പ്രധാനമന്ത്രി മന്മോഹൻ സിങ്ങിന്റെ ജീവിതകഥ പറയുന്ന ദ ആക്സിഡന്റൽ പ്രൈം മിനിസ്റ്ററിന്റെ ട്രെയ്ലർ പുറത്തുവിട്ടു. മന്മോഹൻസിംഗിന്റെ മാധ്യമഉപദേഷ്ടാവായിരുന്ന സജ്ഞയ് ബാരു രചിച്ച ''ദ ആക്‌സിഡന്റൽ പ്രൈംമിനിസ്റ്റർ'' എന്ന പുസ്തകത്തെ അടിസ്ഥാനമാക്കി ഒരുക്കിയിരിക്കുന്ന ചിത്രത്തിലെ നായകൻ അനുപം ഖേർ ആണ്.

സോണിയ ഗാന്ധിയെ അവതരിപ്പിക്കുന്നത് ജർമ്മൻ നടിയായ സൂസൻ ബെർണർട്ട് ആണ്. നടനായ അഖിൽ മിശ്രയുടെ ഭാര്യയാണ് സൂസൻ. ഹിന്ദി ചിത്രങ്ങളിലും നിരവധി ടെലിവിഷൻ പരമ്പരകളിലും സൂസൻ അഭിനയിച്ചിട്ടുണ്ട്. ടെലിവിഷൻ പരമ്പരയായ 'പ്രധാനമന്ത്രി'യിൽ സോണിയ ഗാന്ധിയെ സൂസൻ നേരത്തേയും അവതരിപ്പിച്ചിട്ടുണ്ട്.ചിത്രത്തിൽ അക്ഷയ് ഖന്ന, സുസനൈ ബെർനെറ്റ് എന്നിവരും പ്രധാനവേഷങ്ങളിൽ എത്തുന്നുണ്ട്്.. വിജയ് രത്‌നകർ ഗുട്ടെ ആണ് ചിത്രത്തിന്റെ സംവിധായകൻ.

അതേസമയം ജനുവരിയിൽ റിലീസ് ചെയ്യാനിരിക്കുന്ന ചിത്രത്തിനെതിരെ മഹാരാഷ്ട്രയിലെ യൂത്ത് കോൺഗ്രസ് രംഗത്ത് എത്തിയിട്ടുണ്ട്. റിലീസിന് മുൻപായി ചിത്രം തങ്ങൾക്ക് കാണണമെന്നും സത്യവിരുദ്ധമായ സീനുകൾ ചിത്രത്തിലുണ്ടെങ്കിൽ അവ മാറ്റിയ ശേഷം മാത്രമേ ചിത്രം റിലീസ് ചെയ്യാന് അനുവദിക്കൂവെന്നും വ്യക്തമാക്കി യൂത്ത് കോൺഗ്രസ് നേതാക്കൾ ചിത്രത്തിന്റെ നിർമ്മാതാക്കൾക്ക് കത്തയച്ചിട്ടുണ്ട്.

2004 മുതൽ 2014 വരെ രാജ്യത്തിന്റെ പ്രധാനമന്ത്രിയായിരുന്ന മന്മോഹൻസിങ് കടന്നു പോയ പലതരം രാഷ്ടട്രീയപ്രതിസന്ധികളും പ്രശ്‌നങ്ങളും ചിത്രത്തിന്റെ ട്രെയിലറിൽ പരാമർശിക്കപ്പെടുന്നുണ്ട്. സോണിയാ ഗാന്ധി, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരെല്ലാം അതേ പേരിൽ ചിത്രത്തിലുണ്ട്.വിജയ് ഗുട്ടെ, മായങ്ക് തിവാരി എന്നിവർ എഴുതുന്ന ചിത്രം സംവിധാനം ചെയ്യുന്നത് വിജയ് ഗുട്ടെയാണ്. ചിത്രം 2019 ജനുവരി 11ന് റിലീസ് ചെയ്യും.

യുപിഎ ഭരണകാലത്തെ കഥയാണ് ചിത്രം പറയുന്നത്. എന്നാൽ ചിത്രം പൂർണമായും പുസ്തകത്തെ അടിസ്ഥാനപ്പെടുത്തി തയ്യാറാക്കിയതാണെന്നും,? ജീവിച്ചിരിക്കുന്നവരും മരിച്ചു പോയവരുമായി കഥാപാത്രങ്ങൾക്ക് ബന്ധമില്ലെന്നും ട്രെയിലറിന് മുൻപ് കാണിക്കുന്നുണ്ട്.