- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അമ്മയെയും മകനെയും തള്ളിപ്പറയുക മുതിർന്ന കോൺഗ്രസ്സുകാരുടെ ഹോബിയായി മാറുന്നു; സോണിയയും രാഹുലും വാ തുറക്കണമെന്ന് ചിദംബരവും
എന്തിനും ഏതിനും ഹൈക്കമാൻഡിനെ ആശ്രയിച്ചിരുന്ന പാർട്ടിയാണ് കോൺഗ്രസ്. പാർട്ടി അധ്യക്ഷ സോണിയ ഗാന്ധിയും ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയും പറയുന്നതിനപ്പുറം നേതാക്കൾ പോയിരുന്നില്ല. എന്നാൽ, ഇരുവരുടെയും നേതൃത്വത്തിൽ പാർട്ടി ചരിത്രത്തിലെ ഏറ്റവും വലിയ തോൽവിയിലേക്ക് കൂപ്പുകുത്തിയതോടെ, ഇരുവർക്കും പാർട്ടിയിലുണ്ടായിരുന്ന അപ്രമാദിത്വം നഷ്ടപ്പ

എന്തിനും ഏതിനും ഹൈക്കമാൻഡിനെ ആശ്രയിച്ചിരുന്ന പാർട്ടിയാണ് കോൺഗ്രസ്. പാർട്ടി അധ്യക്ഷ സോണിയ ഗാന്ധിയും ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയും പറയുന്നതിനപ്പുറം നേതാക്കൾ പോയിരുന്നില്ല. എന്നാൽ, ഇരുവരുടെയും നേതൃത്വത്തിൽ പാർട്ടി ചരിത്രത്തിലെ ഏറ്റവും വലിയ തോൽവിയിലേക്ക് കൂപ്പുകുത്തിയതോടെ, ഇരുവർക്കും പാർട്ടിയിലുണ്ടായിരുന്ന അപ്രമാദിത്വം നഷ്ടപ്പെട്ടുവെന്നാണ് വിലയിരുത്തൽ. ഹൈക്കമാൻഡിനെ വിമർശിക്കുകയെന്നത് കോൺഗ്രസ്സിലെ തലമുതിർന്ന രണ്ടാം നിര നേതാക്കളുടെ ശീലമായി മാറിക്കഴിഞ്ഞു.
കോൺഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധിയും ഉപാദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയും വാ തുറന്ന് എന്തെങ്കിലുമൊക്കെ മിണ്ടണമെന്ന് മുൻ കേന്ദ്ര മന്ത്രി പി.ചിദംബരം ആവശ്യപ്പെടുന്നു. കൂടുതൽ റാലികളിൽ പങ്കെടുത്തും മാദ്ധ്യമങ്ങളോട് ഇടപഴകിയും പ്രവർത്തകരുമായും സമൂഹവുമായും ഇടപെടാൻ നേതാക്കൾ തയ്യാറായില്ലെങ്കിൽ, കോൺഗ്രസിന്റെ കാര്യം ഇനിയും കഷ്ടമാകുമെന്ന് ചിദംബരം മുന്നറിയിപ്പ് നൽകുന്നു.
സോണിയയുടെയും രാഹുലിന്റെയും മൗനവ്രതം കോൺഗ്രസ്സിനെ ക്ഷീണിപ്പിക്കുന്നുവെന്ന വിമർശനങ്ങൾക്ക് ശക്തിപകരുന്നതാണ് ചിദംബരത്തിന്റെ വാക്കുകളും. അടുത്തിടെ മഹാരാഷ്ട്രയിലും ഹരിയാണയിലും നടന്ന തിരഞ്ഞെടുപ്പുകളിൽ ഇരുനേതാക്കളും കാര്യമായി പ്രചാരണ രംഗത്തുണ്ടായിരുന്നില്ല. ഇത് സാധാരണ പ്രവർത്തകരെയും ജനങ്ങളെയും പാർട്ടിയിൽനിന്ന് അകറ്റുമെന്ന് നേതാക്കൾ ഭയക്കുന്നു.
ജനങ്ങളുമായി ആശയവിനിമയം നടത്തുന്നതിലും അവരുടെ കാര്യങ്ങളിൽ ഇടപെടുന്നതിലും ബിജെപി സർക്കാർ കോൺഗ്രസ്സിനെക്കാൾ ഏറെ മുന്നിലാണെന്ന് ചിദംബരം പറഞ്ഞു. കോൺഗ്രസ് പ്രവർത്തകരുടെ ആത്മവീര്യം മുമ്പെങ്ങുമില്ലാത്തവിധം തകർന്നിരിക്കുകയാണ്. എന്നാൽ, അതിനർഥം അവരെ ഉയർത്തിക്കൊണ്ടുവരാൻ സാധിക്കില്ലെന്നല്ല. അതിന് കുറച്ചുസമയമെടുക്കും. നേതൃത്വം കാര്യമായി ഇടപെടുകയാണെങ്കിൽ പ്രവർത്തകരെ പഴയ ഊർജസ്വലതയിലേക്ക് തിരിച്ചുകൊണ്ടുവരാനാകുമെന്ന് ചിദംബരം പറഞ്ഞു.

പ്രവർത്തകരുമായി ഇടപഴകുന്നതിന് കോൺഗ്രസ് നേതൃത്വം ഇനിയും വൈകരുതെന്ന് ചിദംബരം പറഞ്ഞു. എന്നാൽ, നേതൃപരമായ പങ്കുവഹിക്കുന്നതിന് രാഹുൽ ഗാന്ധിക്കാവുന്നില്ല എന്ന വിമർശനം അദ്ദേഹം അംഗീകരിക്കുന്നില്ല. തന്റെ തലമുറയിലുള്ള പ്രവർത്തകർക്ക് ഏറ്റവും സ്വീകാര്യയായ നേതാവ് സോണിയയും യുവതലമുറയിലുള്ളവർക്ക് രാഹുൽ ഗാന്ധിയുമാണ്. എന്നാൽ, ഇതിനർഥം മറ്റു നേതാക്കൾ ഉയർന്നുവരുന്നില്ല എന്നല്ലെന്നും ചിദംബരം പറഞ്ഞു. പാർട്ടിയുടെ ചുമതല അടുത്ത തലമുറയെ ഏൽപ്പിക്കുകയെന്ന വ്യക്തമായ ലക്ഷ്യത്തോടെയാണ് രാഹുൽ ഗാന്ധിയെ ഉപാദ്ധ്യക്ഷനാക്കിയതെന്നും അദ്ദേഹം പറഞ്ഞു.

