കൊച്ചി: പൾസർ സുനി അറസ്റ്റിലായെന്ന വാർത്ത ആക്രമണത്തിനിരയായ നടിക്ക് ആശ്വാസം നൽകുന്നുവെന്ന് വ്യക്തമാക്കി ഉറ്റസുഹൃത്ത് രമ്യാനമ്പീശൻ. രമ്യാനമ്പീശനൊപ്പം രണ്ടുമൂന്നുദിവസം ചെലവഴിക്കാനായാണ് നടി സംഭവദിവസം കൊച്ചിയിലേക്ക് വന്നതെന്ന് സംവിധായകൻ ലാൽ വെളിപ്പെടുത്തിയിരുന്നു.

ഷൂട്ടിംഗിന്റെ ഭാഗമായല്ല നടി വന്നതെന്നും നടി ആവശ്യപ്പെട്ടതുപ്രകാരമാണ് ലാൽക്രിയേഷൻസ് വാഹനം ഏർപ്പാടാക്കിയതെന്നുമായിരുന്നു ലാൽ പറഞ്ഞത്. ഇതിന് പിന്നാലെയാണ് നടിക്ക് പ്രതി അറസ്റ്റിലായത് വലിയ ആശ്വാസമായെന്നു വ്യക്തമാക്കി രമ്യാ നമ്പീശന്റെ പ്രതികരണം വരുന്നത്.

അറസ്റ്റ് വൈകുന്നതിൽ നടിക്ക് ആശങ്കയുണ്ടായിരുന്നു. എന്നാൾ ഇപ്പോൾ അവൾക്ക് ആശ്വാസമായി. സുഹൃത്തുക്കളും പൊതുസമൂഹവും അവൾക്കൊപ്പം നിലയുറയ്ക്കുന്നത് അവൾക്ക് ആശ്വാസം നൽകുന്നുണ്ടെന്നും രമ്യ നമ്പീശൻ ചാനലിനോട് വെളിപ്പെടുത്തി. തനിക്കുണ്ടായ അനുഭവം മുഴുവൻ സ്ത്രീകൾക്കും നീതി ലഭിക്കുന്ന സംഭവമായി മാറണമെന്നാണ് നടി ആഗ്രഹിക്കുന്നത്.

അപകടത്തിന്റെ ആഘാതത്തിൽ നിന്നും അവൾ മുക്തയായി വരികയാണ്. നീതി ലഭിക്കുന്നതുവരെ പോരാടാനാണ് തീരുമാനിച്ചിരിക്കുന്നത്. അതിന് എല്ലാ പിന്തുണകളുമായി തങ്ങൾ സുഹൃത്തുക്കൾ അവൾക്കൊപ്പം ഉണ്ടാകുമെന്നും രമ്യ പറഞ്ഞു. സംഭവത്തിൽ ക്രിമിനൽ ഗൂഢാലോചന നടന്നോ എന്ന കാര്യം ഇപ്പോൾ പറയുന്നില്ലെന്നും രമ്യ പറഞ്ഞു. ആക്രമണത്തിന് ഇരയായ നടിയുടെ ഉറ്റ സുഹൃത്തായ മഞ്ജുവാര്യരും സമാന രീതിയിൽ കഴിഞ്ഞദിവസം പ്രതികരിച്ചിരുന്നു. കേസിൽ ശക്തമായി അന്വേഷണം നടത്തി ഗൂഢാലോചനക്കാരെ പുറത്തുകൊണ്ടുവരുംവരെ ശക്തമായ വിഷയം ഉന്നയിച്ച് നിലകൊള്ളുമെന്ന് മഞ്ജു വ്യക്തമാക്കുകയും ചെയ്തിരുന്നു.

അതേസമയം, പൾസർ സുനിയുടെ ബ്ലാക്ക്‌മെയിൽ കെണിയിൽ കൂടുതൽ നടിമാർ കുടുങ്ങിയിട്ടുണ്ടെന്നാണ് പൊലീസിന് ലഭിച്ച സൂചന. മറ്റു നടിമാരുടെ നഗ്‌നദൃശ്യങ്ങൾ സുനി പകർത്തിയിട്ടുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. എന്നാൽ മറ്റു നടിമാരെ താൻ ബ്ലാക്ക്‌മെയിൽ ചെയ്തിട്ടില്ലെന്നാണ് സുനിയുടെ മൊഴി. സംഭവം ക്വട്ടേഷനല്ലെന്നും താൻ തന്നെ ആസൂത്രണം ചെയ്തതാണെന്നും ആണ് ചോദ്യംചെയ്യലിൽ സുനി പറഞ്ഞിട്ടുള്ളത്. എന്നാൽ ഇത് പൊലീസ് മുഖവിലയ്‌ക്കെടുത്തിട്ടില്ല.

നടിയെ ഭീഷണിപ്പെടുത്താൻ വേണ്ടിയാണ് ക്വട്ടേഷനെന്ന് പറഞ്ഞതെന്നും ദൃശ്യങ്ങൾ പകർത്തി ബ്ലാക്ക്‌മെയിൽ ചെയ്യാനാണ് തട്ടിക്കൊണ്ടുപോയതെന്നും സുനി മൊഴി നൽകി. ഇതിന് പിന്നാലെ ദൃശ്യങ്ങൾ പകർത്തിയ മൊബൈൽ ഓടയിൽ ഉപേക്ഷിച്ചുവെന്നായി അടുത്ത വെളിപ്പെടുത്തൽ. ഇതേത്തുടർന്ന് ഇന്ന് പുലർച്ചെ സുനി പറഞ്ഞ സ്ഥലങ്ങളിലെല്ലാം പൊലീസ് സംഘം അന്വേഷിച്ചെങ്കിലും മൊബൈൽ കണ്ടെത്തിയില്ല.

ഇതോടെ പുഴയിലാണ് കളഞ്ഞതെന്ന് സുനി മാറ്റിപ്പറ്റഞ്ഞു. ഇതോടെ പലകാര്യങ്ങളിലും കള്ളത്തരമാണ് പ്രതി പറയുന്നതെന്നും വ്യക്തമായ ഗൂഢാലോചനയുണ്ടെന്നും ആണ് അന്വേഷണ സംഘം കരുതുന്നത്. ക്വട്ടേഷനാണെന്ന് മണികണ്ഠൻ പറഞ്ഞതിനെ പറ്റി ചോദിച്ചപ്പോൾ ഇത് അവരെ തെറ്റിദ്ധരിപ്പിക്കാൻ പറഞ്ഞതാണെന്നായി സുനി. ഇത്തരത്തിൽ പൊലീസിന്റെ അന്വേഷണം വഴിതെറ്റിക്കാനും തന്നേ ഈ ക്വട്ടേഷൻ ഏൽപിച്ചവരേ രക്ഷിക്കാനും സുനി ശ്രമിക്കുന്നതായി പൊലീസിന് ഉറപ്പായിട്ടുണ്ട്.

നടി പരാതിയുമായി മുന്നോട്ടുപോകുമെന്ന് കരുതിയില്ലെന്നും ബ്ലാക്ക്‌മെയിൽ ചെയ്ത് 50 ലക്ഷം വാങ്ങാനായിരുന്നു തീരുമാനമെന്നും സുനി പറഞ്ഞു. കാമുകിയുമായി ജീവിക്കാൻ വേണ്ടിയാണ് പണം തട്ടിയെടുക്കാൻ ശ്രമിച്ചത്. പദ്ധതിയെക്കുറിച്ച് മാർട്ടിന് മാത്രമേ അറിവുണ്ടായിരുന്നുള്ളൂയെന്നും സുനി മൊഴി നൽകി. ചോദ്യംചെയ്യൽ തുടരുകയാണ്. അതേസമയം, ഗൂഢാലോചന സംബന്ധിച്ച കൂടുതൽ വിവരങ്ങളെന്നും സുനിയിൽ നിന്ന് ലഭിച്ചിട്ടില്ലെന്നാണ് പൊലീസ് നൽകുന്ന സൂചന.

കേസിൽ ഇതുവരെ പിടിയിലായ മാർട്ടിൻ, വടിവാൾ സലീം, പ്രദീപ്, വിജീഷ് തുടങ്ങിയവരെ ഒറ്റക്കും കൂട്ടായുമാണ് ചോദ്യം ചെയ്യുന്നത്. പ്രാഥമിക ചോദ്യം ചെയ്യൽ പൂർത്തിയാക്കിയ ശേഷം ഇന്നലെ പിടിയിലായ സുനിയേയും കൂട്ടാളി വിജീഷിനേയും ഇന്ന് മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കും. പ്രാഥമിക ഘട്ടം ചോദ്യംചെയ്യലിലെ വിവരങ്ങൾ കഴിഞ്ഞതിനാൽ ഇവരെ കസ്റ്റഡിയിൽ വാങ്ങി വിശദമായി തന്നെ ചോദ്യംചെയ്യാനും ഗൂഢാലോചന പുറത്തുകൊണ്ടുവരാനാണ് പൊലീസിന്റെ തീരുമാനമെന്ന് അറിയുന്നു.