മലപ്പുറം: തവനൂർ പഞ്ചായത്തിൽ പ്രസിഡന്റ് സുബ്രഹ്മണ്യനാണ് ഇപ്പോൾ താരം. ഇരു മുന്നണികളും ബലാബലമുള്ള പഞ്ചായത്തിൽ ആര് ഭരിക്കണമെന്ന് സ്വതന്ത്രനായ സുബ്രഹ്മണ്യൻ വിചാരിക്കണം. അതിനാൽ സിനിമാ കഥയെ വെല്ലുന്നതാണ് തവനൂരിൽ സംഭവിച്ച് കൊണ്ടിരിക്കുന്നത്. ആര് ഭരിച്ചാലും പ്രസിഡന്റായി സുബ്രഹ്മണ്യൻ എത്തുകയും ചെയ്യും. സുബ്രഹ്മണ്യന് പിന്നാലെ ഇരു മുന്നണികളും കൂടിയതോടെ മൂന്നാം തവണയാണ് തവനൂരിൽ മുന്നണി ഭരണം മാറി മറിയാൻ പോകുന്നത്.

ഒരേ ഭരണ കാലയളവിൽ യു.ഡി.എഫ്, എൽ.ഡി.എഫ് മുന്നണികളെ പ്രതിനിധീകരിച്ച് പ്രസിഡന്റായ സ്വതന്ത്ര ജനപ്രതിനിധി സുബ്രഹ്മണ്യൻ ഒടുവിൽ കോൺഗ്രസ് അംഗത്വം സ്വീകരിച്ചിരിക്കുകയാണ്. സിപിഐഎം പ്രവർത്തകനായിരുന്ന സുബ്രഹ്മണ്യൻ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ സിപിഎമ്മിനെതിരെ റിബലായി മത്സരിക്കുകയായിരുന്നു. പിന്നീട് ഇരു മുന്നണികളോടൊപ്പം മാറി മാറി പരീക്ഷിച്ചെങ്കിലും ഒടുവിൽ രമേശ് ചെന്നിത്തലയുടെ 'പടയൊരുക്കം' എത്തിയതോടെ ചെന്നിത്തലയിൽ നിന്ന് സുബ്രഹ്മണ്യൻ കോൺഗ്രസ് അംഗത്വം സ്വീകരിക്കുകയായിരുന്നു.

എൽ.ഡി.എഫ് അംഗങ്ങളുടെ പിന്തുണ നഷ്ടമായ തവനൂർ പഞ്ചായത്ത് പ്രസിഡന്റ് കെ.പി സുബ്രഹ്മണ്ൻ കോൺഗ്രസിൽ ചേർന്നതോടെ ഭരണം തന്നെ മാറുന്ന അവസ്ഥയാണ്. പഞ്ചായത്ത് പ്രസിഡന്റിനെതിരെ ഭരണ കക്ഷിയായ എൽ.ഡി.എഫ് അംഗങ്ങൾ കൊണ്ടുവന്ന അവിശ്വാസം ഇന്ന് ചർച്ചയ്ക്കെടുക്കാനിരിക്കെയാണ് സ്വതന്ത്രനായ സുബ്രഹ്മണ്യൻ കോൺഗ്രസ് അംഗത്വം സ്വീകരിച്ചത്.

കഴിഞ്ഞ ദിവസം രമേശ് ചെന്നിത്തലയിൽ നിന്ന് അംഗത്വം സ്വീകരിച്ചതോടെ തവനൂർ പഞ്ചായത്ത് ഭരണം വീണ്ടും കോൺഗ്രസിന് ലഭിക്കുമെന്ന് ഉറപ്പായിരിക്കുകയാണ്. സി.പി.എം പ്രവർത്തകനായിരുന്ന സുബ്രഹ്മണ്ന് പാർട്ടി സീറ്റ് നൽകാത്തതിനെ തുടർന്ന് സ്വന്തം മണ്ഡലമായ മദിരശ്ശേരിയിൽ വിമതനായി മത്സരിച്ചാണ് ജയിച്ചത്. ഇരുമുന്നണികളും ഒൻപതു വീതം സീറ്റുകൾ നേടിയപ്പോൾ സുബ്രഹ്മണ്യൻ യു.ഡി.എഫിനെ പിന്തുണച്ച് പ്രസിഡന്റായി.

ഭരണ പക്ഷത്തെ അസ്വാരസ്യങ്ങളെ തുടർന്ന് പിന്നീട് എൽ.ഡി.എഫിന് ഒപ്പം ചേർന്നു.അഴിമതി ആരോപിച്ചും സ്ഥലം എം എൽ എ കെ ടി ജലീലുമായി അടുക്കുന്നത് യു ഡി എഫ് വിലക്കിയതിനെതിരെയുമാണ് എൽ.ഡി.എഫിനോടൊപ്പം ചേർന്നത്. 2016 മാർച്ച് മുതൽ എൽ.ഡി.എഫ് ഭരിച്ചിരുന്ന തവനൂർ പഞ്ചായത്തിൽ പ്രസിഡന്റ് കോൺഗ്രസ് മെമ്പർഷിപ്പ് സ്വീകരിച്ചതോടെ ഭരണം മാനുള്ള സാഹചര്യം വീണ്ടും ഒരുങ്ങിയിരിക്കുകയാണ്. എൽ.ഡി.എഫിന്റെ പ്രസിഡന്റായിരിക്കെ തന്നെ ഇന്ന് പ്രസിഡന്റിനെതിരെ അവിശ്വാസം കൊണ്ടുവരാൻ ഇടതുമുന്നണി തന്നെ ഒരുങ്ങിയ സാഹചര്യത്തിലാണ് ഒരു മുഴം മുമ്പേ നീട്ടി എറിഞ്ഞ് സുബ്രഹ്മണ്യൻ കോൺഗ്രസ് അംഗത്വം സ്വീകരിച്ചിരിക്കുന്നത്.

കഴിഞ്ഞ മാസം തവനൂർ പഞ്ചായത്തിൽ നിന്നു ലാപ്ടോപ്പുകൾ കാണാതായ തർക്കമാണ് എൽഡി.എഫ് അംഗങ്ങൾ സുബ്രഹ്മണ്യന് പിന്തുണ പിൻവലിക്കുന്നതിൽ കലാശിച്ചത്. എസ്.സി വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്കായി വിതരണം ചെയ്യാൻ പഞ്ചായത്ത് 12 ലാപ്‌ടോപ്പുകൾ വാങ്ങിയിരുന്നു. എന്നാൽ ഇതിൽ 8 എണ്ണം മാത്രമാണ് അർഹർക്ക് വിതരണം ചെയ്തത്. ബാക്കിയുള്ളതിൽ രണ്ടെണ്ണം വൈസ് പ്രസിഡന്റും ചില സി.പി.എം നേതാക്കളും ചേർന്ന് അനർഹർക്ക് നൽകിയെന്നാണ് യു ഡി എഫിന്റെ ആരോപണം. എന്നാൽ ഇത് പ്രസിഡന്റിന്റെ മേലിൽ കെട്ടിവെച്ച് എൽ.ഡി.എഫ് തലയൂരാനാണ് സി പി എമ്മും ശ്രമിക്കുന്നത്. ഇതിൽ പ്രതിഷേധിച്ചാണ് കോൺഗ്രസ് അംഗത്വം സ്വീകരിക്കുന്നതെന്ന് സുബ്രഹ്മമണ്യൻ പറഞ്ഞു.