ദുബൈയിലെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ കിടന്നുറങ്ങുന്നവർക്കും മെട്രോയിലും ബസിലുമിരുന്ന് ഭക്ഷണം കഴിക്കുന്നവർക്കും ഇനി പിഴ ഉറപ്പ്.നിയമലംഘകർക്ക് 300 ദിർഹമാണ് പിഴ. നിസാരമെന്ന് കരുതി യാത്രക്കാർ ആവർത്തിക്കുന്ന ഇത്തരം നിയമലംഘനങ്ങളെ കുറിച്ച് ബോധവൽകരണം ആരംഭിക്കുകയാണ് ദുബൈ റോഡ് ട്രാൻസ്‌പോർട്ട് അഥോറിറ്റി.

പൊതു വാഹനങ്ങളിൽ യാത്രക്കാർ സ്ഥിരമായി ആവർത്തിക്കുന്ന 61 നിയമലംഘനങ്ങൾ അക്കമിട്ട് നിരത്തിയാണ് ആർ ടി എയുടെ ബോധവൽകരണം. ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളിൽ കിടന്നുറങ്ങുക, ബസിലും മെട്രോയിലുമിരുന്ന ഭക്ഷണം കഴിക്കുക, ച്യൂയിംഗം കഴിക്കുക എന്നിവയെല്ലാം സാമാന്യം നല്ല തുക പിഴ കിട്ടുന്ന തെറ്റുകളാണ്.

ആപൽഘട്ടങ്ങളിൽ മാത്രം ഉപയോഗിക്കേണ്ട എമർജൻസി വാതിലുകൾ ഒരു കൗതുകത്തിന് തുറന്നാൽ പോലും 2000 ദിർഹമാണ് പിഴ. വളർത്തുമൃഗങ്ങളുമായി പൊതുവാഹനങ്ങളിൽ കയറാൻ പാടില്ല. വഴികാട്ടുന്ന നായകൾക്ക് മാത്രം ഇക്കാര്യത്തിൽ ഇളവുണ്ട്. സ്ത്രീകൾക്ക് സംവരണം ചെയ്ത സീറ്റുകളിൽ ഒപ്പം സ്ത്രീകളുടെ ഉറ്റ ബന്ധുക്കളെപോലും അനുവദിക്കില്ല.
കുട്ടികൾക്ക് പക്ഷെ, ഇളവുണ്ട്. തൊട്ടടുത്ത സീറ്റിൽ കാൽ കയറ്റിവച്ചാലും നല്ല പിഴ കിട്ടും. മെട്രോയിൽ രണ്ട് ബോഗികൾക്ക് ഇടയിലെ സ്ഥലത്ത് നിന്ന് യാത്രചെയ്യലും കുറ്റകരമാണ്.

മുന്നറിയിപ്പ് പലത് നൽകിയിട്ടും ഇത്തരം നിയമലംഘനങ്ങൾ ആവർത്തിക്കുന്ന സാഹചര്യത്തിലാണ് ബോധവൽകരണെന്ന് ഗതാഗത പ്രവർത്തന നിരീക്ഷണ വിഭാഗം ഡയറക്ടർ അബ്ദുല്ലാ അൽ മഹ്‌രി പറഞ്ഞു.