പ്രതീക്ഷിതമായ ചില മാറ്റങ്ങളിലൂടെ ശരീരം രോഗത്തിന്റെ സൂചനകളാണ് നമുക്ക് നൽകുന്നത്. ഇത് കാലെക്കൂട്ടി മനസ്സിലാക്കി വേണ്ടത് ചെയ്താൽ ചിലപ്പോൾ മഹാവ്യാധികളിൽ നിന്നായിരിക്കും നാം രക്ഷപ്പെടാൻ പോകുന്നത്. ലൈംഗിക താൽപര്യക്കുറവ്, അമിതവിയർപ്പ്, മുലഞെട്ടിലെ മാറ്റം തുടങ്ങിയ ഏഴ് ലക്ഷണങ്ങൾ അപകടകരമാണെന്നും അവ പല രോഗങ്ങളുടെയും സൂചകങ്ങളാണെന്നുമാണ് ഡോ.ഡെയോ ഫാമുബോനിയെന്ന ലണ്ടനിലെ ജിപി മുന്നറിയിപ്പ് നൽകുന്നത്. ഹെൽത്തിസ്‌ററക്ക് വേണ്ടി എഴുതിയ ആർട്ടിക്കിളിലാണ് ഡോക്ടർ ഇവയെക്കുറിച്ച് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. പ്രധാനമായും സ്ത്രീകളുടെ ശാരീരികാവസ്ഥകൾ മുൻനിർത്തിയാണ് ഡോക്ടർ ഈ ലേഖനം എഴുതിയിരിക്കുന്നത്. ഇനി ഈ ഏഴ് ലക്ഷണങ്ങളുടെ വിശദാംശങ്ങൾ പരിശോധിക്കാം.

അമിത വിയർപ്പ്

ൻഎച്ച്എസിന്റെ കണക്കുകൾ പ്രകാരം മിക്കയാളുകളിൽ നിന്നും ഒരു ദിവസം ഏകദേശം ഒരി ലിറററിനടുത്ത് വിയർപ്പ് പുറന്തള്ളുന്നുണ്ട്. എന്നാൽ 100ൽ ഒരാൾക്ക് എന്ന കണക്കിൽ ഇതിലും കൂടുതൽ വിയർപ്പ് പുറന്തള്ളപ്പെടാറുണ്ട്. ഇതിന് പലവിധ കാരണങ്ങളുമുണ്ട്. അധ്വാനിക്കാതിരിക്കുമ്പോഴും ഇത്തരത്തിൽ വിയർക്കുന്നുവെങ്കിൽ വിയർപ്പുഗ്രന്ഥികൾ നിരന്തരം പ്രവർത്തനനിരതമാണെന്നാണ് സൂചിപ്പിക്കുന്നത്. ഇത് ഹൈപർഹൈഡ്രോസിസ് എന്നാണറിയപ്പെടുന്നത്. അണുബാധ, മരുന്നുകളുടെ ഉപയോഗം, ഹോർമോൺ തകരാറ് തുടങ്ങിയ പലവിധ കാരണങ്ങളാൽ ഇത് സംഭവിക്കാമെന്നാണ് ഡോക്ടർ പറയുന്നത്.ഇത്തരം തകരാറുള്ളവർ അതിനാൽ ഉടനടി ഡോക്ടറെ കണ്ട് ഉചിതമായ ചികിത്സ നേടേണ്ടതാണ്.

വേദനയാർന്ന ശോധന

ചിലർക്ക് ശോധനയെന്നാൽ വേദനാജനകമായ അനുഭവമായിത്തീരാറുണ്ട്. പലവിധ കാരണങ്ങൾ ഇതിനുണ്ടാകാം. മൂലക്കുരു പോലുള്ള ഗുഹ്യരോഗങ്ങളായിരിക്കാം ഇതിന് പുറകിൽ. ചിലർ തുടർച്ചയായി ശോധന ചെയ്യാനുള്ള ലക്ഷണങ്ങളും കാണിക്കാറുണ്ട്. മലദ്വാരത്തിലുള്ള അർബുദത്തിന്റെ ലക്ഷണം വരെയാകാൻ ഇത് സാധ്യതയുണ്ട്. അതിനാൽ ഇത്തരക്കാർ ഡോക്ടറെ കാണേണ്ടതാണ്.

മുലഞെട്ടിലെ മാറ്റം

മുലഞെട്ടിലുണ്ടാകുന്ന മാറ്റത്തെ അവഗണിക്കരുതെന്നാണ് ഡോക്ടർ പറയുന്നത്. മുലയ്ക്കുള്ളിൽ നിന്നും ഞെട്ടിലൂടെ സ്രവങ്ങൾ വരുന്നതും അതിന് ചുറ്റുമുള്ള തൊലിക്ക് മാറ്റമുണ്ടാകുന്നതും ശ്രദ്ധിക്കണം. ഹോർമോൺ തകരാറടക്കമുള്ള കാരണങ്ങൾ ഇതിന് പുറകിലുണ്ടാകും. നിങ്ങൾ മുലയൂട്ടുന്ന ആളല്ലെന്നിരിക്കെ മുലയിൽ പാൽ ചുരത്തുന്നത് പരിശോധിക്കേണ്ട കാര്യമാണ്. പ്രാലാക്ടിൻ ഹോർമോൺ അധികരിക്കുന്നതിന്റെ ഫലമായി ഇങ്ങനെ സംഭവിക്കാം. പിറ്റിയൂട്ടറി ഗ്രന്ഥിയാണിത് ഉൽപാദിപ്പിക്കുന്നത്. ചില മരുന്നുകൾ കഴിച്ചാലും സമ്മർദം, തൈയോയ്ഡിന്റെയും വൃക്കയുടെയും തകരാറുകൾ എന്നിവ മൂലവും ഇങ്ങനെ സംഭവിക്കാം. ഇവയെല്ലാം ചികിത്സിച്ച് മാറ്റാവുന്നതാണ്. ഇത് ചികിത്സിച്ചില്ലെങ്കിൽ പിരീഡ്‌സിനെയും അത് വന്ധ്യതയ്ക്കും കാരണമായേക്കാം.

അസാധാരണമായ ഗന്ധം

സ്ത്രീകളുടെ ലൈംഗികാവയവത്തിൽ ഈർപ്പം കൂടിയാൽ അവിടെ ബാക്ടീരിയകൾ അധികരിക്കാനും അസ്വാഭാവികമായ ഗന്ധമുണ്ടാകാനും കാരണമാകുമെന്ന് ഡോക്ടർ പറയുന്നു. ഇതിനെ ബാക്ടീയല#് വാജിനോസിസ് എന്നാണ് പറയുന്നത്. കുട്ടികളെ ഗർഭം ധരിക്കുന്ന അവസ്ഥയിൽ സ്ത്രീകൾക്ക് ഇത് ഉണ്ടാകാറുണ്ട്. ഇത് കാരണം യോനിയിൽ നിന്ന് സ്രവങ്ങൾ പുറന്തള്ളപ്പെടാനും ഇടയാകും. ഗർഭിണിയല്ലാത്ത സ്ത്രീകളിലും ഇത്തരം അവസ്ഥകൾ ഉണ്ടാകാറുണ്ട്. അത്തരം ഘട്ടങ്ങളിൽ ഡോക്ടറെ നിർബന്ധമായും കാണേണ്ടതുണ്ട്. ഗർഭിണികൾ പ്രതീക്ഷിക്കുന്ന സമയത്തിന് മുമ്പ് പ്രസവിക്കാൻ ഇത് കാരണമാകും. പകരുന്ന ലൈംഗികരോഗങ്ങളുമായി ബന്ധപ്പെട്ടും ഇത്തരം ലക്ഷണങ്ങൾ കണ്ട് വരാറുണ്ട്.

വയർ വീർക്കൽ

ക്ഷണം കഴിച്ച് തടിക്കുന്നതിന് പുറമെ മറ്റ് പല കാരണങ്ങൾ കൊണ്ടും ചിലരിൽ വയറിന് അമിതവണ്ണം ഉണ്ടാകാറുണ്ട്. അങ്ങനെ വരുമ്പോൾ ഉടനടി ഒരു ഡോക്ടറെ കാണുന്നത് നന്നായിരിക്കും. കോലിയാക് രോഗം മൂലം ഇങ്ങനെ അമിതവണ്ണമുണ്ടാകാം. ഭക്ഷണത്തിൽ അടങ്ങിയിരിക്കുന്ന ഗ്ലൂട്ടൻ പ്രോട്ടീൻ ചിലർക്ക് ദോഷകരമായി ബാധിക്കുന്നതിനാലാണ് ഇങ്ങനെ തടിയുണ്ടാകുന്നത്.

മൂത്രം പോകൽ

ചില സ്ത്രീകൾക്ക് വ്യായാമം ചെയ്യുമ്പോൾ വിശേഷിച്ച് ഓടുമ്പോൾ അറിയാതെ മൂത്രം പോകുന്ന സ്വഭാവമുണ്ട്. തുമ്മുമ്പോഴും മൂക്ക് ചീറ്റുമ്പോഴും പൊട്ടിച്ചിരിക്കുമ്പോഴും ഈ ബുദ്ധിമുട്ട് അനുഭവിക്കുന്നവരുമുണ്ട്. സ്ട്രസ് യൂറിനറി ഇൻകോൺടിനെൻസ് എന്നാണിത് അറിയപ്പെടുന്നത്.വ്യായാമം ചെയ്യുമ്പോൾ വയറിന് മുകളിൽ അമിത സമ്മർദം വരുന്നതാണ് ഇതിനൊരു കാരണം. കൂടുതൽ പ്രവർത്തനനിരതമായ ബ്ലാഡർ കാരണവും ഇത് സംഭവിക്കാറുണ്ട്. ഇത് അർജ് ഇൻകോൺടിനെൻസ് എന്നാണറിയപ്പെടുന്നത്. മരുന്നുകൾ കഴിക്കുന്നത് മൂലവും ദുർബലമായ പെൽവിക് പേശികൾ, യുറിൻ ഇൻഫെക്ഷൻ, എന്നിവ കാരണവും ഇതുണ്ടാകാം.ഇത്തരം തകരാർ ഉള്ളവർ ഡോക്ടറെ കാണേണ്ടതാണ്.

ലൈംഗികതാൽപര്യം കുറയൽ

സ്ത്രീകളുടെ ലൈംഗികതാൽപര്യം ചില സമയങ്ങളിൽ കുറഞ്ഞ് കാണാറുണ്ട്. ഇതിന് പലവിധ കാരണങ്ങളുമുണ്ട്. ശാരീരികവും, മാനസികവും സാമൂഹികവുമായ കാരണങ്ങൾ ഇതിന് പുറകിലുണ്ട്. ഹോർമോൺ മാറ്റമാണ് ഇതിന് പ്രധാന കാരണം. മാനസികആരോഗ്യ പ്രശ്‌നങ്ങളും ഇതിന് കാരണമാകും. അതായത് മാനസിക സമ്മർദം സ്ത്രീ ലൈംഗികതയെ അടിച്ചമർത്തും. സമ്മർദം വേണ്ടരീതിയിൽ വേണ്ട സമയത്ത് ചികിത്സിച്ചില്ലെങ്കിൽ അത് മറ്റ് പലവിധ പ്രശ്‌നങ്ങൾക്കും വഴിയൊരുക്കും. അതിനാൽ ഇത്തരക്കാർ ഡോക്ടറെ കാണേണ്ടതാണ്.