മലപ്പുറം: ഓട്ടോ ഡ്രൈവറായിരുന്ന പറവണ്ണ പുത്തങ്ങാടി സ്വദേശി കളരിക്കൽ കുഞ്ഞിമോൻ മകൻ മുഹമ്മദ് യാസീ(39)നെ കൊലപ്പെടുത്തിയ കേസിൽ ഒളിവിൽ പോയ പ്രതി അറസ്റ്റിൽ. പറവണ്ണ പള്ളാത്ത് നൗഷാദ് (38) ആണ് അറസ്റ്റിലായത്. കൊലപാതകം നടന്ന പറവണ്ണയിലും പ്രതി സഞ്ചരിച്ച വഴിയിലും തെളിവെടുപ്പ് നടത്തി. കൃത്യം നടത്തിയ ശേഷം യുഎഇയിലെ റാസൽഖൈമയിലേക്ക് കടന്ന നൗഷാദ് തിരിച്ചെത്തി മുംബൈയിലും മംഗലാപുരത്തും ഒളിവിൽ കഴിയുകയായിരുന്നെന്ന് തിരൂർ എസ്‌ഐ സുമേഷ് സുധാകരൻ പറഞ്ഞു.

കഴിഞ്ഞ മാസം 16 ന് വൈകിട്ട് ഏഴരയോടെയാണ് മദ്യലഹരിയിലെത്തിയ പള്ളാത്ത് ആദം ട്രിപ്പ് പോകാൻ വിസമ്മതിച്ചതിനെ ചൊല്ലി യാസീനുമായി വാക്കുതർക്കത്തിലേർപ്പെട്ടത്. ഉടനെ സ്ഥലത്തെത്തിയ നൗഷാദും ആദമും ചേർന്ന് കത്തികൊണ്ട് കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. സംഭവശേഷം മംഗലത്തേക്ക് സ്വന്തം വാഹനത്തിൽ പോയ നൗഷാദ് ഇവിടെ നിന്ന് മറ്റൊരു വാഹനത്തിൽ മംഗലാപുരത്തെത്തി. തുടർന്ന് മുംബൈയിലേക്കും ഇവിടെ നിന്നും അബൂദാബിയിലേക്കും കടന്ന് റാസൽഖൈമയിലെത്തി. പ്രതി രാജ്യം വിട്ടെന്ന വിവരം അറിഞ്ഞ പൊലീസ് യൂഎഇയിലെ പ്രവാസികളുടെ സഹായത്തോടെ ഇയാളെ തിരിച്ചയച്ചു.

മുംബൈയിൽ തിരിച്ചെത്തിയ നൗഷാദ് നാല് ദിവസം ഇവിടെയും ബാക്കി ദിവസങ്ങൾ മംഗലാപുരത്തും ഒളിവിൽ കഴിഞ്ഞു. മംഗലാപുരത്ത് നിന്ന് ട്രൈനിൽ തിങ്കളാഴ്ച പുലർച്ചെ ട്രെയനിലെത്തിയ പ്രതിയെ പരപ്പനങ്ങാടി റെയിൽവേ സ്റ്റേഷനിൽ വെച്ച് കസ്റ്റഡിയിലെടുക്കുകയായിരുന്നെന്ന് എസ്‌ഐ പറഞ്ഞു. എന്നാൽ പ്രതി പരപ്പനങ്ങാടിയിലെത്തിയത് എവിടേക്ക് പോകാനാണെന്നോ യാത്രാവേളകളിലും കൃത്യം നടത്താനും ആരൊക്കെ സഹായത്തിന് ഉണ്ടായിരുന്നെന്നോ വിവരം ലഭിച്ചിട്ടില്ലെന്ന് എസ്‌ഐ പറഞ്ഞു.

വാക്കു തർക്കമാണ് കൃത്യത്തിന് പ്രേരിപ്പിച്ചതെന്നാണ് നൗഷാദിന്റെ മൊഴി. നൗഷാദ് മംഗലത്തേക്ക് പോയ വാഹനം പൊലീസ് നേരത്തെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രതിയെ കൂടുതൽ ചോദ്യം ചെയ്യുന്നതതിനായി കസ്റ്റഡിയിൽ വാങ്ങുമെന്ന് എസ്‌ഐ പറഞ്ഞു. അതേസമയം തെളിവെടുപ്പിനെത്തിച്ച പ്രതിയെ വിലങ്ങു പോലും വയ്ക്കാതെ എത്തിച്ചത് പ്രതിഷേധത്തിന് ഇടയാക്കി. പൊലീസ് സ്റ്റേഷനിലും പ്രതിക്ക് മികച്ച പരിഗണന ലഭിച്ചതായി ആക്ഷേപം ഉയർന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.