ലയാളനാട് നാടകമെന്ന കലാരൂപത്തെ നെഞ്ചോട് ചേർത്തുപിടിച്ചിരുന്ന കാലം അസ്തമിച്ചിട്ട് ദശാബ്ദങ്ങളായെന്ന് പറയാം. സിനിമയുടെയും ടിവിയുടെയും വരവോടെ മലയാള നാടകം വലിയ തിരിച്ചടിയാണ് നേരിട്ടത്. നാടകങ്ങൾ കാണാൻ ആളെ കിട്ടാതെയുമായി. മാത്രമല്ല, നാടകലോകത്തേക്ക് ആധുനിക രീതിയിലുള്ള അവതരണ രീതികളും പ്രമേയങ്ങളും കൂടി കടന്നുവന്നതോടെ സാധാരണക്കാർ ഏതാണ്ട് പൂർണമായും തന്നെ നാടകാസ്വാദന രംഗത്തോട് വിടപറഞ്ഞ നിലയിലേക്കാണ് കേരളക്കരയിൽ കാര്യങ്ങൾ എത്തിയിട്ടുള്ളത്.

പക്ഷേ, നാടകം ഒരു ഗൃഹാതുര ഓർമ്മയാണ് എന്നും മലയാളിക്ക്. കേരളക്കരയിൽ ഏറെ സാമൂഹ്യമാറ്റങ്ങൾക്കുവരെ വഴിവച്ച കലാരൂപം. അതിനാൽ തന്നെ നാടകപ്രേമം മലയാളിയുടെ മനസ്സിന്റെ അടിത്തട്ടിൽ ഉറങ്ങുന്ന ശക്തമായ വികാരം തന്നെയാണ്. അതിനാൽ തന്നെ കേരളത്തിൽ ജീവിക്കുന്നവരേക്കാൾ കേരളത്തിന് പുറത്ത് പ്രവാസ ജീവിതം നയിക്കുന്നവരെ സംബന്ധിച്ച് ഒരു നാടകം കാണുകയെന്നത് നാട്ടിലേക്കുള്ള ഒരു വരവിന്റെ ഊർജം പകരം. അതുകൊണ്ടുതന്നെ പഴയകാലങ്ങളുടെ സ്മരണകളുണർത്തി ഒരു നാടകം അവരുടെ മുന്നിലെത്തുമ്പോൾ അവർ അതിനെ രണ്ടുകയ്യും നീട്ടി സ്വീകരിക്കുന്നു. ഇതിന്റെ നേർച്ചിത്രമാണ് കഴിഞ്ഞദിവസം യുകെയിലെ നോർവിച്ചിൽ കണ്ടത്.

ക്രിസ്തീയ മതത്തിലെ വിവിധ സഭാവിഭാഗങ്ങൾ എന്നും തർക്കങ്ങളുടെ വിളനിലങ്ങളാണ്. ആശയപരമായ അസ്വാരസ്യങ്ങൾ, വിശ്വാസപരമായ തർക്കങ്ങൾ, പാരമ്പര്യത്തെ ചൊല്ലിയുള്ള അടിപിടികൾ എന്ന് തുടങ്ങി ചില വൈദികരുടെയും സഭാംഗങ്ങളുടെയും പിടിവാശികൾ വരെ ഇത്തരം തർക്കങ്ങൾക്കും കോലാഹലങ്ങൾക്കും ഇടയാകാറുണ്ട്. കാരണങ്ങൾ എന്തൊക്കെയായാലും ഇതിന്റെ പേരിൽ പലപ്പോഴും മാനസിക പീഡനവും സമൂഹത്തിന്റെ പരിഹാസങ്ങളും ഏറ്റു വാങ്ങേണ്ടി വരുന്നത് സാധാരണക്കാരായ വിശ്വാസികളാണ്.

പരിഹാരം കണ്ടെത്തേണ്ട തലപ്പത്തുള്ളവർ തന്നെ പലപ്പോഴും ഇത്തരം സംഘർഷങ്ങളിൽ കക്ഷി ചേരുന്നത് കാര്യങ്ങൾ കൂടുതൽ വഷളാക്കുകയും ചെയ്യും എന്നുള്ളത് നമ്മുടെ കണ്മുന്നിൽ നടന്നിട്ടുള്ള പല സംഭവങ്ങളും വെളിവാക്കി തന്നിട്ടുമുണ്ട്. ഇങ്ങനെയുള്ള സന്ദർഭങ്ങളിൽ എല്ലാകാര്യങ്ങളും ഒരു കരയ്ക്ക് അടുപ്പിക്കാൻ സാക്ഷാൽ ദൈവത്തിനു തന്നെ വിധിയുടെ രൂപത്തിൽ ഇടപെടേണ്ടി വരും .അത്തരത്തിലുള്ള ഒരു സംഭവത്തിന്റെ നേർചിത്രമാണ് നോർവിച്ചിലെ മലയാളികളുടെ കൺമുന്നിൽ എത്തിയത്.

പക്ഷെ ഇവിടെ പ്രശ്‌നക്കാരൻ സാധാരണ കാണുന്ന തരത്തിലുള്ള ഒരാളല്ല എന്ന് മാത്രം. പള്ളിക്കാര്യങ്ങൾ മുറയോടെയും ചിട്ടയോടെയും പരിശുദ്ധിയുടെയും നോക്കാൻ ചുമതലപ്പെട്ട കപ്യാരാണ് ഇവിടെ വില്ലൻ. പള്ളിയുടെ ഭണ്ഡാരത്തിൽ നിന്നും പണം കളവു നടത്തി മദ്യപാനം സ്ഥിരം പരിപാടിയാക്കിയ കപ്യാരെ പുതുതായി പള്ളിവികാരിയായി ചാർജെടുത്ത അച്ചൻ താക്കീതു ചെയ്യാനിടയായി .കാലങ്ങളായി താൻ നടത്തിവരുന്ന സകല കള്ളത്തരങ്ങളും ഇനി പഴയതു പോലെ നടക്കില്ല എന്ന് മനസിലാക്കിയ തരികിടകളുടെ ഉസ്താദായ കപ്യാർ അച്ചനെതിരെ തന്റെ പടയൊരുക്കം തുടങ്ങുന്നു. അതിനായി അയാൾ വയോധികനായ വികാരിയച്ചനെ പെണ്ണുകേസിൽ കുടുക്കുന്ന രീതിയിലുള്ള ആക്ഷേപങ്ങൾ തുടങ്ങി.

വിശ്വാസികളുടെ ഇടയിൽ ഇടർച്ചയുണ്ടാക്കുന്ന മന്ത്രവാദം വരെയുള്ള വളരെ മോശമായ ആരോപണങ്ങൾ ഉയർത്തി അന്തരീക്ഷം മലീമസമാക്കി. കപ്യാരുടെ ശുദ്ധമനസ്സിനുടമകളായ കുടുംബാംഗങ്ങൾ മുതൽ നല്ലവരായ നാട്ടുകാരിൽ പെട്ട ചിലരും ഇതോടെ പ്രശ്‌നങ്ങളുടെ നടുക്കടലിലേക്കു വലിച്ചെറിയപ്പെട്ടു. അത്തരം ചില സങ്കീർണ്ണ ജീവിതങ്ങളുടെ കാര്യങ്ങൾ തുറന്നുകാട്ടുന്ന 'കല്ലുകൾ കഥപറയുമ്പോൾ' എന്ന സാമൂഹ്യ നാടകം ഇക്കഴിഞ്ഞ ശനിയാഴ്ച നോർവിച്ചിൽ അവതരിപ്പിക്കപ്പെട്ടു. തികച്ചും കേരളീയ പശ്ചാത്തലത്തിൽ നടക്കുന്ന പല സംഭവങ്ങളും മനോഹരമായി കോർത്തിണക്കി, സ്റ്റേജ് ഷോകളിലെ അതിനൂതന സാങ്കേതിക വിദ്യയായ ഫോർ ഡി ഇഫക്ടോടെ അരങ്ങേറിയ ഈ നാടകം യു കെ മലയാളികളുടെ ഇടയിൽ ഒളിഞ്ഞു കിടക്കുന്ന സർഗ്ഗശേഷി പ്രകടമാക്കുന്ന ഒന്നായി മാറി.

അധികം ആരവങ്ങളോ മാദ്ധ്യമ പുബ്ലിസിറ്റിയോ കൂടാതെ നോർവിച് കലാവേദി അവതരിപ്പിച്ച ഈ കൊച്ചു നാടകം ഇപ്പോൾ യു കെ യുടെ പല ഭാഗങ്ങളിലും ഒരു ചർച്ചാ വിഷയം ആയി മാറികഴിഞ്ഞിരിക്കുന്നു. തികച്ചും നാട്ടിലെ ഒരു പ്രഫഷണൽ നാടക ട്രൂപ്പിന്റെ കൈയടക്കത്തോടെ മികച്ച കഥയും രംഗ പടങ്ങളും സംഗീതവും ഒരുപോലെ സമന്വയിപ്പിച്ചു കൊണ്ട് ഒന്നര മണിക്കൂർ ദൈർഘ്യമുള്ള ഈ നാടകത്തിന്റെ ആദ്യ ഷോ നോർവിച്ചിൽ അരങ്ങേറിയപ്പോൾ കുഞ്ഞുങ്ങൾ അടക്കമുള്ള മൂന്നൂറ്റമ്പതിലധികമുള്ള കാണികൾ തികഞ്ഞ ആകാംഷയോടെയാണ് കണ്ടിരുന്നത്.

ഇതിന് പിന്നാലെ ഇപ്പോൾ യു ട്യൂബിലൂടെയും സോഷ്യൽ മീഡിയയിലൂടെയും ഈ നാടകം കാണുന്നവരുടെ എണ്ണം ദിവസേനെ ഉയർന്നു വരുകയാണ്. ഇങ്ങനെ നാടകം കണ്ട നിരവധി ആളുകൾ യു കെ യുടെ പലഭാഗത്തുനിന്നും പുറത്തുനിന്നും നാടകത്തിൽ അഭിനയിച്ചവർക്കും അണിയറ പ്രവർത്തകർക്കും നേരിട്ടും അല്ലാതെയും അഭിനന്ദന പ്രവാഹവുമായി എത്തുന്നു.

മികച്ച കഥയും അഭിനയ രംഗങ്ങളും ചടുലമായ സംഭാഷണങ്ങളും ഹാസ്യവും എല്ലാം വേണ്ടരീതിയിൽ സമന്വയിപ്പിച്ച് ഏവരുടെയും മനംകവരുന്ന ഈ നാടകം ഏതാണ്ട് നാലുമാസത്തെ തയ്യാറെടുപ്പോടെയാണ് നോർവിച് കലാവേദി രംഗത്ത് അവതരിപ്പിച്ചത്. യു ട്യൂബിലൂടെയും നിരവധി ചാനെലുകളിലൂടെയും ലക്ഷക്കണക്കിന് ആളുകൾ കണ്ട പറയാതെ പോകുന്നത് എന്ന ഷോർട്ട് ഫിലിമിന്റ്‌റെ അണിയറ ശില്പികളിൽ ഒരാളും കലാകാരനുമായ റെജി മാണി കുന്നേൽപുരയിടം നിർമ്മാണ മേൽനോട്ടം വഹിച്ച ഈ നാടകത്തിന്റെ കഥയും സംവിധാനവും നിർവഹിച്ചിരിക്കുന്നത് സോണി ജോസഫ് ആണ്. നോർവിച് കലാവേദിയുടെ ആദ്യ നാടകമായ വിചിത്ര സത്യങ്ങളുടെ പ്രധാന അമരക്കാരിൽ ഒരാളും സോണി ജോസഫ് ആയിരുന്നു.

കേരളത്തിലെ ഒരു ഗ്രാമത്തിൽ നടന്ന ഒരു കൊച്ചു സംഭവത്തെ നമ്മളിൽ പലരും കണ്ടുമുട്ടിയിട്ടുള്ള ചിലരുടെ ജീവിതങ്ങളുമായി കൂട്ടിയിണക്കി കഥാസൃഷ്ട്ടി നടത്തിയ ഈ നാടകത്തിൽ, അരങ്ങിൽ വന്നു പോകുന്ന എല്ലാ കഥാപാത്രങ്ങളും നൂറു ശതമാനം റിയലിസ്റ്റിക് അനുഭവം ആണ് കാണികൾക്കു പകരുന്നത്.നാട്ടിലെ പള്ളിയും, പള്ളിമുറിയും, പുണ്യവാളന്റെ കുരിശടിയും ,പെട്ടിക്കടയും ,ബസ്റ്റോപ്പും എല്ലാം കൂടി സാമാന്യയിപ്പിച്ചു കൊണ്ട് റെജി മാണി രൂപം നൽകിയ രംഗ പടങ്ങൾ നാടകത്തെ കേരളത്തനിമയിൽ ആറാടിച്ചു എന്ന് നിസ്സംശയം പറയാം.

പെട്ടെന്ന് നാട്ടിൽ തങ്ങൾ ജനിച്ചു വളർന്ന ഗ്രാമത്തിൽ പോയ അനുഭവം ആണ് ഒട്ടുമിക്ക കാണികൾക്കും ഉണ്ടായത്.മലയാളവും മലയാളത്തനിമയും ആസ്വദിക്കാൻ കഷ്ട്ടപ്പെടുന്ന നമ്മുടെ ന്യൂ ജനറേഷൻ കുട്ടികൾ പൊതുവെ മലയാളികൾ നടത്തുന്ന ഏതൊരു കലാ പരിപാടിയിലും വർത്തമാനവും സ്മാർട്ട് ഫോണുകളും ഒക്കെയായി സദസ്സിൽ അരോചകത സൃഷ്ട്ടിക്കുന്നതു ഇന്നത്തെ ഒരു സ്ഥിരം കാഴ്ചയാണ്.എന്നാൽ ഈ നാടകം മുതിർന്നവരുടെയൊപ്പം അവരുടെ അതെ ആകാംഷയോടെ കാണുവാൻ കുട്ടികളും തയാറായി എന്ന് പറയുമ്പോൾ ഈ നാടകം ഒരു പൂർണ്ണവിജയമാക്കാൻ അണിയറ പ്രവർത്തകർ നടത്തിയ ശ്രമം വിജയിച്ചു എന്നാണ് വ്യക്തമാക്കുന്നത്.

അരങ്ങിലും അണിയറയിലും ആയി ഇരുപത്തിരണ്ടു പേർ ഒറ്റ മനസ്സായി പരിശ്രമിച്ചതിന്റെ ഫലമായാണ് ഈ നാടകം ഒരത്ഭുതമാക്കി മാറ്റാൻ നോർവിച്ചിലെ മലയാളി കൂട്ടായ്മക്ക് സാധിച്ചത്. യാഥാർഥ്യത്തോട് നൂറു ശതമാനം നീതി പുലർത്തുന്ന രീതിയിലുള്ള സാങ്കേതികത മികവ് സ്റ്റേജിൽ കൊണ്ടുവരാനായത് ഇന്ന് യു കെ യിൽ നടക്കുന്ന പല വൻകിട സ്റ്റേജ് ഷോ കളുടെ നിലവാരത്തിലോ അതിനു മുകളിലോ ഈ നാടകത്തെ എത്തിച്ചു എന്ന് നിസ്സംശയം പറയാൻ സാധിക്കും.

സ്റ്റേജിൽ കോരിച്ചൊരിഞ്ഞ മഴയും പാട്ടു സീനുകളിലെ മനോഹാരിതയും എടുത്തുപറയേണ്ട മുഹൂർത്തങ്ങളിൽ ചിലതു മാത്രം. സിനിമ ഗാനങ്ങളെ വെല്ലുന്ന നാടക ഗാനവും ആരെയും ആനന്ദത്തിൽ ആറാടിക്കാൻ പോരുന്നത് തന്നെ. മലയാള സിനിമ രംഗത്തെ പ്രശസ്ത കലാ സംവിധായകനായ സാലു കെ ജോർജ് ,പ്രമുഖ പരസ്യ ചിത്ര പ്രവർത്തകനായ സുനിൽ ജോർജ്, റോബർട്ട് മാത്യു എന്നിവർ ഈ നാടകത്തിന്റെ ആരംഭ ഘട്ടം മുതൽ വേണ്ട നിർദ്ദേശങ്ങൾ നൽകി സംവിധായകനൊപ്പം ഉണ്ടായിരുന്നു എന്നതും നാടകത്തിന്റെ കലാമൂല്യം ഉയർത്തുന്നതിൽ വലിയ പങ്കു വഹിച്ചു.

സ്റ്റേജ് ഷോകളിലെ അതിനൂതന സാങ്കേതിക വിദ്യയായ ഫോർ ഡി ഇഫക്ട് ഏറ്റവും വിജയകരമായി ആദ്യമായി യു കെ യിൽ ഒരു മലയാളി പരിപാടിയിൽ അവതരിപ്പിച്ചു എന്ന നേട്ടവും ഈ നാടകം കരസ്ഥമാക്കിയിരുന്നു. നാടകത്തിന്റെ ഏറ്റവും പിരിമുറുക്കം കൂടിയ വേളയിൽ സ്റ്റേജിൽ നിറഞ്ഞു പെയ്ത മഴ കാണികളുടെ ഇടയിലും പെയ്തതോടെ അമ്പരപ്പിൽ മുങ്ങിയ നോർവിച്ചിലെ കാണികൾ ഒന്നടങ്കം പുതിയ ഒരു ആസ്വാദന മേഖലയിലേക്ക് കടക്കുകയായിരുന്നു.തികച്ചും കഥാപാത്രങ്ങൾക്കൊപ്പം തങ്ങളും ജീവിക്കുന്നു എന്ന നൂതനാനുഭവമാണ് ഫോർ ഡി ഇഫക്ട് പകർന്നു നൽകിയത്. രംഗങ്ങൾ തമ്മിലുള്ള ചെറിയ ഇടവേളകൾ അതി രസകരമാക്കുവാൻ ഉത്സവപ്പറമ്പിലെയും പെരുന്നാൾ മൈതാനങ്ങളിലെയും പോലെ അവതരിച്ച ചൂട് കടല കച്ചവടകാരനും കച്ചവടവും എല്ലാവരിലും വല്ലാത്ത ഒരു ഗൃഹാതുരത്വം ഉളവാക്കി.

മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിച്ച ജീസ് കുര്യൻ, അഭിനയ സമ്പത്തു ആവോളം കൈമുതലുള്ള ഫോളോ മി ചാനലിന്റെ ഏറ്റവും മികച്ച നടനുള്ള ഇക്കഴിഞ്ഞ വർഷത്തെ അവാർഡ് ജേതാവും പ്രമുഖ സിനിമ ആർട്ടിസ്റ്റായ ബിജു അഗസ്റ്റിൻ ,പുതുമുഖങ്ങളുടെ പരിമിതികളില്ലാതെ നിറഞ്ഞഭിനയിച് ഏവരുടെയും മുക്തകണ്ഠമായ പ്രശംസ ഏറ്റു വാങ്ങിയ ഷിജി സിബി, ഷൈജു അഗസ്റ്റിൻ, അനു ജീസ്, ക്രിസ്റ്റോ ,ജെറീഷ് കുര്യൻ ,പൊങ്ങച്ചവും നർമ്മവും കൂട്ടിക്കലർത്തി കാണികളെ അമ്പരപ്പിച്ച ടോം സാബു, ഷൈജ സിനു, നാട്ടിൻപുറത്തിന്റെ നന്മകളും കുസൃതിത്തരങ്ങളും ഭംഗിയായി അവതരിപ്പിച്ച രാജു ചവറ ,റെജി മാണി ,സിനേഷ് ഗോപുരത്തിങ്കൽ, മാനുവൽ തൊടുപുഴ ,ബിബിൻ കുഴിവേലി എന്നിവരാണ് അഭിയനേതാക്കളായി എത്തിയത്. സാങ്കേതിക സഹായ മേൽനോട്ടം വഹിച്ച തു സിബി യോഹന്നാൻ ആണ്.

അത്യധികം ഉദ്വേഗ ഭരിതവും അപ്രതീക്ഷിതവുമായ ക്ലൈമാക്‌സ് രംഗം സൃഷ്ടിച്ച അമ്പരപ്പിൽ നിന്നും മുക്തിനേടുവാൻ നന്നേ പ്രയാസപ്പെട്ട കാണികൾ ഒന്നടങ്കം പറഞ്ഞത് ഒരേയൊരു കാര്യം മാത്രം..കാലങ്ങൾക്കു പിന്നിലേക്ക് അപ്രതീക്ഷിതമായ ഒരു യാത്രപോകലായിരുന്നു ഈ കൊച്ചു നാടകം.അമ്പലപ്പറമ്പുകളിലും പള്ളി മൈതാനങ്ങളിലും ആ പഴയ നാടകാരവങ്ങൾക്ക് പ്രൗഢി മങ്ങിത്തുടങ്ങിയിരിക്കുന്ന ഇക്കാലത്തും പ്രവാസിമണ്ണിൽ ആ പഴയ കലാ സുകൃതങ്ങൾ നെഞ്ചിലേറ്റുന്ന ഏവർക്കും കിട്ടുന്ന അതിമനോഹരമായ കലാ വിരുന്ന്..അതായിരുന്നു കല്ലുകൾ അവരോടു പറഞ്ഞ കഥ.