കൊച്ചി: ദുൽഖർ സൽമാൻ നായകനാവുന്ന സത്യൻ അന്തിക്കാടു ചിത്രം 'ജോമോന്റെ സുവിശേഷങ്ങൾ' റെക്കോർഡു പുസ്തകത്തിലേക്ക്. ചിത്രത്തിന്റെ ഓഡിയോ ജൂക്ക് ബോക്‌സ് ഒരു ദിവസത്തിനുള്ളിൽ ഏറ്റവും കൂടുതൽ വ്യൂസ് നേടിയ മലയാളം ജൂക്ക് ബോക്‌സ് എന്ന നേട്ടം കൈവരിച്ചു.

യൂട്യൂബ് ചാനലിൽ രണ്ടിനു റിലീസ് ചെയ്ത ഗാനങ്ങൾ 24 മണിക്കൂർ തികയും മുമ്പേ രണ്ടു ലക്ഷം വ്യൂസ് നേടി. ഇപ്പോൾ ഓഡിയോ ജൂക്ക് ബോക്‌സ് മൂന്നേകാൽ ലക്ഷത്തിലെത്തിയിട്ടുണ്ട്.

ചിത്രത്തിൽ റഫീക്ക് അഹമ്മദ്ന്റെ വരികൾക്ക് വിദ്യാസാഗർ ഈണം നൽകിയ മൂന്ന് ഗാനങ്ങളാണുള്ളത്. സുജാത മോഹൻ, നജിം അർഷാദ്, ബൽറാം, അഭയ് ജോധ്പുർകർ, മെറിൻ ഗ്രിഗറി എന്നിവർ ആലപിച്ചിട്ടുണ്ട്.

ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ഡോ. ഇക്‌ബാൽ കുറ്റിപ്പുറമാണ്. ദുൽഖർ സൽമാനെ കൂടാതെ മുകേഷ്, അനുപമ പരമേശ്വരൻ, ഐശ്വര്യ രാജേഷ്, ഇന്നസെന്റ്, മുത്തുമണി, ഇർഷാദ്, ജേക്കബ് ഗ്രിഗറി, ഇന്ദു തമ്പി തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്.

ഛായാഗ്രഹണം എസ്. കുമാറും ചിത്രസംയോജനം കെ. രാജഗോപാലുമാണ് നിർവഹിച്ചിരിക്കുന്നത്. മ്യൂസിക്247നാണ് ഒഫീഷ്യൽ മ്യൂസിക് ലേബൽ. ഫുൾ മൂൺ സിനിമയുടെ ബാനറിൽ സേതു മണ്ണാർക്കാട് നിർമ്മിച്ച 'ജോമോന്റെ സുവിശേഷങ്ങൾ' 16ന് തീയേറ്ററുകളിലെത്തും.