- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹലാലിനെതിരെ അഭിപ്രായം പറയുന്നത് വിലക്കാൻ കേരളം ഇസ്ലാമിക രാജ്യമോ; മതേതരത്വം പറയുന്ന കമ്മ്യൂണിസ്റ്റുകാർ ഭക്ഷണത്തിന്റെ പേരിൽ പോലും മതസ്പർദ്ധയുണ്ടാക്കാൻ ശ്രമിക്കുകയാണെന്നും കെ സുരേന്ദ്രൻ; ആർ വി ബാബുവിനെ അറസ്റ്റുചെയ്ത നടപടി അങ്ങേയറ്റം പ്രതിഷേധാർഹമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ
തിരുവനന്തപുരം: ഹിന്ദു ഐക്യവേദി നേതാവ് ആർ വി ബാബു അറസ്റ്റുചെയ്ത സംഭവത്തിൽ പ്രതിഷേധം രേഖപ്പെടുത്തി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ആർ വി ബാബു അറസ്റ്റുചെയ്ത നടപടി അങ്ങേയറ്റം പ്രതിഷേധാർഹമാണെന്ന് കെ സുരേന്ദ്രൻ പറഞ്ഞു. തീവ്രനിലപാടുകാരെ പ്രീതിപ്പെടുത്താനുള്ള നീക്കമാണിത്. കള്ളക്കേസും ജയിലറയും കൊണ്ട് സംഘപരിവാർ നേതാക്കളെ തളർത്താൻ കഴിയുമെന്ന് പിണറായി വിജയൻ കരുതുന്നുണ്ടെങ്കിൽ അതു നടപ്പില്ലെന്ന് അദ്ദേഹത്തെ ഓർമ്മിപ്പിക്കുന്നുവെന്ന് കെ സുരേന്ദ്രൻ പറഞ്ഞു.
ഹലാലിനെതിരെ അഭിപ്രായം പറയുന്നത് വിലക്കാൻ കേരളം എന്താ ഇസ്ലാമിക രാജ്യമാണോയെന്ന് അദ്ദേഹം പ്രസ്താവനയിൽ ചോദിച്ചു. അഭിപ്രായ സ്വാതന്ത്ര്യത്തിൽ കടന്നു കയറാനുള്ള പിണറായി സർക്കാരിന്റെ നീക്കം ചെറുത്തു തോൽപ്പിക്കേണ്ടതാണ്. തിരഞ്ഞെടുപ്പിൽ മുസ്ലിം വോട്ട് കിട്ടാനാണ് സിപിഎം ഹലാലിനെ പ്രീണിപ്പിക്കുന്നത്. മതേതരത്വം പറയുന്ന കമ്മ്യൂണിസ്റ്റുകാർ ഭക്ഷണത്തിന്റെ പേരിൽ പോലും മതസ്പർദ്ധയുണ്ടാക്കാൻ ശ്രമിക്കുകയാണെന്നും സുരേന്ദ്രൻ പറഞ്ഞു.
ഇന്നാണ് ആർവി ബാബുവിനെ പൊലീസ് അറസ്റ്റ് ചെയ്തത്. ഹലാൽ സ്റ്റിക്കർ നീക്കണമെന്നാവശ്യപ്പെട്ട് എറണാകുളം പാറക്കടവ് കുറുമശേരി ബേക്കറിയുടമയെ ഭീഷണിപ്പെടുത്തിയ കേസിലാണ് നോർത്ത് പറവൂർ പൊലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തിൽ ആർവി ബാബുവിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം പൊലീസ് കേസ് എടുത്തിരുന്നു. മതവികാരം വൃണപ്പെടുത്തത്തുന്ന പരാമർശങ്ങളുടെ പേരിലാണ് ഇന്ത്യൻ ശിക്ഷാനിയമത്തിലെ 153 എ വകുപ്പ് പ്രകാരം ഹിന്ദുഐക്യവേദി സംസ്ഥാന ജനറൽ സെക്രട്ടറിയ്‌ക്കെതിരെ കേസ് എടുത്തത്.
ഡിസംബർ 28 -ാം തിയതിയാണ് സംഭവം. കുറുമശേരിയിൽ പ്രവർത്തനമാരംഭിച്ച കടയുടെ മുൻപിൽ ഹലാൽ വിഭവങ്ങൾ ലഭ്യമെന്ന സ്റ്റിക്കർ ഒട്ടിച്ച് വെച്ചിരുന്നു. ഈ ബേക്കറിയിലേക്ക് പാറക്കടവ് പ്രദേശത്തെ ഹിന്ദു ഐക്യവേദി പ്രവർത്തകർ എത്തി. കട ഉടമക്ക് സംഘടനയുടെ ലെറ്റർ പാഡിലുള്ള കത്ത് കൈമാറി. കത്ത് കൈപ്പറ്റി ഏഴ് ദിവസത്തിനകം ഹലാൽ വിഭവങ്ങൾ ലഭ്യമെന്ന സ്റ്റിക്കർ നീക്കിയില്ലെങ്കിൽ സ്ഥാപനം ബഹിഷ്കരിക്കുമെന്നു0, പ്രതിഷേധ0 സ0ഘടിപ്പിക്കുമെന്നുമായിരുന്നു കത്തിലെ താക്കീത്. വിവാദം ഒഴിവാക്കാൻ കട ഉടമ സ്റ്റിക്കർ നീക്കി. ഇതുമായി ബന്ധപ്പെട്ട വിവാദത്തിലായിരുന്നു ആർ വി ബാബുവിന്റെ വിവാദ യൂടൂബ് വീഡിയോ പോസ്റ്റ്.
സംഭവം സാമൂഹിക മാധ്യമങ്ങളിലൂടെ ശ്രദ്ധിച്ച പൊലീസ് വിഷയത്തിൽ ഇടപെട്ടു. കട ഉടമയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ നാല് ഹിന്ദു ഐക്യവേദി പ്രവർത്തകരെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. സുജയ്, ലെനിൻ, അരുൺ, ധനേഷ് എന്നിവരെയാണ് മതസ്പർധ പ്രചരിപ്പിക്കാൻ ശ്രമിച്ചതെന്ന കുറ്റം ചുമത്തി ചെങ്ങമനാട് പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതികളെ പിന്നീട് പൊലീസ് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചിരുന്നു.
മറുനാടന് മലയാളി ബ്യൂറോ