൻ കരുതികൂട്ടി വാഹമിടിച്ചു കയറ്റിയതാണെന്ന് കളിമാനൂർ പൊലീസ് പറഞ്ഞു. കൊലകുറ്റത്തിന് പുറമെ പ്രായപൂർത്തിയാകാത്ത കുട്ടിയെ ആക്രമിച്ചതിനും അബ്ദുൾ സലാമിനെതിരെ കേസെടുത്തിട്ടുണ്ട്. ജില്ല പൊലീസ് മേധാവി പി.കെ. മധുവിന്റെ നിർദ്ദേശാനുസരണം ആറ്റിങ്ങൽ ഡിവൈ.എസ്‌പി പി. ഗോപകുമാറിന്റെ മേൽനോട്ടത്തിൽ കിളിമാനൂർ സ്‌റ്റേഷൻ ഓഫിസർ എസ്. സനൂജ്, എസ്‌ഐമാരായ ടി.ജെ. ജയേഷ്, അബ്ദുൽ ഖാദർ, ഗ്രേഡ് എസ്‌ഐമാരായ ഷാജി, റാഫി, സുരേഷ്, എഎസ്ഐ ഷജിം, സി.പി.ഒ സജിത്ത്, മണിലാൽ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.