ലൈംഗിക ചുവയോടെ സ്ത്രീയോട് സംസാരിക്കുകയോ നീലച്ചിത്രം കാട്ടികൊടുക്കുകയോ ചെയ്താൽ ഒരുവർഷം തടവ്; അനുമതിയില്ലാതെ സ്ത്രീയുടെ ഫോട്ടോ നോക്കിയാലും തടവുശിക്ഷ; സ്ത്രീയെ പിൻതുടരുകയോ ഇമെയിൽ വഴി ബന്ധപ്പെടുകയോ ചെയ്താലും മൂന്നു വർഷം തടവ്: ഋഷിരാജ് സിംഗിന്റെ 14 സെക്കന്റ് പ്രസംഗത്തിന്റെ വെളിച്ചത്തിൽ ഇന്ത്യൻ ശിക്ഷാ നിയമത്തിൽ പറയുന്ന സ്ത്രീകൾക്കെതിരായുള്ള കുറ്റകൃത്യങ്ങളെ കുറിച്ച് അറിയുക

പതിന്നാല് സെക്കൻഡ് ഒരാൾ ഒരു പെൺകുട്ടിയെ തുറിച്ച് നോക്കിയാൽ പൊലീസിന് കേസെടുക്കാമെന്ന് എക്‌സൈസ് കമ്മീഷണർ ഋഷിരാജ് സിംഗിന്റെ പ്രസംഗം വലിയ ചർച്ചകൾക്കാണ് വഴിതുറക്കുന്നത്. കൊച്ചിയിൽ സി എ വിദ്യാർത്ഥികളുടെ സംഘടനയായ സികാസ സംഘടിപ്പിച്ച സാംസ്‌കാരികോത്സവത്തിലാണ് ഋഷിരാജ് ഇക്കാര്യം പറഞ്ഞത്. പ്രസംഗത്തിന് പിന്നാലെ എക്‌സൈസ് കമ്മിഷണറുടെ ഈ പ്രസംഗം അരോചകമാണെന്നും ഇക്കാര്യം എക്‌സൈസ് മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തുമെന്നും പറഞ്ഞുകൊണ്ട് മന്ത്രി ഇപി ജയരാജൻ രംഗത്തുവന്നതോടെ സോഷ്യൽ മീഡിയയിൽ വിഷയം ചൂടേറിയ ചർച്ചയായി.

തുറിച്ചുനോക്കിയാൽ കേസെടുക്കാമെന്നാണ് നിയമമെന്നും അതിക്രമം നേരിട്ടാൽ പെൺകുട്ടികൾ തന്നെ മുന്നിട്ടിറങ്ങി പ്രതികരിക്കണമെന്നുമായിരുന്നു സിംഗിന്റെ പരാമർശം. സംസ്ഥാനത്ത് ഉന്നത വിദ്യാഭ്യാസം നേടുന്ന പെൺകുട്ടികളുടെ എണ്ണം കുറഞ്ഞുവെന്നും ഇതും ചൂഷണത്തിന്റെ ഒരു വശമാണെന്നും പെൺകുട്ടികൾ യഥാസമയത്ത് പ്രതികരിക്കാത്തത് ചൂഷണം കൂടിവരാൻ കാരണമെന്നും സിങ് വ്യക്തമാക്കുകയും ചെയ്തു. ലൈംഗികതയുടെ ചെറുധ്വനിയെങ്കിലുമുള്ള പെരുമാറ്റത്തിനുപോലും കടുത്ത ശിക്ഷ ലഭിക്കുന്ന വകുപ്പുകൾ ഇന്ത്യൻ നിയമത്തിലുണ്ട്. ഇതിന്റെ പശ്ചാത്തലത്തിലാണ് ഋഷിരാജ് സിംഗിന്റെ 14 സെക്കൻഡ് പ്രയോഗം ഉണ്ടായത്.

സ്ത്രീകളെ തുറിച്ചുനോക്കുകയോ ലൈംഗിക ചുവയോടെ ഒരു വാക്കെങ്കിലും പറയുകയോ ചെയ്താൽപോലും വർഷങ്ങളുടെ തടവുശിക്ഷ നൽകുംവിധത്തിലാണ് ഇന്ത്യൻ ശിക്ഷാ നിയമത്തിൽ 2013ൽ ഉണ്ടായ ഭേദഗതികൾ. ലൈംഗിക ചുവയോടെ സ്ത്രീയോട് സംസാരിക്കുകയോ അശഌല ദൃശ്യങ്ങൾ കാട്ടിക്കൊടുക്കുകയോ ചെയ്താൽ കുറ്റവാളിക്ക് ഒരുവർഷംവരെ തടവുശിക്ഷ ലഭിക്കാം.

അനുമതിയില്ലാതെ സ്ത്രീകളുടെ ഫോട്ടോയെടുത്താൽ ഒരു വർഷം തടവ്

അനുമതിയില്ലാതെ സ്ത്രീയുടെ ഫോട്ടോ എടുത്താലും നോക്കിയാലുമെല്ലാം ശിക്ഷയുണ്ട്്. ഒരു വർഷം വരെ ശിക്ഷ ലഭിക്കും വിധമാണ് പിൻതുടരുകയോ ഇമെയിൽ വഴി ബന്ധപ്പെടുകയോ ചെയ്താൽ മൂന്നുവർഷംവരെ ശിക്ഷ ലഭിക്കാൻ നിയമത്തിൽ വ്യവസ്ഥയുണ്ട്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 354ാം വകുപ്പിന്റെ വകഭേദങ്ങൾ വഴിയാണ് ഇത്തരത്തിൽ നിസ്സാരമെന്ന തോന്നാമെങ്കിലും സ്ത്രീകളെ അപമാനിക്കാൻ ശ്രമിക്കുന്നവരെ കുടുക്കാൻ പഴുതടച്ചുള്ള നിയമങ്ങൾ നടപ്പിൽവരുത്തിയിട്ടുള്ളത്.

ഒളിഞ്ഞുനോട്ടം, പിന്നാലെ നടക്കൽ എന്നിങ്ങനെ ഓരോ തരത്തിലുള്ള പീഡനങ്ങൾക്കും പ്രത്യേകം പ്രത്യേകം ശിക്ഷ പുതിയ നിയമ ഭേദഗതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ലൈംഗികാതിക്രമത്തിനുള്ള ശിക്ഷകൾ വ്യക്തമാക്കുന്നത് 354 എ വകുപ്പ് പ്രകാരമാണ്. സ്ത്രീകളോട് സമ്മതമില്ലാതെ ലൈംഗികോദ്ദേശ്യത്തോടെ നടത്തുന്ന ഏതൊരു ഇടപെടലും ലൈംഗികാതിക്രമമായി കണക്കാക്കും.

ലൈംഗികോദ്ദേശ്യത്തോടെ സ്പശിച്ചാൽ വകുപ്പ് 354 എ, അഞ്ച് വർഷം വരെ കഠിനതടവ്

ലൈംഗികോദ്ദേശ്യത്തോടെയുള്ള സമീപനം, ശാരീരിക സ്പർശം, ലൈംഗിക പ്രീണനത്തിനായുള്ള അഭ്യർത്ഥന, പ്രേരണ തുടങ്ങിയ കുറ്റങ്ങൾക്ക് അഞ്ചുവർഷം വരെ കഠിനതടവോ പിഴയോ രണ്ടുംകൂടിയോ ശിക്ഷ ലഭിക്കും. ലൈംഗിക ചുവയുള്ള പരാമർശങ്ങൾ നടത്തുക, അശഌല ദൃശ്യങ്ങൾ നിർബന്ധിച്ച് കാണിക്കുക, വാക്കുകളിലോടെയോ എഴുത്തിലൂടെയോ ലൈംഗികതാൽപര്യത്തോടെ സമീപിക്കുക തുടങ്ങിയ കുറ്റങ്ങൾക്ക് ഒരുവർഷംവരെ തടവോ പിഴയോ രണ്ടും ഒരുമിച്ചോ ശിക്ഷ കിട്ടാം.

വസ്ത്രാക്ഷേപത്തിന് നിർബന്ധിച്ചാൽ 354 ബി, ഏഴ് വർഷം വരെ തടവ്

പൊതുസ്ഥലത്തുവച്ചുള്ള വസ്ത്രാക്ഷേപമാണ് മറ്റൊരു അതിക്രമം. ഏതൊരു സ്ത്രീയേയും പൊതുസ്ഥലത്തുവച്ച് നഗ്‌നയാകാൻ നിർബന്ധിക്കുന്നതോ അവരുടെ വസ്ത്രത്തിന് സ്ഥാനഭ്രംശം വരുന്ന രീതിയിൽ ഇടപെടലുകൾ നടത്തുന്നതോ അത്തരം കയ്യേറ്റങ്ങളോ എല്ലാം ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ്.

ബലപ്രയോഗത്താൽ ചെയ്താലും ഇതിന് പ്രേരിപ്പിച്ചാലുമെല്ലാം ശിക്ഷിക്കപ്പെടും. മൂന്നുമുതൽ ഏഴുവർഷംവരെ തടവും പിഴയുമാണ് കുറ്റകൃത്യത്തിന്റെ ഗൗരവമനുസരിച്ച് ലഭിക്കാവുന്ന ശിക്ഷയെന്ന് 354 ബി വകുപ്പ് നിഷ്‌കർഷിക്കുന്നു. സ്ത്രീകളെ നോക്കിനിൽക്കുക, ചിത്രങ്ങളെടുക്കുക തുടങ്ങിയവയെല്ലാം ഈ വകുപ്പിന്റ കീഴിൽ കുറ്റകൃത്യമായി കണക്കാക്കും.

ഒളിഞ്ഞു നോട്ടക്കാരെ ശിക്ഷിക്കാൻ 354 സി, മൂന്ന് വർഷം വരെ തടവും പിഴയും

ഒളിഞ്ഞുനോട്ടത്തിൽ നിന്ന് സ്ത്രീകൾക്ക് രക്ഷ നൽകുന്ന വകുപ്പാണ് 354 സി. ഒളിഞ്ഞുനിന്ന് സ്ത്രീകളെ നിരീക്ഷിക്കുന്നത്, സത്രീകളുടെ സ്വകാര്യതയെ ബാധിക്കുംവിധം നോക്കുന്നത്. അടിവസ്ത്രത്തോടെയുള്ളപ്പോൾ പോലും സ്തനങ്ങളിലേക്കോ അരക്കെട്ടിലേക്കോ നോക്കുന്നത് തുടങ്ങി കുളിമുറിയിലെയോ കുളിസ്ഥലത്തെയോ എത്തിനോട്ടവും പരസ്യമായി തുറിച്ചുനോക്കുന്നതുമെല്ലാം ഇതിന്റെ പരിധിയിൽ വരും. ആദ്യതവണ കുറ്റംചെയ്താൽ ഒരുവർഷം മുതൽ മൂന്നുവർഷംവരെ ശിക്ഷ ലഭിക്കാം. പിന്നെയും തെറ്റ് ആവർത്തിച്ചാൽ ശിക്ഷ ഏഴുവർഷംവരെ ദീർഘിപ്പിക്കും. പിഴശിക്ഷയും ഉണ്ടാകും.

പിന്നാലെ നടക്കുന്ന ശല്യക്കാരെ പിടിക്കാൻ 354 ഡി, സോഷ്യൽ മീഡിയയിലെ അശ്ലീലക്കാരെ കുടുക്കാനും വകുപ്പ്

പിന്നാലെ നടന്ന് ശല്യംചെയ്യുന്നവരെയും പിടികൂടി നിയമത്തിന് മുന്നിൽ കൊണ്ടുവരാമെന്ന് 354 ഡി വകുപ്പ് നിർദ്ദേശിക്കുന്നു. ഒരു വ്യക്തിക്ക് ഇഷ്ടമില്ലെങ്കിൽ അയാളുടെ പുറകെ നടക്കുന്നത്, നിരന്തരം പിൻതുടരുകയും നിരീക്ഷിക്കുകയും ചെയ്യുന്നത് തുടങ്ങിയവയെല്ലാം കുറ്റകരമാണ്. ഒരു വ്യക്തിയിൽ ആക്രമിക്കപ്പെടുമോ എന്ന ഭയത്തിന് കാരണമാകുന്ന ഏതൊരു പ്രവൃത്തിയും ശിക്ഷാർഹമാണ്.

അസ്വസ്ഥയുണ്ടാക്കുംവിധം പിന്നാലെ നടക്കുന്നത്, ഇന്റർനെറ്റ് വഴിയോ, ഇമെയിൽ, സോഷ്യൽമീഡിയ തുടങ്ങിയവയിലൂടെയോ സന്ദേശമയക്കുന്നതും ചാറ്റ് ചെയ്യുന്നതും വിലക്കിയാലും അത് തുടരുന്നതുമെല്ലാം ശിക്ഷ ക്ഷണിച്ചുവരുത്തും. ഫോണിലൂടെ ശല്യംചെയ്യുന്നതും കത്തിലൂടെ ശല്യംചെയ്യുന്നതുമെല്ലാം ഈ വകുപ്പിന്റെ പരിധിയിൽ വരും. പുറകേ നടക്കൽ എന്ന ശീർഷകത്തിൽ വരുന്ന ഇത്തരം കുറ്റങ്ങൾക്കും ഒരുവർഷം മുതൽ മൂന്നുവർഷംവരെ തടവും പിഴയുമാണ് ശിക്ഷ.

ലൈംഗിക ചുവയോടെ ഒരു സ്ത്രീയോട് സംസാരിക്കുകയോ അശഌല ചിത്രം കാട്ടിക്കൊടുക്കുകയോ ചെയ്താൽ ഒരുവർഷവരെ തടവുശിക്ഷ നൽകാനും സ്ത്രീയെ പിൻതുടരുകയോ ഇമെയിൽ വഴിയോ ചാറ്റിംഗിലൂടെയോ അവളുടെ അനുമതിയില്ലാതെ ശല്യംചെയ്താലുമെല്ലാം മൂന്നുവർഷം വരെ തടവുശിക്ഷ ലഭിക്കും. അനുമതിയില്ലാതെ സ്ത്രീയുടെ ഫോട്ടോ നോക്കിയാലും ശിക്ഷയുണ്ട്.