പാരിസ്: ഫ്രഞ്ച് ലീഗ് കിരീടം തിരിച്ചുപിടിക്കണം. അതിലുപരി പലതവണ മോഹിപ്പിച്ച ചാമ്പ്യൻസ് ലീഗ് കിരീടത്തിൽ മുത്തമിടണം. പുതിയ സീസണിൽ സ്വപ്‌ന പ്രയാണത്തിന് ഒരുങ്ങുന്ന ഫ്രഞ്ച് ക്ലബ്ബായ പാരീസ് സെന്റ് ജർമ്മൻ അതിനുവേണ്ട 'കരുത്തുറ്റ പോരാളികളെ' ടീമിൽ നിറച്ചുകഴിഞ്ഞു.

അർജന്റീനിയൻ ഇതിഹാസം ലയണൽ മെസ്സി കൂടിയെത്തിയതോടെ പി.എസ്.ജിക്കായി കളത്തിലിറങ്ങുന്ന സാധ്യത ടീമിനെ കണ്ട് അമ്പരന്ന് നിൽക്കുകയാണ് ഫുട്‌ബോൾ ലോകം.

പുതിയ സീസണിൽ പി.എസ്.ജിയിലെത്തുന്ന നാലാമത്തെ ഫ്രീ ഏജന്റാണ് മെസ്സി. റയൽ മഡ്രിഡിൽനിന്ന് ഡിഫൻഡറും നായകനുമായിരുന്ന സെർജിയോ റാമോസ്, ലിവർപൂളിൽനിന്ന് മിഡ്ഫീൽഡർ ജോർജീന്യോ വിനാൾഡം, എ.സി. മിലാനിൽനിന്ന് ഗോൾകീപ്പർ ജിയാൻലുയിജി ഡോണറുമ്മ തുടങ്ങിയവരെ പി.എസ്.ജി ടീമിലെത്തിച്ചിരുന്നു.

കൂടാതെ ഇന്റർ മിലാനിൽനിന്ന് ആറു കോടി യൂറോക്ക് (ഏകദേശം 445 കോടി രൂപ) വിങ്ബാക്ക് അഷ്‌റഫ് ഹകീമിയെയും കൊണ്ടുവന്നു. ഫ്രഞ്ച് ലീഗ് കിരീടം തിരിച്ചുപിടിക്കുന്നതിനൊപ്പം ചാമ്പ്യൻസ് ലീഗ് കിരീടം ആദ്യമായി ഷോകേസിലെത്തിക്കുക എന്ന ലക്ഷ്യത്തിന് മെസ്സിയുടെ വരവോടെ ആക്കംകൂട്ടാനാവുമെന്ന പ്രതീക്ഷയിലാണ് പി.എസ്.ജി പരിശീലകൻ മൗറീസിയോ പോച്ചെറ്റിനോ.

 

ഫ്രാൻസിന്റെ അതിവേഗക്കാരൻ കിലിയൻ എംബാപ്പേ തന്നെയാകും ടീമിന്റെ മുന്നേറ്റ നിരക്ക് ചുക്കാൻ പിടിക്കുക. തൊട്ടുപിന്നാലെ ബ്രസീലിന്റെ പൊന്നും വിലയുള്ള നെയ്മറും സാക്ഷാൽ ലയണൽ മെസ്സിയും അർജന്റീനക്കാരൻ തന്നെയായ ഏയ്ഞ്ചൽ ഡി മരിയയും.മധ്യനിരയിൽ ലിവർപൂളിൽ നിന്നുമെത്തിച്ച വിനാൽഡവും ഇറ്റലിയുടെ വെറാട്ടിയും അഷ്‌റഫ് ഹാക്കിമിയും.

പിൻനിരയിൽ എക്കാലത്തേയും മികച്ച പ്രതിരോധ ഭടന്മാരിലൊരാളായ സെർജിയോ റാമോസ്. കൂടെ ഫ്രാൻസിന്റെ കുർസാവ, കിംബെപ്പെ, ബ്രസീലിന്റെ മാർക്വിനോസ് എന്നിവർ. ഗോൾ വല കാക്കാൻ കഴിഞ്ഞ യൂറോകപ്പിൽ ഇറ്റലിയെ ചാമ്പ്യന്മാരാക്കുന്നതിൽ പ്രധാനപങ്കുവഹിച്ച ഡൊന്നരുമ്മ...

സറാബിയ, ഇക്കാർഡി, ഹെറേറ, പരഡേസ്, കെഹ്‌റെർ, കെയ്‌ലർ നവാസ് തുടങ്ങിയ ലോകോത്തര താരങ്ങൾ ഇക്കുറി ബെഞ്ചിലിരിക്കേണ്ട സ്ഥിതിയാകും. ഒരു കാലത്ത് ലോകത്തെ പൊന്നും വിലയുള്ള താരങ്ങളെല്ലാം അണിനിരന്നിരുന്ന റയൽ മാഡ്രിഡിന്റെ സുവർണതലമുറയെ ഓർമിപ്പിക്കുന്നതാണ് പി.എസ്.ജി ലൈൻഅപ്. എന്നാൽ അന്ന് വൻതാരനിര ഒരുക്കിയിട്ടും റയലിന് പ്രതീക്ഷിച്ച നേട്ടങ്ങളിലൊന്നും എത്തിച്ചേരാനായില്ല എന്നതാണ് യാഥാർത്ഥ്യം.

ബാഴ്‌സലോണക്കും അർജന്റീനക്കുമായി പത്താം നമ്പർസ ജേഴ്‌സിയിൽ തിളങ്ങിയിട്ടുള്ള ലിയോണൽ മെസി പി എസ് ജിയിലെത്തുമ്പോൾ ജേഴ്‌സി നമ്പർ എത്രയായിരിക്കുമെന്ന ആകാംക്ഷയിലായിരുന്നു ഇതുവരെയും ആരാധകർ. ഒടുവിൽ അതിനും തീരുമാനമായിരിക്കുന്നു.

പാരീസിൽ പറന്നിറങ്ങി മണിക്കൂറുകൾക്കുള്ളിൽ പാരീസ് സെന്റ് ജർമ്മൻ കളിക്കളത്തിൽ എത്തി ലയണൽ മെസി. വൈദ്യപരിശോധന പൂർത്തിയാക്കി വൈകാതെ മെസിയെ ക്ലബിലേക്ക് സ്വാഗതം ചെയ്ത് തങ്ങളുടെ പേജിൽ ഗംഭീരമായ ട്രെയിലർ തന്നെ റിലീസ് ചെയ്തിരിക്കുകയാണ് പിഎസ്ജി. പിഎസ്ജിയുടെ മുപ്പതാം നമ്പർ ജേഴ്‌സിയാണ് മെസി അണിയുക എന്നാണ് ട്രെയിലർ നൽകുന്ന സൂചന. പിഎസ്ജിഃമെസി, പരീസിൽ പുതിയ രത്‌നം എന്ന പേരിലാണ് ട്രെയിലർ.

ബാഴ്‌സലോണക്കും അർജന്റീനക്കുമായി പത്താം നമ്പർസ ജേഴ്‌സിയിൽ തിളങ്ങിയിട്ടുള്ള ലിയോണൽ മെസി പി എസ് ജിയിലെത്തുമ്പോൾ ജേഴ്‌സി നമ്പർ എത്രയായിരിക്കുമെന്ന ആകാംക്ഷയിലായിരുന്നു ആരാധകർ. ബാഴ്‌സക്കായി 17 സീസണുകളിൽ കളിച്ച മെസ്സി പത്താം നമ്പർ ജേഴ്‌സിയിലാണ് ഏറ്റവും കൂടുതൽ തിളങ്ങിയത്. എന്നാൽ പി എസ് ജിയിലെത്തുമ്പോൾ പത്താം നമ്പർ ജേഴ്‌സി നെയ്മർ ജൂനിയർക്കാണ്.

ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരെല്ലാം ധരിച്ച് 'മേൽക്കോയ്മ' ലഭിച്ച പത്താം നമ്പർ ജേഴ്‌സി മെസ്സിക്ക് നൽകാൻ നെയ്മർ തയാറായിരുന്നുവെന്നും എന്നാൽ മെസി അത് നിരസിച്ചുവെന്നും സ്പാനിഷ് പത്രമായ മാർക്ക റിപ്പോർട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് മുപ്പതാം നമ്പറാണ് മെസിയുടെ പുതിയ കുപ്പായം എന്ന് ഉറപ്പായത്. ബാഴ്‌സയ്ക്ക് വേണ്ടി ആദ്യമായി കളത്തിലിറങ്ങിയപ്പോൾ മെസിയുടെ ജേഴ്‌സി നമ്പർ 30 ആയിരുന്നു. ആ സ്മരണയിലാണ് മെസി പിഎസ്ജിയിൽ 30 എന്ന സംഖ്യ തിരഞ്ഞെടുത്തത് എന്നാണ് റിപ്പോർട്ട്.

ചൊവ്വാഴ്ച ഉച്ചയോടെയാണ് ലിയോണൽ മെസി ഫ്രഞ്ച് ക്ലബ്ബ് പാരീസ് സെന്റ് ജർമനിൽ(പിഎസ്ജി) ചേരുന്നതിന് മുന്നോടിയായുള്ള വൈദ്യ പരിശോധനൾക്കായി പാരീസിലെത്തിയത്. പാരീസ് വിമാനത്താവളത്തിലിറങ്ങിയ മെസിയെ വരവേൽക്കാനായി വൻ ആരാധകസംഘമാണ് പുറത്തു തടിച്ചു കൂടിയത്. വിമാനത്താവളത്തിൽ നിന്ന് ദിസ് ഈസ് പാരീസ് എന്ന ടീ ഷർട്ട് ധരിച്ച് ആരാധകർക്ക് നേരെ ചിരിയോടെ കൈവീശുന്ന ചിത്രവും പുറത്തുവന്നു.

ബാഴ്‌സലോണ വിട്ട് പി.എസ്.ജിയിലേക്ക് ലയണൽ മെസ്സി എത്തിയതോടെ ക്ലബ് ഷോപ്പുകൾക്കും ഇതുകൊയ്ത്തുകാലമാണ്. പി.എസ്.ജിയുടെ ഔദ്യോഗിക ക്ലബ് സ്‌റ്റോറുകളിൽ ചൊവ്വാഴ്ച വൻ തിരക്ക് അനുഭവപ്പെട്ടു. പലയിടത്തും ജഴ്‌സികൾ മിനിറ്റുകൾക്കുള്ളിൽ തന്നെ തീർന്നതായും റിപ്പോർട്ടുകളുണ്ട്.

 

മീറ്ററുകൾ നീണ്ട വലിയ ക്യൂവാണ് സ്‌റ്റോറുകൾക്ക് മുന്നിലുണ്ടായത്. പി.എസ്.ജിയിൽ മെസ്സി 30ാം നമ്പർ ജഴ്‌സിയാണ് അണിയുന്നത്. ബാഴ്‌സയിലും അർജന്റീനയിലും പത്താം നമ്പർ ജഴ്‌സിയണിഞ്ഞ താരം പി.എസ്.ജിയിൽ അതേ നമ്പർ വേണ്ടെന്ന് വെക്കുകയായിരുന്നു. സുഹൃത്തും ബ്രസീലിന്റെ സൂപ്പർതാരവുമായ നെയ്മറാണ് പി.എസ്.ജിയിൽ പത്താം നമ്പർ ജഴ്‌സിയുടെ അവകാശി. തുടർന്ന് ബാഴ്‌സയിൽ അരങ്ങേറ്റ മത്സരങ്ങളിൽ അണിഞ്ഞ 30ാം നമ്പർ മെസ്സി സ്വീകരിക്കുകയായിരുന്നു.

 

മെസിയും പിഎസ്ജിയും തമ്മിൽ കരാർ ഒപ്പിടുന്നത് സംബന്ധിച്ച് ധാരണയിലെത്തിയതായി സ്പാനിഷ് പത്രമായ എൽ ക്വിപ്പെ നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. രണ്ടു വർഷത്തേക്കാകും മെസിയുമായി പി എസ് ജി കരാറിലെത്തുക. സീസണിൽ 35 ദശലക്ഷം യൂറോ ആയിരിക്കും മെസിയുടെ പ്രതിഫലം. രണ്ടു വർഷത്തേക്കാണ് പ്രാഥമിക കരാറെങ്കിലും ഇത് 2024വരെ നീട്ടാമെന്നും ധാരണയായിട്ടുണ്ട്.

കരാർ കാലാവധി കഴിഞ്ഞതിനാൽ (ഫ്രീ ഏജന്റ്) മെസ്സിയുടെ പഴയ ക്ലബ് ബാഴ്‌സലോണക്ക് പി.എസ്.ജിയിയിൽനിന്ന് കൈമാറ്റത്തുക (ട്രാൻസ്ഫർ ഫീ) ലഭിക്കില്ല.കഴിഞ്ഞ വ്യാഴാഴ്ചയാണ് മെസ്സി ബാഴ്‌സ വിടുകയാണെന്ന് ക്ലബ് പ്രഖ്യാപിച്ചത്.

ബാഴ്‌സ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായതിനാൽ പ്രതിഫലം പകുതിയായി കുറച്ച് ക്ലബിൽ തുടരാൻ മെസ്സി സമ്മതിച്ചതായി നേരത്തേ വാർത്തയുണ്ടായിരുന്നു. തുടരുന്നതിന് മെസ്സിക്കും ക്ലബിനും താൽപര്യമുണ്ടെങ്കിലും ലാലിഗയിലെ സാമ്പത്തിക നിയന്ത്രണങ്ങൾ മറികടക്കാൻ സാധിക്കാത്തതിനാലാണ് തീരുമാനമെന്നും പ്രസിഡന്റ് യുവാൻ ലാപോർട്ട അറിയിച്ചിരുന്നു.

കഴിഞ്ഞ സീസണോടെ ക്ലബ് വിടാൻ മെസ്സി താൽപര്യം അറിയിച്ചിരുന്നെങ്കിലും ബാഴ്‌സ സമ്മതിച്ചിരുന്നില്ല. ഇതോടെ കൈമാറ്റത്തുകയായി വൻ തുക കൈപ്പറ്റാനുള്ള അവസരം ബാഴ്‌സക്ക് നഷ്ടമായി. ബാഴ്‌സയുടെ പ്രഖ്യാപനം വന്നതോടെ മെസ്സിയെ ടീമിലെത്തിക്കാൻ പി.എസ്.ജി ശ്രമം തുടങ്ങിയിരുന്നു.