ചോദിച്ച ചോദ്യങ്ങൾക്കെല്ലാം താൻ വ്യക്തമായും കൃത്യമായും ഉത്തരം പറഞ്ഞിട്ടും തനിക്ക് ജോലി കിട്ടിയില്ല... എന്നാൽ കാര്യമായ ഉത്തരമൊന്നും പറയാതിരുന്ന കൂടെയുള്ള ഫ്രണ്ടിന് ജോലി കിട്ടിയെന്നും ഇന്റർവ്യൂവിൽ പങ്കെടുക്കുന്ന ചിലരെല്ലാം പരാതി പറയുന്നത് കേൾക്കാം. ഇന്റർവ്യൂവിൽ ചോദ്യങ്ങൾക്ക് ഉത്തരമേകുന്നതുകൊണ്ട് മാത്രം ജോലി ലഭിക്കില്ലെന്നും അതിലുപരി ഇന്റർവ്യൂവിനെത്തുമ്പോൾ നിങ്ങളുടെ പെരുമാറ്റവും സംസാരവും പരിഗണിച്ചാണ് ജോലിക്ക് പരിഗണിക്കുന്ന തെന്നുമറിയുക. അതായത് ഇന്റർവ്യൂ തുടങ്ങും മുമ്പ് നിങ്ങൾ എന്ത് പറയുന്നു എന്നത് ജോലി ലഭിക്കുന്നതിന് പ്രധാന കാരണമാകുമെന്നാണ് റെസുർഗോ ട്രസ്റ്റ് എന്ന ചാരിറ്റി കണ്ടെത്തിയിരിക്കുന്നത്. ജോലിയിൽ നേട്ടമുണ്ടാക്കാൻ വിഷമത നേരിടുന്ന യുവജനങ്ങളെ സഹായിക്കുന്നതിനുള്ള ചാരിറ്റിയാണിത്. ഇതനുസരിച്ച് നിങ്ങൾ ഇന്റർവ്യൂവിനെത്തുമ്പോൾ സംസാരിക്കുന്ന 12 വാക്കുകൾ നിങ്ങളുടെ ജോലി ലഭ്യതയെ സംബന്ധിച്ചിടത്തോളം നിർണായകമാണെന്നാണ് ഈ ചാരിറ്റി വെളിപ്പെടുത്തുന്നത്. അതിനാൽ അടുത്ത തവണ ഇന്റർവ്യൂവിൽ പങ്കെടുക്കാൻ പോകുമ്പോൾ ഇതിനനുസൃതമായി പെരുമാറിയാൽ ഗുണം ചെയ്യുമെന്നോർക്കുക.

ഇക്കാരണത്താൽ ജോലിക്കുള്ള ഇന്റർവ്യൂവിൽ ചോദിച്ചേക്കാവുന്ന ചോദ്യങ്ങളെക്കുറിച്ച് അധികം ഉത്കണ്ഠപ്പെടേണ്ടെന്നും മറിച്ച് അതിനു മുമ്പുള്ള പെരുമാറ്റം മെച്ചപ്പെടുത്താനുള്ള മുന്നൊരുക്കങ്ങളാണ് ശ്രദ്ധിക്കേണ്ടതെന്നും റെസുർഗോ ട്രസ്റ്റ് ഉദ്യോഗാർത്ഥികളോട് നിർദേശിക്കുന്നു. ഇന്റർവ്യൂവിനെത്തുന്ന ഉദ്യോഗാർത്ഥികളുമായി ഇന്റർവ്യൂ ബോർഡിലുള്ളവർ നടത്തുന്ന അനൗപചാരിക കുശലങ്ങളിലൂടെ തന്നെ ഉദ്യോഗാർത്ഥിയെക്കുറിച്ചുള്ള ഒരു ഏകദേശ ധാരണയും അയാളുടെ പെരുമാറ്റ രീതികളും മനസിലാക്കാൻസാധിക്കുന്നുവെന്നാണ് ഇപ്പോൾ ഗവേഷകന്മാർ കണ്ടെത്തിയിരിക്കുന്നത്. ഇതിലൂടെ ഉദ്യോഗാർത്ഥി പോസിറ്റീവ് മനോഭാവം പുലർത്തുന്നയാളാണോ അതല്ല നെഗറ്റീവ് മനോഭാവം പുലർത്തുന്ന ആളാണോയെന്നൊക്കെ അവർക്ക് എളുപ്പം വിലയിരുത്താനാവും.

പ്രബലമായ പശ്ചാത്തലമില്ലാത്ത കുടുംബങ്ങളിൽ നിന്നെത്തുന്ന ഉദ്യോഗാർത്ഥികൾ ഇത്തരത്തിൽ ഫലപ്രദമായ ചെറിയ സംസാരങ്ങൾ ഇന്റർവ്യൂവിന് മുമ്പ് നടത്തുന്നതിൽ പുറകോട്ടാണെന്നും അക്കാരണത്താൽ അവർക്ക് നല്ല ജോലികൾ ലഭിക്കാൻ പ്രയാസം നേരിടുന്നുണ്ടെന്നും തെളിഞ്ഞിട്ടുണ്ട്. അനൗപചാരിക ചോദ്യങ്ങളിലൂടെ ഉദ്യോഗാർത്ഥികളുടെ നിലവാരമളക്കപ്പെടുമെന്നാണ ചാരിറ്റിയിലെ ലോണ ലെഡ് വിഡ്ജ് പറയുന്നത്. ഇന്റർവ്യൂവിനെത്തുമ്പോൾ നിങ്ങൾ റിസപ്ഷനിസ്റ്റിനോട് എങ്ങനെ അഭിവാദ്യം ചെയ്യുന്നു, ആദ്യത്തെ മിനുറ്റിൽ നിങ്ങൾ എന്ത് പറയുന്നു, തുടങ്ങിയ കാര്യങ്ങൾ വച്ച് ഉദ്യോഗാർത്ഥിയുടെ ജോലി ലഭ്യത നിർണയിക്കപ്പെടുന്നുവെന്നും ലോണ വ്യക്തമാക്കുന്നു. ഇത്തരം ചെറിയ സംസാരങ്ങളിലൂടെ ജോലി സ്ഥലത്തെ ആത്മവിശ്വാസവും ആശയവിനിമയവും വർധിപ്പിക്കാമെന്നതിനാലാണ് ഇതിനുള്ള കഴിവിന് എംപ്ലോയർമാർ പ്രാധാന്യമേറെ നൽകുന്നത്. മിക്കവർക്കും ഇത്തരത്തിലുള്ള ചെറിയ ഭാഷണങ്ങൾ എങ്ങിനെയാണ് നന്നായി നടത്തേണ്ടതെന്നറിയില്ലെന്നും അതവരുടെ ജോലി ലഭ്യതയെ കാര്യമായി സ്വാധീനിക്കുന്നുവെന്നുമാണ് റിക്രൂട്ട്‌മെന്റ് കൺസൾട്ടൻസിയായ ഇന്റെറിം പാർട്ട്‌ണേർസിലെ സ്‌കോട്ട് ഹച്ചിൻസൻ പറയുന്നത്.

റെസുർഗോയുടെ സ്പിയർ പ്രോഗ്രാമുകളിലൂടെ 16മുതൽ 24 വയസു വരെയുള്ള 3000 പേർക്ക് ട്രെയിനിങ് നൽകിയിട്ടുണ്ട്. ജോലി നേടുന്നതിലും അതിൽ പെർഫോം ചെയ്യുന്നതിലും പ്രശ്‌നങ്ങൾ നേരിടുന്നവരായിരുന്നു അവർ. എന്നാൽ ഈ ട്രെയിനിംഗിലൂടെ നാലിൽ മൂന്ന് ഭാഗം പേർക്കും നല്ല ജോലി ലഭിക്കാൻ അവസരം ലഭിച്ചിട്ടുണ്ട്.