- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അതിർത്തി കമ്പിവേലി കടന്നു ബംഗ്ലാദേശിലേക്കു നുഴഞ്ഞു പോകാൻ ശ്രമിച്ച സ്ത്രീയെ സാഹസികമായി പിടികൂടി; ആദ്യമാസത്തിൽ തന്ന റിവാർഡ്; ബിഎസ്എഫിൽ മകൾ മിടുക്കി എന്ന പേരുകേൾപ്പിച്ചപ്പോൾ ഉമ്മയുടെ മോഹം ഇനി മകൾ എൻഎസ്ജി കമാൻഡോ ആകാൻ; കാസർകോട്ടെ ആദ്യ സൈനിക പെൺകുട്ടിയുടെ കഥ
കാസർകോഡ്: മറിയം ആദ്യമായി വിമാനം കയറുമ്പോൾ ആലോചിച്ചത് കാണാൻ പോകുന്ന മകളുടെ പാസിങ് ഔട്ട് പരേഡിനെ കുറിച്ചായിരുന്നില്ല. പിന്തിരിഞ്ഞ് നോക്കുമ്പോൾ അദ്ഭുതം തോന്നുന്ന വഴിത്താരയിലൂടെ ഈ കാസർകോട്ടുകാരി ചെറുപുഞ്ചിരിയോടെ സഞ്ചരിച്ചിരിക്കണം. വന്ന വഴി മറക്കാനാവില്ലല്ലോ. അതിജീവനത്തിന്റെ കഥകൾ കോവിഡിന്റെ ഈ കെട്ടകാലത്ത് വലിയ പ്രചോദനമാകുമ്പോൾ മറിയത്തിന്റെയും മകൾ ജസീലയുടെയും സബീനായുടെയും ജീവിതകഥ അത്തരത്തിൽ ഒന്നാണ്.
രാജ്യത്തിന്റെ അതിർത്തി കാക്കുന്ന കാസർകോടുകാരിയായ ആദ്യ പെൺകുട്ടിയാണ് മറിയത്തിന്റെ മകൾ ടി.ജസീല. പശ്ചിമ ബംഗാളിൽ കഴിഞ്ഞ മൂന്ന് വർഷമായി അതിർത്തി രക്ഷാസേനയിലെ (ബിഎസ്എഫ്) അംഗമാണ് നീലേശ്വരം ചായ്യോത്തെജസീല. മലപ്പുറം വളാഞ്ചേരിയിൽ നിന്ന് മരം വ്യാപാരിയായ ഭർത്താവിനോടൊപ്പം 30 വർഷം മുൻപാണ് കാലിച്ചാനടുക്കം വളാപ്പാടിയിൽ സ്ഥലം വാങ്ങി വീടുവെച്ച് ജസീലയുടെ ഉമ്മ മറിയം താമസം തുടങ്ങിയത്. ഇതിനിടെ ഭർത്താവിനെ നഷ്ടപ്പെട്ടതോടെ ജീവിതം ഇരുട്ടിലായി. പക്ഷേ ആ ഉമ്മ തളർന്നില്ല, കൂലിപ്പണിയും വീട്ടുജോലിയും ചെയ്ത് മക്കളെ അവർ ചിറകിലൊതുക്കി. മക്കളായ സബീനയും ജസീലയും പ്രതിസന്ധികളിൽ തണലായി മറിയത്തോടൊപ്പം നിന്നു.
പിന്നീട് നീലേശ്വരത്തെ റോസമ്മ എന്ന അദ്ധ്യാപികയുടെ വീട്ടിൽ ജോലിക്ക് നിന്നു. മൂത്തമകളുടെ വിവാഹത്തിനായി വീടും സ്ഥലവും വിൽക്കേണ്ടി വന്നതുകൊണ്ട്, വാടക വീട്ടിലായി താമസം. പഠിക്കാൻ മിടുക്കിയായിരുന്നു ജസീലയെങ്കിലും സാമ്പത്തിക ബുദ്ധിമുട്ട് കാരണം ബിഎ സോഷ്യോളജി പാതിവഴിയിൽ ഉപേക്ഷിച്ച് ഒരു സ്വകാര്യസ്ഥാപനത്തിൽ ജോലിക്ക് കയറി. തയ്യൽക്കട, കംപ്യൂടർ സ്ഥാപനം, സ്റ്റുഡിയോ, ധനകാര്യ സ്ഥാപനം തുടങ്ങിയ ഇടങ്ങളിലെല്ലാം അവൾ ജോലി ചെയ്തു.
ഇതിനിടെ റോസമ്മ ടീച്ചറും വിലേജ് ഓഫീസറായ മകൻ അനിൽ വർഗീസും ഇടപെട്ടു മിച്ചഭൂമിക്ക് അപേക്ഷ നൽകാൻ ഉപദേശിച്ചു. ഇങ്ങനെ കിട്ടിയ ഭൂമിയിൽ വീടു വയ്ക്കാൻ അനിൽ വർഗീസും കുടുംബവും നാട്ടുകാരും ആ കുടുംബത്തിനൊപ്പം നിന്നു. ജസീലയുടെ അടുത്ത സുഹൃത്തായ ശ്രുതി ജയൻ 2015ൽ ഓൺലൈനിൽ നൽകിയ അപേക്ഷയാണ് അവളെ ബിഎസ്എഫിലെത്തിച്ചത്. തൃശൂരിലായിരുന്നു കായികക്ഷമതാ പരീക്ഷ. എഴുത്തു പരീക്ഷയിൽ 6ാം റാങ്ക്. പരിശീലനം കഴിഞ്ഞ് പഞ്ചാബിലായിരുന്നു പാസിങ് ഔട്ട് പരേഡ്.
മറിയം ആദ്യമായി വിമാനം കയറിയത് മകളുടെ പാസിങ് ഔട് പരേഡ് കാണാനായി പഞ്ചാബിലേക്ക് പോയപ്പോൾ ആയിരുന്നു . 2017ൽ ബംഗ്ലാദേശ് അതിർത്തിയിലാണ് ജസീലയ്ക്ക് ആദ്യ സൈനിക നിയമനം കിട്ടിയത്. അതിർത്തിയിൽ കാവൽ നിൽക്കുന്നതിനിടെ ഇന്ത്യയുടെ കമ്പിവേലിക്കിടയിലൂടെ ബംഗ്ലാദേശിലേക്കു നുഴഞ്ഞു പോകാൻ ശ്രമിച്ച സ്ത്രീയെ ആദ്യ മാസത്തിൽ തന്നെ സാഹസികമായി പിന്തുടർന്നു പിടികൂടിയതിന് നേടിയ റിവാർഡ് വലിയ അംഗീകാരമായിരുന്നു.
സേനയിലുള്ളത് പോലെ സുരക്ഷിതത്വവും കരുതലും മറ്റെവിടെയും പെൺകുട്ടികൾക്കു ലഭിക്കില്ലെന്നാണ് ജസീല പറയുന്നത്. കമാൻഡോ ആവുകയാണ് അടുത്ത ലക്ഷ്യം. ഝാർഖണ്ഡിലെ ഹസാരി ബാഗിലാണ് കമാൻഡോ പരിശീലനം. കോവിഡ് കാലമായതിനാൽ അത് നീട്ടിവച്ചു. നാഷനൽ സെക്യൂരിറ്റി ഗാർഡ് തസ്തികയിലെത്താനുള്ള ആഗ്രഹമാണ് ജസീലയ്ക്ക്. ജീവിതത്തിൽ എല്ലാ പ്രതിസന്ധികളും തരണം ചെയ്തു മുന്നോട്ട് വന്ന ആ കുടുംബം മകളുടെ ഈ മോഹവും സഫലമാകുമെന്ന പ്രതീക്ഷയിൽ തന്നെയാണ് ഉള്ളത്.
മറുനാടന് മലയാളി ബ്യൂറോ